Current Date

Search
Close this search box.
Search
Close this search box.

“തുർക്കി സന്ദർശിച്ചതിനാണ് ഭർത്താവിനെ 25 വർഷം തടവിലാക്കിയത്”

ഉയിഗൂർ മുസ്‌ലിംകൾ എല്ലായ്പ്പോഴും വിവിധങ്ങളായ പീഡന മുറകൾ എറ്റുവാങ്ങിയിട്ടുണ്ട്; എണ്ണമറ്റ പീഡനങ്ങളുടെ ചിത്രങ്ങളും വാർത്തകളും നാം പലപ്പോഴായി കാണാറുമുണ്ട്. യാതൊരു കുറ്റകൃത്യവും ചെയ്യാതെ, ഉയിഗൂർ വംശത്തിൽ പിറന്നു എന്ന ഒരൊറ്റ കാരണത്താൽ 1.2 ദശലക്ഷം ഉയ്ഗൂർ മുസ്ലീങ്ങൾ തടവിലാക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തുവെന്ന അത്യധികം വേദനാജനകമായ റിപ്പോർട്ട് മെയ് മാസത്തിൽ BBC പ്രസിദ്ധീകരിച്ചിരുന്നു.

തടങ്കലിലായവരുടെ ചിത്രങ്ങൾ ദയനീയമായിരുന്നു. അവരുടെ കണ്ണുകളിൽ കണ്ണുനീരിന്റെ നനവ് പടർന്നിട്ടുണ്ട്, ആത്മാവ് നന്നേ തളർന്നിട്ടുണ്ട്, തലയും താടിയും ക്ഷൗരം ചെയ്തിട്ടുണ്ട്. “ഹോളോകോസ്റ്റിന് ശേഷം ഏറ്റവും വലിയ കൂട്ട തടവ് ഉയ്‌ഗൂറുകളുടേതാണെന്നാണ്’ ദ ന്യൂ സ്റ്റേറ്റ്സ്മാൻ വിശേഷിപ്പിക്കുന്നത്.

ഇന്ന്, ഹൃദയം തളർന്ന്, മനസ്സാക്ഷിക്ക് താങ്ങാനാവാതെ, മെഹ്‌റേ മെസെൻസോഫ് അവൾക്കും ഭർത്താവിനും ചൈനീസ് ഗവൺമെന്റിൽ നിന്ന് നേരിടേണ്ടി വന്ന നടുക്കുന്ന യാഥാർത്ഥ്യങ്ങൾ എന്നോട് പങ്കുവെക്കുകയുണ്ടായി.

ഓസ്‌ട്രേലിയയിൽ ജനിച്ച മെഹ്‌റേയുടെയും മുപ്പത്തൊന്നു കാരനായ മിർസാത്ത് താഹെറിന്റെയും വിവാഹം കഴിഞ്ഞ് ആറ് വർഷം പിന്നിട്ടു. എന്നാൽ ഈയൊരു കാലയളവിൽ ഭൂരിഭാഗവും അവൾ തനിച്ചാണ് ചെലവഴിച്ചത്.

“ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ആറ് വർഷത്തിനിടെ പതിനാല് മാസം മാത്രമാണ് ഞങ്ങൾ ഒരുമിച്ച് താമസിച്ചത്” മെഹ്‌റേ പറയുന്നു. വിവാഹത്തിന് ഒരു വർഷം പോലും തികയുന്നതിന് മുമ്പ് മിർസാത്ത് ഏകപക്ഷീയമായി തടങ്കലിലാക്കപ്പെടുകയായിരുന്നു.

2016 ലെ ഒരു വേനലിൽ അവൾ ആദ്യമായി സിൻജിയാങ് തലസ്ഥാനമായ ഉറുംകിയിലേക്ക് പറന്നു. മൂന്ന് ദിവസങ്ങൾക്ക് ശേഷം മിർസാത്തുമായുളള വിവാഹം നടക്കുന്നു. 22-ാം വയസ്സിൽ അവർ പ്രണയബദ്ധരായിത്തീർന്ന നിമിഷങ്ങൾ ഓർത്തെടുക്കുമ്പോൾ അവളുടെ ചുണ്ടിൽ താൽകാലികമായൊരു ചെറു പുഞ്ചിരി പടർന്നു. “എല്ലാം ഒരു സ്വപ്നംപോലെയായിരുന്നു. ഞങ്ങളുടെ പ്രണയം, ഞങ്ങളുടെ വിവാഹം, ഞങ്ങൾ ഒരുമിച്ചുള്ള സമയം, എല്ലാം സമ്പൂർണമായിരുന്നു. ഞങ്ങൾ സന്തുഷ്ടരും സംതൃപ്തരുമായിരുന്നു.”

2017 ഏപ്രിൽ 12-ന് മെൽബണിലേക്കുള്ള ഫ്ലൈറ്റ് ഷെഡ്യൂൾ ചെയ്തു. ഇതിന് രണ്ടാഴ്ച്ച മുന്നേ മിർസാത്തിന്റെ ഓസ്‌ട്രേലിയൻ പങ്കാളിയുടെ വിസക്ക് അനുമതിയും ലഭിച്ചു. അവിടെ സ്ഥിരതാമസമാക്കി ഒരുമിച്ച് പുതിയൊരു ജീവിതം നയിക്കാമെന്നവർ കിനാവ് കണ്ടു. ആ സ്വപ്നത്തിന് വലിയ ആയുസുണ്ടായിരുന്നില്ല.

ഏപ്രിൽ 10 രാത്രി, മിർസാത്തിന്റെ വീട്ടിൽ ഇരച്ചുകയറിയ ചൈനീസ് അധികൃതർ പാസ്‌പോർട്ട് പിടിച്ചെടുത്ത് അദ്ദേഹത്തെ ശക്തമായി ചോദ്യം ചെയ്തു. പത്ത് മാസത്തേക്ക് ഒരു തടങ്കൽ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയും അവിടെ നിന്ന് ഒരു കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് മാറ്റുകയും ചെയ്തു.

അവർ ടൂർ ഗൈഡായി ജോലി ചെയ്തിരുന്ന തുർക്കിയിലേക്കുള്ള യാത്രക്കു പിന്നിൽ വിഘടനവാദ പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്ന് ഗുരുതരമായ സംശയം ഉണ്ടെനായിരുന്നു അധികൃതരുടെ വാദം.
“തുർക്കിയിൽ കൃത്യമായി എന്ത് ചെയ്യുന്നു? എന്തിന് അവിടെ ചെന്നു? കൂടെ ആരൊക്കെയാണ്? എവിടെയാണ് താമസിച്ചിരുന്നത്? ഇങ്ങനെ മാസങ്ങൾ നീണ്ട ചോദ്യം ചെയ്യൽ എന്റെ ഭർത്താവ് നേരിട്ടു. അവർ എല്ലാ വിശദാംശങ്ങളും അന്വേഷിച്ചു. അവർക്കെതിരെ ഒന്നും കണ്ടെത്തിയില്ല. കാരണം അവൻ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ” മെഹ്‌റേ വിശദീകരിക്കുന്നു.

യാതെരുവിധ കുറ്റക്യത്യങ്ങളും സംശയങ്ങളും ഇല്ലെന്ന് വ്യക്തമായിട്ടും രണ്ട് വർഷത്തോളം ഉയ്ഗൂർ മുസ്ലീങ്ങളെ അവരുടെ വിശ്വാസങ്ങളിൽ നിന്ന് അടർത്തി മാറ്റാൻ വേണ്ടി മതപരവും സാംസ്കാരികവുമായ മസ്തിഷ്ക പ്രക്ഷാളനത്തിന് വിധേയരാക്കുന്ന റീ-എജുക്കേഷൻ സ്കൂളുകളിലിട്ട് ശാരീരിക-മാനസിക പീഡനങ്ങൾക്ക് ഇരയാക്കി. “ഭീകരവാദം” നേരിടാൻ ഇത് അനിവാര്യമാണെന്ന് ബെയ്ജിംഗ് വാദിക്കുന്നു.

നമസ്കാരം, വ്രതം, മദ്യവർജ്ജനം, താടി വളർത്തൽ, ഇസ്ലാമിക വസ്ത്ര ധാരണം എന്നിവയുൾപ്പെടെയുള്ള ഇസ്ലാമിക നിയമങ്ങൾ പാലിക്കുന്ന ഉയ്ഗൂറുകളെ അധികാരികൾ തടങ്കലിൽ വയ്ക്കുകയും കമ്മ്യൂണിസ്റ്റ് തത്വങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു.

റി-എജ്യുകേഷൻ സ്കൂളുകളിൽ താൻ അനുഭവിച്ച മാനസിക പീഡനങ്ങൾക്ക് പുറമേ, ഉറങ്ങാനനുവദിക്കാതെ, സെല്ലുകളിൽ പാർപ്പിച്ചുകൊണ്ട് നിരന്തര നിരീക്ഷണം, പട്ടിണിക്കിട്ട് കഠിനമായ ശിക്ഷാമുറകൾ എന്നിവയുൾപ്പെടെ മനുഷ്യത്വരഹിതമായ പെരുമാറ്റമാണ് താൻ അനുഭവിച്ചതെന്ന് മിർസാത്ത് ഭാര്യയോട് വെളിപ്പെടുത്തിയിരുന്നു.

“എന്റെ ഭർത്താവിനെ രണ്ട് വ്യത്യസ്‌ത റീ-എജ്യുക്കേഷൻ സ്‌കൂളുകളിലേക്കാണ് കൊണ്ടുപോയത്, അവിടെ അവർ നിരന്തരം പ്രൊപഗണ്ടകൾക്കും മസ്തിഷ്‌ക പ്രക്ഷാളനത്തിനും വിധേയരാക്കി. കമ്മ്യൂണിസ്റ്റ് പാർട്ടിയെയും പ്രസിഡന്റിനെയും പ്രശംസിക്കുന്ന പ്രസംഗങ്ങൾ മനഃപാഠമാക്കാനും വീഡിയോകൾ കാണാനും അവർ നിർബന്ധിതരായി” മെഹ്‌റേ വിശദീകരിക്കുന്നു.

വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നു എന്ന ഒറ്റ കാരണത്താലാണ് എന്റെ ഭർത്താവ് ഉൾപ്പടെ ഈ തടവുകാരെ മുഴുവൻ തടങ്കലിലടച്ചത്. ചൈന മഹത്തായ രാജ്യമായതിനാൽ അദ്ദേഹം രാജ്യം വിടാൻ പാടില്ലായിരുന്നു. ഞാൻ ക്ഷമ ചോദിക്കുന്നു എന്ന് കുംഭസരിച്ച് പശ്ചാത്തപിക്കാൻ അവർ നിർബന്ധിതരാകുന്നു.

എല്ലാം ചൈനീസ് ഭാഷയിലായിരിക്കണം. ഉയ്ഗൂരിൽ പരസ്പരം ആശയവിനിമയം നടത്തുന്നതിന് വിലക്കുണ്ടായിരുന്നു, പാലിച്ചില്ലെങ്കിൽ കഠിനമായ ശിക്ഷയും. മാൻഡരിൻ അറിയാത്ത പ്രായമായവർക്ക് ഇത് എല്ലാ അർത്ഥത്തിലും വലിയ പ്രയാസങ്ങൾ സൃഷ്ടിച്ചു.

അവരുടെ അസ്തിത്വം നിഷേധിക്കാൻ ഉത്തരവിറക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഉയ്ഗൂർ പാരമ്പര്യങ്ങളിലും ഭാഷയിലും വിശ്വാസങ്ങളിലുമവർ ക്യാമ്പുകളിൽ നിന്ന് പുറത്തിറങ്ങുമ്പോഴേക്കും അവരുടെ സത്വത്തിൻ്റെ മുഴുവൻ അടയാളങ്ങളും അവരിൽ നിന്ന് പറിച്ചുമാറ്റുകയാണ് ലക്ഷ്യം.

ഉയ്ഗറുകൾ, മറ്റ് ന്യൂനപക്ഷങ്ങൾ, അവരുടെ സംസ്‌ക്കാരം, ഭാഷ, മതം എന്നിവ പിഴുതുമാറ്റി അവരെ മുഖ്യധാരാ ചൈനീസ് സംസ്‌കാരത്തിലേക്ക് കൊണ്ടുവരാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു പ്രക്രിയയാണിതെന്ന് ആക്ടിവിസ്റ്റുകൾ പറയുന്നു.

ഒരു ഭാഗത്ത് അധികാരികളിൽ നിന്ന് അനുസ്യൂതം യാതനകൾ ഏറ്റുവാങ്ങേണ്ടി വരുമ്പോഴും മറുഭാഗത്ത്, ഉയ്ഗൂറുകൾക്കെതിരായ മനുഷ്യാവകാശ ലംഘന ആരോപണങ്ങൾ “ഈ നൂറ്റാണ്ടിലെ ഏറ്റവും നികൃഷ്ടമായ നുണയാണ്,” ചൈനീസ് ജനതയോടുള്ള അതിരുകടന്ന അവഹേളനവും അധിക്ഷേപവുമാണ്, അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര ബന്ധങ്ങലുടെ അടിസ്ഥാന മാനദണ്ഡങ്ങലുടെയും കടുത്ത ലംഘനവുമാണ് തുടങ്ങിയുള്ള വ്യാജപ്രചാരണം നടത്തുകയാണ് ചൈനീസ് സർക്കാർ.

2019 മെയ് 22-ന് മിർസാത്ത് “യാദൃശ്ചികമായി” മോചിതനായി. അവൻ തന്റെ “പഠനം” പൂർത്തിയാക്കിയെന്നും സമൂഹത്തിലേക്ക് മടങ്ങിവന്ന് “സാധാരണ ജീവിതം” പുനരാരംഭിക്കാമെന്നും അറിയിച്ചു.
രണ്ട് വർഷത്തെ അപമാന ഭാരത്താൽ മിർസാത്ത് സാധാരണ ജീവിതത്തിൽ നിന്ന് എത്രയോ അകലെയായിരുന്നു. അവന്റെ പാസ്പോർട്ട് തിരികെ കിട്ടിയതുമില്ല.

“അവൻ മാനസികമായി തകർന്നു,” ഞങ്ങൾ വീണ്ടും ഒന്നിച്ചതിന് ശേഷം, അവന്റെ അവശതയും വിളറിയ ചർമ്മവും ഞാൻ കണ്ടു. വല്ലാത്തൊരു ഭയം അവനെ അലട്ടുന്നുണ്ട്.

ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടാൽ, ആരെങ്കിലും ഞങ്ങളുടെ വാതിലിൽ മുട്ടിയാൽ അവനാകെ പരിഭ്രമിക്കും. അവനെയും കൊണ്ട് പോകാൻ ആരോ വരുന്നുണ്ടെന്ന് കരുതി പേടിച്ച് മരവിക്കും. വീടിനകത്ത് ഒരിടത്ത് ഒളിച്ചിരുന്ന് ആരെങ്കിലും വന്നാൽ ഞാനിവിടെ ഇല്ലെന്ന് പറഞ്ഞെക്കണമെന്ന് എന്നോട് പറയും.

പാസ്‌പോർട്ട് ആവശ്യപ്പെടാൻ അവൻ ഭയന്നു. അവനെ ഈ രൂപത്തിൽ കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു. കാരണം അവൻ ഇങ്ങനെ ആയിരുന്നില്ല. അവന്റെ ജീവിതം സമൃദ്ധമായിരുന്നു. ശുഭപ്രതീക്ഷയുള്ള വ്യക്തിയായിരുന്നു. അവർ അവനെ വിട്ടയച്ചെങ്കിലും അവന്റെ മനസ്സിന് സ്വസ്ഥതയുണ്ടായിരുന്നില്ല. ഒരു കാരണവുമില്ലാതെയാണല്ലോ അവർ ആദ്യമവനെ കൊണ്ടുപോയത്, അതുപോലെ അവർക്കിനിയും ആവർത്തിക്കാം.

മിർസാത്തിൻ്റെ ആശങ്ക യാഥാർത്ഥ്യമായിരുന്നു

ഒരു വർഷത്തിനുശേഷം, മെഹ്‌റേയുടെ വിസ കാലഹരണപ്പെട്ടതിനെ തുടർന്ന് ഓസ്‌ട്രേലിയയിൽ വെച്ച് മിർസാത്തിനെ വീണ്ടുമവർ കൊണ്ടുപോയി. തുർക്കിയിലെ താമസത്തെക്കുറിച്ച് ഒരിക്കൽ കൂടി ചോദ്യം ചെയ്യലിന് വിധേയനാക്കി. എന്നാൽ ഇത്തവണ, മൂന്ന് മാസത്തിന് ശേഷം അദ്ദേഹത്തെ വിട്ടയച്ചു.

“ഞങ്ങൾക്ക് സംഭവിക്കാവുന്നതിൽ വെച്ച് ഏറ്റവും ആപൽക്കരമായ കാര്യം കടന്നുപോയെന്നും ഇനിയതിൽപരം ഒന്നും വരാനില്ലെന്നുമാണ് ഞാൻ കരുതിയത്. പക്ഷെ, എന്റെ കണക്കുകൂട്ടലുകൾ മുഴുവൻ പിഴവായിരുന്നു”.
2020 സെപ്റ്റംബറിൽ, കിഴക്കൻ സിൻജിയാങ്ങിലെ ഒരു നഗരമായ ഹാമിയിൽ നിന്നുള്ള ചൈനീസ് പോലീസ്, “ഭീകര സംഘങ്ങള സംഘടിപ്പിക്കുന്നു, അവർക്ക് നേതൃത്വം നൽകുന്നു, അതിൽ പങ്കെടുക്കുകയും ചെയ്യുന്നു” എന്നാരോപിച്ച് മൂന്നാം തവണയും അവസാനത്തെയും തവണ മിർസാതിനെ അറസ്റ്റ് ചെയ്തു.

തന്റെ ഭർത്താവിന് 25 വർഷത്തെ തടവ് ശിക്ഷ ലഭിച്ച ദുരന്ത വാർത്ത കാതുകളിൽ മുഴങ്ങിയ രാത്രിയെ കുറിച്ച് പറയുമ്പോൾ അവളുടെ കവിളിലൂടെ കണ്ണുനീർ ധാരയായി ഒഴുകുന്നുണ്ട്.

“ഞാൻ അവനോട് അവസാനമായി സംസാരിക്കുകയാണെന്ന് എനിക്കറിയില്ലായിരുന്നു” അവൾക്ക് കരച്ചിലടക്കാൻ സാധിക്കുന്നില്ല. “അവൻ ഇത്രമേൽ പരിഹാസ്യമായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുമെന്നും 25 വർഷത്തേക്ക് തുറങ്കലിലടക്കപ്പെടുമെന്നും ഞാൻ നിനച്ചതേയില്ല. ഇത് അന്യായമാണ്.”

“എന്റെ മതത്തിലുള്ള ശക്തമായ വിശ്വാസമാണ് എന്നെ നിലനിർത്തുന്നത്. ഓരോ ദിവസവും ഞാൻ പോരാടുകയാണ്. ചിലപ്പോഴെങ്കിലും എനിക്ക് പ്രതീക്ഷ നഷ്ടപ്പെടാറുണ്ട്. “എങ്കിലും ഞാൻ നിശ്ശബ്ദയാകില്ല, അവൻ സ്വതന്ത്രനായി എന്നോടൊപ്പം സുരക്ഷിതമായി മടങ്ങിവരും വരെ യുദ്ധം ചെയ്തുകൊണ്ടേയിരിക്കും.”

ഞങ്ങൾ പരസ്പരം ചേർന്നു നിൽക്കും, നിങ്ങൾക്കെന്നെ വിശ്വസിക്കാം, ഞാൻ വിശ്വസ്തയാണ്. ഞങ്ങൾ വീണ്ടും ഒന്നിക്കുന്നത് വരെ ഞാൻ എന്റെ വാഗ്ദാനം പാലിക്കും. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. ഇതെൻ്റെ പ്രതിജ്ഞയാണ്”

മൊഴിമാറ്റം : മുജ്തബ മുഹമ്മദ്‌

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles