Current Date

Search
Close this search box.
Search
Close this search box.

മലപ്പുറത്തെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ മുന്നേറ്റവും ഇടതുപക്ഷവും

തൊണ്ണൂറുകള്‍ക്ക് മുമ്പ് മലപ്പുറത്ത് ഉന്നത ഭൗതിക വിദ്യാഭ്യാസം നേടിയ മുസ്ലിം പെണ്‍കുട്ടികള്‍ വളരെ കുറവായിരുന്നു. ഇങ്ങനെ ഉന്നത ഭൗതിക വിദ്യാഭ്യാസം നേടിയവരില്‍ ചെറുതല്ലാത്ത ഒരു വിഭാഗം മതത്തെയും മതജീവിതത്തെയും യാഥാസ്ഥിതികമായി കാണുന്നവരുമായിരുന്നു. അവരിലധികവും തല മറക്കാത്തവരുമായിരുന്നു. അന്ന് കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലോ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലോ പഠിച്ചവര്‍ക്കറിയാം മതജീവിതം നയിച്ചിരുന്നവരും തട്ടമിട്ടവരുമായ മുസ്ലിം പെണ്‍കുട്ടികള്‍ തുച്ഛമായിരുന്നൂവെന്ന്. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയടക്കം സ്വാധീനം അന്ന് ഈ പെണ്‍കുട്ടികളുടെ ഉന്നത പഠനത്തിനു ഗുണകരമായതിനൊപ്പം അവരുടെ മതരഹിത ജീവിതത്തിലുമത് പ്രതിഫലിച്ചിരുന്നു. ഇന്നുമീ ഇടതുധാരയില്‍ ഇതേ ജീവിതം നയിക്കുന്നവര്‍ മലപ്പുറത്ത് നിലനില്‍ക്കുന്നുമുണ്ട്.

തൊണ്ണൂറുകള്‍ക്ക് ശേഷം ഗള്‍ഫ് പ്രവാസത്തിന്റെ സാമ്പത്തിക പിന്‍ബലത്താല്‍ കേരളീയ മുസ്ലിം സമൂഹത്തിലും വിശിഷ്യാ മലപ്പുറം ജില്ലയിലും ഉണ്ടായ വിദ്യാഭ്യാസ ഉണര്‍വിന്റെ വികാസം മുന്നോട്ടുപോയത് മറ്റൊരു ദിശയിലായിരുന്നു. അതുവരെ മദ്രസകളും അറബിക് കോളേജുകളും നടത്തിയിരുന്നവര്‍ പോലും മദ്രസ സിലബസ് കൂടി ഉള്‍പ്പെടുത്തിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും മതഭൗതിക സമന്വയമെന്ന പേരില്‍ മത വിഷയങ്ങള്‍ക്കൊപ്പം യൂണിവേഴ്‌സിറ്റി ഡിഗ്രികള്‍ നല്‍കുന്ന കോളേജുകളും വ്യാപകമായി ഗ്രാമീണ മേഖലകളിലടക്കം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ തന്നെ ഹയര്‍സെക്കന്ററി വരെയുള്ള ഇത്തരം സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനമുണ്ടായിരുന്നു. രണ്ടായിരത്തിനു ശേഷമുള്ള രണ്ടാംഘട്ടത്തില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള കോളേജുകളും ഈ ധാരയിലാരംഭിച്ചു. ജമാഅത്തെ ഇസ്ലാമിക്കും മുജാഹിദ് വിഭാഗങ്ങള്‍ക്കും നേരത്തെ തന്നെ ഇത്തരം കുറച്ച് സ്ഥാപനങ്ങളുണ്ടായിരുന്നു. ഇരു സുന്നി വിഭാഗങ്ങളും മേല്‍പ്പറഞ്ഞ രണ്ട് വിഭാഗത്തെയും കവച്ചുവെക്കുന്ന രീതിയില്‍ ഈ മേഖലയില്‍ സജീവമായി.

ഈ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ തുടര്‍ച്ചയില്‍ തന്നെ സംഭവിച്ച മറ്റൊരു വഴിത്തിരിവുണ്ട്. ഹയര്‍സെക്കന്ററി വരെ മുസ്ലിം മാനേജ്‌മെന്റ് നടത്തുന്ന എയ്ഡഡോ പ്രൈവറ്റോ ആയ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ നിന്ന് ഉയര്‍ന്ന ഗ്രേഡോടെ പാസായ മുസ്ലിം പെണ്‍കുട്ടികള്‍ ബിരുദമടക്കമുള്ള ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിലും പുറത്തുമുള്ള പൊതു കലാലയങ്ങളിലെ വിവിധ കോഴ്‌സുകളിലേക്ക് കൂട്ടംകൂട്ടമായി മഫ്തയിട്ട് പ്രവേശിച്ചതാണത്. മെഡിക്കല്‍ കോളേജ്, എഞ്ചിനീയറിംഗ് കോളേജ്, ആര്‍ട്‌സ് ആന്റ് സയന്‍സടക്കം കേരളത്തിലെ പ്രശസ്തമായ ഗവണ്‍മെന്റ് കോളേജുകളില്‍ മാത്രമല്ല ഡല്‍ഹിയിലടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും വിവിധ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലേക്കും മലപ്പുറത്തെ തട്ടമിട്ടവര്‍ പരന്നൊഴുകി. ഇവരാണ് കേരള മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തെ ദൃശ്യവത്കരിക്കുന്നതിലും ‘മുഖ്യധാര ‘യുടെ പലതരം നോട്ടങ്ങള്‍ക്കും വായനകള്‍ക്കും കാരണമായി മാറിയത്.

മുസ്ലിം പെണ്‍കുട്ടികള്‍ മതജീവിതം നയിക്കുന്നതും ഇസ്ലാമിക വേഷം നിലനിര്‍ത്തുന്നതും ഉന്നത ഭൗതിക വിദ്യാഭ്യാസത്തിന്റെ അഭാവം മൂലമാണെന്നായിരുന്നു ഇക്കാലം വരെയുള്ള ഇടതു പുരോഗമന തിയറികള്‍. തൊണ്ണൂറുകള്‍ക്ക് മുമ്പ് ഉന്നത വിദ്യാഭ്യാസം നേടിയ ചില മുസ്ലിം വനിതകള്‍ മതനിരാസ ജീവിതം സ്വീകരിച്ച് തട്ടം ഊരി കളഞ്ഞത് ഈ ഇടതുതിയറിയെ ശരിവാദമാക്കി മാറ്റുകയും ചെയ്തു. പക്ഷേ , മഫ്തയിട്ടും മതജീവിതവും മുസ്ലിം ഐഡന്റിറ്റിയും മുറുകെപ്പിടിച്ചും തൊണ്ണൂറുകള്‍ക്ക് ശേഷമുണ്ടായ മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉണര്‍വും മുന്നേറ്റവും ഈ ഇടതു സിദ്ധാന്തത്തെ കൂടിയാണ് തവിടുപൊടിയാക്കിയത്. തൊണ്ണൂറുകള്‍ക്ക് മുമ്പ് ഇടത് ഓരം ചേര്‍ന്ന് ഭൗതിക വിദ്യാഭ്യാസം നേടിയ മുസ്ലിം സമുദായത്തിലെ പെണ്‍കുട്ടികള്‍ക്ക് സാധിക്കാത്ത ഉന്നത വിദ്യാഭ്യാസത്തിന്റെ വിവിധ മേഖലകളിലെ ഉയര്‍ന്ന അക്കാദമിക നേട്ടങ്ങളിലേക്കാണ് മലപ്പുറത്തെ തട്ടമിട്ട മുസ്ലിം പെണ്‍കുട്ടികള്‍ മതജീവിതം നയിച്ചു തന്നെ ഓടിക്കയറിയത്.

യഥാര്‍ത്ഥത്തില്‍ ഇസ്ലാമിക ദര്‍ശനത്തെ കുറിച്ചും അതിന്റെ സ്ത്രീകളോടുള്ള കാഴ്ചപ്പാടുകളെ കുറിച്ച ഇടതു യാഥാസ്ഥിതിക കാഴ്ചപ്പാടാണ് ഈ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ തകര്‍ന്നു തരിപ്പണമായത്. ഇടതുപക്ഷമോ അവരുടെ സര്‍ക്കാരുകള്‍ ഉണ്ടാക്കിയ വിദ്യാഭ്യാസ സംവിധാങ്ങളോ അല്ല ഈ മുന്നേറ്റത്തിന്റെ അടിത്തറയെന്നു കൂടി തൊണ്ണൂറുകള്‍ക്ക് മുമ്പുള്ളതില്‍ നിന്നും വ്യത്യസ്ഥമായ ഈ ദിശാമാറ്റം വിളിച്ചുപറയുന്നുണ്ട് .ഗള്‍ഫ് പ്രവാസത്തിന്റെ പിന്തുണയുടെ മുസ്ലിം സംഘടിത സംരംഭങ്ങളാണ് ഈ മുന്നേറ്റത്തിന് തുടക്കമിട്ടത് .അതിന് ഏറ്റവും വലിയ തെളിവ് ഇസ്ലാമിക ഐഡന്റിറ്റി നിലനിര്‍ത്തിക്കൊണ്ടുതന്നെയുള്ള മുന്നേറ്റം തന്നെയാണ്.

തൊണ്ണൂറുകള്‍ക്ക് ശേഷം മലപ്പുറത്തെ മുസ്ലിം പെണ്‍കുട്ടികളടക്കം ഇങ്ങനെ വിദ്യാഭ്യാസ മുന്നേറ്റത്തിലേക്ക് കുതിച്ചു കയറിയപ്പോള്‍ അവര്‍ക്ക് പഠന സൗകര്യങ്ങളൊരുക്കേണ്ട ഇടതുപക്ഷ മടക്കമുള്ളവരുടെ സര്‍ക്കാറുകള്‍ എന്തു ചെയ്തു എന്ന് പരിശോധിക്കുമ്പോഴറിയാം അതിലെ അനീതികളും വിവേചനങ്ങളുമെല്ലാം. മലപ്പുറം ജില്ല വിദ്യാഭ്യാസ രംഗത്ത് അനുഭവിക്കുന്ന ആ വിവേചനകണക്കുകള്‍ എല്ലായിടത്തും ലഭ്യമായതിനാല്‍ ഇവിടെ പകര്‍ത്തുന്നില്ല. ജനസംഖ്യാനുപാതത്തില്‍ പരിശോധിക്കുമ്പോള്‍ സര്‍ക്കാര്‍ വിലാസം വിദ്യാലയങ്ങളും കലാലയങ്ങളും ഏറ്റവും കുറവുള്ള ജില്ലയാണ് മലപ്പുറമെന്ന് മാത്രം പറയുന്നു.

ഓരോ വര്‍ഷവും ഹയര്‍ സെക്കന്ററി പാസാകുന്ന പകുതി വിദ്യാര്‍ത്ഥികള്‍ക്ക് പോലും മലപ്പുറം ജില്ലയില്‍ ബിരുദ സീറ്റുകളില്ല. വലിയ ഫീസ് കൊടുത്ത് പഠിക്കേണ്ട സെല്‍ഫ് ഫിനാന്‍സ് കോളേജുകളിലെ സീറ്റുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഇപ്പറയുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം ഹയര്‍ സെക്കന്ററി പാസ്സാകുന്ന ജില്ലയായിട്ട് പോലും മലപ്പുറത്ത് ഒരു ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജ് പോലുമില്ല. വീട്ടില്‍ നിന്നും പോയി തിരിച്ചുവരാവുന്ന ദൂരത്തില്‍ കോളേജ് അഡ്മിഷന്‍ ലഭിച്ചാല്‍ മലപ്പുറത്തെ മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ മുന്നേറ്റം ഇപ്പോഴുള്ളതിന്റെ പതിന്മടങ്ങായിരിക്കും. അങ്ങനെയൊരു സംവിധാനം ഇടതടക്കമുള്ളവര്‍ നേതൃത്വം നല്‍കിയ സംസ്ഥാന സര്‍ക്കാറുകള്‍ മലപ്പുറത്ത് ഉണ്ടാക്കിയിട്ടില്ല.

അതിനാല്‍ തന്നെ ഡിഗ്രിക്ക് പഠിക്കാന്‍ തെക്കോട്ട് വണ്ടി കയറുകയോ അല്ലെങ്കില്‍ ട്രെയിന്‍ കയറി ഡല്‍ഹിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് പോകേണ്ടിയോ വരുന്നു. അതിനും തയ്യാറായി ഒരു വിഭാഗം തട്ടമിട്ട പെണ്‍കുട്ടികള്‍ മുന്നോട്ടുവരുന്ന കാഴ്ചക്കാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികം മലപ്പുറം ജില്ല സാക്ഷ്യം വഹിച്ചത്. പക്ഷേ, മധ്യവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് പുറത്ത് സാധാരണ ഫാമിലികളിലെ മുസ്ലിം പെണ്‍കുട്ടികള്‍ക്കിതിപ്പോഴും അപ്രാപ്യമാണ്. അവര്‍ക്ക് ദിവസവും പോയി വരാവുന്ന ദൂരത്തിലെ പഠനമേ ഇപ്പോഴും സാധ്യമാവൂ.

അതും വലിയ ഫീസുകളുടെ ഭാരമില്ലാതെ ലഭിക്കുകയും വേണം. അതിനാല്‍ തന്നെ മലപ്പുറത്തെ മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തില്‍ അവകാശവാദം ഉന്നയിച്ചു കൊണ്ടിരിക്കുന്ന ഇടത് തമ്പുരാക്കന്മാരും തമ്പുരാട്ടികളും ആദ്യം ചെയ്യേണ്ടത് മലപ്പുറം ജില്ലക്കകത്ത് പ്ലസ് വണ്‍ സീറ്റ് മുതല്‍ ബിരുദവും ബിരുദാനന്തര ബിരുദവും പഠിക്കാനാവശ്യമായ സംവിധാനങ്ങളും കോളേജുകളും സര്‍ക്കാര്‍ തലത്തില്‍ വര്‍ധിപ്പിക്കാന്‍ പദ്ധതികളുണ്ടാക്കട്ടെ. എന്നിട്ടതിലൂടെ പഠിച്ച് മുന്നേറുന്ന തലമുറ രൂപപ്പെടുമ്പോള്‍ അവകാശ വാദങ്ങള്‍ ധീരമായി ഉയര്‍ത്തുകയും ചെയ്യട്ടെ. അതുവരേക്കും ഒരു മയത്തിലൊക്കെ തള്ളണമെന്ന് മാത്രം ഉണര്‍ത്തട്ടെ.

 

???? Follow Our Channel
https://whatsapp.com/channel/0029VaAuUdUJP20xSxAZiz0r

Related Articles