Current Date

Search
Close this search box.
Search
Close this search box.

ഇസ്ലാമിക കലാലയങ്ങളും ശാസ്ത്ര ബോധവും

ലോകത്ത് സിലബസ് പരിഷ്കരണങ്ങളിൽ കാലോചിതമായി മാറ്റം കൊണ്ടു വരുന്നുവെന്ന് അവകാശപ്പെടുന്നവരാണ് കേരളത്തിലെ ഇസ്ലാമിക കലാലയങ്ങൾ. ഇസ്ലാമിക അടിത്തറയിൽ നിന്നാണ് പാഠ്യപദ്ധതികൾ യഥാർത്ഥത്തിൽ തയ്യാറാക്കപ്പെടുന്നത്. ആ അർത്ഥത്തിൽ കേരളത്തിലെ കലാലയങ്ങളിലെ പാഠ്യപദ്ധതി ഏറെക്കുറെ അതി സമ്പന്നമാണ്. ചില വസ്തുതകളെ മുന്നിൽ വെച്ച് വിശകലനം ചെയ്യേണ്ടതാണ് ഇസ്ലാമിക കലാലയങ്ങളിലെ പാഠ്യപദ്ധതി. യൂറോപ്പിൻ്റെ ഇരുണ്ട യുഗത്തിൽ നിന്നുള്ള ഉയർത്തെഴുന്നേൽപ്പ് ഇസ്ലാമിക വിജ്ഞാനീയങ്ങളുടെ ചുവടുപിടിച്ചായിരുന്നു എന്നത് കൃത്യമായ വിശകലനമാണ്. ഇസ്ലാമിക ലോകത്തെ ശാസ്ത്ര കണ്ടെത്തലുകളാണ് യൂറോപ്പിൻ്റെ വൈജ്ഞാനിക മുന്നേറ്റത്തിൽ നിർണ്ണായക ചാലക ശക്തിയായി വർത്തിച്ചത്. എന്നാൽ യൂറോപ്പ് തിരിച്ചറിഞ്ഞ ‘ഇസ്ലാമിക പഠന’ശാഖയുടെ ശക്തി പലപ്പോഴായി നമ്മിൽ നിന്ന് കൈമോശം വന്ന് പോയിരിക്കുന്നു എന്ന സത്യത്തെ തിരിച്ചറിയാൻ ഇനിയും കേരളത്തിലെ ഇസ്ലാമിക കലാലയങ്ങൾ വൈകരുത്.

എല്ലാ വർഷവും പത്താം ക്ലാസും അതിന് മുകളിലും ശാസ്ത്ര വിഷയങ്ങളിൽ കഴിവുകളുള്ള വിദ്യാർത്ഥികൾ ഇന്ന് ഇസ്ലാമിക കലാലയങ്ങളിലേക്ക് കടന്നു വരുന്നുണ്ട്. ‘അറബി എടുത്താണോ പഠിച്ചത് ? എന്ന ചോദ്യം ചോദിച്ച് ഇൻ്റർവ്യൂ തുടങ്ങുമ്പോൾ, നമ്മൾ പഠിച്ച ശാസ്ത്ര വിഷയങ്ങളെല്ലാം ഇസ്ലാമിക വൈജ്ഞാനീയങ്ങളുടെ പരിധിയിൽ വരുന്നതാണെന്ന് പറയാൻ എന്ത് കൊണ്ട് അധ്യാപകർക്ക് കഴിയാതെ പോവുന്നു? ഭാഷ, സാഹിത്യം, തത്വജ്ഞാനം, നിയമം, ചരിത്രം, എന്നീ വിഷയങ്ങൾ ഇസ്ലാമിക് സ്റ്റഡീസിൻ്റെ ഭാഗമായി വരുമ്പോൾ തന്നെ കാലോചിതമായി വരേണ്ട മാറ്റങ്ങളെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിൽ കേരളത്തിലെ ഇസ്ലാമിക കലാലയങ്ങൾ ഏറെ പിന്നിലാണെന്നത് വസ്തുതയാണ്. ഏറെ പ്രതീക്ഷയോടും ആവേശത്തോടും സ്ഥാപനങ്ങളിലേക്ക് വരുന്ന വിദ്യാർത്ഥി / വിദ്യാർത്ഥിനികളെ ഒരേ ദിശയിൽ വളർത്തി എടുക്കുന്ന വിഷയത്തിൽ മാറ്റങ്ങൾ വന്നുവെങ്കിലും ശാസ്ത്രബോധമുള്ള മുസ്ലിം പണ്ഡിതന്മാരായി വിദ്യാർത്ഥികളെ മാറ്റുന്നതിൽ വീഴ്ച്ച സംഭവിച്ചിട്ടുണ്ട്. വർഷാ വർഷ അനുസ്മരണ സദസ്സുകളിൽ ഇസ്ലാമിക നാഗരികതയുടെ ഉയർച്ചയുടെ നല്ല കാലങ്ങളെ അനുസ്മരിച്ചും ഇബ്നു ഹൈഥം, ജസരി പോലുള്ള മുസ്ലിം ശാസ്ത്രജ്ഞരുടെ സംഭാവനകളെ അയവിറക്കിയും കേരളത്തിലെ ഇസ്ലാമിക കലാലയങ്ങൾ തുടർന്നു പോരുന്ന കേവല ‘ഓർമ്മ’ ദിവസങ്ങളല്ല ഇനി വേണ്ടത്.

ഖുർആൻ ശാസ്ത്ര ഗ്രന്ഥമല്ല, എന്നാൽ ഒരു സയൻസ് വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം മറ്റേതൊരു ഗ്രന്ഥത്തേക്കാളും മികച്ച ശാസ്ത്രീയ അറിവുകൾ അവന്/അവൾക്ക് ഖുർആനിലൂടെ ലഭിക്കും. പഴയ കാല മുസ്ലിം പണ്ഡിതന്മാരിൽ ഭൂരിപക്ഷവും ഏതെങ്കിലും ഒരു വിഷയത്തിൽ മാത്രം നിപുണരായവരല്ല. തത്വജ്ഞാനവും നിയമവും ഭാഷയും, ചരിത്രവും അറിയുന്നവർ ശാസ്ത്രജ്ഞൻ എന്ന തലത്തിൽ കൂടി വായിക്കപ്പെട്ടിരുന്നു. ഉദാഹരണമായി പാശ്ചാത്യർ റാസെസ് (Rhazes) എന്ന് വിളിക്കുന്ന അബൂ ബകർ മുഹമ്മദ് ബിൻ യഹയാ ബിൻ സകരിയ അൽ റാസിയുടെ സംഭാവന വൈദ്യശാസ്ത്രത്തിലായിരുന്നെങ്കിൽ സംഗീതഞ്ജൻ, രസതന്ത്രൻജഞൻ, ജ്യോതിശാസ്ത്രഞ്ജൻ, തത്വജ്ഞാനി എന്നീ നിലകളിൽ കൂടി ചരിത്രത്തിൽ വ്യക്തിയാണ് റാസി . വ്യത്യസ്ത മേഖലകളിലായി നൂറോളം ഗ്രന്ഥ ശേഖരങ്ങൾ അദ്ധേഹത്തിൻറേതായി ലോകത്ത് എഴുതപ്പെട്ടിട്ടുണ്ടെങ്കിലും വൈദ്യ ശാസ്ത്രത്തിലെ അദ്ധേഹത്തിൻറെ പ്രബന്ധങ്ങൾക്ക് വലിയ സ്വീകാര്യതയാണ് അക്കാലത്ത് ലഭിച്ചത്. ഇത്തരത്തിൽ നിരവധി ഉദാഹരണങ്ങളെ ചരിത്രത്തിൽ നമ്മുക്ക് കണ്ടെത്താം. അക്കാലത്തെ മുസ്ലിം പണ്ഡിതൻ ഭാഷാ പരിജ്ഞാനിയാണെങ്കിൽ കൂടിയും ശാസ്ത്രജ്ഞനായിട്ടാണ് ലോകത്ത് അറിയപ്പെട്ടത്. ലോകത്തെ പ്രധാന വൈദ്യശാസ്ത്ര സംഭാവനയായ The Canon of Medicine ഇബ്നു സീനയുടെ വൈജ്ഞാനീയ മേഖലകളും വ്യത്യസ്തമായിരുന്നു. പത്താമത്തെ വയസ്സിൽ ഖുർആൻ മനപ്പാഠമാക്കിയ ഇബ്നു സീന physics, metaphysics, Astronomy, Poetry, Chemistry, Philology തുടങ്ങിയ വിഷയങ്ങളിൽ അവഗാഹം നേടി. ഇത്രയും മേഖലകളിൽ പാണ്ഡിത്യം നേടിയിട്ടും വൈദ്യശാസ്ത്രത്തിലെ അദ്ദേഹത്തിൻ്റെ കണ്ടെത്തലുകളാണ് ലോകത്ത് അദ്ദേഹത്തെ സ്വീകാര്യനാക്കിയത്.

പഴയ കാല മദ്രസ വിദ്യാഭ്യാസത്തിൽ പോലും പ്രത്യേകം ശ്രദ്ധ കൊടുത്ത് വളർത്തി കൊണ്ട് വന്ന വൈദ്യശാസ്ത്രം ഇന്ന് ആധുനിക വൈജ്ഞാനീയങ്ങളെ ഗവേഷണാടിസ്ഥാനത്തിൽ സമീപിക്കുന്നുവെന്ന് പറയുന്ന എത്ര സ്ഥാപനങ്ങളിലെ ഇസ്ലാമിക പാഠ്യപദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്? സർജറിയുടെ പിതാവായ അബുൽ ഖാസിം അൽ-സഹറാവിയുടെയും (Abulcasis) അബൂബക്കർ യഹ് യാ അർറാസിയുടെയും വൈജ്ഞാനിക സംഭാവനകളെ എന്ത് കൊണ്ട് പുതിയ തലമുറകൾക്ക് അനുഭവിക്കാൻ അവസരം ലഭിക്കുന്നില്ല?

മേൽ പറഞ്ഞവരുടെ ജനന-മരണ ദിവസങ്ങളിൽ അവരുടെ മഹനീയ ശാസ്ത്ര സംഭാവനകളെ പാടി പുകഴ്ത്തി മറന്നു കളയുന്ന ഇസ് ലാമിക കലാലയങ്ങളുടെ ‘ബ്രഹത്’ പാഠ്യപദ്ധതികളിൽ എന്തേ ഇവരൊന്നും കടന്നു വരാത്തത്? പ്ലേഗും, കോളറയെയും പ്രതിരോധിക്കാൻ ഇസ്ലാമിക ലോകത്തെ മുസ്ലിം ശാസ്ത്രജ്ഞന്മാർ സ്വീകരിച്ച സമീപന രീതികളെ കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ പോലും വിശകലനങ്ങൾ നടത്തി പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ ഇസ്ലാമിക കലാലയങ്ങളിൽ നിന്ന് എന്ത് കൊണ്ട് ഉണ്ടാവുന്നില്ല? യൂറോപ്പ് പോലും പ്രഗത്ഭരായ മുസ്ലിം ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തലുകളെ പാഠ്യവിഷയമായി അവതരിപ്പിക്കപ്പെടുമ്പോൾ, എന്ത് കൊണ്ട് കേരളത്തിലെ ഇസ്ലാമിക കലാലയങ്ങളിൽ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങൾ പഠിപ്പിക്കപ്പെടുന്നില്ല? മുസ്ലിം സഞ്ചാരികളായ അൽ ബിറൂണിയെയും ഇബ്നു ബത്തൂത്തയെക്കുറിച്ച് സെമിനാറുകളും ശിൽപശാലകളും സംഘടിപ്പിക്കുന്ന കേരളത്തിലെ ഇസ്ലാമിക കലാലയങ്ങൾ എന്ത് കൊണ്ട് ഇവരുടെ സഞ്ചാര സാഹിത്യങ്ങളെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നില്ല? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളായിരിക്കണം വരും തലമുറയെങ്കിലും നമ്മുടെ പാഠ്യപദ്ധതികളിൽ നിന്ന് അനുഭവിക്കേണ്ടത്.

പ്രകൃതിക്ഷോഭങ്ങളിലും ഇസ്ലാമിക ലോകത്തെ സംഭാവനകളെ യൂറോപ്പ് വിലയിരുത്തിയത് ഈയടുത്ത് നടന്ന പഠനങ്ങളിൽ പ്രധാനപ്പെട്ടത്. സ്പെയിനിലെ അലികാൻ്റെ നഗരം പ്രളയത്തെ അതിജീവിച്ചതും മേൽപറഞ്ഞ സംഭാവനയുടെ ചെറിയ ഒരേട് മാത്രമാണ്. കാലാവസ്ഥ വ്യതിയാനവും പ്രകൃതി പഠനങ്ങളും പഴയകാല മുസ്ലിം ശാസ്ത്രജ്ഞന്മാരുടെ ഇസ് ലാമിക് സ്റ്റഡീസിലെ പ്രധാന വിഷയങ്ങളായിരുന്നു.
മനുഷ്യകുലത്തെ ഒന്നാകെ ബാധിച്ച മഹാമാരികളും, പ്രകൃതിക്ഷോഭങ്ങളും നേരിട്ട സന്ദർഭങ്ങളിലൊക്കെ തന്നെ ലോകം സ്തംഭിച്ചു നിന്നപ്പോൾ, അവക്കൊക്കെയും ഇസ്ലാമിക വൈജ്ഞാനീയങ്ങളിലൂന്നിയ ശാസ്ത്ര കണ്ടെത്തലുകളിലൂടെ ലോകത്ത് വ്യക്തമായ പരിഹാരം കണ്ടെത്തിയ നാടും നഗരവും മുസ്ലിം ശാസ്ത്രജ്ഞന്മാരും നമ്മുക്ക് മുമ്പിൽ ഇന്നും സ്ഥായിയായി നില നിൽക്കുന്നുണ്ട്.

ബാഗ്ദാദിലെ ബൈത്തുൽ ഹിക്മയും, മുസ്ലിം സ്പെയിനിലെ കൊർദോവയും ലക്ഷ്യമാക്കി നടപ്പിലാക്കിയ ശാസ്ത്ര സംഭാവനകൾ ഇസ് ലാമിക് സ്റ്റഡീസിലെ ചരിത്ര (history) ശാഖയിൽ വിദ്യാർത്ഥികൾ വായിക്കപ്പെടേണ്ട കേവല വിവരണങ്ങളല്ല, അതിനുമപ്പുറം ലാബും ലബോറട്ടറികളും ഉപയോഗപ്പെടുത്തി ഇന്ന് ലോകം നേരിടുന്ന വെല്ലുവിളികളെ നേരിടാനുള്ള പരിഹാരങ്ങൾ (remedy) കണ്ടെത്തേണ്ട ശാസ്ത്രീയ അടിസ്ഥാനങ്ങളാണ്.

അഞ്ചും ആറും വർഷത്തെ നീണ്ട കാലയളവിലേക്കായി ‘ബ്രഹത്’ എന്ന് വിശേഷിപ്പിക്കുന്ന സിലബസ് സംവിധാനങ്ങൾ ഒരുക്കുമ്പോൾ പോലും, മേൽ പറഞ്ഞ കണ്ടെത്തലുകളെപ്പോലെ ലോകമറിയുന്ന മുസ്ലിം ശാസ്ത്രജ്ഞരെ വളർത്തിയെടുക്കാനുള്ള ആലോചന പോലും നമ്മുടെ കലാലയങ്ങളിൽ പിറവി കൊള്ളുന്നില്ലെന്ന പരമാർത്ഥം ഇനിയെങ്കിലും സ്ഥാപന മേലാധികാരികൾ അംഗീകരിച്ചേ മതിയാവൂ…

ഇന്ന് ശാസ്ത്ര വിഷയങ്ങളും ഇസ്ലാമിക് സ്റ്റഡീസും രണ്ട് തട്ടുകളിലായി മാറ്റി നിർത്തി വായിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് വസ്തുതയാണ്. ശാസ്ത്ര ബോധത്തോടെ ഇസ്ലാമിക പഠനശാഖയെ സമീപിക്കാൻ കലാലയങ്ങൾക്ക് കഴിയേണ്ടത് അത്യാവശ്യമാണ്. പുതിയ കാലത്ത് ഗവേഷണങ്ങൾ നടക്കേണ്ടതും ശാസ്ത്ര ബോധമുള്ള ഇസ്ലാമിക പണ്ഡിതന്മാരെ വാർത്തെടുക്കേണ്ട പാഠ്യപദ്ധതികൾ ഉയർന്നു വരേണ്ടതും നമ്മുടെ കലാലയങ്ങളിൽ നിന്ന് തന്നെയാണ്…

Related Articles