Current Date

Search
Close this search box.
Search
Close this search box.

ഭ്രമയുഗത്തിൽ തെന്നി, തെറ്റി, തെന്നിന്ത്യ

ക്രൂരനായ പിതാവിനെയോ അമ്മാവനെയോ സ്‌കൂള്‍ അധ്യാപകനെയോ ഭയന്ന്, സ്‌കൂളില്‍ പോകാനുള്ള തനത് മടി കാരണം, ഒറ്റക്കോ ഒന്നോ രണ്ടോ സുഹൃത്തുക്കളെയും കൂട്ടിയോ എവിടുന്നൊക്കെയോ പണവും സ്വരൂപ്പിച്ച് സ്വന്തം നാട്ടില്‍ നിന്നും രഹസ്യമായി മുങ്ങുന്ന എതാനും വിദ്യാര്‍ഥികള്‍ എണ്‍പതുകളിലും തൊണ്ണൂറുകളുടെ ആദ്യത്തിലും കേരളത്തിലെ എല്ലാ സ്‌കൂളുകളിലെയും ഒരു പ്രതിഭാസമായിരുന്നു. രണ്ട് മൂന്ന് ദിവസത്തെ ഹോട്ടല്‍ ജോലിയുടെ കാഠിന്യമറിഞ്ഞോ കയ്യിലെ കാശ് തീര്‍ന്നാലോ അന്വേഷിച്ചെത്തുന്നവരുടെയോ നാട്ടുകാരുടെയോ പോലിസിന്റെയോ പിടിയില്‍ പെട്ടോ അവര്‍ നാട്ടിലെത്തും. അപ്പോഴേക്കും അവര്‍ ‘രാജ്യം വിട്ടതായി’ ക്ലാസിലും സ്‌കൂളിലുമാകെ പരന്നിട്ടുണ്ടാവും.

നെറ്റിയിലോ തലയുടെ പിറകുവശത്തോ ആഞ്ഞു തറക്കുന്ന സൂര്യരശ്മികളേറ്റ് സ്‌കൂള്‍ അസംബ്ലിയില്‍ ‘ഇന്ത്യ എന്റെ രാജ്യമാണ്’ എന്ന് ദിനേനയെന്നോണം ചൊല്ലിപ്പറഞ്ഞ വിദ്യാര്‍ഥികള്‍ തന്നെയാണ് തങ്ങളുടെ സഹപാഠികള്‍ ‘രാജ്യം’ വിട്ടതായി ക്ലാസ് അധ്യാപകനെ അറിയിക്കുന്നത്. പ്രതിജ്ഞയില്‍ പറഞ്ഞ ഇന്ത്യാ രാജ്യത്തിന് വടക്ക് – കിഴക്ക് 3214 കിലോമീറ്റര്‍ നീളവും കിഴക്ക് – പടിഞ്ഞാറ് 2933 കിലോമീറ്റർ വീതിയുമുണ്ട്. എന്നാല്‍ മിക്കപ്പോഴും അൻപത് കിലോമീറ്ററില്‍ കൂടിയ ദൂരമൊന്നും ഈ ‘രാജ്യം’ വിട്ടവര്‍ സഞ്ചരിക്കാറുമില്ല. അപ്പോള്‍ പിന്നെ, ചൊല്ലി പഠിപ്പിച്ചതോ തങ്ങളുടെ ജീവിതാനുഭവങ്ങളില്‍ നിന്ന് അവര്‍ നിര്‍വചിച്ചെടുത്തതോ, ഏതാണ് ആ യഥാര്‍ഥ രാജ്യം? അക്കാലത്തുതന്നെ അയല്‍ ജില്ലകളിലേക്കോ സംസ്ഥാനങ്ങളിലേക്കോ ജോലി തേടിപ്പോകുന്നവരെ കുറിച്ചും രാജ്യം വിട്ടു എന്ന പരാമര്‍ശിക്കാറുണ്ടായിരുന്നല്ലോ. ‘ഭാരതമെന്നു കേട്ടലഭിമാനപൂരിതമാകണമന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര ഞരമ്പുകളില്‍’ എന്നെഴുതിയ വള്ളത്തോളിനോട്, അപ്പോള്‍ പിന്നെ തൃശൂരെന്ന് കേട്ടാല്‍, നിന്ന് കത്തണോ എന്ന് കേസരി ബാലകൃഷ്ണപ്പിള്ള ചോദിച്ചതായി കേട്ടിട്ടുണ്ട്.

ഈ വക കാര്യങ്ങളുടെ കൂടെ, കഴിഞ്ഞ കാലങ്ങളിൽ റെയിൽവേ ബജറ്റുകൾ അവതരിപ്പിച്ചതിന് ശേഷം, “കേരളത്തിന് പുതുതായി ഒന്നുമില്ല’, ‘കേരളത്തിന് അവഗണന’, ‘ട്രെയ്ൻ യാത്രാ ദുരിതം തുടരും’, ‘കോച്ച് ഫാക്ടറി യാഥാർഥ്യമായില്ല” തുടങ്ങിയ മലയാളികളുടെ ഉയരുന്ന പരാതികൾ കൂടി ഓർത്തുവെക്കുക – ഇനി തുടരാം.

മനുഷ്യചരിത്രത്തില്‍ അനേകം തവണ മാറ്റി വരയ്ക്കപ്പെട്ടതും മായ്ച്ചുകളയപ്പെട്ടതുമാണ് ദേശാതിര്‍ഥികള്‍. ഒരുപക്ഷേ, ഇത്രമേല്‍ ചോദ്യം ചെയ്യപ്പെടുകയും അസ്ഥിരഭാവമുള്ളതും മനുഷ്യബന്ധങ്ങളെ നിരാകരിക്കുന്നതുമായ മറ്റൊരു മനുഷ്യനിര്‍മിതിയും ഉണ്ടാവില്ല. ഇളം കാറ്റിനോ, പറവകൾക്കോ, ചാറ്റൽ മഴയ്‍ക്കോ അനുമതിയോ പരിശോധനകളോ ഏതുമില്ലാതെ മുറിച്ചു കടക്കാവുന്ന വിധം ദുർബലവുമാണ് ഈ അതിർത്തി രേഖകൾ. വില്ലാളിവീരന്‍മാരും വീരശൂര പരാക്രമികളും അളന്നു തിട്ടപ്പെടുത്തിയതിനെ കാലം കഷ്ണങ്ങളായി പങ്കുവെച്ച് നല്‍കിയിട്ടുണ്ട്.

ചരിത്രത്തിന്റെ ഈ ചാക്രികത മറ്റെന്തിനുമെന്ന പോലെ ഇന്ത്യക്കും ബാധകമാകാതിരിക്കാൻ പ്രത്യേകിച്ച് തരമില്ല. എവിടെ നിന്നാണ് ഇന്ത്യ രൂപപ്പെട്ടത്? ബ്രിട്ടീഷ് കൊളോണിയലിസവും അതിനെതിരായ സമരങ്ങളുടെയും നിര്‍മിതിയാണ് ഇന്ത്യ. ഇന്ത്യയുടെ പൂർവകാലത്തൊന്നും ഇതുപോലൊരു ഇന്ത്യ നിലനിന്നിട്ടില്ല. മുമ്പ് ഈ പ്രദേശം അനേകം നാട്ടുരാജ്യങ്ങളായിരുന്നു. ഇന്നത്തെ പോലെ അയല്‍ രാഷ്ട്രങ്ങളിൽ ചിലതിനെ ഏറ്റവും വലിയ ശത്രുവായും മറുചിലതിനെ ഏറ്റവും വലിയ മിത്രമായും കാണുന്ന, അവ തരാതരം മാറുന്ന അവസ്ഥ അന്നുമുണ്ടായിരുന്നു. ചിലപ്പോൾ പരസ്പരം പോരടിച്ചു. മറ്റു ചിലപ്പോൾ കെട്ടുപിണഞ്ഞു കിടന്നു.

പിന്നീട് ബ്രിട്ടീഷുകാരെത്തി, അതിനു മുമ്പേ മറ്റു പലരുമെത്തിയിരുന്നു. ആദ്യകാലങ്ങളില്‍ നാട്ടുരാജ്യങ്ങളുടെ ഭാഗത്ത് നിന്ന് ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ പലതരം ചെറുത്തുനില്‍പുകളുയർന്നു. പക്ഷെ അവയൊന്നും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. നേട്ടം കൊതിച്ച് ഇംഗ്ലീഷുകാരുടെ പക്ഷം ചേര്‍ന്നവരുമുണ്ടായിരുന്നു. അവര്‍ രാജ്യദ്രോഹികളുമായില്ല! അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളെയും ഉപദേശീയതകളെയും സൗകര്യത്തിന് വേണ്ടി ബ്രിട്ടന്‍ ഒന്നായി പരിഗണിച്ച് അടക്കി ഭരിച്ചു. അതിനെ ഇന്ത്യ എന്ന് അവര്‍ പേര് വിളിച്ചു.

പതിയെ ബ്രിട്ടീഷ് അധിനിവേശത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യം എല്ലാവരുടെയും ആവശ്യമായി. അവരെല്ലാവരും ഒന്നിച്ചു ചേര്‍ന്നു പൊരുതി. അങ്ങനെ ചരിത്രത്തില്‍ ഇന്ത്യ സ്ഥാപിക്കപ്പെട്ടു. മറ്റൊരര്‍ഥത്തില്‍ അധിനിവേശം, അധിനിവേശ വിരുദ്ധ പോരാട്ടം എന്നീ രണ്ട് ചരിത്ര സന്ദര്‍ഭങ്ങള്‍ ഒന്നിച്ചുവന്നപ്പോള്‍ ഒത്തുവന്നതാണ് ഇന്ത്യ.

ആ കാലം തീർന്നുപോയി. തീര്‍ത്തും വ്യത്യസ്തമായ ഒരു ചരിത്രഘട്ടമാണിപ്പോള്‍. ഒരു പ്രതിഭാസത്തിന് മറ്റൊരു കാലാവസ്ഥയില്‍ പഴയതുപോലെ നിലനില്‍ക്കാനാവണമെങ്കില്‍ അത്രയും അയവുള്ള രാസ, ഭൗതിക ഘടനയുള്ളതായിരിക്കണം അത്.

എന്നാൽ അങ്ങേയറ്റം കേന്ദ്രീകൃതവും ഘടനാ ബന്ധിതവുമാണ് ആധുനിക ദേശരാഷ്ട്ര ഘടനകൾ. ജനാധിപത്യത്തെ കൊട്ടിഘോഷിക്കുമ്പോഴും ഈ കാലാവസ്ഥ വ്യതിയാനത്തെ ഉൾക്കൊള്ളാനാവാതെ വിയർക്കുന്നുണ്ട്. അതിന് കാരണം ആ രാഷ്ട്രഘടന രൂപം കൊള്ളുമ്പോൾ ആധിപത്യം വാഴുന്ന വിഭാഗവും അതിൻ്റെ വിവേചനങ്ങൾക്ക് വിധേയമാകുന്ന വിഭാഗവുമുണ്ടാകുമെന്നാണ്. നിരന്തരം മാറ്റി നിർത്തപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന സാമൂഹിക വിഭാഗങ്ങളും ഭൂമിശാസ്ത്രമേഖലകളും ഉണ്ടാവും. സ്വന്തം ‘രാജ്യ’ത്തോട് വിമോചനത്തിന് വേണ്ടി അവർ കലഹിച്ചു കൊണ്ടേയിരിക്കുന്നു.

ശ്രീലങ്കൻ ദേശീയത സിംഹളരുടെ താൽപര്യങ്ങൾ മാത്രം സംരക്ഷിച്ചപ്പോഴാണ് തമിഴ് ഈഴം എന്ന പുതിയൊരു ദേശീയ സങ്കൽപം ഉണ്ടായി വന്നത്. ഹാൻ വംശജരുടെ ‘ജനകീയ ജനാധിപത്യ ചൈനീസ് ദേശീയത’ക്കകത്താണ് തിബത്തരും ഉയ്ഗൂരികളും സ്വന്തം സ്വത്വത്തെ കുറിച്ചാലോചിച്ചത്. കിട്ടിയ ആദ്യ സന്ദർഭത്തിൽ തന്നെ സോവിയറ്റ് യൂനിയൻ പലതായി പിളർന്നു. വന്നുചേർന്നവരും കൊണ്ടുവന്നു ചേർത്തവരും അവരുടെ വഴിയേ പോയി. അവശേഷിക്കുന്ന റഷ്യയിൽ സ്ലാവ് ദേശീയതയുടെ സർവാധിപത്യത്തിൽ നിന്നും അഭയം തേടുന്നവരുണ്ട്. കാനഡയിൽ ക്യൂബെക്കുകൾ, സ്പെയിനിൽ ബാസ്ക്കുകൾ, സെർബിയയിൽ കൊസോവ… ഇങ്ങനെ ഉദാഹരണങ്ങൾ പലതുണ്ട്.

ഇന്ത്യക്കും ഈ തത്വം ബാധകമാകാതിരിക്കില്ലല്ലോ. അതായത്, വടക്ക് ഹിമാലയവും തെക്ക് ഇന്ത്യൻ മഹാസമുദ്രവും പടിഞ്ഞാറ് അറബിക്കടലും കിഴക്ക് ബംഗാൾ ഉൾക്കടലും എന്ന് അതിര് നിശ്ചയിച്ച് നടത്തപ്പെടുന്ന ഇന്ത്യക്കകത്ത് അനേകം ഭൂപ്രദേശങ്ങളും, ഭാഷാ, മത, ജാതി, വംശ സ്വത്വങ്ങളും ഞെരിഞ്ഞമരുന്നുണ്ടായിരുന്നു. അതിനെ പുതപ്പിട്ടുമൂടി ഏകത്വത്തെ പുറത്ത് കാട്ടി, തുടർന്നുകൊണ്ടുപോരുക എന്നത്
എളുപ്പമുള്ള സംഗതിയല്ല. ഇന്ത്യക്കാണെങ്കിൽ ഇക്കാര്യത്തിൽ തുടക്കം മുതലേ പിഴച്ചു.

സംസ്ഥാനങ്ങളെ ഭാഷാടിസ്ഥാനത്തിൽ രൂപീകരിക്കാനെടുത്തതിലെ ജനാധിപത്യ വിരുദ്ധത തൽക്കാലം ഇവിടെ പരിഗണിക്കുന്നില്ല. അങ്ങനെ രൂപപ്പെട്ട സംസ്ഥാനങ്ങളും കേന്ദ്രവും എന്ന കാഴ്ചപ്പാടിൽ പരിമിതമായ ബലം മാത്രമാണ് ഫെഡറൽ ഘടനക്ക് നൽകിയത്. ആ ബലത്തെ ക്ഷയിപ്പിക്കുന്ന നീക്കങ്ങൾ കഴിഞ്ഞ 75 വർഷമായി സ്റ്റേറ്റിൻ്റെ ഭാഗത്ത് നിന്നും തുടർച്ചയായി ഉണ്ടായിക്കൊണ്ടേയിരുന്നു. വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ, തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ എന്നിവ ഇന്ത്യൻ ഭരണകൂടത്തിൻ്റെ ക്യാമറയുടെ ക്ലോസപ്പ് ആങ്കിളിൽ ഇടം ലഭിച്ച കഥാപാത്രങ്ങളല്ല.

മേൽ പറഞ്ഞ കേരളത്തിൻ്റെ റെയിൽവേ ബഡ്ജറ്റാനന്തര രോദനങ്ങൾ ഓർക്കുക. ഇന്ത്യയുടെ പരിഛേദമാണ് കൂകിപ്പായുന്ന ഓരോ തീവണ്ടികളും എന്നാണല്ലോ. ഇപ്പോൾ സംഘ്പരിവാർ അധികാര രൂപം പൂണ്ട ഈ ഭ്രമയുഗത്തിൽ, അവരുടെ രാഷ്ട്ര സങ്കൽപത്തിലേക്കുള്ള യാത്ര ആരംഭിച്ചിരിക്കുന്നു. കൊടുമൺ പോറ്റിയാണ് രാജ്യം ഭരിക്കുന്നത്. ഹിന്ദു രാഷ്ട്രത്തിലേക്കുള്ള അവരുടെ യാത്ര ഗതിവേഗം കൂടുംതോറും അതിനെതിരായ ഉണർവുകളും വിവിധ സ്വത്വങ്ങളുടെ ഭാഗത്ത് നിന്നും ഊർജം സംഭരിച്ച് മുന്നേറുമെന്നുറപ്പാണ്. മുസ്‌ലിം, ദലിത് , പിന്നാക്ക ന്യൂനപക്ഷങ്ങൾ എന്നതുപോലെ പ്രബലപ്പെടുന്ന ഒരു സ്വത്വ സങ്കൽപമായിരിക്കും, ഒരുപക്ഷേ കൂടുതൽ കരുത്തോടെ, തെന്നിന്ത്യ എന്നതും. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഏതാണ്ട് സംഘപരിവാർ അധിനിവേശം പൂർത്തിയാക്കിയിരിക്കുന്നു. അതിനാൽ, സംഘ്പരിവാറിന് കീഴൊതുങ്ങിയതും അല്ലാത്തതുമായ ഭൂപ്രദേശമെന്ന് ഇന്ത്യയെ ഇനി രണ്ടായി വ്യവഹരിക്കാം. അഹിന്ദി പ്രദേശമെന്നുമാവാം.

സ്വതന്ത്യാനന്തരം കടുത്ത അവഗണന നേരിട്ട ഭൂവിഭാഗവും ജനതയുമാണിത്.
അടിയന്തിരാവസ്ഥ കാലം വരെ, ഡൽഹിയിലെ രാഷ്ട്രീയ അമരത്തോ ഇടനാഴികയിലോ തെന്നിന്ത്യ ഉണ്ടായിരുന്നില്ല. എക്സിക്യൂട്ടിവ് രംഗത്ത് ഉത്തരേന്ത്യൻ ലോബി എന്ന പ്രയോഗം തന്നെയുണ്ടല്ലോ. ഇപ്പോൾ ഭരണഘടനാപരമായി തന്നെ നൽകാൻ ബാധ്യതയുള്ള സംസ്ഥാന വിഹിതം വെട്ടിക്കുറച്ചു. ഉള്ളത് നൽകുന്നില്ല.

ഉദാഹരണം പറയാം. ഒരു രൂപ നികുതി കേരളം പിരിച്ചു നൽകിയാൽ കേന്ദ്രം തിരിച്ചു നൽകുന്നത് 57 പൈസയാണ്. കർണാടകത്തിന് 15, തെലങ്കാനയ്ക്ക് 43, തമിഴ്നാടിന് 29 പൈസ. ഇനി യു പി ക്കും ബിഹാറിനും മധ്യപ്രദേശിനും രാജസ്ഥാനും യഥാക്രമം 2.73 രൂപ, 7.06 രൂപ , 2. 42 രൂപ, 1.33 രൂപയും. കൗതുക കാര്യമായ കാര്യം, ഈ വീതം വെപ്പിന് ജനസംഖ്യ മാനദണ്ഡമാക്കുകയും അതിന് ഉയർന്ന വെയ്റ്റേജ് നൽകുകയും ചെയ്തു, പതിനഞ്ചാം ധനകാര്യ കമ്മീഷൻ. ജനസംഖ്യാ നിയന്ത്രണത്തിൽ മുന്നിൽ നിൽക്കുന്നവയാണ് സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങൾ. സംഘ് താൽപര്യങ്ങൾ സംരക്ഷിക്കാവുന്ന വിധത്തിലാണ് 2021ൽ കമ്മീഷൻ രൂപികരിച്ചതെന്ന വിമർശനവുമുയർന്നിരുന്നു. ഇതിനെല്ലാം പുറമേയാണ് ഗവർണർമാരെ വെച്ചുള്ള കളികൾ. 2024 ലും സംഘ്പരിവാർ അധികാരത്തിലെത്തിയാൽ ഇവയൊക്കെ രൂക്ഷമാവും. സ്വാഭാവികമായും അതിനെതിരായ പ്രതികരണവും രൂക്ഷമാവും. ഫലത്തിൽ ഹിന്ദുത്വ ഇന്ത്യ vs തെന്നിന്ത്യ എന്ന സംവർഗം രൂപപ്പെടും.

ഇന്ത്യൻ സാമൂഹ്യക്രമത്തിൻ്റെ സ്വഭാവമെടുത്താൽ ഒഴിച്ചുകൂടാനാവാത്തതാണ് ജാതിക്രമം. തെന്നിന്ത്യയും ഇതിൽ നിന്ന് ഭിന്നമല്ലെങ്കിലും ഉത്തരേന്ത്യയെ അപേക്ഷിച്ച് ഏറെ വ്യത്യാസമുണ്ട്. സ്വാതന്ത്ര്യപൂർവ കാലത്ത് തമിഴ്നാട്ടിലും കേരളത്തിലും തെലങ്കാനയിലുമെല്ലാം നടന്ന സാമൂഹ്യ മുന്നേറ്റങ്ങളാണ് ഇതിനു കാരണം. അവയെ ത്വരിപ്പിക്കുന്ന ഘടകങ്ങൾ സ്വാതന്ത്ര്യാനന്തരവും തെക്കേ ഇന്ത്യയിൽ സജീവമായിരുന്നു. സമൂഹ സ്ഥിതിവിവരക്കണക്കുകളെടുത്താൽ ധാരാളം സാമ്യങ്ങളും തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ കാണാനാവും. അതേപോലെ, സംസ്ഥാനങ്ങൾക്കും അതിനകത്തെ അനേകം ഉപദേശീയതകൾക്കും സ്വത്വങ്ങൾക്കുമിടയിൽ നാനാതരം വൈവിധ്യങ്ങളും വൈരുധ്യങ്ങളുമെല്ലാമുണ്ട്. എന്നാൽ ഭ്രമയുഗത്തിലെ രാജാവിൻ്റെ വാഴ്ചക്കാലത്ത് ഹിന്ദുത്വ ഇന്ത്യക്കെതിരെ എന്ന പുതിയൊരു ദേശീയതാ പരിപ്രേക്ഷ്യത്തിലേക്ക് അവ എത്തിച്ചേരുമെന്നുറപ്പാണ്.

Related Articles