Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയിൽ ജനാധിപത്യം തകരുന്നത് ലോകത്തിന് കനത്ത ഭീഷണിയാണ്

സെപ്തംബർ 12 ന് നടന്ന 45-ാമത് യൂറോപ്യൻ ഉപന്യാസ സമ്മാനം സ്വീകരിച്ച് അരുന്ധതി റോയ് നടത്തിയ പ്രസംഗത്തിന്റെ പ്രധാന ഭാഗമാണ് ചുവടെ ചേർക്കുന്നത്.

2023 ലെ യൂറോപ്യൻ ഉപന്യാസ അവാർഡ് നൽകി എന്നെ ആദരിച്ചതിന് ചാൾസ് വെയ്‌ലോൺ ഫൗണ്ടേഷനോട് ഞാൻ നന്ദി പറയുന്നു. അത് സ്വീകരിക്കുന്നതിൽ ഞാൻ എത്രമാത്രം ആഹ്ലാദിക്കുന്നു എന്ന് പെട്ടെന്ന് വ്യക്തമാകണമെന്നില്ല. ഇത് സാഹിത്യത്തിനുള്ള സമ്മാനമാണ് എന്നതാണ് എന്നെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്നത്. സമാധാനത്തിനു വേണ്ടിയല്ല. സംസ്കാരത്തിനോ സാംസ്കാരിക സ്വാതന്ത്ര്യത്തിനോ വേണ്ടിയല്ല, സാഹിത്യത്തിന് വേണ്ടിയാണ്, എഴുത്തിനു വേണ്ടിയാണ് ഈ ആദരവ്. കഴിഞ്ഞ 25 വർഷമായി ഞാൻ എഴുത്തു രംഗത്ത് സജീവമായി ഉണ്ട്.

പടിപടിയായി ഇന്ത്യയ്ക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന പിന്നോക്കാവസ്ഥ ഭൂരിപക്ഷവാദത്തിന്റെയും ഫാസിസത്തിന്റെയും കളിത്തൊട്ടിലായി രാജ്യം മാറിയതുകൊണ്ടാണെന്ന് അവർ വ്യക്തമാക്കി. തിരഞ്ഞെടുപ്പുകളിലൂടെ വിശ്വസനീയമായ ഒരു നിയോജകമണ്ഡലം സുരക്ഷിതമാക്കാൻ കഴിഞ്ഞത് കാരണം ഭാരതീയ ജനതാ പാർട്ടി ഉയർത്തി പിടിക്കുന്ന ഹിന്ദു മേൽക്കോയ്മയെന്ന സന്ദേശം 1.4 ബില്യൺ ജനങ്ങളിലേയ്ക്ക് നിരന്തരമായി പ്രചരിപ്പിക്കാൻ സാധിച്ചു. തൽഫലമായി, തിരഞ്ഞെടുപ്പുകൾ കൊലപാതകങ്ങളുടെയും ആൾക്കൂട്ടക്കൊലകളുടെയും കാലമായി മാറിയിരിക്കുകയാണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കും മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും ഏറ്റവും അപകടകരമായ സമയമാണത്.

ഇനി നമ്മൾ ഭയപ്പെടേണ്ടത് നമ്മുടെ നേതാക്കളെ മാത്രമല്ല ഒരു ജനവിഭാഗത്തെയാകെയാണ്. തിന്മയുടെ നിസ്സാരത, തിന്മയുടെ സാധാരണവൽക്കരണം ഇപ്പോൾ നമ്മുടെ തെരുവുകളിലും ക്ലാസ് മുറികളിലും പല പൊതു ഇടങ്ങളിലും പ്രകടമാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന നൂറുകണക്കിന് വാർത്താ ചാനലുകളെയും, മുഖ്യധാരാ മാധ്യമങ്ങളെയും ഫാസിസ്റ്റ് ഭൂരിപക്ഷവാദത്തിന് വേണ്ടി ഉപയോഗിക്കുകയാണ്. ബി ജെ പി ഭരണകൂടം ഇന്ത്യൻ ഭരണഘടനയെ ഫലപ്രദമായി മാറ്റി നിറുത്തുകയും ഇന്ത്യൻ ശിക്ഷാ നിയമങ്ങൾ മാറ്റിയെഴുതുകയും ചെയ്യുന്നത് തുടരുകയാണ്. 2024-ൽ നിലവിലെ ഭരണം ഭൂരിപക്ഷം നേടിയാൽ ഒരു പുതിയ ഭരണഘടന തന്നെ നടപ്പിലാക്കാൻ സാധ്യതയുണ്ട്.

മണ്ഡലങ്ങളുടെ പുനഃക്രമീകരണവും യുഎസിൽ വ്യാപകമായി നടക്കുന്ന അനർഹമായി തെരഞ്ഞെടുക്കുന്ന പ്രക്രിയകളെല്ലാം ക്ഷണകാലത്തിനുള്ളിൽ ഇന്ത്യയിലും നടക്കാൻ സാധ്യതയുണ്ട്. ഇത് വടക്കേ ഇന്ത്യയിലെ ഹിന്ദി സംസാരഭാഷയായ സംസ്ഥാനങ്ങൾക്ക് കൂടുതൽ പാർലമെന്റ് സീറ്റുകൾ നൽകും. ഇത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ നീരസമുണ്ടാക്കുകയും ഇന്ത്യയെ ബാൽക്കണൈസ് (ഒരു പ്രദേശത്തെ പരസ്‌പര ശത്രുതയോടുകൂടിയ ചെറുരാജ്യങ്ങളായി വിഭജിക്കുക) ചെയ്യാൻ സാധ്യതയുള്ളതുമാണ്. തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന സാധ്യതയില്ലെങ്കിൽപ്പോലും പരമാധികാരമെന്ന ആശയം ആഴത്തിൽ വ്യാപിക്കുന്നതിന്റെ ഫലമായി പരിശോധന നടത്തുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന എല്ലാ പൊതു സ്ഥാപനങ്ങളുമായും അവർ ഇതിനകം പരസ്പര ധാരണയിലെത്തിയിട്ടുണ്ട്. ഇപ്പോൾ ദുർബലമെങ്കിലും സുപ്രീം കോടതിയല്ലാതെ ഫലത്തിൽ പറയാൻ മറ്റൊരു സ്ഥാപനവുമില്ല.

ഈ അഭിമാനകരമായ സമ്മാനത്തിനും എന്റെ പ്രവർത്തനത്തിനുള്ള അംഗീകാരത്തിനും ഒരിക്കൽ കൂടി ഞാൻ നിങ്ങളോട് നന്ദി പറയട്ടെ. ആജീവനാന്ത നേട്ടത്തിനുള്ള അവാർഡ് ഒരു വ്യക്തിയിൽ സ്വാഭാവികമായും താനൊരു വൃദ്ധനാണെന്ന മനോഭാവമാണ് വളർത്തിയെടുക്കുക. 25 വർഷമായി നമ്മൾ സംസാരിച്ചു കൊണ്ടിരുന്ന ആശയത്തിന് , എഴുത്തിന് സമ്മാനം ലഭിക്കുന്നത് ലിബറലുകളും പുരോഗമനവാദികൾ എന്ന് സ്വയം കരുതുന്നവരും പലപ്പോഴും പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്ന അവസരത്തിൽ വലിയ വിരോധാഭാസമാണ്.

എന്നാൽ ഇപ്പോൾ മുന്നറിയിപ്പിന്റെ സമയം കഴിഞ്ഞു. നമ്മൾ ചരിത്രത്തിന്റെ മറ്റൊരു ഘട്ടത്തിലാണ്. ഒരു എഴുത്തുകാരൻ എന്ന നിലയിൽ എന്റെ എഴുത്ത് എന്റെ നാടിന്റെ ജീവിതത്തിൽ ചുരുളഴിയുന്ന ഈ ഇരുണ്ട അധ്യായത്തിന് സാക്ഷ്യം വഹിക്കുമെന്ന് എനിക്ക് പ്രതീക്ഷിക്കാം. കൂടാതെ എന്നെപ്പോലുള്ളവരുടെ ജോലി നിലനിൽക്കുന്നുവെന്നും പ്രതീക്ഷിക്കുന്നു.

ഒരു ഉപന്യാസ ലേഖകനെന്ന നിലയിൽ എന്റെ ജീവിതം ആസൂത്രണം ചെയ്ത ഒരാളല്ല ഞാൻ. പക്ഷെ അത് സംഭവിക്കുകയായിരുന്നു.

1997-ൽ പ്രസിദ്ധീകരിച്ച ദി ഗോഡ് ഓഫ് സ്മോൾ തിംഗ്സ് ആയിരുന്നു എന്റെ ആദ്യ പുസ്തകം. ബ്രിട്ടീഷ് കൊളോണിയലിസത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 50-ാം വാർഷികമായിരുന്നു അതിന്റെ പ്രകാശനം നടന്നത്. ശീതയുദ്ധം അവസാനിച്ച് സോവിയറ്റ് യൂണിയൻ അഫ്ഗാൻ-സോവിയറ്റ് യുദ്ധത്തിലൂടെ ശിഥിലമായിട്ട് എട്ട് വർഷം കഴിഞ്ഞിരുന്നു. മുതലാളിത്തം എതിരില്ലാതെ വിജയിച്ചതിന്റെ ഫലമായി യുഎസ് ആധിപത്യമുള്ള ഏകധ്രുവലോകത്തിന്റെ ആരംഭദശയിലാണ് ആ വിസ്മയമുഹൂർത്തം അരങ്ങേറിയത്. ഇന്ത്യ അമേരിക്കയുമായി ചേർന്ന് കോർപ്പറേറ്റ് മൂലധനത്തിന് വേണ്ടി തന്റെ വിപണി തുറന്നുകൊടുക്കുന്നതും ഈയവസരത്തിലാണ്.

സ്വകാര്യവൽക്കരണം സ്വതന്ത്ര കമ്പോളത്തിന്റെ ദേശീയഗാനമായി മാറിയ ദിശാസഞ്ചിയിലാണ് ഇന്ത്യ സ്വകാര്യ മേഖലയിൽ കൂടുതൽ ശ്രദ്ധേയമാകുന്നത്. 1998-ൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ഹിന്ദു ദേശീയ സർക്കാർ അധികാരത്തിൽ വന്നു. ആണവപരീക്ഷണമായിരുന്നു പ്രഥമ ദൗത്യം. എഴുത്തുകാരും കലാകാരന്മാരും പത്രപ്രവർത്തകരുമുൾപ്പെടെയുള്ള സമൂഹ്യ പ്രവർത്തകരിൽ വലിയൊരു ശതമാനം ആളുകളും അവരെ അഭിവാദ്യം ചെയ്തത് കടുത്ത വർഗീയതയുടെയും ദേശീയതയുടെയും ഭാഷയിലാണ്.

ആ സമയത്താണ് എന്റെ നോവലിന് ബുക്കർ പ്രൈസ് ലഭിക്കുന്നത്. പ്രമുഖ മാഗസിനുകളുടെ പുറംചട്ടയിൽ ഞാൻ നിറഞ്ഞു നിന്നു. എന്തെങ്കിലും എതിർത്തു പറഞ്ഞില്ലെങ്കിൽ ഞാൻ ഈ ആശയധാരയോട് കൂറ് പുലർത്തുന്നവളാണ് എന്ന ധാരണ വ്യാപകമാകുമെന്ന് എനിക്കറിയാമായിരുന്നു. മിണ്ടാതിരിക്കുന്നത് സംസാരിക്കുന്നത് പോലെ രാഷ്ട്രീയമാണെന്ന് എനിക്ക് അപ്പോഴാണ് മനസ്സിലായത്. ഞാൻ നടത്തുന്ന വിമർശനത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ആരാഞ്ഞ് എന്റെ നിലപാട് പറയാതിരിക്കുന്നത് ആത്മവഞ്ചനയാകുമെന്ന് മനസ്സിലാക്കിയ ഞാൻ എന്റെ വിശ്വാസങ്ങൾക്കൊപ്പം സഞ്ചരിക്കാനാണ് പ്രമുഖ്യം നൽകിയത്.

അത് തുറന്നെഴുതാത്ത പക്ഷം ഞാൻ പൂർണ്ണമായും എഴുത്തിൽ നിന്ന് മാറി നിൽക്കുമെന്ന് തീരുമാനിച്ചു. അതുകൊണ്ട് തന്നെ എന്റെ എഴുത്തിനെ രക്ഷിക്കാൻ വേണ്ടി ഞാൻ എഴുതി. രജ്യത്തെ രണ്ട് പ്രധാന മാസികകളായ ഫ്രണ്ട്ലൈൻ, ഔട്ട്ലുക്കിൽ ഒരേസമയം പ്രസിദ്ധീകരിച്ചു വന്ന എന്റെ ആദ്യ ലേഖനമായ ‘ദി എൻഡ് ഓഫ് ഇമാജിനേഷൻ’ ഇങ്ങനെ വിരചിതമായതാണ്. ഉടനെ എന്നെ രാജ്യദ്രോഹിയും ദേശവിരുദ്ധനുമായി മുദ്രകുത്തി. ബുക്കർ പ്രൈസിനേക്കാൾ അഭിമാനകരമായ ആ അവഹേളനങ്ങൾ ബഹുമതികളായാണ് എനിക്ക് ലഭിച്ചത്. അണക്കെട്ടുകൾ, നദികൾ, കുടിയിറക്കം, ജാതി, ഖനനം, ആഭ്യന്തരയുദ്ധം എന്നിവയെക്കുറിച്ച് വിപുലമായി എഴുതാൻ എനിക്ക് പ്രേരണയായത് ഈ അവഹേളനങ്ങളാണ്.

സാഹിത്യത്തിനുള്ള സ്ഥാനം എഴുത്തുകാരും വായനക്കാരും ചേർന്നാണ് നിർമ്മിച്ചതെന്ന് എന്നെ പഠിപ്പിച്ചത് കൊണ്ടാണ് ഞാൻ ഇത് പരാമർശിക്കുന്നത്. സാഹിത്യം ചില വേളകളിൽ ദുർബലമായാലും അതിനെ നശിപ്പിക്കൽ അസംഭവ്യമാണ്. കാരണം അത് തകർന്നാൽ ഞങ്ങൾ പുനർനിർമ്മിക്കുക തന്നെ ചെയ്യും. കാരണം ഞങ്ങൾക്ക് സുരക്ഷിതമായ അഭയകേന്ദ്രം ആവശ്യമാണ്.

കോർപ്പറേറ്റ് പരസ്യങ്ങളിൽ നിന്ന് വരുമാനം കണ്ടെത്തി ജീവിക്കുന്ന ഇന്ത്യയിലെ ഒരു മുഖ്യധാരാ മാധ്യമസ്ഥാപനവും ഇതുപോലുള്ള ഉപന്യാസങ്ങൾ ഇക്കാലത്ത് പ്രസിദ്ധീകരിക്കുമെന്നത് അചിന്തനീയമാണ്. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ സ്വതന്ത്ര കമ്പോളവും ഫാസിസവും സ്വതന്ത്ര മാധ്യമങ്ങളും ചേർന്ന് ഇന്ത്യയെ ജനാധിപത്യ രാജ്യമെന്ന് വിളിക്കാൻ വിരസതയുണ്ടാക്കുന്ന പ്രതീതിയാണ് രാജ്യത്ത് സൃഷ്ടിച്ചത്. ബിബിസി സംപ്രേഷണം ചെയ്ത ഗുജറാത്ത് വംശഹത്യ കാര്യമായ വേരോട്ടം ലഭിക്കുന്നതിന് മുന്നെ ഇന്ത്യയിൽ നിറുത്തലാക്കി. ആക്ടിവിസ്റ്റ് ഷോർട്ട് സെല്ലിംഗ് എന്നറിയപ്പെടുന്ന ഹിൻഡൻബർഗ് റിസർച്ച് എന്ന ചെറിയ യുഎസ് സ്ഥാപനം ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേഷനായ അദാനി ഗ്രൂപ്പ് നടത്തിയ തെറ്റായ പ്രവർത്തനങ്ങളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ വിശദമായി വെളിപ്പെടുത്തി.

മോദിയുടെ മുഖം അച്ചടിച്ച പാക്കറ്റുകളിൽ വിതരണം ചെയ്യുന്ന ഉപജീവന റേഷൻ ഉപയോഗിച്ചാണ് ദശലക്ഷക്കണക്കിന് ആളുകൾ ഇന്ന് ജീവിക്കുന്നത്. വളരെ ദരിദ്രരായ ആളുകളുള്ള വളരെ സമ്പന്നമായ രാജ്യമാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും അസമത്വമുള്ള സമൂഹങ്ങളിൽ ഒന്നാണ് നമ്മുടെ ഭാരതം.

ജൂലൈയിൽ മോദി വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്നതിന്റെ ഭാഗമായി യുഎസിലേക്കും ബാസ്റ്റിൽ ദിനത്തിൽ മുഖ്യാതിഥിയായി ഫ്രാൻസിലേക്കും പോയി. 2024-ലെ പൊതുതിരഞ്ഞെടുപ്പിൽ മോദി മൂന്നാം തവണയും അധികാരത്തിലേറുന്നതിന് പ്രധാന പ്രചാരണ ആയുധമായി ഈ സന്ദർശനം മാറുമെന്ന് നന്നായി അറിയാമായിരുന്ന മാക്രോണും ബൈഡനും അങ്ങേയറ്റം ലജ്ജയോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. അവർ ആലിംഗനം ചെയ്യുന്ന മനുഷ്യനെ കുറിച്ച് അവർക്ക് അറിയാത്തതായി ഒന്നുമുണ്ടായിരുന്നില്ല.

ഗുജറാത്ത് വംശഹത്യയിൽ മോദിയുടെ പങ്കിനെക്കുറിച്ച് അവർക്ക് അറിയാമായിരുന്നു. മുസ്‌ലിംകളെ പരസ്യമായി തല്ലിക്കൊന്നതിന്റെ ദയനീയമായ ചിത്രങ്ങൾ, മോദിയുടെ മന്ത്രിസഭയിലെ ഒരു അംഗം ചില ആൾക്കൂട്ട കൊലപാതകികളെ ഹാരമണിയിച്ച് എതിരേറ്റത്, മുസ്‌ലിം വേർതിരിവിന്റെയും അകറ്റിനിറുത്തലിന്റെയും ദ്രുതഗതിയിലുള്ള പ്രക്രിയയെക്കുറിച്ചും അവർക്ക് അറിയാമായിരുന്നു. ഹിന്ദു വിജിലൻസുകൾ നൂറുകണക്കിന് പള്ളികൾ കത്തിച്ചതിനെക്കുറിച്ച് അവർക്ക് അറിവുണ്ടായിരുന്നു.

തന്റെ എഴുത്ത് കൊണ്ട് ലോകത്തെ മാറ്റാൻ കഴിയുമെന്ന് വിശ്വസിക്കുന്നത് ഒരു എഴുത്തുകാരന്റെ അഹങ്കാരവും അഹംഭാവവും അതിൽപരം മണ്ടത്തരവുമാണ്. പക്ഷേ, അവർ അതിന് ശ്രമിച്ചില്ലെങ്കിൽ അത് കൂടുതൽ ദയനീയമായിരിക്കും.

വിവ : നിയാസ് പാലക്കൽ

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles