Current Date

Search
Close this search box.
Search
Close this search box.

സഫൂറയെ പുറത്താക്കിയവര്‍, ജാമിഅയുടെ ചരിത്രം അറിയാത്തവര്‍

ഒരു ഗവേഷകയെന്ന നിലയില്‍ അവള്‍ തന്റെ കര്‍ത്തവ്യം നിര്‍വഹിക്കാത്തതിനാലാണ് ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ ഇസ്ലാമിയ സഫൂറയുടെ ഗവേഷണ പ്രബന്ധം അപര്യാപ്തമാണെന്ന് കണ്ടെത്തിയിരിക്കാമെന്നും അതിനാലാണ് എംഫില്‍ പൂര്‍ത്തിയാക്കാന്‍ സഫൂറ സര്‍ഗറിന് പ്രവേശനം നിഷേധിച്ചത് എന്നുമാണ് ഞാന്‍ അടക്കമുള്ളവര്‍ ആദ്യം കരുതിയത്. എന്നാല്‍ സര്‍ഗാറിനേയും മറ്റ് വിദ്യാര്‍ത്ഥികളേയും കാമ്പസില്‍ നിന്ന് വിലക്കിയ സര്‍വകലാശാലയുടെ രണ്ട് നോട്ടീസുകള്‍ പുറത്തുവന്നതിന് ശേഷമാണ് ജാമിഅ മില്ലിയ്യ ഇസ്ലാമിയയയുടെ ഈ തീരുമാനം രാഷ്ട്രീയമാണെന്നും ഗവേഷണ വിദ്യാര്‍ത്ഥി എന്ന നിലയില്‍ അവര്‍ ചെയ്ത കാര്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായത്.

രാഷ്ട്രീയം മാത്രം നോക്കിയാണ് സര്‍ഗാറിനെതിരെ നടപടിയെടുത്തതെന്ന് സര്‍വകലാശാലാ ഭരണകൂടം സമ്മതിക്കുന്നു. ‘അപ്രസക്തവും ആക്ഷേപകരവുമായ’ വിഷയങ്ങള്‍ക്കെതിരെ ക്യാമ്പസില്‍ സംഘടിപ്പിച്ച പ്രക്ഷോഭങ്ങളിലും പ്രതിഷേധങ്ങളിലും മാര്‍ച്ചുകളിലും അവള്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് അവള്‍ക്കെതിരായ കാമ്പസ് നിരോധനം സംബന്ധിച്ച ഉത്തരവില്‍ പറയുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അഭിപ്രായങ്ങള്‍, അവരുടെ വാദങ്ങള്‍, ചര്‍ച്ചകള്‍, വിയോജിപ്പുകള്‍ എന്നിവയുമായി വരാന്‍ കഴിയുന്ന ഇടങ്ങളാണ് സര്‍വകലാശാലകള്‍. അതൊരു ബൗദ്ധിക ഇടമായതുകൊണ്ടാണത്. ഒരു ഗവേഷകന് എല്ലാത്തിനോടും യോജിക്കാന്‍ തുടങ്ങുന്ന നിമിഷം അവിടെ അക്കാദമിക് പുരോഗതിക്ക് സാധ്യതയില്ല.

നിങ്ങള്‍ എന്ത് ധരിക്കുന്നു, എങ്ങനെ പെരുമാറണം എന്നതിന് കര്‍ശന നിയന്ത്രണങ്ങളുള്ളത് സ്‌കൂളുകളില്‍ മാത്രമാണ്. എന്നാല്‍ അതിനു വിരുദ്ധമായി, ജവഹര്‍ലാല്‍ നെഹ്റു ഇന്ത്യയിലെ സര്‍വ്വകലാശാലകളില്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യു.ജി.സി) എന്ന ആശയം കൊണ്ടുവന്നതു മുതല്‍ സ്വാതന്ത്ര്യം നല്‍കിയ സ്വതന്ത്ര സ്ഥാപനങ്ങളാണ്. ഈ സ്ഥാപനങ്ങള്‍ എല്ലായ്‌പ്പോഴും വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ബൗദ്ധികതക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്.

സര്‍വകലാശാലകളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍

നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളുടെ മേല്‍ മാത്രമല്ല നിയന്ത്രണം കൊണ്ടുവരാനുള്ള ശ്രമമുള്ളത്. അധ്യാകരെയും നിയന്ത്രിക്കുന്നുണ്ട്. അവര്‍ എന്ത് പഠിപ്പിക്കണം, എന്ത് പഠിപ്പിക്കരുത് ഏതൊക്കെ പുസ്തകങ്ങള്‍ നിര്‍ദേശിക്കണം, ഏതൊക്കെ നിരോധിക്കണം. ഇത് സര്‍വകലാശാലയുടെ പുതിയ സ്വഭാവമായി മാറിയിരിക്കുന്നു. ഇതാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ വിദ്യാഭ്യാസ നയത്തിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ പറയുന്നത് എന്താണോ അത് മാത്രമേ പഠിപ്പിക്കാവൂ. അവര്‍ നിങ്ങളോട് പറയുന്നത് എന്താണോ അത് മാത്രമേ നിങ്ങള്‍ സംസാരിക്കാവൂ.

വരും കാലങ്ങളില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നതിന്റെ മികച്ച ഉദാഹരണമാണ് സര്‍ഗാറിന്റെ കേസ്. സംസ്ഥാന സര്‍വകലാശാലകളായാലും കേന്ദ്ര സര്‍വകലാശാലകളായാലും ഈ പ്രവണത ഭയപ്പെടുത്തുന്ന വേഗതയില്‍ ത്വരിതഗതിയിലാവുകയും കാമ്പസുകള്‍ ഏറ്റെടുക്കുകയും ചെയ്യുന്നതായാണ് കാണുന്നത്. ബുദ്ധിജീവികളില്‍ നിന്ന് സ്വാതന്ത്ര്യം ബോധപൂര്‍വം കവര്‍ന്നെടുക്കുകയാണ്.
ബ്രിട്ടീഷുകാര്‍ക്കെതിരായ നമ്മുടെ ദേശീയ പ്രസ്ഥാനം എങ്ങനെ പോരാടിയെന്ന് പരിശോധിച്ചാല്‍, അത് ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി പോരാടിയതായി നിങ്ങള്‍ക്ക് കാണാന്‍ കഴിയും. പ്രസിദ്ധമായ നിസ്സഹകരണ പ്രസ്ഥാനവും ഇങ്ങനെ തന്നെയായിരുന്നു. നമ്മുടെ രാഷ്ട്രീയ നേതാ്കള്‍ ഇത് നിരന്തരം വിളിച്ചുപറയാറുണ്ട്.

ഇന്ത്യന്‍ ഇതര ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിച്ച് ഖാദിയെ പ്രോത്സാഹിപ്പിച്ചവര്‍ ആരൊക്കെയാണ്? അത് വിദ്യാര്‍ത്ഥികളും അധ്യാപകരുമായിരുന്നു.
എന്റെ പിതാവ് പ്രയാഗ്രാജിലെ എവിംഗ് ക്രിസ്ത്യന്‍ കോളേജില്‍ അറബി, പേര്‍ഷ്യന്‍ ഭാഷ അധ്യാപകനായിരുന്നു. അദ്ദേഹം ‘സ്വദേശി’ പ്രസ്ഥാനത്തില്‍ പങ്കെടുത്തിരുന്നു, എന്നാല്‍ ഇംഗ്ലീഷുകാരനായ കോളേജ് പ്രിന്‍സിപ്പല്‍ അദ്ദേഹത്തെ ജോലിയില്‍ നിന്ന് പുറത്താക്കിയില്ല.
വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ പോകുമ്പോള്‍ അദ്ദേഹം ഖാദി ധരിച്ചിരുന്നു. ഇന്നത്തെ രാഷ്ട്രീയക്കാരും വിവിധ സര്‍വകലാശാലകളുടെ ഭരണാധികാരികള്‍ എന്ന് വിളിക്കപ്പെടുന്നവരുമെല്ലാം ഇതെല്ലാം ഓര്‍മ്മിക്കപ്പെടേണ്ടതുണ്ട്.

അന്ന് നമ്മള്‍ വിദേശ നുകത്തിന് കീഴിലായിരുന്നപ്പോഴും ഇന്ത്യക്കാരല്ലാത്തവര്‍ ഭരിച്ചപ്പോഴും അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. ഡോ. ബി.ആര്‍. അംബേദ്കര്‍ രൂപപ്പെടുത്തിയ നമ്മുടെ ഭരണഘടന ഇത് നമുക്ക് നല്‍കിയിട്ടുണ്ട്: നമ്മുടെ കാഴ്ചപ്പാടുകള്‍ നിലനിര്‍ത്താനും പ്രതിഷേധിക്കാനും മാറ്റം ആവശ്യപ്പെടാനും പോലും ഞങ്ങള്‍ക്ക് അവകാശമുണ്ട്. അത് സമാധാനപരമായ മാര്‍ഗങ്ങളിലൂടെ ആയിരിക്കണം എന്നതാണ് ഏക വ്യവസ്ഥ.

പ്രതിഷേധങ്ങളില്‍ ഉള്‍ച്ചേര്‍ന്ന ജാമിഅയുടെ ചരിത്രം

പ്രതിഷേധങ്ങളിലും ദേശീയതയിലും ഉള്‍ച്ചേര്‍ന്ന ചരിത്രമാണ് ജാമിഅയുടേത്. ഒരു കാലത്ത് ഇത് അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയുടെ ഭാഗമായിരുന്നു. അലിഗഢിലെ വിദ്യാര്‍ത്ഥികളുടെ ദേശീയ അഭിലാഷങ്ങള്‍ ഇല്ലാതാക്കാനോ ഒതുക്കാനോ ശ്രമിക്കുന്നതായി തോന്നിയ ഒരു സമയത്താണ് ജാമിഅയുടെ സ്ഥാപകര്‍ തങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും പ്രകടിപ്പിക്കാന്‍ കഴിയുന്ന മറ്റൊരു സര്‍വ്വകലാശാല തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചത്. ജാമിഅയുടെ ഇപ്പോഴത്തെ വൈസ് ചാന്‍സലര്‍ അതിന്റെ സ്ഥാപകര്‍ എന്തിനുവേണ്ടിയാണ് നിലകൊണ്ടതെന്ന് മനസ്സിലാക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. ‘ജാമിഅ മില്ലിയ ഇസ്ലാമിയ’ എന്ന പേര് തന്നെ ‘നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് മുസ്ലിം’ എന്ന് വിവര്‍ത്തനം ചെയ്യാം. സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാം എന്നതായിരുന്നു ജാമിഅയുടെ ആശയം. അതായിരുന്നു പിന്തുടരേണ്ട ആത്മാവും.

എല്ലായിടത്തും ഒരു ട്രെന്‍ഡ്?

കോവിഡിന് തൊട്ടുമുമ്പാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ (CAA) പ്രതിഷേധം ആരംഭിച്ചത്. അത് ജാമിഅയില്‍ മാത്രം ഒതുങ്ങിയിരുന്നില്ല, വടക്കും തെക്കുമായി ഇന്ത്യയിലുടനീളമുള്ള നിരവധി കാമ്പസുകളില്‍ ഭരണഘടന സംരക്ഷിക്കുന്നതിനായുള്ള പ്രതിഷേധം ആരംഭിച്ചു. എന്നാല്‍, അവസാനം,കുറ്റക്കാരായത് വിദ്യാര്‍ത്ഥികളാണ്. സമീപ വര്‍ഷങ്ങളില്‍, ഈ പ്രവണത കൂടുതല്‍ ശക്തമാകുന്നത് നമ്മള്‍ കണ്ടു.

വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്നത് പഠിക്കാനാണെന്നും സ്ഥാപനങ്ങള്‍ക്ക് ചീത്തപ്പേരുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നും നിരീക്ഷിച്ച് പിന്നീട് കോടതി വിദ്യാര്‍ത്ഥികളുടെ ഹര്‍ജികള്‍ തള്ളുകയും ചെയ്തു. അതിനാല്‍, വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറികളില്‍ വരുമെന്നും അവര്‍ പഠിപ്പിച്ചത് എന്താണോ അത് മാത്രം വായിച്ച് മടങ്ങിപ്പോകുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടേതായ അഭിപ്രായം ഉണ്ടായിരിക്കുമെന്ന് പൂര്‍ണ്ണമായും മറന്നുകളയുമെന്നാണ് അവര്‍ കരുതുന്നത്.

(അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ (എഎംയു) ചരിത്ര വിഭാഗത്തിലെ പ്രൊഫസറാണ് പ്രൊഫസര്‍ അലി നദീം റെസാവി)

അവലംബം: ദി ക്വിന്റ്
വിവ: സഹീര്‍ വാഴക്കാട്

Related Articles