Current Date

Search
Close this search box.
Search
Close this search box.

‘ഇന്ത്യയിലെ മുസ്‌ലിംകള്‍ ഹിന്ദു മുസ്‌ലിംകളല്ല, ഇന്ത്യന്‍ മുസ്‌ലിംകളാണ്’

ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതുമായി ജാമിഅ മില്ലിയ മുന്‍ വൈസ് ചാന്‍സലറും മുന്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുമായ നജീബ് ജങും മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ എസ്.വൈ ഖുറൈശിയും നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം, ‘ദ വയറി’ന് വേണ്ടി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ ഇരുവരുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങളിലാണിവിടെ നല്‍കുന്നത്. കരണ്‍ ഥാപ്പറുമായുള്ള അഭിമുഖത്തില്‍ നജീബ് ജങും എസ്. വൈ ഖുറൈശിയും സുപ്രധാന വെളിപ്പെടുത്തലുകളാണ് നടത്തുന്നത്. ഇന്ത്യയിലെ മുസ്ലിം പൗരന്മാരെ ഹിന്ദു മുസ്ലിംകള്‍ എന്നല്ല, ഇന്ത്യന്‍ മുസ്ലിംകള്‍ എന്നാണ് വിളിക്കേണ്ടതെന്ന് ആര്‍.എസ്.എസ് മേധാവി അംഗീകരിച്ചതായി നജീബ് ജങും ഖുറൈശിയും അഭിമുഖത്തില്‍ വ്യക്തമാക്കി. 2021 സെപ്റ്റംബറില്‍ മോഹന്‍ ഭാഗവത് പറഞ്ഞത്, ‘ഹിന്ദു എന്ന വാക്ക് നമ്മുടെ മാതൃരാജ്യത്തിന്റെയും പൂര്‍വികരുടെയും സംസ്‌കാരത്തിന്റെയും സമ്പന്നമായ പൈതൃകത്തിന് തുല്യമാണ്. ഓരോ ഇന്ത്യക്കാനും ഹിന്ദുവാണ്’ എന്നായിരുന്നു. ഇവിടെ കാര്യമായ മാറ്റം കാണാന്‍ കഴിയുന്നു.

ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് ജനസംഖ്യയില്‍ വളരാനും ഹിന്ദുക്കള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാനും കഴിയില്ലെന്ന് ഭാഗവത് അംഗീകരിച്ചതായി എസ്. വൈ ഖുറൈശി പറഞ്ഞു. (വലിയ സ്വീകാര്യത നേടിയ ‘ദ പോപ്പുലേഷന്‍ മിത്ത്’ എന്ന പുസ്തകത്തിന്റെ രചയിതാവാണ് എസ്. വൈ ഖുറൈശി) എന്നാലിത്, 2021 ജൂലൈയില്‍ ആര്‍.എസ്.എസ് മേധാവി പറഞ്ഞതില്‍ നിന്നുള്ള കാര്യമായ മാറ്റമാണ്. ‘1930 മുതല്‍ മുസ്ലിം ജനസംഖ്യ വര്‍ധിപ്പിക്കാന്‍ സംഘടിത ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സമുദായം സുപ്രധാന ശക്തിയാകന്‍ പ്രവര്‍ത്തിക്കുകയാണെന്ന്’ അദ്ദേഹം പറഞ്ഞിരുന്നു. ഇവിടെയും കാര്യമായ മാറ്റം കാണാന്‍ കഴിയുന്നു.

36 മിനുറ്റുള്ള അഭിമുഖത്തില്‍, ഈ വാരാന്ത്യം കൂടിക്കാഴ്ച നടത്തുന്നതിന് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതുമെന്ന് നജീബ് ജങും എസ്. വൈ ഖുറൈശിയും വ്യക്താക്കിന്നുണ്ട്. മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയ അഞ്ച് പേര്‍ തന്നെയാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയെന്ന് ഖുറൈശി പറഞ്ഞു. ജങിനും ഖുറൈശിക്കും പുറമെ, ജനറല്‍ സമീറുദ്ധീന്‍ ഷാ, ഷാഹിദ് സിദ്ധീഖി, സഈദ് ഷെര്‍വാനി എന്നിവരും കൂടിക്കാഴ്ചയുടെ ഭാഗമാകും. രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയുമായി ഞങ്ങള്‍ കൃത്യതയോടെ, ശ്രദ്ധയോടെ പ്രശ്നങ്ങള്‍ ഉന്നയിക്കുമെന്ന് ജങ് കൂട്ടിച്ചേര്‍ത്തു.

ഇരുവരും പൗരത്വ ഭേദഗതി നിയമം ഉന്നയിക്കുമോയെന്നത് വ്യക്തമല്ല. എന്നാല്‍, ബി.ജെ.പി മന്ത്രിമാരും നേതാക്കളും നടത്തുന്ന മുസ്‌ലിം വിരുദ്ധ പ്രസ്താവനകളെ (ബാബര്‍ കി ഔദ്, അബ്ബാ ജാന്‍, പാക്കിസ്ഥാനിലേക്ക് പോകൂ) സംബന്ധിച്ച് ചോദിക്കുമെന്ന് അവര്‍ വ്യക്തമാക്കുന്നുണ്ട്. 2024ല്‍ ദേശീയ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മുസ്ലിംകള്‍ക്കെതിരെ ബി.ജെ.പി നടത്തുന്ന അധിക്ഷേപങ്ങളും നിന്ദ്യമായ പരാമര്‍ശങ്ങളും അവസാനിപ്പിക്കുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് ജങ് പറഞ്ഞു. കൂടിക്കാഴ്ച നടത്തുന്നതിനുള്ള തങ്ങളുടെ അഭ്യര്‍ഥനയോട് പ്രധാനമന്ത്രി എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെന്ന് ഖുറൈശി പറഞ്ഞു. പക്ഷേ, കൂടിക്കാഴ്ച നടക്കുന്നില്ലെങ്കില്‍ അതൊരു തിരിച്ചടിയായി അവര്‍ കണക്കാക്കുന്നില്ല.

കൂടിക്കാഴ്ചയില്‍, സി.എ.എ പോലുള്ള വിഷയങ്ങളില്‍ ഭാഗവത് തന്റെ നിലപാട് മാറ്റുമെന്ന് ന്യായമായും വിശ്വസിക്കുന്നുണ്ടെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ഇത്തരം വിഷയങ്ങള്‍ വൈകിപ്പിക്കുകയോ പുരാലോചന നടത്തുകയോ ചെയ്യുന്നതിന് പ്രധാനമന്ത്രിയോട് നിര്‍ദേശിക്കുമെന്ന് ഇരുവരും പറഞ്ഞു. അതുപോലെ, മുസ്‌ലിം വംശഹത്യക്ക് ഇനിയും ആഹ്വാനമുണ്ടാകുമ്പോള്‍ ഭാഗവത് അതിനെതിരെ സംസാരിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ട്.

മുസ്‌ലിംകളിലേക്ക് ചെന്ന് അവരെ മുഖ്യധാരയിലിലേക്ക് കൊണ്ടുവരാനും മുസ്‌ലിംകളും ഹിന്ദുക്കളും തമ്മിലുള്ള ബന്ധത്തില്‍ മാറ്റം കൊണ്ടുവരാനുമുളള സമയമായെന്ന് സംഘടനയുടെ ഉന്നതതലം തീരുമാനിച്ചെന്ന് ആര്‍.എസ്.എസ് മേധാവി തങ്ങളോട് പറഞ്ഞതായി ജങ് പറഞ്ഞു. മുസ്‌ലിംകളുടെ അരക്ഷിതാവസ്ഥയെ കുറിച്ചും സ്വന്തം രാജ്യത്ത് തങ്ങളോട് മാന്യമായി പെരുമാറുന്നില്ലെന്നതിനെ കുറിച്ചും ഉള്ള ആശങ്കകളോട് പ്രതികരിക്കാന്‍ താന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് മോഹന്‍ ഭാഗവത് ഉറപ്പ് നല്‍കിയതായും ജങ് പറഞ്ഞു.

ആര്‍.എസ്.എസ് മേധാവി രണ്ട് വിഷയങ്ങള്‍ ഉന്നയിച്ചതായി മുന്‍ ഡല്‍ഹി ലഫ്റ്റന്റ് ഗവര്‍ണര്‍ പറഞ്ഞു. ഒന്ന്, പശുക്കളെ കൊല്ലുന്നതിനെ സംബന്ധിച്ചുള്ള ആശങ്കയാണ്. രണ്ട്, മുസ്‌ലിംകള്‍ ഹിന്ദുക്കളെ കാഫിര്‍ എന്ന് വിളിക്കുന്നതിനെ സംബന്ധിച്ചുള്ളതാണ്. ബീഫ് കഴിക്കുന്നത് ഉപേക്ഷിക്കുന്നതില്‍ മുസ്‌ലിംകള്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് പറഞ്ഞ് ഭാഗവതിനെ ആശ്വസിപ്പിച്ചു. കാഫിര്‍ എന്ന വാക്ക് ഹിന്ദുക്കളെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്ന് ഇരുവരും പറഞ്ഞു. തങ്ങള്‍ ഉറപ്പ് നല്‍കുകയല്ല, ഭാഗവതിന്റെ ആത്മാര്‍ഥതയെ കുറിച്ച് ബോധ്യപ്പെട്ടതായും ഇരുവരും പറഞ്ഞു. തങ്ങള്‍ പറഞ്ഞത് തുറന്ന മനസ്സോടെ സ്വീകരിക്കുമെന്നാണ് അദ്ദേഹത്തിന്റെ ശരീര ഭാഷയില്‍ നിന്ന് ബോധ്യപ്പെടുന്നത്. ആര്‍.എസ്.എസ് മേധാവി തങ്ങളെ തടസ്സപ്പെടുത്താതെ ദീര്‍ഘനേരം കേട്ടിരുന്നുവെന്നും ഖുറൈശി പറഞ്ഞു.

അവലംബം: thewire.in

വിവ: അര്‍ശദ് കാരക്കാട്‌

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles