Current Date

Search
Close this search box.
Search
Close this search box.

‘പുഴ മുതൽ കടൽ വരെ’ വീണ്ടും ചർച്ചയാവുമ്പോൾ

ഫലസ്തീനികൾക്കെതിരെ ഏറ്റവും ഒടുവിലായി പാശ്ചാത്യ പിന്തുണയോടെ ഇസ്രായേൽ ആരംഭിച്ചിട്ടുള്ള വംശഹത്യയെ തുടർന്ന് ‘പുഴ മുതൽ കടൽ വരെ’ എന്ന പുതിയ വാക്യം അമേരിക്കക്കാർ പഠിച്ചിട്ടുണ്ട്. ഏതു പുഴയും (ജോർദാൻ) കടലുമാണ് (മെഡിറ്ററേനിയൻ കടൽ)  ഉദ്ധരിക്കപ്പെടുന്നത് എന്ന ലോകഭൂമി ശാസ്ത്രത്തെക്കുറിച്ച് ഐതിഹാസികമായ ആധിപത്യജ്ഞാനമുള്ളവരുടെ ഞെട്ടലിനു മുന്നിൽ ക്ഷമിച്ചു കൊടുക്കാനെ നിർവാഹമുള്ളൂ.

ഇത്തരം പദാവലികൾ ജനശ്രദ്ധയിൽ കൊണ്ടുവന്നതിന് പശ്ചാത്യ മാധ്യമ ലോകത്തെ മുഖ്യധാര സയണിസ്റ്റ് സ്ഥാപനങ്ങളോട് നാമെല്ലാവരും കടപ്പെടേണ്ടതുണ്ട്. വസ്തുതകളെ വളച്ചൊടിക്കുന്ന അവരുടെ ശ്രമങ്ങളെ അട്ടിമറിക്കുക എന്നതാണ് നമ്മൾ ഇപ്പോൾ ചെയ്യേണ്ടത്. 

ലളിതമായ ഈ മുദ്രാവാക്യത്തിന് മൗലികവും വ്യത്യസ്തങ്ങളുമായ മൂന്ന് അർത്ഥങ്ങൾ ഉണ്ട്. 

ഒന്നാമത്തേത് ഫലസ്തീനിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന യൂറോ അമേരിക്കൻ കുടിയേറ്റ കോളനിവൽക്കരണത്തെ സൂചിപ്പിക്കുന്നു. തങ്ങളുടെ ജന്മഭൂമിയെ മൊത്തത്തിൽ മോഷ്ടിച്ചതിനെതിരെ ഫലസ്തീനികൾ ഉയർത്തുന്ന മുദ്രാവാക്യമാണ് രണ്ടാമത്തെതെങ്കിൽ, മൂന്നാമത്തെത് എഡ്വേർഡ് സെയ്ദിനെ പോലെയുള്ള ബുദ്ധിജീവികൾ പറയുന്നത് പോലെ ദാർശനിക സ്വഭാവമുള്ളതാണ്. ഈ മൂന്നിനെ കുറിച്ചും കൂടുതൽ വിശദമായി പറയേണ്ടതുണ്ട്. 

ഗസ്സയിൽ കൊല്ലപ്പെടുന്ന ഫലസ്തീനികളുടെ എണ്ണം (ഇപ്പൊൾ 15000 കവിഞ്ഞു)  കുതിച്ചുയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ന്യൂയോർക്ക് ടൈംസ് കോളമിസ്റ്റ് ബ്രെറ്റ് സ്റ്റീഫൻസ് എഴുതിയതിങ്ങനെയാണ്:  

“സ്വന്തം പേരറിയാത്ത വെറുപ്പിൻറെ രൂപമാണ് സെമിറ്റിക് വിരുദ്ധത, സയണിസ്റ്റ് വിരുദ്ധരെന്ന് സ്വയം ശേഷിപ്പിക്കുന്നവരും പുഴ മുതൽ കടൽ വരെ ഫലസ്തീൻ സ്വതന്ത്രമാകും എന്ന മുദ്രാവാക്യം ഉയർത്തുന്നവരും തങ്ങൾ സെമിറ്റിക് വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നു എന്നതിനെ ശക്തമായി എതിർക്കും”.  സ്റ്റീഫൻസും അയാൾ ജോലി ചെയ്യുന്ന മാധ്യമ സ്ഥാപനവും സയണിസ്റ്റ് പ്രൊപഗണ്ട സംവിധാനങ്ങളും  പുഴ മുതൽ കടൽ വരെ എന്ന മുദ്രാവാക്യത്തിന്റെ ഏറ്റവും തീക്ഷ്ണതയുള്ള പ്രയോക്താക്കൾ ഇസ്രയേലികൾ ആണെന്നും ഫലസ്തീനികളോ ആഗോള തലത്തിൽ അവരെ പിന്തുണക്കുന്നവരോ അല്ലെന്നും സൂചിപ്പിക്കാൻ വിമുഖത കാട്ടുന്നു. 

പ്രാദേശികമായ ആധിപത്യം എന്ന താപര്യം 

ഫലസ്തീനിൽ നിന്നും പരിസര രാജ്യങ്ങളിൽ നിന്നും കൂടുതൽ ഭൂമി മോഷ്ടിക്കുക എന്ന ടെൽ അവീവിന്റെ ലക്ഷ്യം, ‘ഗ്രേറ്റർ ഇസ്രായേൽ’ എന്ന് വിളിക്കപ്പെടുന്ന ഈ ആസൂത്രിത കവർച്ച യഥാർഥത്തിൽ  ‘പുഴ മുതൽ കടൽ വരെ’ എന്ന മുദ്രാവാക്യത്താൽ ചുറ്റപ്പെട്ടതാണ്.

ലോകമെമ്പാടുമുള്ള ജൂതന്മാർ ഈ വാക്യത്തെ അവരുടെ ‘ചരിത്രപരമായ മാതൃരാജ്യത്തെ’ കുറിച്ചു സൂചിപ്പിക്കുന്ന ഒന്നായി മനസ്സിലാക്കിയേക്കാം. പക്ഷേ ഈ ദുരന്തം സൃഷ്ടിച്ച ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെയും ഇപ്പോൾ അതിനെ നിലനിർത്തുന്ന അമേരിക്കൻ സാമ്രാജ്യത്വത്തിന്റെയും താൽപര്യങ്ങൾക്കനുസൃതമായി, ഇസ്രായേൽ എന്ന രാജ്യം പ്രദേശത്ത് ആധിപത്യം സ്ഥാപിക്കാനുള്ള പാശ്ചാത്യരുടെ സൈനിക താവളമായി മാറിയിരിക്കുകയാണ്. 

എന്നാൽ ഫലസ്തീനികൾ ഇതിന് വിപരീതമായാണ് ‘പുഴ മുതൽ കടൽ വരെ’ എന്ന മുദ്രാവാക്യത്തെ ഉപയോഗിക്കുന്നത്. തങ്ങളിൽ നിന്ന് പിടിച്ചടക്കപ്പെട്ട ഭൂമിയെ തിരിച്ചു പിടിക്കാനുള്ള മുദ്രാവാക്യമായാണ് അവർ ഇതിനെ സമീപിക്കുന്നത്. ആ സായുധ കവർച്ചയെ അവർ തങ്ങളുടെ വിമോചന പ്രസ്ഥാനത്തിന്റെയും കൊളോണിൽ വിരുദ്ധത പോരാട്ടത്തിന്റെയും പ്രചോദനമാക്കി മാറ്റി. 

ഫലസ്തീൻ വിമോചന പോരാട്ടത്തിൻറെ ധാർമിക പ്രചോദനം എഡ്വേർഡ് സെയ്ദ് പറഞ്ഞതുപോലെ മൂന്നാമതൊരു തലം കൂടി ഈ മുദ്രാവാക്യം ഉൾക്കൊള്ളുന്നുണ്ട്. ഇപ്പോൾ സങ്കൽപ്പിക്കാൻ കഴിയില്ലെങ്കിലും ഏക രാഷ്ട്രപരിഹാരം എന്ന ആശയമാണത്.

1999 ൽ എഴുതിയ ഒരു ലേഖനത്തിൽ സെയ്ദ് ഈ വിഷയത്തെക്കുറിച്ച് വളരെ ലളിതവും ഗംഭീരവുമായ വിവരണം നൽകുന്നുണ്ട്. “ഇന്നത്തെ ഇസ്രയേൽ, ഫലസ്തീൻ യാഥാർത്ഥ്യങ്ങളിൽ നിന്ന് വിഭിന്നമായുള്ള മറ്റൊന്ന് വികസിപ്പിക്കുക എന്നതാകണം തുടക്കം. വംശീയമോ വർഗ്ഗീയവുമായ ആയ സമൂഹമത്തിന് പകരം പൗരത്വം എന്ന ആശയവും അതിൻറെ പ്രയോഗവും സഹവർത്തിത്വത്തിന്റെ പ്രധാന മാധ്യമമാവുന്നതാണത്. ഒരു ആധുനിക രാഷ്ട്രത്തിൽ അതിലെ എല്ലാ അംഗങ്ങളും തങ്ങളുടെ സാനിധ്യം കൊണ്ടും അവകാശങ്ങളും ഉത്തരവാദിത്വങ്ങളും പങ്കിടുന്നത് കൊണ്ടും പൗരന്മാരാണ്. അതുകൊണ്ടുതന്നെ പൗരത്വം എന്നത് ഒരു ഇസ്രയേലി ജൂതനും ഫലസ്തീനി അറബിക്കും ഒരേ പദവികളും അവകാശങ്ങളും നൽകുന്നു”. 

സൌമ്യവും ഉദാരവും പ്രായോഗികവും സയണിസ്റ്റുകൾക്ക് ഇല്ലാതെ പോയതുമായ ഈ പരിഹാരം ‘പുഴ മുതൽ കടൽ വരെ’ എന്ന ആശയത്തെ ജൂതന്മാർക്കും ഫലസ്തീനികൾക്കും ഒരു മാതൃരാജ്യം എന്നതാക്കി മാറ്റുന്നു. 

ഞാൻ ഇതെഴുതുമ്പോഴും ഫലസ്തീനികളെ അവരുടെ മാതൃരാജ്യത്ത് നിന്ന് ഉന്മൂലനം ചെയ്യാനുള്ള വളരെ ചിട്ടയായ പദ്ധതികളിലും ആസൂത്രണങ്ങളിലും വ്യാപൃതരാണ് ഇസ്രായേൽ. ഒരു മുദ്രാവാക്യം വീണ്ടെടുക്കുന്നതിന് വേണ്ടിയുള്ള  പലസ്തീനികളുടെ  ശ്രമത്തെ പോലും പടിഞ്ഞാറൻ പ്രചാരകർ തുടർച്ചയായി കുറ്റപ്പെടുത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. 

ഫലസ്തീനികളെ തുടർച്ചയായി കൊല്ലുന്നതിന് തെൽ അവീവ് മുതൽ ന്യൂയോർക്ക് വരെയുള്ള സയണിസ്റ്റുകൾക്ക് ഒരു ന്യായീകരണം പോലും ഇല്ല. ഫലസ്തീനിന്റെ ഭാവിയടക്കം  നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫലസ്തീനിലെ കുഞ്ഞുങ്ങളെ അടക്കം ഇസ്രായേൽ കൊല്ലുന്നതിൽ യാതൊരു യാദൃശ്ചികതയുമില്ല.

പക്ഷേ കൊല്ലപ്പെടുന്ന ഓരോ കുട്ടിക്കും പകരമായി തങ്ങളുടെ മാതൃരാജ്യം തിരിച്ചുപിടിക്കാനായി ഒട്ടനവധി ആളുകൾ ഉയർന്നുവരും. ജൂതന്മാർക്കും ക്രിസ്ത്യാനികൾക്കും മുസ്‌ലിംകൾക്കും മറ്റുള്ളവടക്കും സയണിസത്തെ പേടിക്കാതെ സമാധാനത്തോടെ ജീവിക്കാൻ കഴിയുന്ന ഒരു രാജ്യം ഉണ്ടാകും.

വിവ: മുഷ്‍താഖ് ഫസൽ

 

കൂടുതൽ വായനക്ക്‌: https://chat.whatsapp.com/I1aiVNVTlZsKM3mMWkQmod

Related Articles