Current Date

Search
Close this search box.
Search
Close this search box.

ഓക്‌സിജന്‍ ബാറുകള്‍ നമ്മോട് പറയുന്നത്

ഇന്തോനേഷ്യയിലെ കണ്ടല്‍ മരങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന അധിക ഓക്‌സിജന്‍ വിദേശ രാജ്യങ്ങള്‍ക്ക് വില്‍ക്കാനുള്ള പദ്ധതി ഭരണകൂടം ആവിഷ്‌കരിക്കുകയാണ്. ശുദ്ധവായു ശ്വസിക്കാന്‍ ഓക്‌സിജന്‍ സ്‌റ്റേഷനുകള്‍ സജ്ജീകരിക്കപ്പെട്ട ചൈനയടക്കമുള്ള രാജ്യങ്ങളിലെ നഗരങ്ങളെ ലക്ഷ്യമാക്കിയാണ് ഈ പദ്ധതി. പ്രപഞ്ചത്തിലെ ജീവന്റെ നിലനില്‍പിന് ഏറ്റവും അനിവാര്യമായ ഓക്‌സിജന്‍ പോലും പ്രകൃതിയില്‍ നിന്നും നഷ്ടപ്പെടുന്നതിനെക്കുറിച്ച വാര്‍ത്തകളുടെ ഏറ്റവും കൗതുകകരവും ആശങ്കാജനകവുമായ ഏടാണ് ഈ കയറ്റുമതി. തികച്ചും ഭീതിതമായ ഒരു ഭാവിയെയാണ് ഇവ നമുക്ക് വാഗ്ദാനം ചെയ്യുന്നത്. ഇത്തരം പ്രത്യാഘാതങ്ങളുടെ അടിസ്ഥാന കാരണങ്ങള്‍ പരിശോധിച്ച് അതിന് തടയിടാന്‍ ഓരോരുത്തരും ബാധ്യസ്ഥരാണ്.

മനുഷ്യന്റെ അത്യാര്‍ത്തിയും സ്വാര്‍ത്ഥതയും ദീര്‍ഘവീക്ഷണമില്ലായ്മയും മൂലം പ്രകൃതിയോടും പ്രകൃതിവിഭവങ്ങളോടും അവന്‍ കാണിക്കുന്ന അതിക്രമങ്ങള്‍ വരുത്തിവെച്ച ദുരന്തമാണ് ഇന്ന് പരിസ്ഥിതി നേരിടുന്ന ദുരിതങ്ങളുടെ മുഖ്യകാരണം. പ്രകൃതിക്കെതിരെയുള്ള അതിക്രമങ്ങള്‍ ദര്‍ശിക്കാന്‍ വിമാനം കയറേണ്ട ആവശ്യമൊന്നുമില്ല. നമ്മുടെ നാട്ടില്‍ തന്നെ ഇതിന് ഉദാഹരണങ്ങളുണ്ട്. മനുഷ്യന്റെ അഹന്തയുടെ പ്രതീകമായി മാറുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനായി ജൈവവൈവിധ്യങ്ങളെ നശിപ്പിക്കുന്ന കാഴ്ചകള്‍ കേരളം നിരന്തരം കണ്ടുകൊണ്ടിരിക്കുകയാണ്. ഒരു ഭാഗത്ത് ഭൂമിയിലെ ഓക്‌സിജന്റെ ഉല്‍പാദകരായ മരങ്ങളെയും ചെടികളെയുമെല്ലാം വെട്ടിനിരത്തുമ്പോള്‍ മറുഭാഗത്ത് ഭൂമിയുടെ സന്തുലിതാവസ്ഥ നിലര്‍ത്തുന്ന പര്‍വ്വതങ്ങളെ തകര്‍ത്ത് തരിപ്പണമാക്കുകയും ചെയ്യുന്നു.

ഭൂമിയിലെ അമൂല്യ വിഭവമായ ജലത്തിന്റെ അമിതോപയോഗവും ചൂഷണവും വര്‍ധിച്ചു കൊണ്ടേയിരിക്കുന്നു. തണ്ണീര്‍തടങ്ങളെ ഭൂമിയുടെ വൃക്കകളായാണ് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത.് മനുഷ്യന്റെ നിലനില്‍പിന് വൃക്ക എത്രത്തോളം അനിവാര്യമാണെന്ന് നാടിന്റെ ഓരോ മൂലയിലും ഉയര്‍ന്നു വരുന്ന ഡയാലിസിസ് സെന്ററുകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. അതുപോലെത്തന്നെ ഭൂമിയുടെ നിലനില്‍പിനും അനിവാര്യമാണ് തണ്ണീര്‍ത്തടങ്ങളുടെയും മറ്റും സംരക്ഷണം. മലിനീകരിക്കപ്പെടുകയും, വറ്റിവരളുകയും, നികത്തപ്പെടുകയും ചെയ്യുന്ന ജലസ്രോതസ്സുകളും ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു.

മനുഷ്യന്റെ ഇത്തരം അമിത ചൂഷണങ്ങള്‍ക്കെതിരെ പ്രകൃതി നടത്തുന്ന തിരിച്ചടികള്‍ നാം കണ്ടുകൊണ്ടിരിക്കുകയാണ്. സൂനാമി, ഭൂകമ്പങ്ങള്‍, പ്രകൃതി ക്ഷോഭങ്ങള്‍ തുടങ്ങിയവ ഇവയുടെ ചില ഉദാഹരണങ്ങള്‍ മാത്രം. ആഗോളതാപനവും മറ്റും ഉണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ക്കായി ലോകം കാത്തിരിക്കുകയാണ്. ഭൂമിയിലെ മഞ്ഞുമലകള്‍ ഉരുകുകയും കടലിലെ ജലനിരപ്പ് ഉയരുകയും ചെയ്യുന്ന പ്രതിഭാസം. ലോകത്തെ പല നഗരങ്ങളെയും മുക്കിക്കളയാന്‍ മാത്രം ശേഷിയുള്ള പ്രതിഭാസമാണത്. അതിന്റെ ഗൗരവം മനസ്സിലാക്കിയാണ് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് മാലദ്വീപ് ഭരണകൂടം പ്രതീകാത്മകമായി കടലിനടിയില്‍ മന്ത്രിസഭകൂടി അതിനെതിരെ പ്രതിഷേധിച്ചത്. 2009 ഡിസംബറില്‍ കോപണ്‍ഹേഗനില്‍ ചേര്‍ന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനവും ഇതിന്റെ ഗൗരവത്തെ ബോധ്യപ്പെടുത്തുന്നതായിരുന്നു.

പ്രപഞ്ച നാഥന്‍ സൃഷ്ടിച്ച പ്രകൃതിയെ അതിന്റെ തനിമയോടെ നിലനിര്‍ത്താന്‍ ഓരോരുത്തരും ബാധ്യസ്ഥരാണ്. അതിന്മേലുള്ള കടന്നുകയറ്റം ദൈവം നിര്‍ണ്ണയിച്ച സന്തുലിതാവസ്ഥയെ തകര്‍ത്തെറിയും. മാത്രമല്ല ദൂരവ്യപകമായ പ്രത്യഘാതങ്ങള്‍ക്ക് അത് ഇടവരുത്തുകയും ചെയ്യും. അല്ലാഹു പരിസ്ഥിതിയെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ശക്തമായ പ്രതിപാദനങ്ങള്‍ വിശുദ്ധ ഖുര്‍ആനിലൂടെ നടത്തുന്നുണ്ട്. പരിസ്ഥിതിയെക്കുറിച്ച വര്‍ണ്ണനകളും പരിസ്ഥിതിയിലെ വസ്തുക്കളെ പിടിച്ചുള്ള സത്യപ്പെടുത്തലുകളും വിശുദ്ധ ഖുര്‍ആനില്‍ കാണാം : ‘…..ആകാശത്തിന്റെ മേല്‍പ്പുര നന്നായി ഉയര്‍ത്തി, സന്തുലിതമായി സ്ഥാപിച്ചു. അതിന്റെ രാവിനെ മൂടി, പകലിനെ വെളിപ്പെടുത്തി. അനന്തരം ഭൂമിയെ പരത്തി. അതില്‍ ജലവും സസ്യങ്ങളുമുണ്ടാക്കി. പര്‍വതങ്ങളെ ഉറപ്പിച്ചു. നിങ്ങള്‍ക്കും നിങ്ങളുടെ മൃഗങ്ങള്‍ക്കുമുള്ള ജീവിതവിഭവമായിട്ടത്രെ ഇതൊക്കെയും” (79:27,33)  ഇത്തരം അനവധി വര്‍ണനകള്‍ ഖുര്‍ആനിലുണ്ട്. ഖുര്‍ആനിലെ പല അധ്യായങ്ങളുടെയും പേരുതന്നെ പരിസ്ഥിതി പ്രതിഭാസങ്ങളാണ് (പശു, കന്നുകാലികള്‍, തേനീച്ച, അത്തിമരം, ഇടിനാദം, കാറ്റുകള്‍, പ്രഭാതം, സൂര്യന്‍ തുടങ്ങിയവ ഉദാഹരണം)

ഭൂമിയിലുള്ളതെല്ലാം മനുഷ്യനു വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നാണ് വിശുദ്ധഖുര്‍ആന്‍ പറയുന്നു:  ‘ഭുവനത്തിലുള്ളതെല്ലാം നിങ്ങള്‍ക്കുവേണ്ടി സൃഷ്ടിച്ചത് അല്ലാഹുവാകുന്നു.’ (2-29) അല്ലാഹു സംവിധാനിച്ച ഈ വ്യവസ്ഥക്കു മേലുള്ള കടന്നു കയറ്റമാണ് ഭൂമിയിലുണ്ടാകുന്ന ദുരന്തങ്ങള്‍ക്കും നാശങ്ങള്‍ക്കും കാരണമെന്നും ഖുര്‍ആന്‍ പറയുന്നു : ‘മനുഷ്യകരങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി കരയിലും കടലിലും വിനാശമുളവായിരിക്കുന്നു, ജനം സ്വകര്‍മങ്ങളില്‍ ചിലതിന്റെ രുചിയറിയേണ്ടതിന്.'(30-41)  പ്രകൃതിക്കെതിരെയുള്ള ഇത്തരം കടന്നു കയറ്റങ്ങളുടെ സ്വാഭാവിക പ്രതികരണമാണ് ഇന്ന് പലയിടങ്ങളിലും കാണപ്പെടുന്ന പ്രകൃതി ദുരന്തങ്ങളെന്ന വസ്തുത തിരിച്ചറിയാന്‍ മനുഷ്യന്‍ തയ്യാറാകണം. ഭാവിതലമുറയുടെ മാത്രമല്ല, ഭൂമിയുടെ തന്നെ നിലനില്‍പിനു ഭീഷണിയായിത്തീരുന്ന പ്രകൃതിക്കെതിരെയുള്ള ഇത്തരം കടന്നു കയറ്റങ്ങള്‍ക്ക് അറുതി വരുത്താന്‍ നാം മുന്നിട്ടിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വികസനങ്ങളും പരിഷ്‌കരണങ്ങളും ദീര്‍ഘവീക്ഷണത്തോടെയും ഭാവിതലമുറയെ മുമ്പില്‍ കണ്ടും ആയിരിക്കാന്‍  ഓരോരുത്തരും ശ്രദ്ധപുലര്‍ത്തണം. അല്ലെങ്കില്‍, പെട്രോള്‍ പമ്പുകള്‍ പോലെ ഓക്‌സിജന്‍ ബാറുകള്‍ നാടിന്റെ മുക്കുമൂലകളില്‍ പൊങ്ങിവരുന്ന ദുരന്തയാഥാര്‍ത്ഥ്യം നാം അനുഭവിക്കേണ്ടി വരും.

Related Articles