Current Date

Search
Close this search box.
Search
Close this search box.

രാഷ്ട്രീയമെന്നാൽ ശക്തിയാണ്

രാഷ്ട്രീയ പ്രവർത്തനത്തിന്റെ കാതൽ എന്നു പറയുന്നത് ശക്തിയാണ്. ശക്തിയില്ലാതെ രാഷ്ട്രീയമില്ല. ഈ കാര്യം എളുപ്പത്തിൽ വ്യക്തമാകാൻ ഈ ചോദ്യങ്ങൾ ചോദിച്ചാൽ മതി. എന്ത് കൊണ്ടാണ് അമേരിക്ക ലോകത്തിന്റെ വലിയൊരു ഭാഗം പ്രദേശങ്ങളിൽ ആധിപത്യം വാഴുന്നത്? എങ്ങനെയാണ് അറബി സൈന്യങ്ങൾ തങ്ങളുടെ ജനതകളെ അടക്കി നിർത്തുന്നത്? എന്ത് കൊണ്ടാണ് തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങൾ തകർന്നു വീഴുകയും പകരം മാരകമായ സ്വേഛാധിപത്യങ്ങൾ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യുന്നത്? ഒരു ജനപിന്തുണയുമില്ലാത്ത, മണ്ടത്തരത്തിൽ അതിര് കവിഞ്ഞ ഒരു ഭരണാധികാരിക്ക് എങ്ങനെയാണ് മുപ്പതിൽ പരം വർഷങ്ങൾ തുടർച്ചയായി ഭരിക്കാൻ കഴിയുന്നത്? ഉത്തരം ശക്തി എന്നു മാത്രമാണ്.

ഏറ്റവും ശക്തമായ ജനാധിപത്യ ഘടനകൾക്ക് വരെ സ്ഥിരതയുണ്ടാവണമെങ്കിൽ ശക്തി വേണം. ആഭ്യന്തരമോ വൈദേശികമോ ആയ വെല്ലുവിളികളെ നേരിടാൻ ആ ശക്തിയെ യഥാവിധി ഉപയോഗിക്കുകയും വേണം. തെരഞ്ഞെടുപ്പിൽ വിജയം നേടിയവർക്ക് ഭരണത്തിന് സ്ഥിരതയുണ്ടാവണമെങ്കിൽ അവരെ പൊതിഞ്ഞ് ശക്തിയുടെ ഒരു വലയം വേണം. ആ ശക്തി ചിലപ്പോൾ നിയമങ്ങൾക്ക് വിധേയമായ രാഷ്ട്ര സ്ഥാപനങ്ങളുടെ ശക്തിയാവാം. അല്ലെങ്കിൽ പിന്തുണക്കുന്ന ജനസഞ്ചയത്തിൽ നിന്നുള്ള ശക്തിയാവാം. അതുമല്ലെങ്കിൽ നിയമാനുസൃതമോ അതിനെ കവിഞ്ഞ് പോകുന്നതോ ആയ സ്വന്തം നിലക്കുള്ള ശക്തിയുമാവാം.

അറബ് വസന്ത വിപ്ലവങ്ങളുടെയും തുനീഷ്യയിലെ അന്നഹ്ദ രാഷ്ട്രീയ പരീക്ഷണങ്ങളുടെയുമൊക്കെ പരാജയത്തിന് ഒരു കാരണം തീർച്ചയായും മേൽ പറഞ്ഞ ശക്തിയുടെ പ്രാധാന്യം അവഗണിക്കുകയോ അതിനെ വില കുറച്ച് കാണുകയോ ഒക്കെ ചെയ്ത് ഒരു മാതൃകാ ഭരണക്രമം സ്വപ്നം കണ്ടതാണ്; സമവായത്തിന്റെതായ സമാധാനാന്തരീക്ഷം സൈന്യത്തെക്കാൾ ശക്തമാണ് എന്ന അബദ്ധ ധാരണയിൽ കുടുങ്ങിയതാണ്. അങ്ങനെയൊരു വിജയം സാധ്യമാണെന്ന് അവർ വ്യാമോഹിച്ചു പോയി.

ശക്തിയുടെ നിർവചനം എന്താണെന്ന് പരിശോധിച്ചാൽ സ്വാധീനിക്കാനുളള ശക്തിയിൽ ആണ് വലിയ ഊന്നൽ എന്ന് മനസ്സിലാകും. ശക്തിയുടെ ടൂളുകൾ വളരെ വിപുലമാണ്. രാഷ്ട്രീയ കർതൃത്വം എന്ത് ഉദ്ദേശിക്കുന്നുവോ അതിലേക്ക് മറ്റുള്ളവരെ സ്വാധീനിച്ച് കൊണ്ട് വരാൻ പറ്റുന്ന എന്തും അതിലേക്ക് കൂട്ടിച്ചേർക്കാം. ആ അർഥത്തിൽ പണം ശക്തിയാണ്. ഉദ്ദേശിക്കുന്ന ദിശയിലേക്ക് ആളുകളെ കൊണ്ട് വരാനുള്ള ശേഷി പണത്തിനുണ്ടല്ലോ. നവീന സാങ്കേതിക വിദ്യകളാൽ പരിശീലിപ്പിക്കപ്പെട്ട സൈന്യവും ശക്തി തന്നെയാണ്. കാര്യങ്ങൾ പൂർണ്ണമായോ ഭാഗികമായോ നിയന്ത്രിക്കാൻ അത്കൊണ്ട് സാധ്യമാവും. ശക്തിയുടെ ഒന്നുരണ്ട് രൂപങ്ങൾ എടുത്തു പറഞ്ഞു എന്നേയുള്ളൂ. ബോധ്യപ്പെടുത്തുക, പ്രലോഭിപ്പിക്കുക, നിർബന്ധിക്കുക / സമ്മർദ്ദത്തിലാക്കുക ഒക്കെ ചെയ്യുന്ന ശക്തിസ്വരൂപങ്ങൾ.

സ്വാധീനം ചെലുത്തുന്ന ശക്തി എന്നു പറയുമ്പോൾ അത് പരിമിതമായ അർഥത്തിൽ മനസ്സിലാക്കപ്പെടാൻ ഇടയുണ്ട്. അല്ലെങ്കിൽ എന്താണ് ഉദ്ദേശിക്കുന്നതെന്ന് കൃത്യമായി തിരിഞ്ഞ് കിട്ടി എന്നു വരില്ല. അതിനാൽ സ്വാധീനം എന്നതിന്റെ അർഥ പരിധി വികസിപ്പിക്കേണ്ടിവരും. സ്ഥിരമോ താൽക്കാലികമോ ആയ തകർച്ചയിൽ നിന്ന്, ആക്രമണങ്ങളിൽ നിന്ന്, മറ്റുളളവരുടെ വിധേയത്വത്തിൽ നിന്ന് സ്വത്വത്തെ / സ്വന്തത്തെ സംരക്ഷിക്കുക എന്നാണതിന്റെ വിശാല വിവക്ഷ. രാഷ്ട്രമാകട്ടെ, സമൂഹമാകട്ടെ അതിന്റെ രാഷ്ട്രീയ കർതൃത്വം നിലയുറപ്പിക്കേണ്ടത് ഒലിച്ച് പോക്കിൽ നിന്ന് അതിന് സംരക്ഷണം ഏർപ്പെടുത്തുക എന്നതിലാണ്. മറ്റുള്ളവരെ സ്വാധീനിക്കാനുള്ള ശേഷിയുണ്ടെങ്കിലേ ഇത് സാധ്യമാവൂ. ആ ശക്തി കാരണം നമ്മെ നിഷ്കാസനം ചെയ്യാമെന്നോ കടന്നാക്രമിക്കാമെന്നോ ഉള്ള പൂതി അവർക്ക് ഉണ്ടാകരുത്; ഇനി ഉണ്ടായാലും അതിനുളള കഴിവ് അവർക്ക് ഉണ്ടാകരുത്. പ്രതിയോഗികളെ തടയുക എന്നതും അവരുടെ താൽപ്പര്യങ്ങൾക്ക് പ്രഹരമേൽപ്പിക്കുക എന്നതും തന്നെയാണ് പ്രധാനം.

നിലനിൽപ് ഉറപ്പു വരുത്തുക എന്നത് ശക്തിയുടെ അടിസ്ഥാന ലക്ഷ്യമായി അംഗീകരിച്ചാൽ പൊതു താൽപ്പര്യങ്ങളുടെ വിശാല ഭൂമികയെ അതിലേക്ക് ചേർത്തു വെക്കാം. രാഷ്ട്രത്തിന്റെ ബാധ്യതകളും അതിൽ ഉൾപ്പെടും. സംരക്ഷണം നൽകലും ക്ഷേമം ഉറപ്പ് വരുത്തലും ആണല്ലോ അതിൽ പ്രധാനം. ആഭ്യന്തര- വൈദേശിക ഭീഷണികളിൽ നിന്നാണ് ജനതയെയും രാഷ്ട്രത്തെയും സംരക്ഷിക്കേണ്ടത്. ഭക്ഷണം, വീട്, വസ്ത്രം, ചികിത്സ തുടങ്ങിയവ പൗരൻമാർക്ക് ഉറപ്പ് വരുത്തിയാണ് അവരുടെ ഭൗതിക ക്ഷേമം ഉറപ്പ് വരുത്തേണ്ടത്. വിദ്യാഭ്യാസ സൗകര്യങ്ങൾ ഏർപ്പെടുത്തിയും അറിവിന്റെ വാതായനങ്ങൾ തുറന്നിട്ടും ധാർമിക, സദാചാര ബോധം വളർത്തിയും കലാ സാഹിത്യ സർഗ ശേഷികളെ പരിപോഷിപ്പിച്ചും അവരുടെ ആന്തരിക ശേഷിയും കരുത്തുറ്റതാക്കണം. ഇങ്ങനെ പൊതു താൽപര്യങ്ങളായി പരാവർത്തനം ചെയ്ത ശക്തി ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം മൂന്ന് തലങ്ങളിലാണ് കുടികൊള്ളുന്നത്. ഒന്ന്, അതിന്റെ ഭൗതിക നിലനിൽപ്പ് ഉറപ്പ് വരുത്തൽ. രണ്ട്, നിലവിലുള്ളതും വരുമെന്ന് പ്രതീക്ഷിക്കുന്നതുമായ ശത്രുക്കൾക്കെതിരെ സ്ട്രാറ്റജിക്ക് മേധാവിത്തം ഉണ്ടായിരിക്കൽ. മൂന്ന്, എല്ലാ പൗരൻമാർക്കും ഉയർന്ന തലത്തിൽ ക്ഷേമം കൈവരൽ. ഈ മൂന്ന് തലങ്ങളിൽ എത്ര അളവിൽ വിജയിക്കുന്നുവോ അത് വെച്ചാണ് ആ രാഷ്ട്രത്തിന്റെ ശക്തി അളക്കുക.

ഈ താൽപര്യങ്ങൾ സംരക്ഷിക്കണമെങ്കിൽ തീരുമാനങ്ങളെടുക്കാനും അവ നടപ്പാക്കാനുമുള്ള ശേഷി ഉണ്ടാവണം. സ്വാഭാവികമായി ഒരു ചോദ്യം ഉയരും. നമ്മളിപ്പറയുന്ന ശക്തി ഹാർഡ് പവർ ( ആയുധ ശക്തി) ആണോ, സോഫ്റ്റ് പവർ ആണോ, സാമ്പത്തിക ശക്തിയാണോ, ബൗദ്ധിക ശക്തിയാണോ, സംഘാടന – നിർവഹണ ശക്തിയാണോ, അതോ ഇതെല്ലാം ചേർന്നതോ? ഓരോ രാഷ്ട്രീയ സന്ദർഭവും അതിൽ നേടാൻ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങളും അനുസരിച്ച് നാം തേടുന്ന ശക്തി ഭിന്നമായിരിക്കും എന്നാണ് ഉത്തരം. ഒരു ജനാധിപത്യ ക്രമത്തിലെ രാഷ്ട്രീയ പാർട്ടിയും അരാജകത്വത്തിന്റെയോ അധിനിവേശത്തിന്റെയോ പിടിയിലമർന്ന രാജ്യത്തെ രാഷ്ട്രീയ പാർട്ടിയും തേടുന്നത് ഒരേ തരം ശക്തിയായിരിക്കില്ല. ഇങ്ങനെയൊക്കെയാണെങ്കിലും ഏതെങ്കിലും ഒരു ശക്തിയിലോ ചില ശക്തികളിലോ പരിമിതപ്പെടാൻ ആർക്കും കഴിയില്ല. പരസ്പരം ഇഴ ചേരുന്ന പലതരം ശക്തികൾ ആർജിക്കേണ്ടിവരും. രാഷ്ട്രത്തിന്റെ ഭൂമിശാസ്ത്ര കിടപ്പിൽ അന്തർഭവിച്ച പ്രകൃതി തന്ത്ര പ്രാധാന്യം, മനഷ്യവിഭവം, പ്രകൃതി വിഭവങ്ങൾ, കെട്ടുറപ്പുള സൈന്യം, ഭദ്രമായ സമ്പദ്ഘടന, ഉൽപ്പാദന ശേഷി, ആന്തരികമായ ഇഴയടുപ്പം, ആദർശനിഷ്ഠ, ജനപിന്തുണ, മാധ്യമ – പ്രത്യയ ശാസ്ത്ര സ്വാധീനം, ബന്ധങ്ങൾ, കരാറുകൾ, നിർവഹണം … ഈ ശക്തികളൊക്കെ ചേരുമ്പോൾ തന്നെയാണ് അത് യഥാർഥ ശക്തിയാവുന്നത്.

ഇവയെയൊക്കെ ശക്തികളായി പരിഗണിക്കുമ്പോഴും സൈനിക ശക്തിയെ നേരിടാൻ മറ്റു ശക്തികൾ മതിയാവും എന്ന് കരുതുന്നത് വ്യാമോഹത്തിന്റെ അങ്ങേയറ്റമാണ്. പോരാട്ടത്തിൽ മറ്റു ശക്തികളെയൊക്കെ അടിച്ചൊതുക്കാൻ സൈനിക ശക്തിക്ക് കഴിഞ്ഞെന്ന് വരും. അറബ് ഭരണകൂടങ്ങൾ ഇതിന് തെളിവാണല്ലോ. ഭരണാധികാരികൾക്ക് ബുദ്ധിയും വിവേകവും പറ്റെ കുറഞ്ഞു പോയാലും അവരുടെ സൈന്യം അതിജയിക്കുന്നതാണ് കാണുന്നത്. സാമ്പത്തികമായി ദുർബലമായിട്ടും പാശ്ചാത്യ ഉപരോധത്തെ ഇറാൻ ചെറുക്കുന്നത് മറ്റൊരു ഉദാഹരണമാണ്. ഒട്ടും ജനപിന്തുണയില്ലാഞ്ഞിട്ടും ലോകത്തിന്റെ പല ഭാഗങ്ങളിൽ ഏകാധിപത്യങ്ങൾ നിലനിൽക്കുന്നുണ്ടല്ലോ.

ശരിയാണ്, സൈനിക ശേഷിയുണ്ടായിട്ടും സാമ്പത്തിക ശേഷി നഷ്ടമാവുന്നത് ചില ഭരണകൂടങ്ങളുടെ തകർച്ചക്ക് കാരണമാകുന്നുണ്ട്. പക്ഷെ അത് അപൂർവമായേ സംഭവിക്കുന്നുള്ളൂ. ജനത്തിന്റെ അടിസ്ഥാനാവശ്യങ്ങളിലൊന്നും ഭരണകൂടത്തിന് നിർവഹിക്കാനാകാതെ വരുമ്പോൾ മാത്രം സംഭവിക്കുന്നത്. അല്ലെങ്കിൽ ഏത് വിഭാഗം ആളുകളാണോ ഭരണകൂടത്തെ താങ്ങിനിർത്തുന്നത് അവരെക്കൂടി സാമ്പത്തികമായി തകർക്കുന്ന വിധത്തിലേക്ക് കാര്യങ്ങളെത്തിയാൽ ഭരണത്തിന്റെ പിടി വിടും. അറബ് വസന്ത കാലത്ത് ചില ഭരണകൂടങ്ങൾ കടപുഴകിയത് അങ്ങനെയാണ്.

വിവ: അശ്റഫ് കീഴുപറമ്പ്
( ഫലസ്തീനി എഴുത്തുകാരനാണ് ലേഖകൻ. )

Related Articles