Current Date

Search
Close this search box.
Search
Close this search box.

ട്രംപിന് പിന്തുണയുമായ് അറബ് രാഷ്ട്രങ്ങളെത്തുമ്പോള്‍

trump390c.jpg

ഏഴ് മുസ്‌ലിം നാടുകളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ വിലക്കേര്‍പ്പെടുത്താനുള്ള ഡോണള്‍ഡ് ട്രംപിന്റെ വംശീയ തീരുമാനത്തിന് രണ്ട് അറബ് രാഷ്ട്രങ്ങളുടെ പിന്തുണ ലഭിക്കുമെന്ന് നാം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. സൗദി അറേബ്യയും യു.എ.ഇയുമാണ് പ്രസ്തുത രാഷ്ട്രങ്ങള്‍. അമേരിക്കയിലും മിക്ക യൂറോപ്യന്‍ നാടുകളിലും തീരുമാനത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ വ്യാപകമായി നടക്കുന്ന പശ്ചാത്തലത്തിലാണിത്. അമേരിക്കന്‍ കോണ്‍ഗ്രസിലെ അംഗങ്ങള്‍ തന്നെ അതിനെതിരെ രംഗത്ത് വന്നിരിക്കുന്നു. അതില്‍ പ്രതിഷേധവും രോഷവും രേഖപ്പെടുത്തി അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയത്തിലെ 90 ഉദ്യോഗസ്ഥര്‍ രാജി വെക്കുകയും ചെയ്തിട്ടുണ്ട്.

സൗദി, യു.എ.ഇ ഭരണകൂടങ്ങളുമായി അവര്‍ക്ക് സഹകരണമുണ്ടെന്നത് തീര്‍ച്ചയാണ്. അതിന്റെ അടിസ്ഥാനത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവുമായും അബൂദബി കിരാടാവകാശിയും യു.എ.ഇ സായുധസേനയുടെ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദുമായും കഴിഞ്ഞ ഞായറാഴ്ച്ച പ്രസിഡന്റ് ട്രംപ് നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ ഫലമായിരിക്കാം ഇത്.

സൗദി പെട്രോളിയം മന്ത്രി ഖാലിദ് അല്‍ഫാലിഹിന്റെ വര്‍ത്തമാനം നമ്മെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. അമേരിക്കക്ക് അവിടത്തെ ജനതക്ക് നേരെയെയുള്ള വെല്ലുവിളികള്‍ ഇല്ലാതാക്കാനും സുരക്ഷ ഉറപ്പാക്കാനുമുള്ള അവകാശമുണ്ടെന്നാണ് ബി.ബി.സി ചാനിലിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. സൗദിക്കും അമേരിക്കക്കും ഇടയിലെ ബന്ധം ശക്തവും ആഴമേറിയതുമാണെന്നും സാമ്പത്തികവും നയതന്ത്രപരവുമായ കാര്യങ്ങളില്‍ ഒരുപോലെയല്ലാതെ പ്രവര്‍ത്തിക്കാന്‍ അതിന് സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

ഞെട്ടലുണ്ടാക്കിയിരിക്കുന്ന മൂന്നാമത്തെ പ്രസ്താവന യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ലാഹ് ബിന്‍ സായിദ് ആല്‍നഹ്‌യാനില്‍ നിന്നാണ്. ബഹുഭൂരിപക്ഷം മുസ്‌ലിംകള്‍ക്കും മുസ്‌ലിം രാജ്യങ്ങള്‍ക്കും വിലക്കില്ലെന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവിനൊപ്പം അബൂദബിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്. ട്രംപിന്റെ തീരുമാനം ബാധിക്കുന്നത് സ്വയം പരിഹരിക്കേണ്ടുന്ന വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്ന രാജ്യങ്ങളെയാണെന്നും അമേരിക്ക സ്വീകരിച്ചിട്ടുള്ളത് അവരുടെ പരമാധികാരത്തിന്റെ ഭാഗമായിട്ടുള്ള തീരുമാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ട്രംപിന്റെ നടപടി ഒരു പ്രത്യേക വിഭാഗത്തിനെതിരെയാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പക്ഷെ, ഇതൊരു പ്രത്യേക മതത്തിനെതിരെയുള്ള തീരുമാനമല്ലെന്ന അമേരിക്കന്‍ ഭരണകൂടത്തിന്റെ തന്നെ വിശദീകരണം അത്തരം വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയുടെ ‘പരമാധികാര’ത്തിന്റെ ഭാഗമായ തീരുമാനമാണ് ട്രംപിന്റേത് എങ്കില്‍ എന്തുകൊണ്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ അതിനെ സ്വാഗതം ചെയ്തില്ല? രണ്ട് ദശലക്ഷത്തിലേറെ വരുന്ന ബ്രിട്ടീഷ് പൗരന്‍മാര്‍ തങ്ങള്‍ക്ക് അനഭിമതനായ ട്രംപിന് ബ്രിട്ടന്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെടുന്ന ഹരജിയില്‍ ഒപ്പുവെച്ചതിന്റെ കാരണമെന്താണ്?

മതത്തിന്റെയോ രാഷ്ട്രീയ നിലപാടിന്റെയോ വംശത്തിന്റെയോ പേരിലുള്ള വിവേചനങ്ങളെ എതിര്‍ക്കുന്ന അമേരിക്കന്‍ ഭരണഘടക്ക് നിരക്കാത്തതാണ് ട്രംപിന്റെ വംശീയ വിവേചന തീരുമാനങ്ങള്‍. അതിനെതിരെ അമേരിക്കക്കാര്‍ രംഗത്ത് വരുന്നത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനല്ല; മറിച്ച് തങ്ങളുടെ രാജ്യത്തിന്റെ ഭരണഘടനയെ സംരക്ഷിക്കാനാണ്. അതിന്റെ അടിസ്ഥാനത്തിലുള്ള നീതി, സമത്വം തുടങ്ങിയ മൂല്യങ്ങളെ സംരക്ഷിക്കാനാണ്.

അമേരിക്കക്ക് അതിനെ നേരെ ഉയരുന്ന അപകടങ്ങളെ ഇല്ലാതാക്കാനുള്ള അവകാശമുണ്ടെന്ന് പറഞ്ഞ സൗദി പെട്രോളിയം മന്ത്രി മിസ്റ്റര്‍ ഫാലിഹ് അമേരിക്കക്ക് നേരെ ഭീകരാക്രമണം നടത്തിയത് ഈ പട്ടികയിലുള്ള ഏഴ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ ആയിരുന്നില്ലെന്ന കാര്യം ബോധപൂര്‍വം മറക്കുകയാണ്. ഈ പട്ടികയിലില്ലാത്ത സൗദിയില്‍ നിന്ന് തന്നെയുള്ളവരായിരുന്നു അത്.

ചില ഇസ്‌ലാമിക രാഷ്ട്രങ്ങളെ തെരെഞ്ഞെടുത്ത് കൂട്ടശിക്ഷ നടപ്പാക്കുകയാണ് ട്രംപ് ഇതിലൂടെ ചെയ്യുന്നത്. ഇസ്രയേലിലെ അമേരിക്കന്‍ എംബസി അധിനിവിഷ്ട ഖുദ്‌സിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങളാണ് അദ്ദേഹം ഇപ്പോള്‍ നടത്തുന്നത്. ഏറ്റവും മോശപ്പെട്ട അര്‍ഥത്തിലുള്ള ഭീകരതയല്ലാതെ മറ്റൊന്നും അതിലൂടെ രൂപപ്പെടുത്തപ്പെടില്ല. ഭീകരസംഘടനകള്‍ക്ക് നൂറുകണക്കിനാളുകളെ തങ്ങളിലേക്ക് ആകര്‍ഷിക്കാനുള്ള മരുന്നൊരുക്കുകയാണ് അതിലൂടെ. ഒരുപക്ഷേ ആയിരക്കണക്കിന് മുസ്‌ലിം യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ അവക്ക് സാധിച്ചേക്കും.

സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ ഇരകളുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരത്തിനായി സൗദി അറേബ്യക്കെതിരെ കോടതിയെ സമീപിക്കാന്‍ അനുമതി നല്‍കുന്ന ‘ജാസ്ത’ ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസ് പാസ്സാക്കിയപ്പോള്‍ സൗദി ഭരണകൂടം തങ്ങളോട് ഐക്യദാര്‍ഢ്യപ്പെടാനും നിയമത്തെ അപലപിച്ച് പ്രസ്താവനകളിറക്കാനും ഇസ്‌ലാമിക രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ബില്ലിനെതിരെ ഒ.ഐ.സി ശക്തമായ ഭാഷയില്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. എന്നാല്‍ എന്തുകൊണ്ട് ഇപ്പോള്‍ ഉന്നംവെക്കപ്പെട്ട ഏഴ് ഇസ്‌ലാമിക രാഷ്ട്രങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നില്ല? സൗദി നേതൃത്വം നല്‍കുന്ന അറബ് സഖ്യത്തിന്റെ ഭാഗമായ, യമനില്‍ അവര്‍ക്കൊപ്പം യുദ്ധം ചെയ്യുന്ന സുഡാന്‍ ആ പട്ടികയില്‍ ഉണ്ടായിരിക്കെ എന്തുകൊണ്ട് അത്തരം ഒരു നീക്കമുണ്ടാവുന്നില്ല?

യൂറോപ്പിന് നേര്‍ക്കുള്ള തീവ്രവാദ ഭീഷണിയെന്നാണ് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ട്രംപിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്‌സ്വ ഒലാന്റും സമാനമായ നിലപാട് തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. അപകടകരമായ ഈ വംശീയ നയങ്ങളെ അപലപിക്കുകയും അതിലുള്ള തന്റെ അസന്തുഷ്ടി പ്രകടിപ്പിക്കുകയുമാണ് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ചെയ്തിട്ടുള്ളത്. അഞ്ചു ദിവസത്തോളം ട്രംപിന്റെ നയത്തെ അപലപിക്കാന്‍ തയ്യാറാവാതിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് വരെ ‘തെറ്റായതും വിഭാഗീയവുമായ’ തീരുമാനം എന്ന് വിശേഷിപ്പിച്ച് അതിനെതിരെ രംഗത്ത് വന്നിരിക്കുന്നു. എന്നിട്ടും എന്തുകൊണ്ട് അറബ് മുസ്‌ലിം രാജ്യങ്ങള്‍ക്ക് സമാനമായ നിലപാടെടുക്കാന്‍ സാധിക്കുന്നില്ല?

അമേരിക്കയില്‍ ഭീകരാക്രമണം നടത്തിയ മുസ്‌ലിംകളുണ്ടെന്നത് നാം നിഷേധിക്കുന്നില്ല. എന്നാല്‍ ഒരു കനേഡിയന്‍ തീവ്രവാദി ക്യൂബകിലെ മസ്ജിദ് ആക്രമിക്കുകയും നിരവധി പേരെ വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്തതിന്റെ പേരില്‍ മുഴുവന്‍ കാനഡക്കാര്‍ക്കും ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ വിലക്കേര്‍പ്പെടുത്തേണ്ടതുണ്ടോ? അന്ധമായ വംശീയ തീരുമാനത്തില്‍ മുസ്‌ലിംകളല്ലാത്തവര്‍ മുസ്‌ലിംകളെ പ്രതിരോധിച്ച് സംസാരിക്കുന്നു. അതേസമയം അറബ് ഭരണകൂടങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തിന്റെയും പരമാധികാരത്തിന്റെയും പേരില്‍ അത്തരം തീരുമാനങ്ങളെ പിന്തുണക്കുന്നു എന്നത് ഏറെ ദുഖകരമാണ്.

വിവ: നസീഫ്‌

Related Articles