Current Date

Search
Close this search box.
Search
Close this search box.

തീവ്രവാദപ്പേടിക്കാലത്തെ പുസ്തകവേട്ട

ഭയമെന്നത് ഒരു മാനസികരോഗമാണ്. ഒരു വ്യക്തിയെ അതു ബാധിച്ചാല്‍ ചികിത്സിച്ചു മാറ്റാം. പക്ഷേ, ഭരണകൂടത്തിന്  പേടിരോഗം ബാധിച്ചാല്‍ എന്തു ചെയ്യും. അതും ആഗോള തലത്തില്‍ തന്നെ ഇതു വരെ മരുന്നു കണ്ടുപിടിച്ചിട്ടില്ലാത്ത ഇസ്‌ലാമോഫോബിയ എന്ന പകര്‍ച്ചപേടിയാവുമ്പോള്‍. അപ്പോള്‍ സംഗതി ഗുരുതരമാണ്. പണ്ട് ആന്ത്രാക്‌സ് പൊടിയെ പ്രതിരോധിക്കാന്‍ സകല പോസ്റ്റ് ബോക്‌സിലെയും കത്തുകള്‍  തുറന്ന് അതിലെ കുത്തും കോമയുമടക്കം പരിശോധിച്ചതു പോലെ ഇസ്‌ലാമിന്റെ മേല്‍വിലാസമുള്ള പുസ്തകങ്ങള്‍ ജീവനോടെ പോസ്റ്റുമോര്‍ട്ടം ചെയ്യുക തന്നെ. അങ്ങനെ അക്ഷരങ്ങള്‍ മണം പിടിച്ചപ്പോഴാണ് ‘ദഅ്‌വത്തും ജിഹാദു’മെന്ന പുസ്തകം പുറത്തു ചാടുന്നത്. പേരില്‍ തന്നെ ദഅ്‌വത്തും ജിഹാദും അപ്പോള്‍ പിന്നെ ഉള്ളടക്കം എന്തിന് പരിശോധിക്കണം.?!!! ദഅ്‌വത്തെന്നാല്‍ ഇതര മതസ്ഥരെ ഇസ്‌ലാമിലേക്ക് മാര്‍ഗം കൂടിക്കുക, ജിഹാദെന്നാല്‍ അതിന് വിസമ്മതിക്കുന്നവരെ തട്ടി കളയുക എന്നാണല്ലോ ആഗോള തലത്തില്‍ അമേരിക്കയും ഇസ്രയേലും സംയുക്തമായി പ്രസിദ്ധീകരിച്ച ഡിക്ഷ്ണറിയില്‍ അര്‍ഥമുളളത്. പിന്നെയെന്തിന് സംശയിക്കണം. പുസതകം മുഴുവന്‍ പിടിച്ചെടുത്തു. ഗ്രന്ഥകര്‍ത്താവിനെ ഉടന്‍ സ്‌റ്റേഷനില്‍ ഹാജരാക്കാനും ഉത്തരവിട്ടു.

അങ്ങനെ അല്‍പം കഴിഞ്ഞപ്പോഴാണ് പുസതകം ഒറിജിനല്‍ അല്ലെന്നും വര്‍ഷങ്ങളായി ഇന്ത്യയില്‍ മിക്ക സംസ്ഥാനങ്ങളിലും ലഭ്യമായതും ഉര്‍ദു ഭാഷയില്‍ രചിക്കപ്പെട്ടതാണെന്നും സ്‌കോഡ് ടിം തിരിച്ചറിഞ്ഞത്. എങ്കില്‍ പിന്നെ എഴുതിയവനെ കിട്ടിയില്ലെങ്കില്‍ തര്‍ജമക്കാരനാവട്ടെ ചാര്‍ജ് ഷീറ്റ്. ടിയാനെ പിടിച്ച് ജാമ്യമില്ലാ കേസ് ചുമത്തി ജയിലിലിട്ടു. കാരണം നിസാരം. ഒറിജിനല്‍ എഴുതപ്പെട്ട സാഹചര്യമല്ല തര്‍ജമ ചെയ്യപ്പെട്ട കാലത്തുള്ളത്. അതിലെ വാക്കുകളുടെ ആശയവും അര്‍ഥവും പുതിയ പരിസരത്ത് രാസമാറ്റം സംഭവിച്ചിരിക്കുന്നു. മാറിയ ആ ആശയ പരിസരത്തുനിന്നാണ് തര്‍ജമ നിര്‍വഹിച്ചിരിക്കുന്നത്. അതിനാല്‍ അത് ആഗോള തലത്തില്‍ തന്നെയുള്ള ഇന്റലക്ച്വല്‍ ജിഹാദിന്റെ ഭാഗമാണ്. ഇതു തന്നെയാണ് ‘അസവര്‍ണര്‍ക്കു നല്ലത് ഇസ്‌ലാം’ എന്ന ക്യതി പുനപ്രസിദ്ദീകരിക്കുക വഴി പ്രസാധകന്‍ ചെയ്തിരിക്കുന്നത്. നിയമം ഏത് വഴിക്ക് പോവണമെന്നും അതിനെ എങ്ങനെ വ്യാഖ്യാനിക്കണമെന്നും ഞങ്ങള്‍ തീരുമാനിക്കും. സംഗതി ഇങ്ങനെ മുന്നേറിയപ്പോഴാണ് കൂട്ടത്തില്‍ തന്നെ ചിലര്‍ മറ്റൊരു ആശയം മുന്നോട്ടുവെച്ചത്. എന്നാല്‍ പിന്നെ മാറിയ ഈ ആശയപരിസരം എല്ലാം മുസ്‌ലിം പ്രസിദ്ദീകരണക്കാരെയും നേരിട്ടങ്ങ് അറിയിച്ചു കളയാം. അതിനെന്താ മാര്‍ഗം? ഒരു പേടിപ്പിക്കല്‍ റെയ്ഡങ്ങ് നടത്താം. കുറച്ച് പുസ്തകവും പിടിച്ചെടുക്കാം. സംഗതി തീവ്രവാദവും ഇസ്‌ലാമും ആയതിനാല്‍ ഒരു മതേതരവാദിയും ആവിഷ്‌കാര സ്വാതന്ത്രവാദികളും നാവു പൊക്കില്ല. അതു തീര്‍ച്ച. എന്നല്ല ചില പത്രങ്ങളെങ്കിലും അവരുടെ ദേശസ്‌നേഹം ചിത്രസഹിതം പ്രകടിപ്പിക്കുകയും ചെയ്യും. നമ്മള്‍ ഇതെത്ര പയറ്റി വിജയിച്ചതാ.

അഭിപ്രായങ്ങള്‍ ഇങ്ങനെ പോകവെ ഉടനെ വന്നു ഉത്തരവ്. സെര്‍ച്ച്. മുഴുവന്‍ പ്രസിദ്ദീകരണാലയങ്ങളും അരിച്ചു പൊറുക്കി. ചിലതെല്ലാം പൊക്കി. കൂട്ടത്തില്‍ സാമൂഹ്യക്ഷേമവകുപ്പ് മന്ത്രിയുടെ നിയന്ത്രണത്തിലുള്ള പുസ്തകാലയത്തില്‍ നിന്നും കിട്ടി ഒരെണ്ണം. സംഗതി മന്ത്രിയാണെങ്കിലും സമുദായം ശരിയല്ലല്ലോ…. പിടിച്ചെടുത്തതെല്ലാം ലബോറട്ടറിയില്‍ പരിശോധനക്കയിച്ചിരിക്കുകയാണ്. സ്‌കാനിങ്ങും എക്‌സറേയും ഡി.എന്‍.എ ടെസ്റ്റും എല്ലാം കഴിഞ്ഞ് വൈകാതെ റിസല്‍റ്റ് പത്രസമ്മേളനം നടത്തി പ്രഖ്യാപിക്കുന്നതാണ്. ഏതായാലും എഴുത്തുക്കാരും തര്‍ജമക്കാരും ജാഗ്രതൈ… എഴുതാനുദ്ദേശിക്കുന്ന ആശയങ്ങള്‍ക്ക് പുതിയ ആഗോള ദേശീയ സംസ്ഥാന പരിസരത്ത് അര്‍ഥഭ്രംശവും രാസമാറ്റവും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തല്‍ നിങ്ങളുടെ മാത്രം കടമായാകുന്നു. വല്ല സംശയവും തോന്നുന്നുണ്ടെങ്കില്‍ ഉടനെ ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെട്ട് ആവശ്യമായ പരിശോധനകള്‍ മുന്‍കൂട്ടി നടത്തേണ്ടതാണ്.

Related Articles