Current Date

Search
Close this search box.
Search
Close this search box.

അംബാനി സഹായിയുടെ നിയന്ത്രണത്തിലുള്ള എന്‍.ഡി.ടി.വി എങ്ങിനെയാണ് അദാനി ഏറ്റെടുത്തത് ?

ചൊവ്വാഴ്ചയാണ് പ്രമുഖ മാധ്യമസ്ഥാപനമായ എന്‍.ഡി.ടി.വി ഗ്രൂപ്പിലെ 29.18% ഓഹരികള്‍ ഒരു അനുബന്ധ കമ്പനി വഴി ഏറ്റെടുക്കുമെന്ന് അദാനി എന്റര്‍പ്രൈസസ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തയാളെന്ന് വിശ്വസിക്കപ്പെടുന്ന ശതകോടീശ്വരന്‍ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ് എന്‍.ഡി.ടി.വിയുടെ 26% ഓഹരികള്‍ കൂടി വാങ്ങാന്‍ ഓപ്പണ്‍ ഓഫര്‍ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ വാര്‍ത്താ ബ്രാന്‍ഡുകളിലൊന്നും മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ചുരുക്കം ചില മാധ്യമങ്ങളുടെ മേലും ഭൂരിപക്ഷ നിയന്ത്രണം സ്വന്തമാക്കുക എന്നതാകും ഇതിന്റെ ഫലം.
ഈ പ്രഖ്യാപനം തങ്ങളില്‍ ആശ്ചര്യമുണ്ടാക്കിയെന്നാണ് എന്‍.ഡി.ടി.വിയുടെ സ്ഥാപകരും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുമായ രാധിക റോയ്, പ്രണോയ് റോയ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞത്.

എന്നാല്‍ ഈ ഏറ്റെടുക്കലിനുള്ള വിത്ത് ഏകദേശം ഒന്നര പതിറ്റാണ്ട് മുമ്പേ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്ത്യ ലിമിറ്റഡ് പാകിയിരുന്നു. ഈ വര്‍ഷം ആദ്യം അദാനി മറികടക്കുന്നതുവരെ ഏഷ്യയിലെ ഏറ്റവും വലിയ ധനികനായിരുന്നു മുകേഷ്.

റിലയന്‍സ് ബന്ധം

വിശ്വപ്രധാന്‍ കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ 100% ഇക്വിറ്റി ഓഹരികള്‍ 113.74 കോടി രൂപയ്ക്കാണ് അദാനി എന്റര്‍പ്രൈസസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള എ.എം.ജി മീഡിയ നെറ്റ്വര്‍ക്ക്‌സ് ലിമിറ്റഡ് വാങ്ങിയത്. ഈ കമ്പനി വഴിയാണ് അദാനി എന്റര്‍പ്രൈസസ് എന്‍.ഡി.ടി.വി ഓഹരികള്‍ ഏറ്റെടുക്കുന്നത്.

2008ല്‍ സ്ഥാപിതമായ, വിശ്വപ്രധാന്‍ കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് (വി.സി.പി.എല്‍) ഒരു മാനേജ്മെന്റ്, കണ്‍സള്‍ട്ടന്‍സി സേവന കമ്പനിയായാണ് സ്വയം വിശേഷിപ്പിക്കുന്നത്. എന്നാല്‍ സ്വന്തമായി ആസ്തിയൊന്നുമില്ല.

എന്‍.ഡി.ടി.വിയുടെ 29 ശതമാനം വിഹിതം കൈവശമുള്ള രാധികാ റോയ് പ്രണോയ് റോയ് പ്രൈവറ്റ് ലിമിറ്റഡിന് (ആര്‍.ആര്‍.പി.എല്‍) 2009ല്‍ 403.85 കോടി രൂപ വി.സി.പി.എല്‍ വായ്പ നല്‍കിയിരുന്നു. വി.സി.പി.എലിന് അതിന്റെ ഭാഗമായി, അതേ സാമ്പത്തിക വര്‍ഷം തന്നെ ഷിനാനോ റീട്ടെയില്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന മറ്റൊരു കമ്പനിയില്‍ നിന്ന് മറ്റൊരു സുരക്ഷിതമല്ലാത്ത വായ്പ ലഭിച്ചിരുന്നു. അതേസമയം, ഷിനാനോയ്ക്ക് സുരക്ഷിതമല്ലാത്ത വായ്പയുടെ രൂപത്തില്‍ ഫണ്ട് ലഭിച്ചത് റിലയന്‍സ് ഇന്ത്യ ഗ്രൂപ്പിന്റെ ഭാഗമായ റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിംഗ്സ് ലിമിറ്റഡില്‍ നിന്നായിരുന്നു.

യഥാര്‍ത്ഥത്തില്‍, അക്കാലത്ത്, റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിംഗ്സ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സഹ കമ്പനിയായിരുന്നു ഷിനാനോ. ഇടപാടുകള്‍ നടക്കുമ്പോഴെല്ലാം ഈ കമ്പനികളെല്ലാം പരസ്പരം അടുത്തിടപഴകിയിരുന്നതായി കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.

ഷിനാനോയുടെ ഉടമസ്ഥതയിലുള്ളതായിരുന്ന വി.സി.പി.എലും ടീസ്റ്റ റീട്ടെയില്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന മറ്റൊരു കമ്പനിയും റിലയന്‍സ് ഇന്ത്യ ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ളതായിരുന്നു. അക്കാലത്ത് വി.സി.പി.എലിന്റെ ഡയറക്ടര്‍മാര്‍ റിലയന്‍സ് ഇന്ത്യ ലിമിറ്റഡിലെ മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളായിരുന്നു.

2012ല്‍, വി.സി.പി.എലിന്റെ ഉടമസ്ഥാവകാശം മാറിയതായി കമ്പനി കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ച നിയമപരമായ പ്രസ്താവനകള്‍ കാണിക്കുന്നുണ്ട്. റിലയന്‍സ് ഇന്ത്യ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെ ഡയറക്ടറായ മഹേന്ദ്ര നഹാതയുമായി ബന്ധമുള്ള കമ്പനികളായ നെക്സ്റ്റ് വേവ് ടെലിവെഞ്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്, സ്‌കൈബ്ലൂ ബില്‍ഡ്വെല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയായിരുന്നു വി.സി.പി.എലിന്റെ പുതിയ ഉടമകള്‍.

നഹാത ഉടമയായ എമിനന്റ് നെറ്റ്വര്‍ക്ക്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി ഇത് സംയോജിപ്പിച്ചു. സ്ഥാപനത്തില്‍ 50 കോടി രൂപ നിക്ഷേപിച്ച് ഷിനാനോയ്ക്ക് വി.സി.പി.എല്‍ നല്‍കേണ്ട വായ്പയുടെ ഉടമസ്ഥാവകാശം ഏറ്റെടുത്തു.

ഈ വര്‍ഷം കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന് വി.സി.പി.എല്‍ സമര്‍പ്പിച്ച പ്രസ്താവനകള്‍ കാണിക്കുന്നത് ചൊവ്വാഴ്ച അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതുവരെ അത് പൂര്‍ണ്ണമായും നെക്സ്റ്റ് വേവ് ടെലിവെഞ്ചറിന്റെ ഉടമസ്ഥതയിലായിരുന്നു എന്നാണ്. എന്‍.ഡി.ടി.വി വിശ്വപ്രധാനില്‍ നിന്ന് എടുത്ത വായ്പ ഒരിക്കലും തിരികെ നല്‍കിയിട്ടില്ലെന്നും രേഖകള്‍ സൂചിപ്പിക്കുന്നു.

2015ല്‍ കാരവന്‍ റിപ്പോര്‍ട്ട് ചെയ്തതുപോലെ രാധികാ റോയ് പ്രണോയ് റോയ് പ്രൈവറ്റ് ലിമിറ്റഡിന്റെ 99.9% ഓഹരികളും വായ്പയുടെ കാലയളവിലോ അതിനു ശേഷമോ ഏത് സമയത്തും കടം കൊടുക്കുന്നയാളുടെ ഭാഗത്തുനിന്ന് കൂടുതല്‍ പ്രവൃത്തിയോ രേഖകളോ ആവശ്യമില്ലാതെ തന്നെ വി.സി.പി.എലിനാക്കി മാറ്റാന്‍ കഴിയുന്ന തരത്തിലായിരുന്നു ലോണ്‍ കരാറിലെ വ്യവസ്ഥകള്‍. ഇതാണ് ചൊവ്വാഴ്ച സംഭവിച്ചത്.

അദാനിയുടെ കടന്നുവരവ്

ഫലത്തില്‍, റോയ്‌സ് വളരെക്കാലം മുമ്പ് തന്നെ NDTVയുടെ മേലുള്ള അവരുടെ നിയന്ത്രണം നേര്‍പ്പിച്ചിരുന്നു എന്നാണ് ഇതിനര്‍ത്ഥം. അതിന്റെ ഏറ്റെടുക്കല്‍ മുന്‍കൂട്ടി നിശ്ചയിച്ച ഒന്നായിരുന്നു. എന്നിരുന്നാലും, ഇവിടെ അതിശയിപ്പിക്കുന്നത് എന്താണ്, കമ്പനിക്ക് അന്തിമ പ്രഹരം ഏല്‍പ്പിച്ചത് റിലയന്‍സല്ല, അദാനി ഗ്രൂപ്പാണ്. കഴിഞ്ഞ 13 വര്‍ഷമായി റോയിയുടെ മേല്‍ ഒരു വാള്‍ തൂങ്ങിക്കിടന്നിരുന്നു.

എന്‍.ഡി.ടി.വിയില്‍ റോയ്സിന് ഇപ്പോഴും 32.27% ഓഹരിയുണ്ട്. അദാനി ഗ്രൂപ്പിനേക്കാള്‍ കൂടുതലാണത്. എന്നാല്‍ ഇത് ഉടന്‍ മാറിയേക്കാം.
നിരവധി അദാനി കമ്പനികളുടെ ഓഹരികള്‍ സ്വന്തമായുള്ള എല്‍.ടി.എസ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടാണ് എന്‍.ഡി.ടി.വിയുടെ 9.75% ഓഹരികളും നിയന്ത്രിക്കുന്നത്. എന്‍.ഡി.ടി.വിയുടെ മറ്റ് നാല് ഓഹരി ഉടമകള്‍ക്കെല്ലാമായി 7.11% ഓഹരിയുമുണ്ട്.

ഈ രണ്ട് കൂട്ടം നിക്ഷേപകരും അവരുടെ ഓഹരികള്‍ ഓപ്പണ്‍ ഓഫറില്‍ വില്‍ക്കുകയാണെങ്കില്‍, അത് എന്‍.ഡി.ടി.വിയിലെ അദാനി ഗ്രൂപ്പിന്റെ ഷെയര്‍ ഹോള്‍ഡിംഗ് 46 ശതമാനത്തിലേക്ക് എത്തിക്കുമെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ലളിതമായി പറഞ്ഞാല്‍, ഗൗതം അദാനി യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ എതിരാളിയായ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ളതും പിന്നീട് ഒരു ദശാബ്ദക്കാലം അദ്ദേഹത്തിന്റെ അടുത്ത സഹായികളില്‍ ഒരാളുടെ നിയന്ത്രണത്തിലുമായിരുന്ന ഒരു കമ്പനിയെയാണ് ചൊവ്വാഴ്ച ഏറ്റെടുത്തത്.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനുശേഷം ഇതുവരെ അദ്ദേഹം ഇടപഴകിയിട്ടില്ലാത്ത് ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ടെലിവിഷന്‍ വാര്‍ത്താ ചാനലിന്റെ ശത്രുതാപരമായ ഏറ്റെടുക്കലാണ് ഇതിലൂടെ നടക്കുന്നത്.

അവലംബം: scroll.in
വിവ: സഹീര്‍ വാഴക്കാട്

Related Articles