Current Date

Search
Close this search box.
Search
Close this search box.

Current Issue, Opinion

ബാബരിയിൽ നിന്ന് ഗ്യാൻവാപിയിലേക്ക് നീളുന്ന മൗനം

അയോധ്യയിൽ രാമക്ഷേത്രത്തിൻ്റെ പ്രാണപ്രതിഷ്ഠ ആഘോഷപൂർവം നടന്നതിൻ്റെ തൊട്ടു പിറകെയാണ് വരാണസിയിലെ ഗ്യാൻവാപി മസ്ജിദിനകത്ത് ഹിന്ദുക്കൾക്ക് പൂജക്ക് അനുമതി നൽകിക്കൊണ്ടുള്ള ജില്ലാ ജഡ്ജിയുടെ ഉത്തരവ് വരുന്നതും അലഹബാദ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിക്കുന്നതും. രാമക്ഷേത്രത്തിൻ്റെ പ്രൗഢിയിലും ബി.ജെ.പിയുടെ രാഷ്ട്രീയ കൗശലത്തിലും നിരായുധരായിപ്പോയ കോൺഗ്രസ് ഉൾപ്പെടെയുള്ള സോകോൾഡ് മതേതര കക്ഷികൾ ഗ്യാൻവാപിയിൽ നടക്കുന്നതൊന്നും അറിഞ്ഞ മട്ടില്ല. ബാബരി മസ്ജിദ് തകർപ്പെട്ടപ്പോൾ ഇന്ത്യൻ മതേതരത്വത്തിൻ്റെ ചരമക്കുറിയെഴുതിയവർ തന്നെയാണ്, കാലം കറങ്ങിത്തിരിഞ്ഞ്, ബാബരി മസ്ജിദ് നിലനിന്ന സ്ഥലം രാമക്ഷേത്രനിർമ്മാണത്തിന് വിട്ട് കൊടുത്ത് കൊണ്ട് സുപ്രീം കോടതി വിധി വന്നപ്പോൾ അതിനെ ഇന്ത്യൻ മതേതരത്വത്തിൻ്റെ വിജയമായി ആഘോഷിച്ചത്. 

രാമക്ഷേത്രം തകർത്തിട്ടല്ല ബാബരി മസ്ജിദ് പണിതത് എന്ന് കണ്ടെത്തിയ കോടതി സ്വാഭാവിക നീതിയനുസരിച്ച് സ്ഥലം മുസ്‌ലിംകൾക്ക് വിട്ട് കൊടുക്കേണ്ടതായിരുന്നു. പക്ഷെ, കോടതികൾക്ക് പോലും ജനവികാരം നോക്കാതെ നീതി നടപ്പിലാക്കാൻ കഴിയാത്ത ഒരു സാഹചര്യം സംഘ്പരിവാർ അതിൻ്റെ വംശീയ കാമ്പയിനിലൂടെ രാജ്യത്ത് സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു.  ഗ്യാൻവാപിയിലും മഥുരയിലും ഇനി കാര്യങ്ങൾ കുറെക്കൂടി എളുപ്പമാവും. 1991-ലെ ആരാധനാലയ സംരക്ഷണ നിയമത്തെ ഭരണകൂടവും കോടതികളും എങ്ങനെ മറികടക്കുന്നു എന്നത് മാത്രമേ കാണേണ്ടതായിട്ടുള്ളൂ.

സംഘ്പരിവാറിൻ്റെ വംശീയ രാഷ്ട്രീയത്തിൻ്റെ ഇരകളായ മുസ്ലിം ന്യൂനപക്ഷം, കനം വെച്ചു വരുന്ന ഈ പ്രതിസന്ധിയെ എങ്ങനെ നേരിടും എന്ന കാര്യത്തിൽ സ്വാഭാവികമായും കടുത്ത ആശയക്കുഴപ്പത്തിലാണ്. രാമക്ഷേത്രത്തിൻ്റെ ആഘോഷത്തിമർപ്പിൽ നിന്നും ഗ്യാൻവാപിയിലേക്കും മഥുരയിലേക്കും വംശീയ അജണ്ടകൾ നീളുമ്പോൾ മതേതര ഇന്ത്യ മൗനത്തിൻ്റെ കരിമ്പടം പുതച്ചു ഉറങ്ങുകയാണ്. ഈ മൗനത്തെ അലോസരപ്പെടുത്തിയാൽ സാമുദായിക സൗഹാർദ്ദം തകരും എന്ന മുന്നറിയിപ്പാണ് മുസ്ലിംകൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ബാബരിയെയും ഗ്യാൻവാപിയെയും നീതിനിഷേധത്തിൻ്റെയും അവകാശ നിഷേധത്തിൻ്റെയും പ്രശ്നം എന്നതിൽ നിന്ന്, ഹിന്ദുക്കൾക്കും മുസ്ലിംകൾക്കുമിടയിലുള്ള ഒരു മതവൈകാരിക പ്രശ്നമാക്കി മാറ്റുന്നതിൽ സംഘ്പരിവാർ വിജയിച്ചിരിക്കുന്നു. 

മുസ്ലിം സംഘടനകൾ പോലും ഈ നെറേറ്റീവ് ഏറ്റെടുത്തു കൊണ്ട് മൗനം പാലിക്കാൻ സമുദായത്തെ ആഹ്വാനം ചെയ്യുന്നു. ബാബരി അടഞ്ഞ അദ്ധ്യായമാണെന്നും രാമക്ഷേത്രം യാഥാർത്ഥ്യമായ സ്ഥിതിക്ക് ഇനി ബാബരിയെക്കുറിച്ച് സംസാരിക്കുന്നതിൽ അർത്ഥമില്ലെന്നുമുള്ള വർത്തമാനങ്ങളാണ് കേട്ടുകൊണ്ടിരിക്കുന്നത്. അതിലുമപ്പുറം കടന്ന് രാമക്ഷേത്രത്തെ ഇന്ത്യൻ മതേതരത്വത്തിൻ്റെ പ്രതീകമായി വാഴ്ത്തുന്നവരുമുണ്ട് സമുദായ നേതൃത്വത്തിൽ. സാമുദായിക സംഘർഷം സൃഷ്ടിക്കാനുള്ള സംഘ്പരിവാറിൻ്റെ കെണിയിൽ മുസ്ലിംകൾ വീണു പോവരുതെന്നാണ് ഉപദേശം. ബാബരിയുടെ നാൾവഴികൾ മറക്കുകയും,  ഗ്യാൻവാപിയും മഥുരയും കടന്ന് ഇന്ത്യയിലെ ആയിരക്കണക്കിന് പള്ളികളിലേക്ക് നീളുന്ന വംശീയ അജണ്ട തിരിച്ചറിയാതിരിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ ഇത്ര ലാഘവബുദ്ധിയോടെ ഈ സന്നിഗ്ധാവസ്ഥയെ സമീപിക്കാൻ കഴിയൂ. മൗനത്തേക്കാൻ ഭീകരമാണ് മൗനത്തെ ഘനീഭവിപ്പിക്കുന്ന വർത്തമാനങ്ങൾ!

ഹിന്ദുത്വവംശീയ രാഷ്ട്രീയത്തിൻ്റെ പരീക്ഷണ വേദിയായിരുന്നു ബാബരി. ഇന്ത്യയിലെ മുസ്‌ലിം ഭരണത്തെ അപരസ്ഥാനത്ത് നിർത്തിക്കൊണ്ടാണ് സംഘ്പരിവാർ അതിൻ്റെ ഐഡിയോളജി വികസിപ്പിച്ചത്. അതിനെ പ്രായോഗിക രാഷ്ട്രീയമായി പരിവർത്തിപ്പിക്കാനുള്ള സ്ട്രാറ്റജിയുടെ മൂർത്തരൂപമായിരുന്നു ബാബരി. ഇതിഹാസപുരുഷനായ രാമൻ്റെ ജന്മസ്ഥലം എന്ന് കരുതപ്പെടുന്ന അയോധ്യയിൽ മുഗൾ ചക്രവർത്തിയായ ബാബറുടെ പേരിൽ ഒരു പള്ളി. ബാബറുടെ ഗവർണറായ മീർബാഖിയാണ് പള്ളി പണിതത്. രാമക്ഷേത്രം തകർത്തിട്ടാണ് പളളി പണിതത് എന്ന ഒരു കഥ മെനയുന്നു. അതിന് ‘തെളിവുകൾ’ സൃഷ്ടിക്കപ്പെടുന്നു. ബി.ജെ.പിയെ അധികാരത്തിലെത്തിച്ച ഒരു രാഷ്ട്രീയ രഥയാത്രയുടെ അന്ത്യത്തിൽ ബാബരി തകർക്കപ്പെടുന്നു. രാമക്ഷേത്രം ഹിന്ദുക്കളുടെ വൈകാരിക പ്രശ്നമായി മാറ്റപ്പെടുന്നു. അയോധ്യയിലെ രാമൻ ബി.ജെ.പി.യുടെ കയ്യിലെ ഏറ്റവും ശക്തമായ രാഷ്ട്രീയായുധമായി മാറുന്നു. 

നീണ്ട നിയമയുദ്ധങ്ങൾക്ക് ശേഷം ബാബരി മസ്ജിദ് നിലനിന്ന ഭൂമി സുപ്രീകോടതി രാമക്ഷേത്ര നിർമാണത്തിന് വിട്ടുകൊടുക്കുന്നു. അവിടെ ആർഭാടപൂർവം ക്ഷേത്രമുയരുന്നു. പൊതുതെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള കാർമികത്വത്തിൽ ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടക്കുന്നു. സംഘ്പരിവാറിൻ്റെ ക്ഷേത്രം ഹൈന്ദവ സമൂഹത്തിൻ്റെ എന്നല്ല രാജ്യത്തിൻ്റെ തന്നെ അഭിമാന മന്ദിരമാവുന്നു! പ്രാണപ്രതിഷ്ഠാ ചടങ്ങിൽ സംബന്ധിക്കാൻ എല്ലാ മേഖലയിലുമുള്ള സെലിബ്രിറ്റികൾ മത്സരിക്കുന്നു. രാജ്യം സമം ഹിന്ദു, ഹിന്ദു സമം ഹിന്ദുത്വ. ഈ സമവാക്യത്തിലേക്ക് കാര്യങ്ങളെ എത്തിക്കാനുള്ള സംഘ്പരിവാർ അജണ്ടയുടെ വിജയകരമായ പരിപൂർത്തിയാണ് രാമക്ഷേത്രം. രാമക്ഷേത്രത്തെ വാഴ്ത്താനും ബാബരിയെ മറക്കാനും മുസ്‌ലിം നേതാക്കൾ വരെ ആഹ്വാനം ചെയ്യുന്നേടത്തോളം ഈ രാഷ്ട്രീയം വിജയിച്ചിരിക്കുന്നു.

രാമനെ ബി.ജെ.പി സ്വന്തമാക്കിക്കഴിഞ്ഞു. കൃഷ്ണനെയും ശിവനെയും കൂടി സ്വന്തമാക്കാനുള്ള പദ്ധതികൾ അതിശീഘ്രം മുന്നോട്ടു പോവുന്നു. ഈ മൂന്ന് മതബിംബങ്ങളും നഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നെ തങ്ങൾക്കെന്താണ് ബാക്കിയുള്ളത് എന്ന പ്രതിസന്ധിയിലാണ് മതേതരത്വത്തിൽ ആണയിടുന്ന ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും. മൃദുഹിന്ദുത്വം കൊണ്ട് ബി.ജെ.പിയെ നേരിടാമെന്ന് കരുതുന്ന അവരുടെ അജണ്ടയിലെവിടെയും മുസ്ലിംകളും അവരുടെ പ്രശ്‌നങ്ങളും വരുമെന്ന് കരുതാൻ ന്യായമില്ല. 

ബാബരിയിലെയും ഗ്യാൻവാപിയിലെയും നീതിനിഷേധത്തെക്കുറിച്ച് ഒരക്ഷരം ഉരിയാടാൻ അവർക്ക് കഴിയാത്തത് ഇന്ത്യൻ രാഷ്ട്രീയം തീർത്തും വർഗീയവൽക്കരിക്കപ്പെട്ടതിൻ്റെ തെളിവാണ്. കോടതികൾ പോലും പൊതുജനവികാരത്തെ തൃപ്തിപ്പെടുത്താൻ ഒരുങ്ങുമ്പോൾ രാഷ്ട്രീയ പാർട്ടികളുടെ കാര്യം പറയാതിരിക്കുകയാണ് ഭേദം. ഭൂരിപക്ഷ ഹിതത്തിൽ അധിഷ്ഠിതമായ ഒരു ജനാധിപത്യ സംവിധാനത്തെ ന്യൂനപക്ഷവിരുദ്ധ വംശീയത ഹൈജാക്ക് ചെയ്യുമ്പോൾ സംഭവിക്കുന്ന അനിവാര്യമായ ദുരന്തത്തിനാണ് ഇന്ത്യ ഇപ്പോൾ സാക്ഷിയാവുന്നത്. ജനാധിപത്യത്തിൻ്റെ സാങ്കേതിക പ്രക്രിയയിലൂടെ തന്നെ ഇന്ത്യ ഒരു ഹിന്ദുത്വ രാഷ്ട്രമായി മാറിയാൽ അത്ഭുതപ്പെടേണ്ടതില്ല. അവിടെ തെരഞ്ഞെടുപ്പും പാർലമെൻ്റുമുണ്ടാവും. നിയമവും കോടതിയുമുണ്ടാവും. ഭൂരിപക്ഷബലം കൊണ്ട് തന്നെ ഭരണഘടന തിരുത്തിയെഴുതപ്പെടും. ജനാധിപത്യത്തിൻ്റെ എല്ലാ സ്ഥാപനങ്ങളും ഹിന്ദുത്വരാഷ്ട്രത്തിൻ്റെ യുഗപ്പിറവിക്ക് കയ്യൊപ്പ് ചാർത്തും. പ്രതിഷേധിക്കുന്നവരെ നിശ്ശബ്ദരാക്കാനും വേട്ടയാടാനും നിയമവും നിയമപാലകരും കോടതികളുമുണ്ടാവും. ഇത്തരം ഒരു വഴിത്തിരിവിൽ ഇന്ത്യൻ ജനാധിപത്യം എത്തിക്കഴിഞ്ഞിരിക്കുന്നു.

ഹിന്ദുത്വവംശീയത എന്നത് ഒരു അധിക്ഷേപവാക്കാണ് എന്ന് കരുതേണ്ടതില്ല. സംഘ്പരിവാറിൻ്റെ സൈദ്ധാന്തികാടിത്തറയാണ് ഹിന്ദുത്വ. അതിൻ്റെ പുറത്താണ് അതിൻ്റെ രാഷ്ട്രീയം കെട്ടിപ്പടുത്തിരിക്കുന്നത്. മുസ്ലിം വിരുദ്ധവംശീയതയാണ് ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ മുഖമുദ്ര എന്ന് മനസ്സിലാക്കാൻ സൈദ്ധാന്തിക വിശകലനത്തിൻ്റെയൊന്നും ആവശ്യമില്ല. ആ രാഷ്ട്രീയം ഇന്ത്യയിൽ എങ്ങനെയാണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് എന്ന് പരിശോധിച്ചാൽ മാത്രം മതി. ബാബരിയും ഗ്യാൻവാപിയും മഥുരയും ഹിന്ദു – മുസ്ലിം മത പ്രശ്നം അല്ലാതായി മാറുന്നത് അതിൻ്റെ പിന്നിലെ വംശീയ അജണ്ട കാരണമാണ്. രണ്ടോ മൂന്നോ പള്ളികൾ ഹിന്ദുക്കൾക്ക് വിട്ടുകൊടുത്താൽ തീരുന്ന വിഷയമല്ല അത്. 

സ്വാഭാവികമായും മുസ്‌ലിംകളാണ് ഹിന്ദുത്വവംശീയതയുടെ ഒന്നാമത്തെ ഇര. മുസ്‌ലിം അപരനാണ് സംഘ്പരിവാറിന് അധികാരത്തിലേറാനും അധികാരം നിലനിർത്താനുമുള്ള ആയുധം. ഈ സന്നിഗ്ദ്ധഘട്ടത്തെ മുസ്ലികൾ എങ്ങനെ നേരിടും എന്നത് വലിയ ചോദ്യമാണ്. ബാബരിയും ഗ്യാൻവാപിയും ഭീമാകാരമായ മഞ്ഞുമലയുടെ അറ്റം മാത്രമാണ്. അതവസാനിച്ചാൽ മഞ്ഞുമല താനേ ഉരുകിപ്പോവുമെന്ന് കരുതുന്നത് മൗഢ്യമാണ്. ഇന്ത്യയിലെ മുസ്‌ലിം ചരിത്രവും അതിൻ്റെ സ്മാരകങ്ങളും രാജ്യത്തുടനീളം നീണ്ടു പരന്ന് കിടക്കുന്നുണ്ട്. ചരിത്രത്തിൻ്റെ വക്രീകരണത്തിലൂടെ എത്ര നുണകൾ വേണമെങ്കിലും അതിൽ നിന്ന് സൃഷ്ടിച്ചെടുക്കാൻ കഴിയും. ജനങ്ങളുടെ മൗലിക പ്രശ്നങ്ങൾ മുഴുവൻ അവഗണിച്ചും എതിർശബ്ദങ്ങളെ നിശ്ശബ്മാക്കിയും ഈ വിദ്വേഷരാഷ്ട്രീയം ഏതറ്റം വരെ മുന്നോട്ടു പോകും എന്ന് കാത്തിരുന്ന് കാണണം. 

മൗനം കൊണ്ടോ നിഷ്ക്രിയമായ സംയമനം കൊണ്ടോ അതിജീവിക്കാൻ കഴിയുന്നതല്ല ഈ പ്രതിസന്ധി. പരീക്ഷണത്തിൻ്റെ ദുർഘടവഴികളെ മുസ്ലിം സമൂഹം ക്ഷമാപൂർവം തരണം ചെയ്യേണ്ടിവരും. അതിനുള്ള കരുത്താർജ്ജിക്കേണ്ടിവരും. അനീതികൾക്കെതിരെ സംസാരിച്ചു കൊണ്ടിരിക്കുക എന്നതാണ് ജീവിച്ചിരിക്കുന്ന ഒരു സമൂഹത്തിന് പ്രാഥമികമായി ചെയ്യാനുള്ളത്. മർദ്ദിതരുടെ പ്രതിഷേധങ്ങൾ വൃഥാവിലാവുകയില്ല എന്നതാണ് ചരിത്രത്തിൻ്റെ പാഠം. പ്രതീക്ഷിക്കാത്ത കോണുകളിൽ അത് അലയടികൾ സൃഷ്ടിക്കും. ഉറങ്ങുന്നവരെ ഉണർത്തും. അധികാരത്തെ അലോസരപ്പെടുത്തും. മരണത്തെയും ജീവിതത്തിലെ നഷ്ടങ്ങളെയും ചൊല്ലി ആകുലതകളില്ലാത്ത ഒരു ജനതയെ ആർക്കും തോൽപിക്കാനാവില്ല.

Related Articles