Current Date

Search
Close this search box.
Search
Close this search box.

ചിന്താ സ്വാതന്ത്ര്യം ഇസ്‌ലാമില്‍

മനുഷ്യ കുലത്തിലെ എല്ലാവര്‍ക്കും ചിന്താ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും വകവെച്ചു നല്‍കുന്ന വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. അഥവാ, വ്യക്തിപരവും പൊതുവായ വിഷയങ്ങളിലും സ്വന്തം ബുദ്ധിയുടെ കണ്ടെത്തലുകള്‍ നിര്‍ഭയത്തോടെ പ്രകടിപ്പിക്കുവാനും അത് അനുസരിച്ച് മുന്നോട്ടുപോകാനുമുള്ള അവകാശം വിശുദ്ധ ഖുര്‍ആന്‍ ഓരോ വ്യക്തിക്കും നല്‍കുന്നുണ്ട്. ഖുര്‍ആന്‍ പറയുന്നു : ‘തങ്ങളുടെ കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിച്ച് തീരുമാനിക്കുക’ (അശ്ശൂറാ 38), ‘കാര്യങ്ങള്‍ അവരുമായി കൂടിയാലോചിക്കുക. അങ്ങനെ നീ തീരുമാനമെടുത്താല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തീര്‍ച്ചയായും അല്ലാഹു തന്നില്‍ ഭരമേല്‍പിക്കുന്നവരെ ഇഷ്ടപ്പെടുന്നു’ (ആലു ഇംറാന്‍ 159). ഇവിടെ വിശുദ്ധ ഖുര്‍ആന്‍ കൂടിയാലോചനക്ക് പ്രേരിപ്പിക്കുന്നുണ്ട്. അഭിപ്രായങ്ങള്‍ തുറന്ന് പ്രകടിപ്പിക്കുമ്പോഴാണല്ലോ കൂടിയാലോചന പ്രസക്തമാകുന്നത്.

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു :’സത്യവിശ്വാസികളായ സ്ത്രീപുരുഷന്മാര്‍ പരസ്പരം സഹായികളാണ്. അവര്‍ നന്മകല്‍പ്പിക്കുന്നു. തിന്മ തടയുന്നു’ (അത്തൗബ 71). വ്യക്തികള്‍ക്ക് അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുമ്പോഴാണ് നന്മ കല്‍പ്പിക്കാനും തിന്മ വിരോധിക്കാനുമാകുക. പ്രവാചക വചനങ്ങളും ഇതേ സൂചനകള്‍ തന്നെയാണ് നമുക്ക് നല്‍കുന്നത്. തമീം അദ്ദാരി റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ പറയുന്നു. പ്രവാചകന്‍ (സ) പറഞ്ഞു :’ദീന്‍ ഗുണകാംക്ഷയാണ്’. അപ്പോള്‍ ഞങ്ങള്‍ ചോദിച്ചു ‘ആരോട്?’ അദ്ദേഹം പറഞ്ഞു : ‘അല്ലാഹുവിനോട്, അവന്റെ പ്രവാചകനോട്, മുസ്‌ലിംകളുടെ നേതാക്കളോട് മുസ്‌ലിംകളോട് പൊതുവായും’ (മുസ്‌ലിം, നസാഈ, അബൂദാവൂദ്). അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോഴാണ് ഗുണകാംക്ഷയും അര്‍ഥവര്‍ത്താവുന്നത്.

അഭിപ്രായ സ്വാതന്ത്ര്യത്തോടൊപ്പം വിശ്വാസ സ്വാതന്ത്ര്യവും ഖുര്‍ആന്‍ ഉറപ്പുനല്‍കുന്നുണ്ട്. ഓരോ വ്യക്തിക്കും അവനിഷ്ടപ്പെടുന്ന മതവും വിശ്വാസവും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഖുര്‍ആന്‍ വകവെച്ചു നല്‍കുന്നു. അല്ലാഹു പറയുന്നു : ‘നിന്റെ നാഥന്‍ ഇച്ഛിച്ചിരുന്നെങ്കില്‍ ഭൂമിയിലുള്ളവരൊക്കെയും സത്യവിശ്വാസം സ്വീകരിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ വിശ്വാസികളാകാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ?’ (യൂനുസ് 99), അല്ലാഹു വീണ്ടും പറയുന്നു ‘മതത്തില്‍ ബലപ്രയോഗം അരുത്. നന്മതിന്മകളുടെ വഴികള്‍ വ്യക്തമായും വേര്‍തിരിഞ്ഞുകഴിഞ്ഞിരിക്കുന്നു.’ (അല്‍ ബഖറ 256). വിശ്വാസ സ്വാതന്ത്ര്യത്തെ കുറിച്ച് പരാമര്‍ശിക്കുന്നതും വിശ്വാസ മാറ്റത്തിന് ആളുകളെ നിര്‍ബന്ധിപ്പിക്കുന്നതിന് വലിക്കി കൊണ്ടുമുള്ള ഇരനൂറിലധികം സൂക്തങ്ങള്‍ വിശുദ്ധ ഖുര്‍ആനിലുണ്ട്. വിശ്വാസം സ്വീകരിക്കാന്‍ ഇസ്‌ലാം ആരേയും നിര്‍ബന്ധിപ്പിക്കുന്നില്ല. അതേസമയം, മതപ്രബോധനത്തിന്റെ വാതായനങ്ങള്‍ എപ്പോഴും തുറന്നുകിടക്കുകയാണ്, എന്നാല്‍ പ്രബോധനം ഒരിക്കലും നിര്‍ബന്ധിപ്പിക്കലല്ല. ഓരോ മനുഷ്യനും ഇസ്‌ലാമിനെ കണ്ടെത്തുകയും അതിനെ തിരിച്ചറിയുകയുമാണ് വേണ്ടത്.

അല്ലാഹു പറയുന്നു : ‘യുക്തികൊണ്ടും സദുപദേശം കൊണ്ടും നീ ജനത്തെ നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുക. ഏറ്റം നല്ല നിലയില്‍ അവരുമായി സംവാദം നടത്തുക. നിശ്ചയമായും നിന്റെ നാഥന്‍ തന്റെ നേര്‍വഴി വിട്ട് പിഴച്ചുപോയവരെ സംബന്ധിച്ച് നന്നായറിയുന്നവനാണ്. നേര്‍വഴി പ്രാപിച്ചവരെപ്പറ്റിയും സൂക്ഷ്മമായി അറിയുന്നവനാണവന്‍’ (അന്നഹ്ല്‍ 125). ഇതേ അര്‍ഥം സൂചിപ്പിക്കുന്ന ഒരു നബി വചനം സഹ്‌ലുബ്‌നു സഅദ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.  ഖൈബര്‍ യുദ്ധ ദിവസം പ്രവാചകന്‍ (സ) അലി (റ) നോട് പറഞ്ഞു : ‘സന്ദേശവുമായി നീ പുറപ്പെടുക, അങ്ങനെ അവരുടെ അടുക്കലെത്തിയാല്‍ അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുക, അല്ലാഹുവുമായി അവര്‍ക്കുള്ള ബാധ്യതകള്‍ അവരെ അറിയിക്കുകയും ചെയ്യുക, അല്ലാഹുവാണേ, നീ മുഖേന ഒരാള്‍ക്കെങ്കിലും അല്ലാഹു ഹിദായത്ത് നല്‍കുകയാണെങ്കില്‍ അതാണ് ചുവന്ന ഒട്ടകം ലഭിക്കുന്നതിനേക്കാള്‍ നിനക്കുത്തമം’  (ബുഖാരി).

എന്നാല്‍ ഇസ്‌ലാമില്‍ മതപരിത്യാഗം ഇപ്പറഞ്ഞ വിശ്വാസത്തെ സ്വാതന്ത്ര്യത്തിന്റെ ഗണത്തിലല്ല ഉള്‍പ്പെടുന്നത്. കാരണം, മുസ്‌ലിമാകുന്നതോടെ ഒരു വ്യക്തിയില്‍ നിക്ഷിപ്തമാകുന്ന ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടവും അതില്‍ വീഴ്ച്ച വരുത്തലുമാണ് മതപരിത്യാഗം. ഉത്തരവാദിത്വത്തില്‍ വീഴ്ച്ച വരുത്തുന്നവരെ ശിക്ഷിക്കാന്‍ നമ്മുടെ നാട്ടിലെ നിയമങ്ങളിലടക്കം വ്യവസ്ഥകള്‍ കാണാനാകും. സ്വന്തം ഇഷ്ട പ്രകാരം സൈന്യത്തില്‍ ചേര്‍ന്നവന് ഇഷ്ടാനുസരണം സൈന്യത്തില്‍ നിന്നും പിരിഞ്ഞു പോരാനാവില്ലല്ലോ. അതുപോലെ ഇസ്‌ലാമിലും അപ്രകാരം ശിക്ഷാ വിധികളുണ്ട്. എന്നാല്‍ മതപരിത്യാഗിയെ ശിക്ഷിക്കല്‍ അമുസ്‌ലിമിനെ മുസ് ലിമാക്കാന്‍ നിര്‍ബന്ധിപ്പിക്കലായി ഗണിക്കാനാകില്ല. അത് ഉത്തരവാദിത്വത്തില്‍ വീഴ്ച്ച വരുത്തിയതിനുള്ള ശിക്ഷ മാത്രമാണ്.

Related Articles