Current Date

Search
Close this search box.
Search
Close this search box.

രാഷ്ട്രീയ നേതൃത്വം പരാജയപ്പെട്ട 2021

2021 രാഷ്ട്രീയ നേതൃത്വത്തിന്റെ വര്‍ഷമായിരുന്നു, അല്ലെങ്കില്‍ അതിലും പ്രധാനമായി, അതിന്റെ അഭാവം, നേതൃത്വ പരാജയങ്ങളുടെ സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രതിഫലിച്ച വര്‍ഷമാണെന്നും പറയാം. നിങ്ങള്‍ ഒരു അപകടത്തിന് സാക്ഷിയാകുമ്പോള്‍ സമയം വളരെ മന്ദഗതിയിലാകുന്നത് പോലെ തോന്നും. അത്തരത്തിലുള്ള വര്‍ഷമായിരുന്നു ഇത്. രണ്ട് സെക്കന്റ് രണ്ട് മിനിറ്റായി തോന്നും. അല്ലെങ്കില്‍ ഇവിടെ, 12 മാസം എന്നത് പതിറ്റാണ്ടുകളായി തോന്നിപ്പിച്ചു. അടച്ചിടല്‍, തുറക്കല്‍, ലോക്ക്ഡൗണുകള്‍, ഉത്തരവുകള്‍, കര്‍ഫ്യൂകള്‍, തകര്‍ച്ച തുടങ്ങിയവ മൂലം ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് എല്ലാം നഷ്ടപ്പെട്ട വര്‍ഷമായിരുന്നു ഇത്. എന്താണ് ചെയ്യേണ്ടത് എന്ന് ആളുകളോട് പറയുക എന്നതല്ല നേതൃത്വത്തിന്റെ ഉത്തരവാദിത്വമെന്ന് ഞങ്ങള്‍ ഓര്‍മിപ്പിക്കുകയാണ്. ഭരിക്കപ്പെടുന്ന ജനങ്ങളോട് സ്‌നേഹമില്ലാത്ത ഭരണം സ്വേച്ഛാധിപത്യത്തിനും പരാജയത്തിനും കാരണമാകും.

രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം മുതല്‍, പൊളിറ്റിക്കല്‍ സയന്‍സിലെ പ്രബലമായ ചിന്താഗതി, നാമെല്ലാവരും ആശയങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ കുടുങ്ങിയിരിക്കുകയാണെന്നും, ആശയസംവാദമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം, അതില്‍ നിന്ന് എല്ലാം ഉണ്ടാകും എന്നുമായിരുന്നു. കമ്മ്യൂണിസവും മുതലാളിത്തവും തമ്മിലായിരുന്നു പ്രധാന ഏറ്റുമുട്ടല്‍. മുതലാളിത്ത ഗവണ്‍മെന്റുകള്‍ ദരിദ്ര രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് നേതാക്കളെ വധിക്കുകയും നിഴല്‍ യുദ്ധങ്ങള്‍ക്ക് ധനസഹായം നല്‍കുകയും ചെയ്തു, അതേസമയം അവര്‍ സൃഷ്ടിച്ച നേതൃത്വ ശൂന്യതയെ അവഗണിക്കുകയും ചെയ്തു. മൂന്നാം ലോകം എന്ന് വിളിക്കപ്പെടുന്ന രാജ്യങ്ങളുടെ ഓരോ മുക്കും മൂലയും ഞങ്ങള്‍ പരിശോധിച്ചു. ഓരോ വശവും മറ്റൊന്നിന്റെ അതേ തീവ്രതയിലേക്ക് പോകുന്നത് ഞങ്ങള്‍ നിരീക്ഷിച്ചു. എന്നാല്‍ അവര്‍ അക്രമം നടത്തിയപ്പോള്‍ അത് സ്‌നേഹം കൊണ്ടാണെന്നും മറുഭാഗം അത് ചെയ്തപ്പോള്‍ അത് അത്യാഗ്രഹവും വെറുപ്പും കൊണ്ടാണെന്നും അവര്‍ പ്രചരിപ്പിച്ചു.

ധാര്‍മ്മികമായി യാതൊരു ആശങ്കയുമില്ലാതെ പ്രത്യയശാസ്ത്രത്താല്‍ മാത്രം നയിക്കപ്പെടുന്ന ഭരണം അപകടകരവും മാരകവുമായ കെണിയാണെന്നാണ് 2021 നമ്മെ ഓര്‍മ്മിപ്പിച്ചത്. ഒരു പ്രതിസന്ധിയുടെ ഇടയില്‍ കൃത്യമായി പ്രവര്‍ത്തിക്കാന്‍ പ്രത്യയശാസ്ത്രത്തിന് കഴിയുമെന്ന അവകാശവാദത്തെ പരിഹസിക്കുകയായിരുന്നു ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍. പ്രധാന വെല്ലുവിളി തീര്‍ച്ചയായും കോവിഡ് 19 ആയിരുന്നു. കോവിഡ് അതിന്റെ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ലോകത്താകെ അഭൂതപൂര്‍വമായ പ്രക്ഷോഭത്തിനും നാശനഷ്ടത്തിനും കാരണമായി.

ഞാന്‍ ഇത് എഴുതുമ്പോള്‍ ലോകമെമ്പാടും 280 ദശലക്ഷം കേസുകളും 5.4 ദശലക്ഷം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതായത് സ്ലൊവാക്യയെന്ന രാജ്യം തുടച്ചുനീക്കപ്പെട്ടതിന് തുല്യമാണിത്. ഏറ്റവും കൂടുതല്‍ വാക്‌സിനുകള്‍ വിതരണം ചെയ്തിട്ടും ഫ്രാന്‍സും യുണൈറ്റഡ് സ്റ്റേറ്റ്‌സും പോലുള്ള രാജ്യങ്ങളിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ ലോകത്തെ ധാര്‍മ്മിക നേതൃത്വത്തിന്റെ അപര്യാപ്തത വെളിപ്പെടുത്തിയത് കോവിഡ് 19 മാത്രമല്ല. ആഗോള അഭയാര്‍ത്ഥി, കുടിയേറ്റ പ്രതിസന്ധി തുടരുന്നത്, സംഘര്‍ഷം, സാമ്പത്തിക തകര്‍ച്ച, കാലാവസ്ഥാ വ്യതിയാനം എന്നിവ കാരണം ലോകമെമ്പാടും കുടിയേറുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിച്ചു. അഫ്ഗാനിസ്ഥാനിലെ താലിബാന്റെ തിരിച്ചുവരവ് ലക്ഷക്കണക്കിന് അഫ്ഗാനികളെ രാജ്യം വിടാന്‍ പ്രേരിപ്പിച്ചു. മ്യാന്‍മറില്‍, പീഡനത്തിനിരയായ ആയിരക്കണക്കിന് മുസ്ലിം ന്യൂനപക്ഷങ്ങള്‍ ബംഗ്ലാദേശിലേക്കും തായ്ലന്‍ഡിലേക്കും കുടിയേറി.

ചില മധ്യ അമേരിക്കന്‍ രാജ്യങ്ങളും രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കും കൂട്ട അക്രമത്തിലേക്കും തകര്‍ച്ചയിലേക്കും നീങ്ങി. യു.എസ്-മെക്സിക്കോ അതിര്‍ത്തിയിലും സംഘര്‍ഷം തുടരുന്നു. ഇംഗ്ലീഷ് കടലിടുക്കിലും ബൊലാറസ്-പോളണ്ട് അതിര്‍ത്തിയിലും അഭയം തേടുന്നതിനോ കുടിയേറ്റത്തിലേക്കോ സുരക്ഷിതമായ വഴികള്‍ നിഷേധിക്കപ്പെട്ട ആയിരക്കണക്കിന് ആളുകള്‍ക്ക് മെഡിറ്ററേനിയന്‍ കടല്‍ ജല ശവക്കുഴിയായി തുടരുകയാണ്.

ദുര്‍ബലരായ ജനങ്ങളുടെ ജീവിതം വെച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ രാഷ്ട്രീയം കളിക്കുന്ന പുതിയ മുന്നണികളായി മാറി. ഉയ്ഗൂര്‍ ജനത ഇപ്പോഴും ചൈനയിലെ തടങ്കല്‍ പാളയങ്ങളില്‍ കഴിയുകയാണ്, യെമനിലെ യുദ്ധം രൂക്ഷമായി തുടരുന്നു, ഗള്‍ഫ് രാജ്യങ്ങള്‍ യുദ്ധം നയിക്കുകയും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിര്‍മ്മിച്ച ആയുധങ്ങള്‍ നിര്‍മിച്ച് ലാഭം കൊയ്യുകയും ചെയ്യുന്നു.

കാലാവസ്ഥാ പ്രതിസന്ധിയുടെ നാശത്തിന്റെ വ്യാപ്തിയെക്കുറിച്ച് സൂചന നല്‍കിയ വര്‍ഷം കൂടിയായിരുന്നു 2021. വെള്ളപ്പൊക്കം മൂലം ജര്‍മ്മനി, ഫിലിപ്പീന്‍സ്, ഓസ്ട്രേലിയ, ഇന്തോനേഷ്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലെ പട്ടണങ്ങളും നഗരങ്ങളും നശിച്ചു. ലോകമെമ്പാടുമുള്ള അഭൂതപൂര്‍വമായ മഴ, നൂറുകണക്കിന് വര്‍ഷങ്ങളായി നിശ്ശബ്ദമായി ഒഴുകുന്ന നദികളില്‍ വെള്ളം പൊങ്ങുകയും അവ പെട്ടെന്ന് കരകവിഞ്ഞൊഴുകി വലിയ നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു.

2021ല്‍ ആര്‍ട്ടിക്കിലെ താപനില ഉയര്‍ന്നു. അന്റാര്‍ട്ടിക്കയിലെ ഡൂംസ്ഡേ ഗ്ലേസിയര്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ തകരുമെന്നും സമുദ്രനിരപ്പ് അര മീറ്ററിലധികം (ഏകദേശം 20 ഇഞ്ച്) വരെ ഉയരുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി. ഇത് മൂലം ന്യൂയോര്‍ക്ക്, മുംബൈ, മൊംബാസ തുടങ്ങിയ തീരദേശ നഗരങ്ങളെ നശിപ്പിക്കും. എന്നിട്ടും, ഗ്ലാസ്ഗോയില്‍ നടന്ന യു.എന്‍ കാലാവസ്ഥാ സമ്മേളനം കേവലം ഒരു പ്രസ്താവനയില്‍ ഒതുങ്ങുകയും പരാജയവുമാവുകയായിരുന്നു.

2021 എന്നത് ഗവണ്‍മെന്റുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അളക്കുന്നതിനുള്ള ഒരു അവസരമാണ്. കോവിഡ് 19നോട് അര്‍ത്ഥവത്തായ ഒരു പ്രതികരണം നല്‍കുന്നതില്‍ അമേരിക്കയിലെ മുതലാളിത്തം പരാജയപ്പെട്ടു. അവര്‍ വാക്സിനുകളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെങ്കിലും പ്രവര്‍ത്തനസജ്ജമായ ഒരു കോവിഡ് ടെസ്റ്റിംഗ് സംവിധാനം സ്ഥാപിക്കുന്നതിനോ മെഡിക്കല്‍ സ്റ്റാഫിനെ നിലനിര്‍ത്തുന്നതിലോ പരാജയപ്പെട്ടു. വേണ്ടത്ര പന്തുണ ലഭിക്കാത്തതിനാല്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഈ തൊഴില്‍ ഉപേക്ഷിക്കാനിടയാക്കി.

അതേസമയം, ചെറിയ രാജ്യമായ ക്യൂബ സ്വന്തമായി വാക്‌സിന്‍ വികസിപ്പിച്ചെടുത്തു. ജനസംഖ്യയുടെ 85 ശതമാനം പൂര്‍ണ്ണമായും കുത്തിവയ്പ്പെടുത്തു. മരണനിരക്ക് യു.എസിലെ 1.6 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 0.9 ശതമാനമായി കുറഞ്ഞ മരണനിരക്കാണ് ക്യൂബയില്‍. ജനാധിപത്യത്തിന്റെയും പുരോഗതിയുടെയും ഉദാഹരണമായി പലപ്പോഴും കൊട്ടിഘോഷിക്കപ്പെടുന്ന കാനഡ, വാക്‌സിനുകള്‍ പൂഴ്ത്തിവെക്കുന്നതിലും വിവേചനപരമായ രാഷ്ട്രീയ നടപടിയെടുക്കുന്നതിലും ഏറ്റവും മോശമായ കളിയാണ് കളിച്ചത്.

കോവിഡിന്റെ പുതിയ വകഭേദം ആവിര്‍ഭാവം ചെയ്തതിന് ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ വംശീയ വിവേചനം ഉള്‍പ്പെടെ ഈ രാജ്യങ്ങള്‍ നിലപാടെടുത്തു. രാജ്യത്ത് കോവിഡ് മരണനിരക്ക് ഏകദേശം 2.9 ശതമാനമായി ഉയരുമ്പോഴും പോലും റഷ്യ ഉക്രെയ്നില്‍ ഒരു യുദ്ധത്തിനായി പടപ്പുറപ്പാടൊരുക്കുകയാണ്. എന്നാല്‍ ഇതിനു വിപരീതമായി, ന്യൂസിലന്‍ഡിലെ പ്രധാനമന്ത്രി ജസീന്ത ആഡെണിന്റെ നേതൃത്വം വാചാടോപത്തിനും പ്രത്യയശാസ്ത്ര മത്സരത്തിനും അപ്പുറം ഭരണം എങ്ങനെയായിരിക്കണം എന്നതിന് ഒരു പുതിയ ആഗോള മാതൃക സ്ഥാപിക്കുന്നത് തുടരുകയാണ്.

ഈ വൈരുദ്ധ്യങ്ങളും മറ്റു പ്രത്യയശാസ്ത്രത്തിനുമപ്പുറം ചിന്തിക്കാനുള്ള ഒരു അവസരമാണ് 2021. പൊതുവെ രാഷ്ട്രീയ ചിന്തയിലും പ്രയോഗത്തിലും ആധിപത്യം പുലര്‍ത്തുന്ന ‘നമ്മള്‍ – അവര്‍’ എന്ന ലളിതമായ വിവരണങ്ങള്‍ക്ക് പിന്നില്‍ ഒരു ശൂന്യതയുണ്ടെന്ന് 2021 നമ്മെ ഓര്‍മ്മിപ്പിച്ചു. സഹകരണത്തേക്കാള്‍ മത്സരത്തില്‍ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ സമീപനങ്ങളാണവ. അനേകരുടെ കൂട്ടായ ക്ഷേമത്തേക്കാള്‍ കുറച്ചുപേരുടെ രാഷ്ട്രീയ നിലനില്‍പ്പിന് വിശേഷാധികാരം നല്‍കുന്ന ജിംഗോയിസ്റ്റിക് ദേശീയതയാണത്.

മൂല്യങ്ങളെയും സ്‌നേഹങ്ങളെയും കുറിച്ച് ചെറിയ ഒരു വൈറസ് നമ്മെ ഓര്‍മിപ്പിച്ച വര്‍ഷം കൂടിയാണ് 2021. മറ്റുള്ളവരുടെ ചെലവില്‍ ശൂന്യമായ പ്രത്യയശാസ്ത്രങ്ങള്‍ പിന്തുടരരുതെന്നും അതിലൂടെ വിജയം സാധ്യമല്ലെന്നും മനസ്സിലാക്കണം. അതിനാല്‍ തന്നെ 2022 മികച്ചതാകണമെങ്കില്‍ രാഷ്ട്രീയ നേതാക്കള്‍ ശ്രദ്ധിക്കണം.

അവലംബം: അല്‍ജസീറ
വിവ: സഹീര്‍ വാഴക്കാട്

Related Articles