Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വര്‍ത്തമാനം

നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ കാലാവസ്ഥ നിരീക്ഷിക്കുന്ന, ഇന്ത്യന്‍ മതേതരത്വത്തില്‍ വിശ്വസിക്കുന്ന ഏതൊരാള്‍ക്കും കാര്യങ്ങളെ അത്ര സുഖകരമായി കാണാന്‍ കഴിയുന്ന അവസ്ഥയിലല്ല ഉള്ളത്. അധികാരചക്രം തിരിക്കുന്ന ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രം വര്‍ഗീയതയുടേയും സംഹാരാത്മകതയുടെയും പ്രത്യയശാസ്ത്രമാണ്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യം അധികാരത്തില്‍ വരുന്നതിനുമുമ്പുള്ള തെരഞ്ഞെടുപ്പ് കാലയളവിലും അധികാരത്തില്‍ വന്നതിനുശേഷമുള്ള മൂന്നര മാസക്കാലയളവിലും ബി.ജെ.പി യുടെയും സംഘ്പരിവാര്‍ ശക്തികളുടെയും നേതാക്കള്‍ നടത്തിയ പ്രസ്താവനകളും നിലവിലെ സര്‍ക്കാര്‍ ഇതിനകം നടത്തിയ പ്രസ്താവനകളും ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പ് പതിനൊന്നോളം നിയമസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്ന യുപിയില്‍ മാത്രം 652 ഓളം വര്‍ഗ്ഗീയ കലാപങ്ങളും തെരഞ്ഞെടുപ്പ് ആസന്നമായ മഹാരാഷ്ട്രയില്‍ 258 വര്‍ഗ്ഗീയ കലാപങ്ങളും ഇതിനകം തന്നെ നടന്നുകഴിഞ്ഞു. ഗ്രാമങ്ങളില്‍ നടക്കുന്ന ചെറിയ സംസാരങ്ങള്‍ പോലും വലിയ കലാപങ്ങളായി രൂപപ്പെടുത്തുന്നു എന്നുള്ളത് ഏറെ ആശങ്കയുളവാക്കുന്നതാണ്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളായി വന്നുകൊണ്ടിരിക്കുന്ന ചില വാര്‍ത്തകള്‍ രാജ്യത്തിന്റെ മതേതര ചേരിക്ക് ആശ്വാസത്തിനും ഭാവിയെ സംബന്ധിച്ച പ്രതീക്ഷകള്‍ വര്‍ധിക്കുന്നതിനുമാണ്. തെരഞ്ഞെടുപ്പ് നടന്ന 27 സീറ്റുകളില്‍ 12 എണ്ണം മാത്രമാണ് ബി.ജെ.പി ക്ക് വിജയം നേടാന്‍ സാധിച്ചത്. 23 സിറ്റിംഗ് സീറ്റുകളിലെ 10 എണ്ണം മാത്രമാണ് നിലനിര്‍ത്താന്‍ സാധിച്ചത്. ആശ്വസത്തിന് വകയുള്ളപ്പോഴും രാഷ്ട്രത്തിന് നല്ല ഒരു ഭാവി രൂപപ്പെടുത്തണമെങ്കില്‍ ആസൂത്രിതവും സംഘടിതവുമായ പ്രവര്‍ത്തനങ്ങള്‍ ഓരോ മേഖലയിലും നടത്തേണ്ടതുണ്ട്. ഭരണകൂടവും കോര്‍പ്പറേറ്റുകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ അനുരണനങ്ങള്‍ പ്രകടമായിക്കൊണ്ടിരിക്കുകയാണ്. അതിന്റെയൊരു ഉദാഹരണം മാത്രമാണ് മാധ്യമ രംഗം. ഈ മേഖലയിലെ 100 ശതമാനം വിദേശ നിക്ഷേപങ്ങളോടുള്ള സര്‍ക്കാറിന്റെ അനുകൂല സമീപനങ്ങള്‍ മാത്രമല്ല, ഏറ്റവും ഒടുവിലെ ഫസ്റ്റ് പോസ്റ്റുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. രാജ്യത്തെ പല വാര്‍ത്തകളും ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്ന ഫസ്റ്റ് പോസ്റ്റ് എന്ന നെറ്റ്‌വര്‍ക്കിംഗ് സൈറ്റിനെയാണ് പല മാധ്യമങ്ങളും വാര്‍ത്തകള്‍ ശേഖരിക്കുന്നതിന് അവലംബിക്കുന്നത്. എന്നാല്‍, നിഷ്പക്ഷമെന്നു വിലയിരുത്തപ്പെട്ട ഈ സൈറ്റ് ഇപ്പോള്‍ റിലയന്‍സ് തങ്ങളുടെ കൈപ്പിടിയിലാക്കിയിരിക്കുന്നു. രാജ്യത്തിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളിലും ഭാഗഭാക്കായ ന്യൂനപക്ഷ സമൂഹങ്ങള്‍ക്കുമേല്‍ അന്യായമായി തീവ്രവാദവും ഭീകരവാദവും മുദ്രക്കുത്തുന്നു.

വരും തലമുറ സഹിഷ്ണുതയുടെയും പ്രതാപത്തിന്റെയും പൂര്‍വ്വകാല മാതൃകകള്‍ അറിയാതിരിക്കാന്‍ വേണ്ടിയുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുന്നു. ഈ അടുത്ത് വന്ന ഒരു വാര്‍ത്ത കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുചീകരണത്തിന്റെ ഭാഗമായി 1947 മുതല്‍ക്ക് ഇങ്ങോട്ടുള്ള ഒന്നര ലക്ഷത്തോളം ഫയലുകള്‍ കത്തിച്ചുകളഞ്ഞു. ഈ വാര്‍ത്തയെ കൗതുകപൂര്‍വ്വമാണ് പല ദേശീയ പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തതെങ്കിലും ഭാവി രാഷ്ട്രത്തെ പ്രതീക്ഷയോടുകൂടി കാണുന്നവരെ ഇരുത്തി ചിന്തിപ്പിക്കേണ്ട ഒന്നാണ്. ഒരുപക്ഷേ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ ഒരു ഭരണമാറ്റം വന്നേക്കാം…. പക്ഷേ, അതത്ര ഗുണം ചെയ്യണമെന്നില്ല. ചില ചരിത്രവസ്തുതകള്‍ ഇതിന് പിന്‍ബലമേകുന്നു. അടിയന്തരാവസ്ഥാനന്തരം നടന്ന തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് അധികാരത്തില്‍ വന്ന മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ വിദേശമന്ത്രാലയവും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വാജ്‌പേയുടെയും അദ്വാനിയുടെയും കീഴിലായിരുന്നു. ഈ കാലയളവിലാണ് ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധത്തിന് തുടക്കം കുറിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. കൂടാതെ ‘ദൂരദര്‍ശന്‍’  ആരംഭിച്ചത് ഈ കാലയളവിലാണ്. കേവലം രണ്ട് വര്‍ഷത്തിന്റെ ആയുസ്സുമാത്രമാണ് ഈ ഭരണത്തിന് ഉണ്ടായിരുന്നതെങ്കിലും അതിനുള്ളില്‍ തന്നെ സംഘ്പരിവാര്‍ അനുകൂല ഉദ്യോഗസ്ഥരെ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ നിയമിച്ചുകഴിഞ്ഞിരുന്നു. ഇതിന്റെ ഫലമായിരുന്നു ദൂരദര്‍ശനില്‍ പ്രക്ഷേപണം ചെയ്യപ്പെട്ട സീരിയലുകളും തൊണ്ണൂറുകളിലുണ്ടായ ചില സംഭവവികാസങ്ങളും. 2004 ല്‍ കേന്ദ്ര തലത്തില്‍ ഭരണമാറ്റം ഉണ്ടായെങ്കിലും ഒരു മൃദു ഹിന്ദുത്വ സമീപനം ഉണ്ടാകാനുള്ള ഒരു കാരണം ഇതാണ്. അഴിമതിരഹിത, വര്‍ഗ്ഗീയമുക്ത മൂല്യാധിഷ്ഠിത രാഷ്ട്രം സ്വപ്‌നം കാണുമ്പോള്‍ തന്നെ മാധ്യമ ഉദ്യോഗസ്ഥ രംഗങ്ങളിലെ ക്രിയാത്മകമായ ഇടപെടല്‍ ഇനി അങ്ങോട്ടുള്ള കാലയളവില്‍ അനിവാര്യം തന്നെ.

Related Articles