Current Date

Search
Close this search box.
Search
Close this search box.

ബലാത്സംഗികളെ പിന്തുണച്ച് വോട്ട് നേടുന്നതാണ് ബി.ജെ.പിയുടെ പുതിയ രാഷ്ട്രീയം

2012 ഡിസംബറില്‍ സ്ത്രീ സുരക്ഷയെ കേന്ദ്രീകരിച്ച് ഡല്‍ഹി നഗരത്തില്‍ ശക്തമായ പ്രതിഷേധങ്ങളായിരുന്നു നടന്നത്. 22 കാരിയായ പെണ്‍കുട്ടിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെത്തുടര്‍ന്നായിരുന്നു ഈ പ്രതിഷേധം. ബലാത്സംഗത്തിന് ഇരയായവരെ തിരിച്ചറിയാന്‍ പാടില്ലെന്ന ഇന്ത്യന്‍ നിയമത്തിന് അനുസൃതമായി ‘നിര്‍ഭയ’ എന്ന പേരിലായിരുന്നു ഇര അറിയപ്പെട്ടിരുന്നത്.

ഈ രോഷത്തിന്റെ ഭൂരിഭാഗവും ആ സമയത്ത് ഡല്‍ഹിയിലും കേന്ദ്രത്തിലും ഭരിച്ചിരുന്ന കോണ്‍ഗ്രസിനെയാണ് രാഷ്ട്രീയമായി ബാധിച്ചത്.
പ്രതിഷേധങ്ങള്‍ മൂലം നേരിട്ട് നിരവധി വോട്ടുകള്‍ നഷ്ടപ്പെട്ടേ എന്ന് വ്യക്തമല്ല, എന്നാല്‍ അന്നത്തെ മന്ത്രിമാരുടെ അഴിമതി ആരോപണങ്ങള്‍ പോലെ, പൊതു സംഭാഷണത്തില്‍ കോണ്‍ഗ്രസിനെതിരെ പൊതുവികാരം ഉയരാന്‍ അവ കാരണമായിട്ടുണ്ട്.

പിന്നീട്, സംഭവസമയത്ത് കോപാകുലയായ ഡല്‍ഹിയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഷീല ദീക്ഷിത്, ‘രാഷ്ട്രീയ അഴിമതി’ സൃഷ്ടിക്കാന്‍ ‘ആനുപാതികമായി’ സംഭവം ഊതിവീര്‍പ്പിച്ചതിന് മാധ്യമങ്ങളെ കുറ്റപ്പെടുത്തി. അതിശയകരമെന്നു പറയട്ടെ, 2014 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തില്‍ കോണ്‍ഗ്രസിനെതിരെ ഭാരതീയ ജനതാ പാര്‍ട്ടി നടത്തിയ പ്രധാന ആക്രമണങ്ങളിലൊന്ന് സ്ത്രീ സുരക്ഷയുടെ അഭാവമായിരുന്നു.

യൂ ടേണ്‍ ?

നിര്‍ഭയക്ക് ശേഷം ഒരു പതിറ്റാണ്ട് പിന്നിടുമ്പോള്‍, സ്ത്രീസുരക്ഷയുടെ രാഷ്ട്രീയ സമ്പദ്വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലേക്കാണ് പോയതെന്ന് കാണാന്‍ കഴിയും. 2002ലെ ഗുജറാത്ത് കലാപത്തിനിടെ കൂട്ട ബലാത്സംഗത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട 11 പേരെ ഓഗസ്റ്റില്‍ ബി.ജെ.പി സര്‍ക്കാര്‍ ജയില്‍ മോചിതരാക്കിയിരുന്നു. മോചിതരായവരെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ മാതൃസംഘടനയായ രാഷ്ട്രീയ സ്വയംസേവക് സംഘ് മാലയിട്ട് സ്വീകരിച്ചിരുന്നു.

ജയിലിലെ അവരുടെ ”നല്ല പെരുമാറ്റം” അംഗീകരിച്ചുകൊണ്ടാണ് കേന്ദ്ര സര്‍ക്കാരും ബിജെപിയുടെ നിയന്ത്രണത്തിലുള്ള ഗുജറാത്ത് സര്‍ക്കാരും കുറ്റവാളികളെ മോചിപ്പിച്ചത്. കുറ്റവാളികള്‍ക്കും കൊലപാതകികള്‍ക്കും വേണ്ടിയുള്ള ഈ ഔദ്യോഗിക പിന്തുണ കുറ്റകൃത്യത്തിന്റെ ക്രൂരത കണക്കിലെടുക്കുമ്പോള്‍ ആശ്ചര്യകരമാണ്.

2002ലെ ഗുജറാത്ത് കലാപത്തിനിടെ ദാഹോദ് ജില്ലയില്‍ 14 പേരെ കൂട്ടക്കൊല ചെയ്ത സംഭവത്തിനിടെയായിരുന്നു ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ബില്‍ക്കിസ് ബാനു ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ക്ക് നേരെ നടന്ന ലൈംഗികാതിക്രമവും. ബാനുവിന്റെ മകളുടെ തല പാറയില്‍ അടിച്ചാണ് അക്രമികള്‍ കൊലപ്പെടുത്തിയതെന്ന് വിചാരണയില്‍ കണ്ടെത്തിയിരുന്നു.

ഇതു മാത്രമല്ല, ഒക്ടോബര്‍ 15ന്, സ്വാധീനമുള്ള ഒരു മതവിഭാഗത്തിന്റെ നേതാവായ ഗുര്‍മീത് റാം റഹീമിന് ഹരിയാന സര്‍ക്കാര്‍ 40 ദിവസത്തെ പരോള്‍ അനുവദിക്കുകയും ചെയ്തിരുന്നു. തന്റെ രണ്ട് അനുയായികളെ ബലാത്സംഗം ചെയ്തതിനും ഒരു മാധ്യമപ്രവര്‍ത്തകനെയും ഒരു ജീവനക്കാരനെയും കൊലപ്പെടുത്തിയതിനുമാണ് റഹീം ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. മോചിതനായ ശേഷം റഹീം നടത്തിയ മതപരമായ ചടങ്ങില്‍ കര്‍ണാല്‍ ടൗണ്‍ മേയര്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ പങ്കെടുത്തത് പരോളിന്റെ രാഷ്ട്രീയം വ്യക്തമാക്കുന്നു.

ഗുജറാത്തിലെ കുറ്റവാളികളുടെ മോചനവും ഹരിയാന പരോളും സംസ്ഥാനത്തെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് എന്നത് ശ്രദ്ധേയമാണ്.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പും ഹരിയാനയില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പും ഉടന്‍ നടക്കാനിരിക്കുകയാണ്. നിര്‍ഭയ പ്രതിഷേധം കോണ്‍ഗ്രസിന് അടിത്തറ നഷ്ടമായപ്പോള്‍, ബലാത്സംഗികളെ വ്യക്തമായി പിന്തുണച്ചുകൊണ്ട്, ബി.ജെ.പി കൃത്യമായി നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സാമുദായിക സ്വത്വവും സ്ത്രീ സുരക്ഷയും

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മത സ്വത്വത്തിന്റെ ശക്തമായ പങ്ക് ഉള്ളതായി കാണാന്‍ സാധിക്കും. രണ്ട് കേസുകളിലും, ബലാത്സംഗ-കൊലപാതക പ്രതികളെ വര്‍ഗീയ സ്വത്വങ്ങളുമായി ബന്ധിപ്പിക്കുന്നതില്‍ ബി.ജെ.പി വിജയിച്ചു. ഗുജറാത്തിന്റെ കാര്യത്തില്‍ അത് ഹിന്ദു ദേശീയതയുമായി ബന്ധപ്പെട്ടതാണ്. ലക്ഷക്കണക്കിന് തീക്ഷ്ണരായ അനുയായികളുള്ള റഹീമിനെ സംബന്ധിച്ചിടത്തോളം ഇത് ദേര സച്ചാ സൗദ വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു (2017ല്‍ അദ്ദേഹത്തിന്റെ ബലാത്സംഗ കുറ്റം വ്യാപകമായ കലാപത്തിന് കാരണമായി, 30 പേര്‍ കൊല്ലപ്പെട്ടു).

രണ്ട് കേസുകളിലും, പ്രതികളുടെ മോചനത്തെക്കുറിച്ചുള്ള ഏത് വിമര്‍ശനവും തിരിച്ചടിയാകുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നു. അവരെ കുറ്റവാളികളായല്ല, മറിച്ച് അവരുടെ സമുദായങ്ങളുടെ പ്രതിനിധികളായാണ് വോട്ടര്‍മാര്‍ അവരെ കാണുന്നത്.

ഗുജറാത്തിലെ മുസ്ലീങ്ങളും ഹരിയാനയിലെ സിഖുകാരും ബി.ജെ.പിയുടെ നടപടികളില്‍ രോഷാകുലരായതിനാല്‍, കുറ്റവാളികളുടെ മോചനത്തിനെതിരായ എതിര്‍പ്പും വലിയ തോതില്‍ മധ്യസ്ഥത വഹിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞത് ബി.ജെ.പിയുടെ പ്രാരംഭ ഗൂഢാലോചന ശരിയാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ വര്‍ഗീയത കേന്ദ്രീകരിക്കുന്നത് ബി.ജെ.പിയുടെ വോട്ട് ബാങ്ക് ഉറപ്പിക്കുമെന്ന് ഭയന്ന് ബാനുവിന്റെ ബലാത്സംഗികളുടെ മോചനത്തെ കുറിച്ച് പരാമര്‍ശിക്കുന്നതില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി മനപൂര്‍വം വിട്ടുനിന്നു.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മതപരമായ സ്വത്വത്തിന്റെ ശക്തി അര്‍ത്ഥമാക്കുന്നത് സ്ത്രീകളുടെ സുരക്ഷ തീര്‍ച്ചയായും ഒരു പ്രശ്‌നമാണ് എന്നതാണ്.
കുറ്റവാളികളെ ഒരു സമൂഹവുമായി ബന്ധമുള്ളവരായി ചിത്രീകരിക്കുന്നതില്‍ രാഷ്ട്രീയക്കാര്‍ വിജയിച്ചാല്‍ അത് എളുപ്പത്തില്‍ അടിച്ചമര്‍ത്തപ്പെടും.
ഒരു പരിധിവരെ ഇത് എല്ലായ്‌പ്പോഴും സത്യമാണ്.

2002ലെ ഗുജറാത്ത് അല്ലെങ്കില്‍ 1984-ലെ ഡല്‍ഹി തുടങ്ങിയ വര്‍ഗീയ അക്രമങ്ങളുടെ സമയത്ത് രേഖപ്പെടുത്തപ്പെട്ട വ്യാപകമായ ലൈംഗികാതിക്രമങ്ങള്‍ സ്ത്രീസുരക്ഷയെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ പ്രതികരണങ്ങളൊന്നും ഉണ്ടാക്കാത്തതിന്റെ കാരണം ഇതാണ്.
എന്നിരുന്നാലും, മോദിയുടെ ബിജെപി അതിന്റെ തീവ്ര ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിലൂടെ കൊണ്ടുവന്ന മാറ്റം, ഇത് അവരുടെ ഔദ്യോഗിക നയത്തില്‍ ഉള്‍പ്പെടുത്തി എന്നതാണ്. അതുകൊണ്ട് ബില്‍ക്കീസ് ബാനു കേസിലെ പ്രതികളെ അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പോലും ഭയപ്പെടുന്നില്ല.

2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് വലിയൊരു സാമ്പത്തിക ജനവിധിയുടെ മേല്‍നോട്ടത്തിലായിരുന്നുവെങ്കിലും, മൊത്തം ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചയും തൊഴിലവസരങ്ങളുടെ അഭാവവും കണക്കിലെടുത്ത്, വാഗ്ദാനങ്ങള്‍ പാലിക്കാന്‍ അവര്‍ പാടുപെടുകയാണ്. പകരം സര്‍ക്കാര്‍ അതിന്റെ ശ്രമങ്ങള്‍ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് വൈകാരികമായ ഹിന്ദുത്വ വിഷയത്തിലാണ്. ഇതില്‍ ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട ബലാത്സംഗികളെ അംഗീകരിക്കുന്നത് പോലും ഉള്‍പ്പെടുന്നു എന്നത് ഈ രാഷ്ട്രീയം എത്ര ശക്തമാണെന്നും തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബിജെപി ഇപ്പോള്‍ അതിനെ എത്രമാത്രം ആശ്രയിക്കുന്നുവെന്നും കാണിക്കുന്നു.

ബിജെപിയുടെ എതിരാളികള്‍ക്ക് ഈ വിഷയത്തില്‍ പാര്‍ട്ടിയെ നേരിട്ട് വെല്ലുവിളിക്കാന്‍ കഴിയില്ലെന്നത് മോദി യുഗത്തിലെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വലിയ മാറ്റമായി ഇതിനെ അടയാളപ്പെടുത്തുന്നു. ഇതിന്റെ ഫലമെന്തെന്നാല്‍ സ്വത്വരാഷ്ട്രീയം സമീപഭാവിയില്‍ പരമോന്നതമായി തന്നെ തുടരുമെന്നാണ്. എന്നാല്‍ സ്വത്വത്തിന്റെ സ്ഥാനത്ത് സാമ്പത്തിക പ്രശ്നങ്ങളെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റാനുള്ള ശ്രമങ്ങളെല്ലാം അസാധ്യമാണെന്നാണ് തോന്നുന്നത്.

വിവ: സഹീര്‍ വാഴക്കാട്
അവലംബം: scroll.in

Related Articles