Current Date

Search
Close this search box.
Search
Close this search box.

“ഗസ്’വതുൽ ഹിന്ദ്’ എങ്ങനെയാണ് വിശദീകരിക്കുക?

ഈ വിഷയത്തിൽ വന്നിട്ടുള്ള ഹദീസുകളിലെ “ഗസ്’വതുൽ ഹിന്ദ്’, ‘ഇസ്വാബതുൻ തഗ്സൂ അൽഹിന്ദ’, യഗ്സൂ ഖൗമുൻ മിൻ ഉമ്മതീ അൽഹിന്ദ’എന്നിങ്ങനെയുള്ള പ്രയോഗങ്ങളെയാണ് നിലവിലെ ഇന്ത്യാരാജ്യത്തിനെതിരും രാജ്യദ്രോഹപരവുമാണതെന്ന വണ്ണം ദുരുപയോഗം ചെയ്യുകയും ദുർവ്യാഖ്യാനിക്കുകയും ചെയ്യാറുള്ളത്. അൽഹിന്ദ് യുദ്ധം, അൽഹിന്ദ് കീഴടക്കുന്ന ഒരു വിഭാഗം, എന്റെ സമുദായത്തിൽനിന്ന് ഒരു വിഭാഗം അൽഹിന്ദിനോട് യുദ്ധം ചെയ്യും എന്നൊക്കെയാണ് അവയുടെ അർഥം. ഇതിന് മുഹമ്മദ് നബി(സ) ഒരു വിശദീകരണം നൽകിയിട്ടില്ലെന്നിരിക്കെ, ഇവിടെ ഉദ്ദേശിക്കപ്പെട്ട രാജ്യം ഇന്നത്തെ നമ്മുടെ ഇന്ത്യയുൾപ്പെടുന്ന ഭൂപ്രദേശമാണെന്ന് എങ്ങനെ ഉറപ്പിച്ച് പറയും? പഴയ ബസ്വറയെ അറബികൾ അൽഹിന്ദ് എന്നാണ് വിളിച്ചിരുന്നതെന്നിരിക്കെ വിശേഷിച്ചും?! അതുപോലെ, “അസ്സിൻദു വൽ ഹിന്ദ്’ എന്നൊരു പ്രയോഗം മധ്യകാല അറബികൾക്കിടയിലുണ്ടായിരുന്നു താനും. ഇന്നത്തെ ചൈനയുടെ ഭാഗമായ ടിബറ്റിൽനിന്നും ഉൽഭവിച്ച് പാക്കിസ്താനിലൂടെ ഒഴുകി കറാച്ചിയിൽ അവസാനിക്കുന്ന 3180 കിലോമീറ്റർ ദൈർഘ്യമുള്ള ലോകത്തിലെത്തന്നെ ഏറ്റവും വലിയ നദികളിലൊന്നായ സിന്ധു നദിയുടെ ചുറ്റുമുള്ള പ്രദേശങ്ങളെയാണ് പഴയ കാലത്ത് അറബികൾ “അസ്സിന്ധു വൽഹിന്ദ്’ എന്ന് വിളിച്ചിരുന്നത്. അഥവാ ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു പുറമെ, ഇന്നത്തെ മലേഷ്യയുടെയും ഇന്തോനേഷ്യയുടെയും വരെ ഭാഗങ്ങൾ ഉൾക്കൊണ്ടിരുന്ന, ലോകത്തിന്റെ കിഴക്കേയറ്റത്ത് വ്യാപിച്ചുകിടന്നിരുന്ന ഒരു അമൂർത്ത സങ്കൽപമായിരുന്ന വിശാല ഭൂപ്രദേശം. ജസീറത്തുൽഅറബിനു കിഴക്കും വടക്കുകിഴക്കും ഉള്ള, അതായത് ഖുറാസാൻ, ചൈന അതിരുകൾ വരെ നീണ്ടുകിടക്കുന്ന പ്രദേശങ്ങൾ മൊത്തത്തിൽ. ഇന്നത്തെ ദേശരാഷ്ട്രങ്ങൾ വെച്ചുപറഞ്ഞാൽ, ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും അഫ്ഗാനിസ്ഥാന്റെയും മലേഷ്യയുടെയും ഇന്തോനേഷ്യയുടെയും ചൈനയുടെയുമൊക്കെ ഭാഗങ്ങൾ ഉൾകൊള്ളുന്ന വിശാലമായ ഭൂപ്രദേശമാണ് മധ്യകാല അറബിയിലെ അൽഹിന്ദ്.

ശ്രദ്ധേയമായ മറ്റൊരു കാര്യം, ഇന്ത്യയുടെ അന്നത്തെ ഭൂമിശാസ്ത്ര ഘടന പ്രകാരമായാലും പൗരാണിക അറേബ്യൻ മുസ്ലിംകളുടെ സാങ്കേതിക ഭാഷ പ്രകാരമായാലും, ഹദീസിൽ വന്നിട്ടുള്ള ‘അൽഹിന്ദു’കൊണ്ടുള്ള ഉദ്ദേശ്യം ബസ്വറയാകാനുള്ള സാധ്യതയുണ്ട് എന്നതാണ്. എന്തെന്നാൽ, പ്രവാചക കാലഘട്ടത്തിൽ പേർഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന, ഇന്നത്തെ ഇറാഖിലെ പ്രസിദ്ധ പട്ടണമായ ബസ്വറ പൂർവ കാലങ്ങളിൽ അൽഹിന്ദ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ക്രിസ്താബ്ദം 638 ൽ ഖലീഫ ഉമറിന്റെ കാലഘട്ടത്തിൽ മുസ്ലിംകൾ വിജയിച്ചടക്കുന്നതുവരെ ബസ്വറയുൾക്കൊള്ളുന്ന ഇറാഖ് പേർഷ്യൻ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു. അറേബ്യയിൽനിന്നും കരമാർഗം ഇന്ത്യയിലേക്കുള്ള പാതയിലാണ് ബസ്വറ നിലകൊള്ളുന്നത് എന്നതുകൊണ്ട്, ഇന്ത്യയുടെ ദിക്കിലുള്ള നാട് എന്ന അർഥത്തിലായിരുന്നുവത്രെ ബസ്വറയെ ‘അൽഹിന്ദ്’ (ഇന്ത്യ) എന്ന് വിളിച്ചിരുന്നത്. (മജ്മൂഉ റസാഇലു ഇബ്നു റജബ്: 3: 205)

അൽഹിന്ദുകൊണ്ടുള്ള ഉദ്ദേശ്യം ബസ്വറയാണെന്ന് വ്യക്തമാക്കുന്ന, പ്രവാചകാനുചരൻ ഖാലിദിബ്നു വലീദ്(റ) പറഞ്ഞതായി മുസ്നദു അഹ്മദ്, മുഅ്ജമുൽ കബീർ, താരീഖു ദിമശ്ഖ് തുടങ്ങി നിരവധി കൃതികളിൽ ഉദ്ധരിക്കപ്പെട്ടുവന്നിട്ടുള്ള ഒരു സംഭവം ഇങ്ങനെ വായിക്കാം: “ശാം അതിന്റെ സമൃതി ഇട്ടു തന്നതിന് ശേഷം വിശ്വാസികളുടെ നേതാവ്, ഉമറുബ്നുൽ ഖത്താബ് എനിക്ക് കത്തെഴുതി. എന്നോട് അൽഹിന്ദിലേക്ക് നീങ്ങാൻ നിർദേശിച്ചു. -അൽഹിന്ദ് എന്നാൽ അന്ന് ഞങ്ങളുടെ മനസ്സിൽ ബസ്വറയാണ്(വൽഹിന്ദു ഫീ അൻഫുസിനാ യൗമഅിദിൻ ബസറ) എനിക്കാകട്ടെ അൽഹിന്ദിലേക്ക് പോകാൻ വൈമനസ്യമുണ്ടായിരുന്നു താനും…”

ആദ്യകാല ഇസ്ലാമിക സൈനിക മുന്നേറ്റങ്ങൾ “ഹിന്ദ്’ പ്രവിശ്യകളിലെത്തിയ, നൂറ്റാണ്ടുകൾക്ക് മുമ്പ് കഴിഞ്ഞുപോയ സംഭവങ്ങളിലേക്കാണ് നാം ചർച്ച ചെയ്യുന്ന ഹദീസ് വെളിച്ചം വീശുന്നത് എന്നാണ് അബൂ മഅ്ശർ അൽമദനി എന്ന നജീഹുസ്സിന്ദി (ഹി. 80 – 170) മുതൽ ഇമാം ഇബ്നുകസീർ (ഹി. 700 774) ഉൾപ്പെടെ പ്രമുഖരായ പല ചരിത്രകാരന്മാരുടെയും പക്ഷം. ജസീറത്തുൽ അറബിന് കിഴക്കും വടക്കുകിഴക്കും ഉള്ള, ഖുറാസാൻറെയും ചൈനയുടെയും അതിരുകൾവരെയുള്ള പ്രദേശങ്ങളെ മൊത്തത്തിൽ ഉദ്ദേശിച്ചുകൊണ്ടാണ് അൽഹിന്ദ് എന്ന് പറയുന്നതെങ്കിൽ, പ്രവിശാലമായ ആ രാജ്യങ്ങളുടെ വിവിധ ഭാഗങ്ങളിലേക്ക് ഖലീഫമാരുടെ കാലം മുതലേ ചെറിയ രൂപത്തിൽ ഇസ്ലാമിക സൈന്യം പ്രവേശിച്ചുതുടങ്ങിയിരുന്നു. ഉമറി(റ)ന്റെ ഭരണകാലത്ത് ഹി. പതിനഞ്ചാം വർഷം, ബഹ്റൈനിലെ ഗവർണറായിരുന്ന ഉസ്മാനുബ്നു അബിൽ ആസ്വ് ഖലീഫയുടെ അനുമതിയില്ലാതെത്തന്നെ തന്റെ മക്കളായ ഉസ്മാൻ, ഹകം, മുഗീറത്ത് എന്നിവരുടെ നേതൃത്വത്തിൽ സിന്ധിലേക്ക് ഒരു നാവിക സേനയെ അയക്കുകയുണ്ടായി. അലി(റ)യുടെ കാലത്ത് ഹാരിസ്ബ്നു മുർറയുടെ നേതൃത്വത്തിൽ ഖലീഫയുടെ സമ്മതപ്രകാരം തന്നെ സ്വയം സന്നദ്ധരായ ഒരു വിഭാഗം സിന്ധിലേക്ക് നീങ്ങുകയുണ്ടായി.

മുആവിയ(റ)യുടെ കാലത്ത് മുഹല്ലബ് ബ്നു അബൂ സുഫ്റയുടെ നേതൃത്വത്തിൽ നീങ്ങിയ സൈന്യം ശക്തമായ പോരാട്ടങ്ങൾക്കൊടുവിൽ ഖണ്ഡഹാർ ജയിച്ചടക്കി. എന്നാൽ വലീദ് ബ്നു അബ്ദിൽ മലികിന്റെ കാലത്ത്, ഹജ്ജാജ് ബ്നു യൂസുഫ് ഇറാഖ് ഗവർണറായിരിക്കെ ഹി. 93 ലായിരുന്നു മുഹമ്മദ് ബ്നു ഖാസിമിന്റെ നേതൃത്വത്തിൽ ഇന്നത്തെ ഇന്ത്യയിലെ ചില പ്രദേശങ്ങൾ ഉൾപ്പെടെയുള്ള- സിന്ധ് കീഴടക്കലുണ്ടായത്. മക്റാൻ, സിന്ധ്, മുൽത്താൻ എന്നിവയുൾപ്പെട്ട ഇന്ത്യാ-പാക് ഉപഭൂഖണ്ഡത്തിൽ പ്രസ്താവ്യമായ രൂപത്തിൽ ഇസ്ലാം കടന്നുവരുന്നത് അങ്ങനെയാണ്. ഇത്തരം സംഭവങ്ങളോടൊപ്പം, പിൽകാലത്ത് അഫ്ഗാനിലെ ഗസ്നി ഭരിച്ചിരുന്ന മഹ്മൂദ് രാജാവ് 1025ൽ ഗുജറാത്തിലേക്ക് നടത്തിയ പ്രസിദ്ധമായ പടയോട്ടത്തെയും പ്രകൃത ഹദീസിൻറെ വിശദീകരണമെന്നോണം ‘അൽ ഇഖ്ബാറു അൻ ഗസ്’വതിൽ ഹിന്ദ്’ (അൽഹിന്ദ് യുദ്ധത്തെ സംബന്ധിച്ച വൃത്താന്തങ്ങൾ) എന്ന തലക്കെട്ടിനുകീഴിൽ ഇമാം ഇബ്നു കസീർ എടുത്തുപറയുന്നുണ്ട്. (അൽബിദായ വന്നിഹായ: 6/223).

ഇൗ അഭിപ്രായമോ, അൽഹിന്ദുകൊണ്ടുള്ള ഉദ്ദേശ്യം ബസ്വറയാണെന്ന വീക്ഷണമോ സ്വീകരിക്കുകയാണെങ്കിൽ, “ഗസ്വതുൽഹിന്ദി’നെക്കുറിച്ചും അതിന്റെ പുണ്യത്തെക്കുറിച്ചുമുള്ള മുഹമ്മദ് നബി(സ)യുടെ പ്രവചനം നൂറ്റാണ്ടുകൾക്ക് മുമ്പേ നടന്നുകഴിഞ്ഞിട്ടുണ്ടെന്നാണ് വരിക. മാത്രമല്ല, ഇന്ത്യയെന്ന പേരിൽ 32,87,263 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള, കൃത്യമായ അതിർവരമ്പുകളോടുകൂടിയ ഒരു ദേശ രാഷ്ട്രം പ്രവാചക കാലത്ത് ഉണ്ടായിരുന്നുമില്ല. അതിനാൽ അഭിനവ ഇന്ത്യയുമായി ബന്ധപ്പെട്ടതോ അവിടത്തെ മുസ്ലിംകളെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നതോ ആയ കാര്യങ്ങളല്ല ഹദീസിൻറെ പ്രതിപാദ്യം എന്നും വന്നുപെടും. അങ്ങനെവരുമ്പോൾ, പതിമൂന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് പുലർന്നു കഴിഞ്ഞ ഒരു പ്രവാചക പ്രവചനത്തെ -അതും ഇന്നത്തെ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും മറ്റും ഉൾകൊള്ളുന്ന വിശാലമായ പ്രദേശം, അതല്ലെങ്കിൽ ബസ്വറ കീഴടക്കുമെന്ന പരാമർശത്തെ- പ്രതിയാണ് സംഘ് പരിവാറും നാസ്തികരും ക്രിസ്ത്യാനികളിലെ ഒരു വിഭാഗവും ഇന്ത്യാ രാജ്യത്ത് വർഗീയത ഇളക്കിവിടാൻ ശ്രമിക്കുന്നത് എന്ന് മനസ്സിലാക്കാം.

ഈ ഹദീസ് മൊത്തത്തിൽ ലോകാവസാനവുമായി ബന്ധപ്പെട്ട് സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് പറയുന്നതാണ് എന്നാണ് മറ്റൊരു വ്യാഖ്യാനം. ഇങ്ങനെ വ്യാഖ്യാനിക്കുന്നവർ ഹദീസിൽ പറഞ്ഞ രണ്ട് കാര്യങ്ങളും അൽഹിന്ദിനോടുള്ള യുദ്ധവും, ഇൗസാ(അ) പുനരാഗമനം ചെയ്യുമ്പോൾ അദ്ദേഹത്തോടൊപ്പം നിലകൊള്ളലും- ഒന്നിന്നുപിറകെ ഒന്നായി സംഭവിക്കുന്നതാണ് എന്ന അഭിപ്രായമുള്ളവരാണ്. അഥവാ, ലോകാവസാനം അടുക്കുമ്പോൾ, അൽഹിന്ദിനോട് യുദ്ധം ചെയ്യുകയും ജയിച്ചടക്കുകയും ചെയ്യുന്ന ഒരു വിഭാഗമുണ്ടാകും, അതുകഴിഞ്ഞുള്ള മടക്കയാത്രയിൽ അവർ ഇൗസാ നബി(അ)യുടെ സൈന്യവുമായി ചേരുകയും ചെയ്യും എന്നർഥം. ഇൗ വീക്ഷണം അംഗീകരിച്ചാൽ പോലും അൽഹിന്ദിനോട് യുദ്ധം ചെയ്യണമെന്ന കൽപനയല്ല ഹദീസിലുള്ളത്, മറിച്ച് അങ്ങനെ നടക്കുന്ന യുദ്ധത്തിൽ പങ്കെടുക്കുന്ന അതിലെ അംഗങ്ങൾക്ക് രക്ഷയുണ്ടെന്ന സന്തോഷ വാർത്തയാണ്. രാഷ്ട്രീയപരമോ മറ്റോ ആയ കാരണങ്ങളാൽ ഇന്നത്തെ ദേശരാഷ്ട്ര ഘടനയെല്ലാം ഇല്ലാതാവുകയും വിവിധ രാജാക്കന്മാർ ഇന്ത്യ ഭരിക്കുകയും ചെയ്യുന്ന അവസാന കാലത്ത് ഏതോ തരത്തിലുള്ള ഒരു ഇസ്ലാമിക യുദ്ധം അൽഹിന്ദിൽ സ്വാഭാവികമായി സംഭവിക്കുമെന്നാണ് ഹദീസിലെ സൂചന. നമുക്കിപ്പോൾ സങ്കൽപ്പിക്കാനാവാത്ത ലോക സാഹചര്യങ്ങൾ നിലവിൽ വരികയും, അതിൽ പുതിയ രാഷ്ട്രീയ സംവിധാനങ്ങളും ചേരികളും നിയമങ്ങളും പ്രശ്നങ്ങളും രൂപപ്പെടുകയും, ആഗോള യുദ്ധങ്ങൾ കൊടിമ്പിരികൊള്ളുകയും ചെയ്താൽ, വിശാലമായ അൽഹിന്ദിന്റെ ഏതെങ്കിലും ഒരു പ്രവിശ്യയുടെ അന്നത്തെ രാജാക്കന്മാരോട് ഏതെങ്കിലും ഒരു ഇസ്ലാമിക സേന യുദ്ധം ചെയ്യുന്ന സന്ദർഭമുണ്ടാവുക എന്നത് അസംഭവ്യമായ കാര്യമൊന്നുമല്ല.

ഇസ്ലാം മാത്രമല്ല, ബൈബിളും ശ്രീമദ് ഭാഗവതവുമെല്ലാം അന്ത്യനാളുമായി ബന്ധപ്പെടുത്തി, നിലനിൽക്കുന്ന ലോകക്രമത്തിന്റെ തകർച്ചയും അതിനെത്തുടർന്നുണ്ടാകുന്ന സൈനിക മുന്നേറ്റങ്ങളും നീതി കളിയാടുന്ന ലോകത്തിന്റെ ആവിർഭാവവുമൊക്കെ പ്രവചിച്ചിട്ടുണ്ട്. മുഹമ്മദ് നബി(സ)യുടെ വചനങ്ങളിൽ ഇസ്ലാമിൻറെയും മുസ്ലിംകളുടെയും “ഇന്ത്യാവിരുദ്ധത’ ഗവേഷണം ചെയ്തെടുക്കുന്ന സംഘ് പരിവാർ ശക്തികൾക്കും അവരെപ്പോലെ ചിന്തിക്കുന്ന ഒരുവിഭാഗം ക്രിസ്ത്യാനികൾക്കും നാസ്തികർക്കും ബൈബിളിലെയും ഭാഗവതത്തിലെയും തത്തുല്യ പ്രവചനങ്ങളെക്കുറിച്ച് എന്ത് പറയാനുണ്ട് എന്നറിയാൻ നമുക്ക് കൗതുകമുണ്ട്.

Related Articles