Current Date

Search
Close this search box.
Search
Close this search box.

സുഖലോക സ്വര്‍ഗ സോപാന സമരത്തില്‍ ആര്‍ഷോ, മിഠായിത്തെരുവിലെ ഹല്‍വയുടെ കയ്പ്, കോണ്‍ഗ്രസ് എന്ന ദുരന്തം

‘ചോരച്ചാലുകള്‍ നീന്തിക്കയറി…’  എന്നത് ഇടത് വിദ്യാര്‍ഥി യുവജന സംഘടനകളുടെ സ്ഥിരം മുദ്രാവാക്യമാണ്. കേരളത്തിന്റെ കാമ്പസുകളില്‍ നിന്ന് ഇത് കേള്‍ക്കാത്തവരാരുമുണ്ടാവില്ല.  എസ്.എഫ്.ഐ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി എന്തെങ്കിലും സംഭവിച്ചാല്‍ ഉടനെ മുഴങ്ങും ‘ചോരച്ചാലുകള്‍’. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇപ്പോള്‍ കാമ്പസുകളില്‍ നടക്കുന്ന എസ്.എഫ്.ഐ സമരത്തിലും ഈ മുദ്രാവാക്യം വിളിക്കാതിരിക്കാന്‍ ന്യായമൊന്നുമില്ല. മുഖ്യമന്ത്രിയുടെ പ്രഭാഷണ ഭാഷയിൽ ചുടുനിണമൊഴുക്കിയവര്‍ എന്നാണ്. 2016 ല്‍ നിയമസഭയിലാണ് മുഖ്യമന്ത്രി ഈ പ്രയോഗം നടത്തിയത്. ആ ഗണത്തില്‍ പെടുന്ന പലരും അന്ന് അദ്ദേഹത്തിന്റെ പിറകിലിരിക്കുന്നുണ്ടായിരുന്നു. 

സി.പി.എമ്മിന്റെയും യുവജന-വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെയും നേതാക്കള്‍ക്ക് അങ്ങനെയൊരനുഭവവുമുണ്ട്. മരണപ്പെട്ടുപോയിരിക്കുമോ എന്ന് കരുതി ഉപേക്ഷിക്കപ്പെട്ടിടത്തുനിന്നും എഴുന്നേറ്റ് വന്നവര്‍, കരിങ്കള്‍ ചീളുകള്‍ നിറച്ച ചാക്കുകൊണ്ട് പോലിസ് അടിയേറ്റവര്‍, കാല്‍ തല്ലിയൊടിക്കപ്പെട്ടവര്‍, വെടിയുണ്ട ശരീരത്തില്‍ കൊണ്ടുനടക്കുന്നവര്‍, ലാത്തിയടിയും നെറ്റിപൊട്ടലും വിപ്ലവമാര്‍ഗത്തില്‍ അന്ന് അവഗണിച്ചെങ്കിലും ജീവിതത്തിന്റെ മധ്യാഹ്നം പിന്നിടുമ്പോള്‍ അതിന്റെ ആഘാതം കാരണം പൊതുജീവിതം അസാധ്യമായവര്‍, സമരത്തിന്റെ തീച്ചൂളയില്‍ വളര്‍ന്നുവന്നവര്‍, ആ അര്‍ഥത്തില്‍ നേതാക്കളാവാന്‍ എന്തുകൊണ്ടും യോഗ്യര്‍.

ഇനി നമുക്ക് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയിലേക്ക് വരാം. ഗവര്‍ണര്‍ക്കെതിരെ നടക്കുന്ന സമരത്തില്‍ ആര്‍ഷോയാണ് നായകസ്ഥാനത്ത്. ‘ആ നാറി കക്കൂസ് കഴുകാന്‍ പറഞ്ഞാല്‍ കഴുകിക്കോണം, എസ്.എഫ്.ഐ യുടെ മേക്കിട്ട് കയറാന്‍ നോക്കരുത്’ – പോലിസ് തീര്‍ത്ത ബാരിക്കേഡിന് മുകളില്‍ കയറിനിന്നിട്ടായിരുന്നു  ആര്‍ഷോയുടെ കേരളാ പോലിസിന് നേരെയുള്ള ഭീഷണി. എന്നിട്ട് ആര്‍ഷോയെ പോലിസ് എന്ത് ചെയ്തു? ലാത്തിയടിയേറ്റ് നെറ്റിയില്‍ നിന്നും രക്തം ചിന്തേണ്ടി വന്നോ? റോഡില്‍ പ്രവര്‍ത്തകരാല്‍ വളയം ചെയ്യപ്പെട്ട് പോലിസ് മര്‍ദനത്തില്‍ നിന്നും രക്ഷിപ്പെടുത്തപ്പെട്ടോ? രക്തത്തില്‍ കുളിച്ച സഖാവിനെ സഹസഖാക്കള്‍ പൊക്കിയെടുത്ത് ആശുപത്രിയിലെത്തിച്ചോ?

എസ് എഫ് ഐ-പോലിസ് ഏറ്റുമുട്ടല്‍, തെരുവുയുദ്ധം എന്നൊക്കെ മാധ്യമങ്ങള്‍ക്ക് തലക്കെട്ട് നല്‍കാനായില്ല. അങ്ങനെയൊന്നുമില്ലാതെ പി.എം ആര്‍ഷോ പാര്‍ട്ടിയുടെ ഭാവിനേതാവായി പിച്ചവെക്കുന്നു. കേരളപോലിസിന്റെ പരിലാളനയില്‍. നിലത്തുവെച്ചാല്‍ ഉറുമ്പരിക്കും, തലയിലായാല്‍ പേനരിക്കും എന്ന നിലക്ക്. ആര്‍ഷോക്ക് സമരത്തിന്റെ തീച്ചൂളയില്ല, നീന്തിക്കയറി നേതാവാകാന്‍ മുന്നില്‍ ചോരച്ചാലുമില്ല. സമാധാനപരമായ മുദ്രാവാക്യ തെറിവിളികള്‍മാത്രം. സുഖലോക സ്വര്‍ഗ സോപാനത്തില്‍ സമരനായകനായങ്ങനെ…

കാലിക്കറ്റ് സര്‍വകലാശാലയിലെ സമര കുതുഹുലങ്ങള്‍ക്കിടയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അപ്രതീക്ഷിതമായി കോഴിക്കോട്ടേക്ക്. പോലിസ് പട കണ്ട് എന്തോ നടക്കാനിരിക്കുന്നു എന്ന നിലക്ക് ആളുകള്‍ കൂടുന്നു. ഗവര്‍ണര്‍ എത്തുന്നു. ആള്‍ക്കൂട്ടം തനിക്കുള്ള പിന്തുണയാണെന്ന് അദ്ദേഹം. കുഞ്ഞുങ്ങളെയെടുത്തു താലോലിക്കുന്നു, മിഠായിത്തെരുവിലൂടെ നടക്കുന്നു, കടകളില്‍ നിന്ന് ഹല്‍വയുടെ മധുരം നുണയുന്നു. ക്രൗതുകമുള്ള കാഴ്ചകള്‍. 

ഈ കാഴ്ചകള്‍ പറയുന്ന കാര്യങ്ങള്‍ നിസാരമല്ല. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയോ നേതാവോ അല്ല ഗവര്‍ണര്‍. പിന്നെ അദ്ദേഹമെന്തിന് ജനപിന്തുണയും ജനങ്ങളുടെ സ്‌നേഹവും അളക്കണം. അതെന്തിന് ജനത്തെ ബോധ്യപ്പെടുത്തണം. അദ്ദേഹത്തിന്റെ സുരക്ഷക്ക് ജനം തന്നെ ഏര്‍പ്പാട് ചെയ്തിരിക്കുന്ന സംവിധാനങ്ങളൈ അവഗണിച്ച് ജനങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രഖ്യാപിക്കുന്നതെന്തിനാണ്? ഭരണഘടനാപരമായി തന്റെ ഉത്തരവാദിത്തത്തില്‍ വരാത്ത വിഷയങ്ങളില്‍ പോലും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനോടുള്ള വിയോജിപ്പുകള്‍ അദ്ദേഹം നിരന്തരം പ്രകടിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. പലതും ഭരണഘടനാ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധവുമാണ്.

അദ്ദേഹം സംഘ്പരിവാറിന്റെ നോമിനിയാണ്. കാവിവല്‍ക്കരണം അദ്ദേഹത്തിന്റെ ലക്ഷ്യമാണ്. രാജ്യത്തിന്റെ ഫെഡറലിസത്തെ തകര്‍ക്കുക എന്നത് സംഘ്പരിവാറിന്റെ അതിവേഗത്തില്‍ നടപ്പാക്കപ്പെടുന്ന പിന്‍മടക്കമില്ലാത്ത ബൃഹദ് പദ്ധതിയാണ്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്തവരെ വെട്ടിമാറ്റി സംഘ്പരിവാര്‍ നോമിനികളെ നിയമിക്കുന്നതും ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്‍ ഒപ്പിടാതെ പിടിച്ചുവെക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. സമാനമായ അനുഭവങ്ങള്‍ പ്രതിപക്ഷം ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും സംഘ്പരിവാര്‍ നോമിനികളായ ഗവര്‍ണര്‍മാരുടെ ഭാഗത്ത് നിന്നുണ്ടാവുന്നുണ്ട്. 

അതിനാല്‍, കേവലം സര്‍ക്കാര്‍- ഗവര്‍ണര്‍ വടംവലി മാത്രമല്ല ഇപ്പോള്‍ നടക്കുന്നത്. ഗവര്‍ണറുടെ കേവല കോമാളിത്തവുമല്ല. ജനാധിപത്യവും സമഗ്രാധിപത്യവും തമ്മിലുള്ള പോരാണിത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന് പുറമെ, സമാനമായ അധികാരശക്തി ഇവിടെ നിലനില്‍ക്കുന്നു എന്ന ബോധ്യപ്പെടുത്തല്‍. അതുകൊണ്ട്, മിഠായിത്തെരുവിലെ ഹല്‍വയുടെ മധുരത്തിന് കയ്പ് നിഴല്‍ വീഴ്ത്തുന്നുണ്ട്.

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും കോണ്‍ഗ്രസിനിത് ദഹിച്ചിട്ടില്ല. പ്രതിപക്ഷം ചാമ്പ്യനാകേണ്ട സമയത്ത് ഭരണകക്ഷിയുടെ വിദ്യാര്‍ഥി സംഘടന തന്നെ പൊതുസമൂഹത്തില്‍ മേല്‍ക്കൈ നേടുന്നതിനെ പ്രതിരോധിക്കാനും അപഹസിക്കാനുമാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇംഗ്ലീഷറിയില്ല, വ്യാകരണമറിയില്ല, അധ്യാപിക നന്നായി പഠിപ്പിച്ചില്ല എന്നൊക്കെയാണ് ബല്‍റാമിന്റെ പരിഹാസം. സമരം ചെയ്യാന്‍ തന്നെ യോഗ്യതയില്ലെന്ന മട്ട്. എന്നാലോ യോഗ്യതയുള്ളവരൊക്കെയാണ് ഗവര്‍ണര്‍ നിര്‍ദേശിക്കുന്ന സംഘ്പരിവാറുകാരെങ്കില്‍ എങ്ങിനെ എതിര്‍ക്കാനാകുമെന്നാണ് കെ.സുധാകരന്‍. കേരളത്തിലെ സംഘ്പരിവാര്‍ ഒഴികെയുള്ള ഏതാണ്ടെല്ലാ വിഭാഗങ്ങളും ഗവര്‍ണര്‍ക്കെതിരെ രംഗത്തുവരുമ്പോഴാണ് രണ്ടുപേരും ചേര്‍ന്നുള്ള പാവക്കൂത്ത്. മൃദുഹിന്ദുത്വം ബി.ജെ.പി ക്കെതിരെ തരാതരം പോലെ കോണ്‍ഗ്രസ് എടുത്തുപയോഗിക്കുന്ന ഒന്ന് മാത്രമല്ല, കോണ്‍ഗ്രസിന്റെ തന്നെ അടിസ്ഥാന ഭാവനയില്‍ മൃദുഹിന്ദുത്വമുണ്ട്. അതിനെ മുറിച്ചുമാറ്റാനാവുന്നില്ല എന്നതാണ് കോണ്‍ഗ്രസ് ദുരന്തമാവുന്നതിനുള്ള കാരണം.

Related Articles