Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനികളുടെ പ്രതിരോധം ഗസ്സയിൽ വിജയിച്ചു കഴിഞ്ഞിരിക്കുന്നു

ഗസ്സയിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന  വംശഹത്യയുടെ ഫലം എന്തുതന്നെയായാലും ഫലസ്തീൻ പോരാളികൾ ഇതിനോടകം തന്നെ വിജയിച്ചു കഴിഞ്ഞിരിക്കുകയാണ്.

ഇസ്രയേൽ കേന്ദ്രങ്ങളിൽ മിന്നാലാക്രമണം നടത്തിയ ദിവസം തന്നെ അവർ വിജയിച്ചതാണ്. ഫലസ്തീൻ ജനതയുടെ മേലും തങ്ങൾക്ക് ചുറ്റുമുള്ള അറബ് രാഷ്ട്രങ്ങളിലും എപ്പോഴും ആക്രമണം നടത്തുന്ന, ലോകത്തെ ഏറ്റവും മികച്ച സൈനിക സംവിധാനങ്ങളിൽ ഒന്നായ ഇസ്രായേലിന് ഈ അപ്രതീക്ഷിതമായ മുന്നേറ്റം വലിയ പ്രഹരമാണ് ഏൽപ്പിച്ചത്.

ഗസ്സക്ക് ചുറ്റുമുള്ള എല്ലാ സയണിസ്റ്റ് കോളനികളും ഫലസ്തീനികൾ കാലങ്ങളായി ജീവിച്ചു വന്ന ഗ്രാമങ്ങളിലാണ് നിർമിച്ചിരിക്കുന്നത്. ഫസ്തീനികളുടെ ജീവിതത്തിൽ പതിറ്റാണ്ടുകളായി ഇസ്രായേൽ നിർമിക്കുകയും വികസിപ്പിക്കുയും ചെയ്യുന്ന ഈ കോളനികളെ ഹമാസ് പ്രത്യേകമായി ലക്ഷ്യംവെച്ചു. 

ഇസ്രയേൽ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജൂതന്മാരെ ഫലസ്തീനിലേക്ക് ഇറക്കുമതി ചെയ്യുകയും അവിടെ ഫലസ്തീനികളുടെ സ്വാതന്ത്ര്യത്തിനും ആഗ്രഹങ്ങൾക്കുമെതിരെ നിലനിൽക്കുകയും ചെയ്തു. സ്വന്തം വീടുകളിലേക്ക് പോലും ഫലസ്തീനികൾക്ക് മടങ്ങി പോകാൻ കഴിയാത്ത വിധം അവരുടെ മേൽ ഉപരോധമേർപ്പെടുത്തി. തങ്ങളുടെ പൂർവികരുടെ ഭൂമിയെ കുറിച്ച് കഥകളിൽ മാത്രം കേട്ടറിഞ്ഞ ഫലസ്തീനിലെ പോരാളികൾക്ക് തങ്ങളെ ദ്രോഹിച്ചുകൊണ്ടിരുന്നവരെയും ഗസ്സ എന്ന തുറന്ന ജയിൽ ഭേദിച്ചും ആ ഭൂമി ആദ്യമായി കാണാൻ സാധിച്ചത് ഒക്ടോബർ 7 നായിരുന്നു.

ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം അതൊരു നിർഭാഗ്യകരമായ നിമിഷമായിരുന്നു. ഇസ്രായേലിൻറെ അജയ്യത എന്നത് കപടമായ ഒരു സങ്കല്പമാണെന്നും അവർ വെറും കടലാസിലെ കടുവകൾ ആണെന്നും ലോകം തിരിച്ചറിഞ്ഞ ദിവസമായിരുന്നു അത്. 

തദ്ദേശീയമായി നിർമ്മിച്ച റോക്കറ്റുകളും ആയുധങ്ങളും ഉള്ള ഒരു ചെറിയ ഗറില്ല സേനക്ക് ഇസ്രായേലിന്റെ നിരീക്ഷണ ടവറുകൾ പ്രവർത്തനരഹിതമാക്കാനും കൊട്ടിഘോഷിക്കപ്പെട്ട പ്രശസ്തമായ രഹസ്യാന്വേഷണ ഉപകരണങ്ങളിൽ നിന്ന് മണിക്കൂറുകളോളം ഒഴിഞ്ഞുമാറാനും സാധിച്ചു.  കുറ്റാരോപണമോ വിചാരണയോ കൂടാതെ വർഷങ്ങളോളം ജയിലുകളിൽ കിടന്ന് വീർപ്പുമുട്ടിയ ആയിരക്കണക്കിന് ഫലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നതിന് വേണ്ടി ഇസ്രായേലി ബന്ദികളെ മുന്നിൽവച്ച് വിലപേശാനും സാധിച്ചു. 

കെട്ടിച്ചമച്ച കഥകൾ

ഇസ്രായേൽ നിർമ്മിച്ചെടുത്ത കെട്ടുകഥകളും പ്രചരണങ്ങളും ഒന്നിന് പിറകെ ഒന്നായി ലോകത്തിനു മുന്നിൽ പൊളിഞ്ഞു വീഴുകയും നൂറ്റാണ്ടിലെ തന്നെ പരിഹാസ്യ വിഷയമായി തീരുകയും ചെയ്തു. ഫലസ്തീനികൾ കുഞ്ഞുങ്ങളുടെ തലയറുത്ത് കൊന്നുവെന്നും ബലാത്സംഗങ്ങൾ ചെയ്തുവെന്നുമുള്ള വ്യാജ വാർത്തകൾ മുഖ്യധാര പശ്ചാത്യ മാധ്യമങ്ങൾ നിശബ്ദമായി പിൻവലിക്കുകയും ചെയ്തു. 40 കുഞ്ഞുങ്ങളെ കൊന്നു എന്ന വാർത്ത ഒരു കുഞ്ഞ് എന്ന കണക്കിലേക്ക് കുറഞ്ഞു. 1400 ഇസ്രായേലികൾ കൊല്ലപ്പെട്ടു എന്ന കണക്ക് പിന്നീട് 1200 എന്ന കണക്കിലേക്ക് എത്തി. 

ഗസ്സയിലെ അൽശിഫ ആശുപത്രി ഹമാസ് സൈനികർ ഉപയോഗിച്ചിരുന്നു എന്നതിന് ഇസ്രായേൽ സൈന്യം ‘തെളിവുകൾ’ ഹാജരാക്കാൻ ശ്രമിച്ചു. ഇസ്രായേലിന്റെ പ്രചരണത്തെ സോഷ്യൽ മീഡിയ പൊളിച്ചടുക്കിയതിനെ തുടർന്ന് പ്രസ്തുത വീഡിയോ ഡിലീറ്റ് ചെയ്യാൻ ഇസ്രായേൽ നിർബന്ധിക്കപ്പെട്ടു.  എന്നാൽ ഫലസ്തീൻ ചെറുത്തുനിൽപ്പ് ലോകത്തിനു മുന്നിൽ വെളിപ്പെടുത്തിയ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇസ്രായേലിന്റെ ധാർമിക പാപ്പരത്വവും പാശ്ചാത്യ കാപട്യവുമാണ്. സങ്കൽപ്പിക്കാനാകാത്ത വിധത്തിലുള്ള ക്രൂരതകളും ദയാരാഹിത്യവും ഇസ്രായേലിന്റെ രാഷ്ട്രീയ – സൈനിക സ്ഥാപനങ്ങളിൽ നിന്ന് മാത്രമല്ല മൊത്തം രാഷ്ട്രഘടനയിൽ നിന്ന് തന്നെ ഉണ്ടാകുന്നതാണ് എന്നാണ് വെളിപ്പെട്ടത്. 

ഏറ്റവും ക്രൂരമായ രീതിയിൽ കൊല്ലപ്പെടുന്ന, വീടുകൾ ബോംബിട്ട് തകർക്കപ്പെടുന്ന, ജീവനോടെ കുഴിച്ചുമൂടപ്പെടുന്ന ഫലസ്തീനികളുടെ വീഡിയോകൾ ഇസ്രായേലിലെ സാധാരണ പൗരന്മാർ അടക്കം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നു. ഫലസ്തീനികളെ സമ്പൂർണ്ണമായി വംശഹത്യ നടത്താനും തങ്ങൾ കയ്യടക്കിയ ഭൂമിയിൽ കോളനികൾ വിപുലീകരിക്കാനും ആഹ്വാനം ചെയ്തുകൊണ്ട് ഇസ്രായേലികൾ അവരുടെ തെരുവുകളിൽ നൃത്തം ചെയ്യുകയും ആഹ്ളാദപ്രകടനങ്ങൾ നടത്തുകയും ചെയ്യുന്നു.

കീഴടങ്ങാത്ത ധീരത

ഒക്ടോബർ 7 ന് ശേഷവും ഫലസ്തീനിൽ ഇസ്രയേൽ അധിനിവേശം തുടർന്നുകൊണ്ടേയിരുന്നു. അമേരിക്കയുടെ സൈനികവും സാമ്പത്തികവുമായ പിന്തുണ അതിന് ലഭിക്കുകയും ചെയ്തു.  ഗസ്സയിലേക്ക് കടക്കാനുള്ള ഇസ്രയേൽ ശ്രമം ശക്തമായ ഫലസ്തീൻ പ്രതിരോധം അഭിമുഖീകരിക്കുകയും പലപ്രാവശ്യം പിൻവാങ്ങേണ്ടി വരികയും ചെയ്തു. വീണ്ടും തുടർന്നപ്പോൾ ഇസ്രായേൽ സൈന്യത്തിന് ശക്തമായ പ്രഹരം ഏൽക്കുകയും ചെയ്തു. ഹമാസിൻ്റെ സൈനികവിഭാഗമായ അൽഖസ്സാം ബ്രിഗേഡ്സ് അവരുടെ പ്രവർത്തനങ്ങളുടെ വീഡിയോകൾ ദിനംപ്രതി പുറത്തിറക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തികളൊന്നിൽ നിന്നുള്ള വംശഹത്യ ശ്രമങ്ങളെ അവർ ചെറുത്തുനിൽക്കുകയാണ്. 

തടവുകാരുടെ കൈമാറ്റ കരാർ ഹമാസ് തുടക്കം മുതൽ നിശ്ചയിച്ച വ്യവസ്ഥകൾക്കനുസരിച്ചാണ് നടക്കുന്നത്. ഫലസ്തീൻ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാതെ ഒരു ബന്ദികളെയും വിട്ടുകൊടുക്കാൻ ഹമാസ് തയാറല്ല എന്ന് കരാർ വ്യവസ്ഥയിൽ വ്യക്തമാണ്. ഒക്ടോബർ 7 ന് മുമ്പ് വരെ ഇസ്രായേൽ ജയിലിൽ കഴിയുന്ന 150 ഓളം ഫലസ്തീൻ സ്ത്രീകൾക്കും കുട്ടികൾക്കും പകരമായി 50 ഓളം ഇസ്രയേലി സ്ത്രീകളെയും കുട്ടികളെയും ഇതിനോടകം കൈമാറി കഴിഞ്ഞു. 

ഫലസ്തീനിലെ ചെറുത്തുനിൽപ്പ് പോരാളികളുടേത് ഐതിഹാസികമായ ധീരതയാണ്. അത്രകണ്ട് ശക്തമല്ലാത്ത ആയുധങ്ങൾ ഉപയോഗിച്ചു കൊണ്ട് ഇസ്രായേലിന്റെ ടാങ്കറുകൾ ഓരോന്നായി തകർക്കുകയും കൂടുതൽ പേരെ ബന്ധികൾ ആക്കുകയും ചെയ്യുന്നു. ഇസ്രായേൽ ഗസ്സയെ തകർത്തു. റോഡുകൾ, വീടുകൾ, കെട്ടിടങ്ങൾ, കടകൾ, മാളുകൾ, ആശുപത്രികൾ, സർവകലാശാലകൾ, ജലസ്രോതസുകൾ എല്ലാം ബോംബിട്ട് തകർത്തു. കുറഞ്ഞ ആഴ്ചകൾ കൊണ്ട് 20000 ഓളം ആളുകളെ കൊല്ലുകയും പതിനായിരത്തോളം ആളുകളെ അംഗവൈകല്യം വരുത്തുകയും ചെയ്ത ക്രൂരതയുടെ ആഴം മനസിലാക്കാൻ കഴിയുന്നതിനും അപ്പുറമാണ്. രക്ഷപെടാൻ ഒരുടവുമില്ലാത്ത 23 ലക്ഷത്തോളം വരുന്ന മനുഷ്യരുടെ മേൽ ഇസ്രയേൽ അഴിച്ചുവിട്ട ഭീകരതയും ആഘാതവും വേദനയോടെയല്ലാതെ ആലോചിക്കാൻ കഴിയില്ല. അതിൻ്റെ കൂടെ വെള്ളം, വൈദ്യുതി, മരുന്ന്, ഭക്ഷണം തുടങ്ങിയ പ്രാധമിക ആവശ്യങ്ങൾ നിഷേധിക്കുകയും ചെയ്തു. 

അചഞ്ചലവും അഗാധമായ വിശ്വാസവും അന്തസും വിനയവും സ്വഭാവഗുണമായി കൊണ്ടുനടക്കുന്ന ഫലസ്തീനികളുടെ സഹനത്തിനു മുന്നിൽ ലോകം നാണക്കേട് കൊണ്ട് കരയുകയാണ്. അതുകൊണ്ട് ഫലസ്തീനികൾ നടത്തുന്ന ഈ ധീരമായ ചെറുത്തുനിൽപ്പുമൂലം ലോകം ഇനി ഒരിക്കലും പഴയപടിയാകില്ല. അൽഖസ്സാം ബ്രിഗേഡുകൾ അവരുടെ മാതൃരാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനുവേണ്ടി യുദ്ധം ആരംഭിച്ചിരിക്കുകയാണ്. അതിലൂടെ അവർ നമ്മളെയെല്ലാം ഉണർത്തുകയാണ് ചെയ്യുന്നത്. 

ഇസ്രായേൽ ഇനി എത്രപേരെ കൊന്നൊടുക്കിയാലും, എത്ര അളവിൽ ബോംബിട്ടാലും അവരെ തോൽപിക്കാൻ കഴിയില്ല. ഒന്നുകിൽ ഇസ്രായേൽ സയണിസ്റ്റ് പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് ഫലസ്തീൻ സമൂഹത്തെയും പ്രദേശത്തെയും സമഭാവനയോടെ സമീപിക്കുക, അല്ലെങ്കിൽ കൂടുതൽ വലുതും ഏറെ ദൃഢനിശ്ചയമുള്ളതും വിട്ടുവീഴ്ച ഇല്ലാത്തതുമായ ചെറുത്തുനിൽപ്പ് നേരിടേണ്ടി വരും. അതിൻ്റെ ഒടുക്കം ഇസ്രായേൽ പൂർണമായും സ്വയം നശിപ്പിച്ചു കൊണ്ടായിരിക്കും.

വിവ: മുഷ്‍താഖ് ഫസൽ

 

കൂടുതൽ വായനക്ക്‌: https://chat.whatsapp.com/I1aiVNVTlZsKM3mMWkQmod