Current Date

Search
Close this search box.
Search
Close this search box.

‘താടി വളര്‍ത്തുന്നത് ഒരു കുറ്റമാണോ’ ? മാനസിക രോഗി എങ്ങിനെയാണ് സുരക്ഷസേനയില്‍ അംഗമാവുക ?

സയ്യിദ് സൈഫുദ്ദീന്റെ മരണത്തെത്തുടര്‍ന്ന കടുത്ത മനോവേദനയിലാണ് ഹൈദരാബാദിലെ എ.സി ഗാര്‍ഡ്സ് പ്രദേശത്തെ ബാറ്ററി ലെയ്നിലെ നിവാസികള്‍. വിദ്വേഷ കുറ്റകൃത്യം എന്നാണ് അവര്‍ ഇതിനെ വിളിക്കുന്നത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ പാല്‍ഘര്‍ റെയില്‍വേ സ്റ്റേഷന് സമീപം ജയ്പൂര്‍-മുംബൈ സെന്‍ട്രല്‍ എക്സ്പ്രസ് ട്രെയിനില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍.പി.എഫ്) കോണ്‍സ്റ്റബിള്‍ ചേതന്‍ സിംഗ് ചൗധരി കൊലപ്പെടുത്തിയ നാല് പേരില്‍ ഒരാളാണ് സയ്യിദ് സൈഫുദ്ദീന്‍.

ജൂലൈ 31ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് ചൗധരി തന്റെ മേലുദ്യോഗസ്ഥനും അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറുമായ ടിക്കാറാം മീണയടക്കമുള്ളവര്‍ക്കെതിരെ ഓട്ടോമാറ്റിക് റൈഫിളില്‍ നിന്ന് നാല് റൗണ്ട് വെടിയുതിര്‍ത്തത്. രാവിലെ വളരെ നേരത്തെയുള്ള ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കാന്‍ ഉദ്യോഗസ്ഥന്‍ വിസമ്മതിച്ചതാണ് കോണ്‍സ്റ്റബിളിനെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് ആക്രമി വിവിധ കോച്ചുകളിലൂടെ കടന്നുപോകുകയും അതില്‍ നിന്നും മുസ്ലീംകളെ തെരഞ്ഞുപിടിച്ച് കൊല്ലുകയുമായിരുന്നു.

ട്രെയിനില്‍ കയറിയ ശേഷം ബന്ധുവായ സയ്യിദ് താജുദ്ദീനുമായി സൈഫുദ്ദീന്‍ സംസാരിച്ചിരുന്നു. ‘ഞങ്ങളുടെ കടയുടമക്കും മറ്റൊരു തൊഴിലാളിയായ ജാഫറിനുമൊപ്പം അജ്മീറില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയിലായിരുന്നു അവര്‍. അജ്മീര്‍ ദര്‍ഗ ഷരീഫ് സന്ദര്‍ശിക്കാന്‍ ജൂലൈ 25നാണ് ഹൈദരാബാദില്‍ നിന്ന് അവര്‍ അജ്മീറിലേക്ക് പോയത്’. അവന്‍ കടയിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു’ കണ്ണീരോടെ താജുദ്ദീന്‍ പറഞ്ഞു. സെയ്ഫുദ്ദീനും താജുദ്ദീനും ഹൈദരാബാദിലെ കോട്ടിയില്‍ ഗുജറാത്തി ഗല്ലിയിലെ മൊബൈല്‍ കടയില്‍ ജോലി ചെയ്യുകയായിരുന്നു.

കുടുംബത്തിലെ ഏക അന്നദാതാവ്

അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ വളരെ പ്രയാസമായിരുന്ന കാഴ്ചകളായിരുന്നു ഹൈദരാബാദിലെ ബാറ്ററി ലെയ്‌നിലുള്ള സെയ്ഫുദ്ദീന്റെ വസതിയില്‍ കാണാന്‍ കഴിഞ്ഞത്. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് ഞങ്ങള്‍ ആദ്യം ഭാര്യയോട് (അഞ്ജുമിനോട്) പറഞ്ഞിരുന്നില്ല. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ആളുകള്‍ അവിടെ കൂടാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക് പറയുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. ‘സെയ്ഫുദ്ദീന്റെ മരണവാര്‍ത്ത അറിഞ്ഞത് മുതല്‍ അവള്‍ കരയുകയാണ്,’ താജുദ്ദീന്‍ പറഞ്ഞു.

സെയ്ഫുദ്ദീന്‍ പത്ത് വര്‍ഷത്തിലധികമായി ഇവിടെ മൊബൈല്‍ ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. കര്‍ണാടകയിലെ ബിദര്‍ ജില്ലയിലെ ഹമിലാപൂര്‍ ഗ്രാമവാസിയായ അദ്ദേഹത്തിന് മൂന്ന് പെണ്‍മക്കളുണ്ട്, അതില്‍ ഇളയവള്‍ക്ക് ആറ് മാസം മാത്രമാണ് പ്രായം. ചൊവ്വാഴ്ച വൈകുന്നേരത്തോടെ സഹോദരന്‍ സയ്യിദ് യൂനുസ് മൃതദേഹം കൊണ്ടുവരാന്‍ മുംബൈയിലേക്ക് പോയിട്ടുണ്ട്. എ.ഐ.എം.ഐ.എമ്മിന്റെ നാമ്പള്ളി എം.എല്‍.എ ജാഫര്‍ ഹുസൈന്‍ മെറാജ് കുടുംബത്തിന് സഹായവുമായി രംഗത്തുവന്നിട്ടുണ്ട്.

വര്‍ഗീയ ആക്രമണമോ?

സംഭവത്തെ ക്രൂരമായ പ്രവൃത്തിയെന്നാണ് താജുദ്ദീന്‍ വിശേഷിപ്പിച്ചത്. ”അവന്‍ മുസ്ലീമായതുകൊണ്ടാണ് അവര്‍ അവനെ കൊന്നത്. തനിക്ക് നേരെ വെടിയുതിര്‍ക്കുന്നതിന് മുമ്പ് കോണ്‍സ്റ്റബിള്‍ ആദ്യം തന്റെ പേര് ചോദിച്ചതായി ഞങ്ങളുടെ കടയുടമ പറഞ്ഞിട്ടുണ്ട്. സൈഫുദ്ദീന്റെ ഐഡന്റിറ്റിയും താടി നീട്ടിയതുമാണ് അയാളെ ചൊടിപ്പിച്ചത്. നീണ്ട താടി വയ്ക്കുന്നത് കുറ്റമാണോ’ അദ്ദേഹം ചോദിച്ചു.

അസ്ഗര്‍ അബ്ബാസ് അലി (48), അബ്ദുള്‍ ഖാദര്‍ മുഹമ്മദ് ഹുസൈന്‍ ഭാന്‍പൂര്‍വാല (64) എന്നിവരെയും കോണ്‍സ്റ്റബിള്‍ ചൗധരി വെടിവച്ചു കൊന്നിരുന്നു. സംഭവത്തിന് ശേഷം, വെടിവെച്ച് കൊലപ്പെടുത്തിയ ഒരാളുടെ അരികില്‍ ചൗധരി നില്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘മുസ്ലിംകള്‍ അവരുടെ പാകിസ്താനില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കള്‍ വഴിയാണ് പ്രവര്‍ത്തിക്കുന്നത്’ എന്ന് ആക്രമി അവ്യക്തമായി സംസാരിക്കുന്നുണ്ടായിരുന്നു.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ സാമുദായിക സൗഹാര്‍ദം വളര്‍ത്തുന്നതിന് പകരം ശത്രുത വളര്‍ത്തുകയാണെന്ന് താജുദ്ദീന്‍ ആരോപിച്ചു. എന്താണ് ഇവിടെ സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിനെ മറ്റൊരു കൊലപാതക കേസായാണ് കണക്കാക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദം വളര്‍ത്തിയെടുക്കുന്നതില്‍ സര്‍ക്കാരിന് നിര്‍ണായക പങ്കുണ്ട്. പക്ഷേ, അത് ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയാണ് ചെയ്യുന്നത്. ഇത്തരം സംഭവങ്ങളില്‍ നിരപരാധികള്‍ മരിക്കുന്നു’.

‘പൊലീസ് ജനങ്ങളുടെ സംരക്ഷണത്തിനുള്ളതാണ്’

‘ഈ സംഭവത്തിന് ശേഷം ഒരു സാധാരണക്കാരന്‍ പോലീസുകാരെ എങ്ങനെ വിശ്വസിക്കും’ ബന്ധുവായ ഫൈസുദ്ദീന്‍ ആശങ്ക പ്രകടിപ്പിച്ചു.
‘ട്രെയിനിലെ യാത്രക്കാരുടെ സുരക്ഷക്കായി ജോലിയിലുള്ള പൊലിസുകാരന്‍ തന്നെ ആളുകളെ കൊന്നു. ഇവിടെ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ കാണുന്നുണ്ടോ? അത് സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുകയെന്നും അദ്ദേഹം ചോദിച്ചു.

പ്രതിയായ കോണ്‍സ്റ്റബിള്‍ പെട്ടെന്ന് പ്രകോപിതനാകുന്ന സ്വഭാവമുള്ള വ്യക്തിയാണെന്നും അദ്ദേഹത്തിന് മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉള്ളയാളാണെന്നുമാണ് വെസ്റ്റേണ്‍ റെയില്‍വേ അധികൃതര്‍ സംഭവം നടന്നതിന് തൊട്ടുപിന്നാലെ പറഞ്ഞത്.

എന്നാല്‍, ചൗധരിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന അധികൃതരുടെ വാദം സെയ്ഫുദ്ദീന്റെ ബന്ധുക്കളും മറ്റുള്ളവരും നിഷേധിച്ചു.
‘അദ്ദേഹത്തിന് മാനസിക അസ്വാസ്ഥ്യമുണ്ടെങ്കില്‍, അയാള്‍ എങ്ങനെയാണ് ഹിന്ദുവിനെയും മുസ്ലീമിനെയും തമ്മില്‍ വേര്‍തിരിക്കുന്നത്? തന്റെ മേലുദ്യോഗസ്ഥനെപ്പോലും അയാള്‍ കൃത്യമായി മനസ്സിലാക്കി കൊന്നു. മാനസിക വെല്ലുവിളിയോ അനാരോഗ്യമോ ഉള്ള ആളാണെങ്കില്‍ എന്തിനാണ് അദ്ദേഹത്തെ സുരക്ഷസേനയില്‍ തുടരാന്‍ അനുവദിച്ചത്.

കുടുംബത്തിനുള്ള നഷ്ടപരിഹാരം

”ഇത് ഒട്ടും ശരിയല്ല. തികച്ചും ഭീകരാക്രമണമാണിത്. എന്താണ് ഈ സബ്കാ സാത്ത്, സബ്കാ വികാസ്? ഇതാണോ സര്‍ക്കാരിന്റെ വികസനം’
സൈഫുദ്ദീന്റെ അമ്മാവന്‍ വാജിദ് പാഷ ചോദിച്ചു.

സെയ്ഫുദ്ദീന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍, എത്ര പണം നല്‍കിയാലും അവരുടെ നഷ്ടം കണക്കാക്കാനാവില്ലെന്ന് താജുദ്ദീന്‍ പറഞ്ഞു. സെയ്ഫുദ്ദീന്റെ മകളുടെ പഠനത്തിന് സര്‍ക്കാര്‍ സഹായിക്കണം. ഒപ്പം അയാളുടെ ഭാര്യക്ക് ജോലിയും നല്‍കണം- താജുദ്ദീന്‍ അഭിപ്രായപ്പെട്ടു.

കേന്ദ്രസര്‍ക്കാര്‍ അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പാഷ ആവശ്യപ്പെട്ടു. ”സൈഫുദ്ദീന്‍ അവശേഷിപ്പിച്ച ശൂന്യത നികത്താന്‍ ഇതുകൊണ്ടൊന്നും കഴിയില്ല. എന്നാല്‍ അത് ഈ പാവപ്പെട്ട കുടുംബത്തെ സ്വയം പുനരധിവസിപ്പിക്കാന്‍ സഹായിക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിക്ക് കടുത്ത ശിക്ഷ നല്‍കണമെന്നാണ് സെയ്ഫുദ്ദീന്റെ ബന്ധുക്കളുടെ ആവശ്യം. ‘ഞങ്ങള്‍ ജുഡീഷ്യറിയില്‍ നിന്ന് നീതിയാണ് ആവശ്യപ്പെടുന്നതെന്നും’ താജുദ്ദീന്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ഗവണ്‍മെന്റ് റെയില്‍വേ പോലീസ് (ജി.ആര്‍.പി) ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 302 (കൊലപാതകം) പ്രകാരം കോണ്‍സ്റ്റബിളിനെതിരെ കേസെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച, ബോറിവലി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തെ ഓഗസ്റ്റ് 7 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

ഭീകരാക്രമണം

ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം) പ്രസിഡന്റും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീന്‍ ഒവൈസി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനോട് സൈഫുദ്ദീന്റെ കുടുംബത്തിന് സഹായം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
സംഭവത്തെ ഭീകരപ്രവര്‍ത്തനമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ മറ്റ് പലരും ഇതിനെ ‘ഭീകരാക്രമണം’ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

എന്നാല്‍, ജയ്പൂര്‍ റെയില്‍വേ വെടിവയ്പ്പ് സംഭവത്തെ മുസ്ലീങ്ങള്‍ക്കെതിരായ ഭീകരാക്രമണമെന്ന് വിളിച്ച ഉവൈസിയുടെ ട്വീറ്റ് എക്‌സ് ട്വിറ്റര്‍ തടഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ട്വീറ്റ് ബ്ലോക്ക് ചെയ്തതെന്നും അദ്ദേഹം പിന്നീട് അറിയിച്ചു.

”ഇത് മുസ്ലീങ്ങളെ പ്രത്യേകമായി ലക്ഷ്യം വച്ചുള്ള ഭീകരാക്രമണമാണ്. തുടര്‍ച്ചയായ മുസ്ലീം വിരുദ്ധ വിദ്വേഷ പ്രസംഗത്തിന്റെയും അത് അവസാനിപ്പിക്കാന്‍ മനസ്സ് കാണിക്കാത്ത നരേന്ദ്ര മോദിയുടെ മനസ്സില്ലായ്മയുടെയും ഫലമാണിത്. ആരോപണവിധേയനായ ആര്‍.പി.എഫ് ജവാന്‍ ഭാവിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമോ? അദ്ദേഹത്തിന്റെ ജാമ്യത്തെ സര്‍ക്കാര്‍ പിന്തുണയ്ക്കുമോ? പുറത്തിറങ്ങിയാല്‍ മാലയിട്ട് സ്വീകരിക്കുമോ? തെറ്റാണ് ചെയ്തതെന്ന് കണ്ടെത്തിയതില്‍ സന്തോഷമുണ്ട്. ‘

2000ലെ ഐ.ടി ആക്ട് ലംഘിച്ചതിനാല്‍ ട്വീറ്റ് തടഞ്ഞുവയ്ക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റില്‍ നിന്ന് നിയമപരമായ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഒവൈസിക്ക് ട്വിറ്ററില്‍ നിന്ന് ലഭിച്ച നിര്‍ദേശം. എന്നാല്‍, ഇതിനെ വിമര്‍ശിച്ച് ഒവൈസി വീണ്ടും സോഷ്യല്‍ മീഡിയയില്‍ തന്റെ വിയോജിപ്പ് രേഖപ്പെടുത്തി. ‘ജയ്പൂര്‍ ആക്രമണത്തെക്കുറിച്ചുള്ള എന്റെ ട്വീറ്റ് ഇന്ത്യാ ഗവണ്‍മെന്റിന്റെ അഭ്യര്‍ത്ഥന പ്രകാരം തടഞ്ഞുവച്ചു. എന്ത് നിയമമാണ് അത് ലംഘിച്ചത്? ഭീകരാക്രമണത്തെ ഭീകരാക്രമണമെന്ന് വിളിക്കുന്നത് കുറ്റമാണോ? മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ മോദി സര്‍ക്കാര്‍ ഈ മുന്‍കരുതല്‍ സ്വീകരിച്ചിരുന്നെങ്കില്‍ എന്ന് ആശംസിക്കുന്നു.

 

Related Articles