Current Date

Search
Close this search box.
Search
Close this search box.

കൂട്ടിലടക്കപ്പെട്ട കാശ്മീരികള്‍!

kashmir3c.jpg

കാശ്മീരികളെ എവ്വിധേനയും നിര്‍വീര്യമാക്കുക എന്നതാണ് ഡല്‍ഹിയിലെ അധികാരികളുടെ ഉദ്ദേശം എന്നാണ് തോന്നുന്നത്. കാശ്മീരികളെ കുറിച്ചും അവരുടെ 5000 വര്‍ഷം പഴക്കമുള്ള ചരിത്രത്തെയും കുറിച്ചുള്ള അജ്ഞതയാണ് ഇതിലൂടെ വെളിപ്പെടുന്നത്. ഹിമാലയത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു അതിമനോഹര രാജ്യമായിട്ടാണ് പൗരാണികകാലങ്ങളില്‍ കാശ്മീര്‍ അറിയപ്പെട്ടിരുന്നത്. ഗ്രീക്ക്, അറബ്, ചൈനീസ് പൗരാണിക ഇതിഹാസങ്ങളില്‍ കാശ്മീരിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ആര്‍ക്കും കാണാന്‍ സാധിക്കും. ഇത്തരത്തില്‍ രേഖപ്പെടുത്തപ്പെട്ട പൗരാണിക ചരിത്രമുള്ള മറ്റൊരു ജനതയെ ആ മേഖലയില്‍ കാണാന്‍ കഴിയില്ല. മധ്യേഷ്യയുമായി വ്യാപാരബന്ധമുണ്ടായിരുന്ന കാശ്മീരിലേക്ക് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും വിദ്യ അഭ്യസിക്കാനായി ആളുകള്‍ വന്നിരുന്നു. കണിശമായ ഹിനയാന ചിന്താധാരയില്‍ നിന്നും മാറി സര്‍വ്വസമ്മതമായ മഹായാന ചിന്താസരണിയിലേക്കുള്ള ബുദ്ധിസത്തിന്റെ മാറ്റം സംഭവിച്ചത് കാശ്മീരില്‍ വെച്ചായിരുന്നു.

പൂര്‍വ്വകാല ചരിത്രത്തില്‍ അഭിമാനം കൊള്ളുന്നവരാണ് കാശ്മീരികള്‍. മുഗള്‍ രാജാവ് അക്ബര്‍ 16-ാം നൂറ്റാണ്ടില്‍ ചതിയിലൂടെ കാശ്മീരിനെ തന്റെ സാമ്രാജ്യത്തിലേക്ക് കൂട്ടിച്ചേര്‍ക്കുന്നത് വരേക്കും കാശ്മീര്‍ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായിരുന്നു. കാശ്മീര്‍ പിടിച്ചെടുക്കുന്നതില്‍ രണ്ട് തവണ മുഗളന്‍മാര്‍ പരാജയപ്പെട്ടു. പക്ഷെ അന്നത്തെ കാശ്മീര്‍ രാജാവ് യൂസുഫ് ഷാ ചക്കിനെ അക്ബര്‍ ചക്രവര്‍ത്തി ലാഹോറിലേക്ക് ക്ഷണിച്ച് വരുത്തുകയും, അവിടെ വെച്ച് അറസ്റ്റ് ചെയ്യുകയും, എന്നിട്ട് കാശ്മീര്‍ അക്രമിച്ച് കീഴടക്കുകയുമാണ് ഉണ്ടായത്. നേതാവില്ലാതെ കാശ്മീരികള്‍ പോരാടി. യൂസുഫ് ഷാ ചക്കിന്റെ മകന്‍ യാക്കൂബ് ഷാ ചക്ക് ആറ് മാസത്തോളം ഗറില്ലാ യുദ്ധം നടത്തി. പക്ഷെ അവസാനം കിശ്ത്‌വാറില്‍ വെച്ച് അദ്ദേഹം പിടിക്കപ്പെട്ടു. അങ്ങനെയാണ് 1586-ല്‍ കാശ്മീരിന്റെ സ്വാതന്ത്ര്യ പരമാധികാരത്തിന് അന്ത്യംകുറിക്കപ്പെട്ടത്!

അന്ന് മുതല്‍ക്ക് കാശ്മീര്‍ എന്ന രാഷ്ട്രം പുറത്ത് നിന്നുള്ളവരുടെ അധിനിവേശത്തിന് കീഴിലായിരുന്നു. ഓരോരുത്തരായി മാറി മാറി അത് പിടിച്ചടക്കി. മുഗളന്‍മാര്‍ക്ക് ശേഷം അഫ്ഗാനികള്‍ വന്നു. ശേഷം സിഖുകാരുടെ ഊഴമായിരുന്നു. അവസാനം, നിസ്സാരമായ 75 ലക്ഷം രൂപകൊടുത്ത്, അവിടത്തെ അന്തേവാസികളെയടക്കം, ബ്രിട്ടീഷുകാരില്‍ നിന്നും ദോഗ്രകള്‍ കാശ്മീര്‍ എന്ന പ്രദേശത്തെ വിലക്ക് വാങ്ങി. വന്നുപോയ എല്ലാ വിദേശഭരണാധികാരികളും പ്രദേശവാസികളെ അടിച്ചര്‍ത്തിയാണ് ഭരിച്ചത്. ആത്മാഭിമാനവും, അന്തസ്സും കൈമോശം വന്ന അടിമകളായി ആ ജനവിഭാഗം മാറി. നാല് ദശാബ്ദക്കാലം നീണ്ടു നിന്ന അടിമത്തം ആ ജനതയുടെ പോരാട്ടവീര്യത്തിന്റെയും, പൗരുഷ്യത്തിന്റെയും അവസാനകണിക വരേക്കും പൂര്‍ണ്ണമായും ഊറ്റിയെടുത്തു. വ്യക്തിത്വമില്ലാത്ത ബന്ധിക്കപ്പെട്ട തൊഴിലാളികമായി അവര്‍ മാറി. ഇടക്കും തലക്കും ചില കലഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, അവ അതിക്രൂരമായി അടിച്ചമര്‍ത്തപ്പെട്ടു!

കഴിഞ്ഞ നാല് ദശാബ്ദക്കാലത്തെ പീഢനപര്‍വ്വങ്ങളെ കാശ്മീര്‍ ജനത അതിജീവിച്ചു, മുന്‍പത്തേക്കാളുപരി ഉശിരുള്ളവരും, ഉച്ചത്തില്‍ ശബ്ദിക്കുന്നവരുമാണ് കാശ്മീരികള്‍ ഇപ്പോള്‍. മുഗളന്‍മാരും അഫ്ഗാനികളും ഇപ്പോഴില്ല, സിഖ് സാമ്രാജ്യവും, ദോഗ്ര രാഷ്ട്രവും ഇന്നില്ല, പക്ഷെ കാശ്മീരികള്‍ ഇപ്പോഴും അവിടെ തന്നെയുണ്ട്! ഉപദൂഖണ്ഡം മുഴുക്കെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഉണര്‍ത്ത്പ്പാട്ട് മുഴങ്ങിയപ്പോള്‍, നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന അടിമത്തത്തില്‍ നിന്നും സ്വതന്ത്രരാവുമെന്ന് കാശ്മീരികള്‍ പ്രതീക്ഷിച്ചിരുന്നു, പക്ഷെ നിര്‍ഭാഗ്യം കൊണ്ടുമാത്രമാണ് അവര്‍ കുടുക്കിലകപ്പെട്ടത്. കാശ്മീര്‍ ചരിത്രത്തില്‍ നിന്നും ഒന്നും പഠിക്കാത്ത അധികൃതരാണ് അവരുടെ നിര്‍ഭാഗ്യത്തിനും, അവര്‍ അടിച്ചമര്‍ത്തപ്പെടുന്നതിനുമുള്ള ഇപ്പോഴത്തെ മുഖ്യകാരണക്കാര്‍. എല്ലാവിധ കഠിനയാഥാര്‍ത്ഥ്യങ്ങളെയും, പീഢനമുറകളെയും കാശ്മീര്‍ അതിജീവിക്കുക തന്നെ ചെയ്യും, അവര്‍ അവിടെ തന്നെയുണ്ടാകുകയും ചെയ്യും. പക്ഷെ, ഇന്ന് കാശ്മീരികളെ അതിക്രൂരമായി അടിച്ചമര്‍ത്തുന്ന ആളുകളെ മുന്‍കാലങ്ങളിലെ മര്‍ദ്ദകരുടെ അതേ വിധി തന്നെയാണ് കാത്തിരിക്കുന്നത്!

കഴിഞ്ഞ് മൂന്നാഴ്ച്ചത്തോളമായി കാശ്മീര്‍ ഒരു ജയിലായി മാറിയിരിക്കുകയാണ്.  ഒരു വെര്‍ച്ച്വല്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ്. താഴ്‌വരയിലുടനീളം അന്ത്യമില്ലാത്ത കര്‍ഫ്യൂ തുടരുകയാണ്. കാശ്മീരിനുള്ളിലും, പുറം ലോകത്തേക്കുമുള്ള എല്ലാ വിധ ആശയവിനിമയോപാധികളും വിച്ഛേധിക്കപ്പെട്ടു കഴിഞ്ഞു. താഴ്‌വരയിലുടനീളം നിര്‍ത്താതെയുള്ള പ്രതിഷേധ പരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പ്രക്ഷോഭകാരികളായ കൗമാരക്കാരുടെയും, കുട്ടികളുടെയും, സ്ത്രീകളുടെയും മേല്‍ വെടിയുണ്ടകളും, പെല്ലറ്റുകളും വര്‍ഷിക്കപ്പെട്ടു. 50-തിലധികം ആളുകള്‍ കൊല്ലപ്പെട്ടു, 3000-ത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, 185-പേരുടെ കണ്ണുകളുടെ കാഴ്ച്ചയാണ് പെല്ലറ്റുകള്‍ കവര്‍ന്നെടുത്തിരിക്കുന്നത്. പ്രസ്സുകളും, ഓഫീസുകളും സീല്‍ വെക്കപ്പെട്ടു, പത്രങ്ങള്‍ കണ്ടുകെട്ടി. ‘ഇരുമ്പ്മറ’ എന്ന പേരിലാണ് ഇത്തരം നടപടികള്‍ വിളിക്കപ്പെട്ടിരുന്നത്. എന്നാല്‍ ‘ഇരുമ്പ്മറ’ നടപടികളേക്കാള്‍ ക്രൂരമാണ് ചില പീഢനമുറകള്‍. ജനാധിപത്യ മതേതര സ്വതന്ത്ര ഇന്ത്യയുടെ ഒരു അവിഭാജ്യ ഘടകമായിട്ടാണ് കാശ്മീര്‍ കരുതപ്പെടുന്നത്. സ്വതന്ത്ര ഇന്ത്യയുടെ മറ്റേതെങ്കിലും പ്രദേശത്ത് ഇത്തരത്തിലുള്ള നടപടികള്‍ എന്നെങ്കിലുമൊരിക്കല്‍ നടപ്പാക്കിയതായി കാണാന്‍ കഴിയില്ല. 2008-ലും 2010-ലും അരങ്ങേറിയ സംഭവവികാസങ്ങളില്‍ നിന്നും അധികൃതര്‍ ഒരു പാഠം പഠിച്ചിട്ടുണ്ടാകും. കാശ്മീരികളുടെ വീര്യം കെടുത്താന്‍ ഒരിക്കലും കഴിയില്ല, തങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാണെന്ന് അവര്‍ക്ക് എപ്പോഴൊക്കെ തോന്നുന്നുവോ അപ്പോഴൊക്കെ അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.

കഴിഞ്ഞ 70 വര്‍ഷക്കാലമായി പുറത്ത് നിന്നുള്ള ശക്തികള്‍ക്ക് കാശ്മീരികളെ തോല്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല. ആരുടെ മുന്നില്‍ കാശ്മീരികള്‍ മുട്ടുമടക്കിയില്ല. വീണ്ടും വീണ്ടും അവര്‍ ഉയിര്‍ത്തെഴുന്നേറ്റു, ഇതുതന്നെയാണ് ഭാവിയിലും സംഭവിക്കാന്‍ പോകുന്നത്. ഒരു കാശ്മീരിയുടെ ഹൃദയത്തില്‍ യഥാര്‍ത്ഥത്തില്‍ എന്താണെന്ന് കണ്ടെത്താന്‍ ഒരു പരദേശിക്ക് ഒരിക്കലും സാധക്കില്ലെന്ന് ഒരു ബ്രിട്ടീഷ് എഴുത്തുകാരന്‍ ഒരിക്കല്‍ നിരീക്ഷിക്കുകയുണ്ടായി. കാശ്മീര്‍ ജനതയുടെ ഹൃദയം കീഴടക്കുന്നതിന് പകരം അവരെ അടിച്ചമര്‍ത്തുന്നതിലും, ശാരീരികമായി കീഴടക്കുന്നതിലുമാണ് ഡല്‍ഹിയിലെ അധികാരികള്‍ ഇപ്പോഴും വിശ്വസിക്കുന്നത്.

കാശ്മീര്‍ പുത്രന്‍ കല്‍ഹാനയുടെ വാക്കുകള്‍ അവര്‍ ചിലപ്പോള്‍ മറന്നു പോയിട്ടുണ്ടാകും, ‘ആത്മീയശക്തികള്‍ ചിലപ്പോള്‍ കാശ്മീരിനെ കീഴടക്കിയേക്കാം, പക്ഷെ സൈനികശക്തികള്‍ക്ക് അതിനൊരിക്കലും കഴിയില്ല!’
(റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥനും, ജമ്മുകാശ്മീര്‍ ടൂറിസത്തിന്റെ മുന്‍ ഡയറക്ടര്‍ ജനറലുമാണ് ലേഖകന്‍.)

വിവ: irshad shariathi
അവ: Countercurrents.org

Related Articles