Current Date

Search
Close this search box.
Search
Close this search box.

രാമക്ഷേത്ര ഉദ്ഘാടനം: കോണ്‍ഗ്രസ് വിട്ടുനില്‍ക്കണം

ജനുവരി 22 ന് നടക്കുന്ന അയോധ്യയിലെ ബാബരി മസ്ജിദിന്റെ ഭൂമിയില്‍ നിര്‍മിച്ച രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് ക്ഷണം ലഭിച്ചിരുന്നു. അവരില്‍ പ്രധാനികളായിരുന്നു കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സോണിയ ഗാന്ധിയും സിപിഎം നേതാവായ സീതാറാം യെച്ചൂരിയും. മതം വ്യക്തിഗതമാണെന്നും അതിനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ദുരുപയോഗം ചെയ്യരുതെന്നും പറഞ്ഞ യെച്ചൂരി മറുത്തൊന്നും ആലോചിക്കാതെ ആ ക്ഷണം നിരസിച്ചു. വിട്ടുവീഴ്ചയില്ലാത്ത വര്‍ഗീയ രഹിത രാഷ്ട്രീയത്തിന് അറിയപ്പെട്ട കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗ് ‘സോണിയ ഗാന്ധി ഈ ക്ഷണത്തെ പോസിറ്റീവായി പരിഗണിക്കുമെന്നാണ് ‘ പ്രതികരിച്ചത്. ഒന്നുകില്‍ സോണിയ ഗാന്ധി തന്നെ നേരിട്ട് പങ്കെടുക്കുമെന്നും അല്ലെങ്കില്‍ പാര്‍ട്ടിയുടെ ഒരു പ്രതിനിധി രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്ഷണത്തെ പറ്റി ചോദിച്ചപ്പോള്‍ പരിഹാസ രൂപേണേ തന്നെയൊന്നും ആരും വിളിച്ചിട്ടില്ല എന്നായിരുന്നു സിംഗിന്റെ ആദ്യ മറുപടി. ‘അവരെന്നെ വിളിക്കാന്‍ സാധ്യതയില്ല. കാരണം, അവര്‍ യഥാര്‍ത്ഥ ഭക്തരെ ക്ഷണിച്ചിട്ടില്ല. മുരളി മനോഹര്‍ ജോഷിക്കും ലാല്‍ കൃഷ്ണ അധ്വാനിക്കും ദിഗ് വിജയ് സിംഗിനുമെല്ലാം ക്ഷണം നിഷേധിക്കപ്പെട്ടേക്കാം’. സിംഗിന്റെ ഈ തുറന്നു പറച്ചിലിനെ ചേര്‍ത്തു വായിക്കുമ്പോള്‍, കോണ്‍ഗ്രസ് പാര്‍ട്ടി മതേതര ഇന്ത്യയെ പിളര്‍ക്കാനുള്ള മറ്റൊരു ഹീന കൃത്യത്തിലേക്ക് കാലെടുത്തുവെക്കാനുള്ള പുറപ്പാടിലാണെന്ന് പറയേണ്ടി വരും.

1986ല്‍ ബാബരിയുടെ പൂട്ട് തുറന്നു കൊടുക്കാന്‍ യു.പി കോണ്‍ഗ്രസ് സര്‍ക്കാര്‍ എല്ലാ ഒത്താശകളും ചെയ്തുകൊടുത്തതിലൂടെയാണ് കോണ്‍ഗ്രസ് ആദ്യമായി മതേതര ഇന്ത്യയുടെ ശത്രുസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുന്നത്. അതുകഴിഞ്ഞ് കൃത്യം ആറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. ബാബരി ധ്വംസനം കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായ രണ്ടാമത്തെ വലിയ അപരാധമായാണ് കണക്കാക്കപ്പെടുന്നത്. 1949 ല്‍ ബാബരി മസ്ജിദില്‍ ദുരുദ്ദേശത്തോടെ വിഗ്രഹങ്ങള്‍ സ്ഥാപിച്ചവരെ നിയമത്തിന്റെ പഴുതുകളുപയോഗിച്ച് യുപി കോണ്‍ഗ്രസ് സര്‍ക്കാര്‍ കയറൂരി വിട്ടത് തന്നെയാണ് കോണ്‍ഗ്രസിന്റെ മേല്‍ ചാര്‍ത്തപ്പെട്ട പ്രഥമ തെറ്റ്. അനന്തരം പരിഹാരനടപടികളിലേക്ക് കടക്കാതെ ബാബരി തുറന്നു കൊടുക്കാനും അതിലേക്കുള്ള മുസ്ലിം പ്രവേശനം നിഷേധിക്കാനുമായിരുന്നു യുപി ഗവണ്‍മെന്റ് തുനിഞ്ഞത്. 1949 ലെ അടച്ചിടലിനും 1986 ലെ തുറന്നു കൊടുക്കലിനുമിടയില്‍ 36 വര്‍ഷത്തിന്റെ അന്തരമുണ്ടെങ്കിലും, പിന്നീടുള്ള ആറു വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. ഒരു തെറ്റ് മറ്റൊന്നിലേക്കുള്ള പാത വെട്ടി. ചെയ്തുകൂട്ടിയ തെറ്റുകള്‍ പേറി നടക്കാനായിരുന്നു അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസിന്റെ വിധി.

യു.പി സര്‍ക്കാറിന്റെ സംരക്ഷണത്തിനു കീഴില്‍ ഹിന്ദുത്വവാദികള്‍ 1949ല്‍ ഇരുട്ടിന്റെ മറവില്‍ ബാബരിയില്‍ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചതും, 1992 ഡിസംബര്‍ 6 ന് പട്ടാപകല്‍ ബാബരി പൊളിച്ചു നീക്കിയതും മായ്ച്ചുകളയാനാവാത്ത പാപങ്ങളാണ്. രാജ്യത്തെ പരമോന്നത കോടതി വ്യക്തമാക്കിയതാണിത്. അത്യപൂര്‍വ്വമായ ഏറ്റു പറച്ചിലിന് തയ്യാറായ സുപ്രീംകോടതി തന്നെ ബാബരിയുടെ ഭൂമിയില്‍ ഹിന്ദുത്വര്‍ക്ക് അവരുടെ ഇഷ്ടത്തിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് വിചിത്രമായ നടപടിയായിരുന്നു. ചരിത്രത്തില്‍ ഇന്നുവരെ കാണാത്ത രീതിയിലുള്ള കുറ്റകൃത്യങ്ങളിലൂടെയും വഞ്ചനയിലൂടെയും ബാബരി മസ്ജിദ് ഇടിച്ചു നിരപ്പാക്കപ്പെട്ട ഭൂമിയില്‍ രാമക്ഷേത്രം പണിയാന്‍ 2019-ലായിരുന്നു സുപ്രീം കോടതി യു.പി സര്‍ക്കാരിനോട് ഉത്തരവിട്ടത്.

വിവാദപരമായ വിധി പുറപ്പെടുവിച്ച ബെഞ്ചിലെ ഒറ്റ അംഗവും വിവേചനപരമായ ഈ നടപടിയെ സ്വന്തം പേരിനോടൊപ്പം ചേര്‍ത്ത് പറയാന്‍ ധൈര്യം കാണിച്ചിരുന്നില്ല. വിധി എഴുതിയ ജഡ്ജി തന്റെ പേര് രേഖപ്പെടുത്താന്‍ ആഗ്രഹിക്കാതിരുന്ന അപൂര്‍വ കോടതി കേസുകളില്‍ ഒന്നായിരുന്നിത്. താഴ്മ കൊണ്ടായിരുന്നില്ല, ഭീരുത്വമായിരുന്നു അവരെ ഇതില്‍ നിന്നും പിന്തിരിപ്പിച്ചത്. 500 വര്‍ഷങ്ങളായി ആ ഭൂമിയില്‍ ബാബരി മസ്ജിദ് സ്ഥിതി ചെയ്യുന്നുണ്ടെന്നും, ഏതെങ്കിലും അമ്പലം തകര്‍ത്താണ് പള്ളി പണികഴിപ്പിച്ചതെന്ന വാദത്തിന് തെളിവിന്റെ പിന്‍ബലമില്ലായെന്നും, 1949 മുതല്‍ മുസ്ലീങ്ങള്‍ അവിടെ ആരാധന നടത്തുന്നുണ്ടെന്നും, ഹിന്ദുത്വവാദികള്‍ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചതിനെതിരെയുള്ള കേസ് പരിഗണിക്കവേ സുപ്രീംകോടതി കണ്ടെത്തിയിരുന്നു. ഡിസംബര്‍ ആറിലെ ബാബരി ധ്വംസനം മാപ്പര്‍ഹിക്കാത്ത അപരാധമാണെന്നതില്‍ കോടതിക്ക് രണ്ടഭിപ്രായം ഉണ്ടായിരുന്നില്ലെന്ന് ചുരുക്കം. ഇത്രമേല്‍ യാഥാര്‍ത്ഥ്യങ്ങളെ തുറന്നുകാട്ടിയ സ്ഥിതിക്ക് , ബാബരിയുടെ പുനസ്ഥാപനത്തിനുള്ള ഉത്തരവായിരുന്നു പരമോന്നത നീതി സംവിധാനത്തില്‍ നിന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നത്. കോടതി വിധിച്ചതാകട്ടെ തീര്‍ത്തും വിപരീതമായ ഒന്ന് .

കറപുരണ്ട കോടതി വിധിയെ മാറ്റിനിര്‍ത്തിയാല്‍ തന്നെ,അഗാധമായ വഞ്ചനയിലൂടെ നേടിയെടുത്ത ഒരു തുണ്ട് ഭൂമിയില്‍ ഏതെങ്കിലും തരത്തിലുള്ള പവിത്രത കുടികൊള്ളാന്‍ ഇടയുണ്ടോ എന്നത് വളരെ പ്രസക്തമായ ചോദ്യമാണ്. ബാബരിയുടെ രക്തം പുരണ്ട ഓര്‍മ്മകളില്‍ നിന്ന് ഒരിക്കലും രാമ ക്ഷേത്രത്തെ വെളുപ്പിച്ചെടുക്കാനാവില്ല. ഭക്തന്മാര്‍ക്ക് ആത്മീയ അനുഭൂതി നല്‍കുന്ന ആരാധനാലയമായി നിലകൊള്ളാന്‍ രാമക്ഷേത്രത്തിന് ഒരിക്കലുമാവില്ല.

രാമക്ഷേത്ര നിര്‍മ്മാണത്തിന് പിന്നിലുള്ളത് ആത്മീയമോ മതകീയമോ ആയ ഒരു ലക്ഷ്യവുമല്ല. രാം മന്ദിര്‍ ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയുടെ സമീപകാല പ്രതികരണങ്ങളില്‍ അത് തെളിഞ്ഞു കാണാവുന്നതാണ്. 1947 ഓഗസ്റ്റ് 15 പോലെ വളരെ പ്രധാനപ്പെട്ട ദിനമാണ് ജനുവരി 22 എന്നായിരുന്നു ചാമ്പറ്റ് റായി അഭിപ്രായപ്പെട്ടത്. തുടര്‍ന്ന് റാമ്പത്ത് വാദിക്കുന്നുണ്ട് ‘ ഈയൊരു ദിനത്തിന് ഒരു ലക്ഷം പാക്കിസ്ഥാനികളെ നമ്മുടെ പട്ടാളം കീഴ്‌പ്പെടുത്തിയ 1971 ലെ ദിനത്തിന്റെ അത്ര പ്രാധാന്യമുണ്ട്.1999-ല്‍ നമ്മുടെ രാജ്യം കാര്‍ഗിലിന്മേല്‍ അവകാശം വീണ്ടെടുത്ത ദിവസത്തിന് തുല്യമാണ് ഈ ദിനം’.

യുദ്ധത്തിലെ പാക്കിസ്ഥാന്റെ പരാജയം ഹൈലൈറ്റ് ചെയ്തുള്ള അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളുടെ പിന്നാമ്പുറം കണ്ടെത്തല്‍ അനായാസമാണ്. ജനുവരി 22-നെ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനവുമായി താരതമ്യപ്പെടുത്താനുള്ള റായിയുടെ വ്യഗ്രതയെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. വഞ്ചനയില്ലാത്ത കളങ്കമറ്റ സ്വാതന്ത്ര്യാനുഭവം ലഭിച്ച ദിനമാണ് 1947 ഓഗസ്റ്റ് 15. സാമ്രാജ്യത്വ ബ്രിട്ടനെതിരെയുള്ള ഇന്ത്യയുടെ യുദ്ധം ഒളിയും മറയും ഇല്ലാത്തതായിരുന്നു. ഗാന്ധിയും അനുയായികളും നിര്‍ഭയം മുഖാമുഖമായിരുന്നു അവരെ നേരിട്ടിരുന്നത്. തീര്‍ത്തും അഹിംസാത്മകവും ഗൂഢാലോചനകളേതുമില്ലാത്തതായിരുന്നു ഇന്ത്യയുടെ നീക്കങ്ങള്‍. ശത്രുക്കളെ സ്വതവേ കീഴടങ്ങാന്‍ പ്രേരിപ്പിച്ചിരുന്ന ഒരു ധാര്‍മിക ഘടകം അടങ്ങിയതായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം. വെറുപ്പായിരുന്നില്ല അതിന്റെ മുഖമുദ്ര. സ്‌നേഹവും ദയയും അടങ്ങിയതായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാട്ടം . അതുകൊണ്ടായിരുന്നില്ലോ,ആഗോളതലത്തിലുള്ള അതസ്ഥിത വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ സ്വാതന്ത്ര്യം പ്രചോദനമേകിയത്.ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമായി, ചതിയുടെയും വഞ്ചനയുടെയും അക്രമത്തിന്റെയും സൗധമായിട്ടെ അയോധ്യയില്‍ പണികഴിപ്പിക്കപ്പെട്ട രാമ ക്ഷേത്രം വിലയിരുത്തപ്പെടുകയുള്ളൂ.

രാമന്റെ സംരക്ഷകര്‍

രാമന്റെ വനവാസം അവസാനിപ്പിച്ച് അദ്ദേഹത്തെ അയോധ്യയിലേക്ക് തിരികെ തങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് അടുത്തിടെ ബിജെപി പ്രഖ്യാപിച്ചിരുന്നു. അക്രമവും വെറുപ്പും ആയുധമാക്കുന്ന പാര്‍ട്ടി രാം ഭക്തന്റെ വേഷം ചമയുന്നു . ഉദ്ഘാടനം നടക്കാനിരിക്കുന്ന ക്ഷേത്രം തങ്ങളുടെ സംരക്ഷണത്തിലുള്ള രാമനുള്ളതാണെന്ന് അവര്‍ കൊട്ടിപ്പാടുന്നു. ഹിന്ദുക്കള്‍ ഈ ക്ഷേത്രം അംഗീകരിക്കുന്നുവെങ്കില്‍ അതിനര്‍ത്ഥം വരും ദിവസങ്ങളിലും വര്‍ഷങ്ങളിലും ബിജെപിയോ ആര്‍എസ്എസോ അവരുടെ മതവും അവരുടെ മതപരമായ നയങ്ങളും നിര്‍ണ്ണയിക്കാന്‍ പോകുന്നു എന്നാണ്.

രാമക്ഷേത്ര സാക്ഷാത്കാരത്തില്‍ ലാല്‍ കൃഷ്ണ അദ്വാനിയുടെ ക്യാമ്പയിന്‍ വഹിച്ച പങ്ക് അനിഷേധ്യമാണ്. രാമജന്മഭൂമി ക്യാമ്പയിന്‍ വെറുമൊരു രാഷ്ട്രീയ അജണ്ട ആയിരുന്നുവെന്നും മതപരമായ ആത്മീയപരമായ യാതൊരു അടിത്തറയും അതിനില്ലെന്നും അദ്വാനി വെളിപ്പെടുത്തിയിരുന്നു. ആര്‍എസ്എസിനെ സംബന്ധിച്ചിടത്തോളം ഹിന്ദുക്കളെ പ്രീണിപ്പിക്കാനുള്ള ഉപകരണമായിരുന്നു രാം. ഇത് അദ്വാനിയുടെ തുറന്നുപറച്ചിലില്‍ നിന്നും വ്യക്തം. ബിജെപി മാത്രമാണ് രാമനെ സംരക്ഷിക്കുന്നതെന്ന പ്രതീതി സൃഷ്ടിച്ചു ഭൂരിപക്ഷ ഹിന്ദു സമുദായത്തിന്റെ മനം കവരാനുള്ള കേവലം രാഷ്ട്രീയ അജണ്ടയായിരുന്നിത്. അതിലവര്‍ വിജയിച്ചു എന്ന് വേണം പറയാന്‍.

ബാബരി മസ്ജിദ് തകര്‍ക്കുക എന്നത് തന്നെയായിരുന്നു അധ്വാനിയുടെ ക്യാമ്പയിന്റെ മുഖ്യ ലക്ഷ്യം.അദ്വാനി തന്റെ അവിശുദ്ധ യാത്രക്ക് ഉപയോഗപ്പെടുത്തിയിരുന്ന ടൊയോട്ട ട്രക്ക് ഉത്തരേന്ത്യയില്‍ അഭൂതപൂര്‍വ്വമായ രക്തച്ചൊരിച്ചിലിന് കാരണമായി. അന്നത്തെ രക്തച്ചൊരിച്ചില്‍ ഇന്നും നിര്‍ബാദം തുടരുകയാണ്. ആരാണ് അതിനുത്തരവാദികള്‍?. ഒരിക്കലും രാമല്ല, മറിച്ച് രാമനെ രാഷ്ട്രീയവല്‍ക്കരിക്കുന്ന ബിജെപിയാണ് ഇതിനെല്ലാം പിന്നില്‍.

ഈയൊരു സാഹചര്യത്തിലും രാം ഒരായുധമാണ്.അയോധ്യയിലെ ഏറ്റവും പുതിയ ഈ രാമക്ഷേത്ര യാഗത്തിന്റെ അമരത്ത് ,നിരവധി വെറുപ്പുളവാക്കുന്ന വിദ്വേഷം ജനിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരോപിക്കപ്പെട്ട രാമിനെ സംഘപരിവാര്‍ അവരോധിച്ചിരിക്കുന്നു. ഏതു തരത്തിലുള്ള ആത്മീയതയായിരിക്കും ഈ ക്ഷേത്രം പകരുക?. ഈ യാഗയില്‍ പങ്കെടുക്കുന്നവന്‍ അസാന്മാര്‍ഗികതയെ പുല്‍കുന്നവനായി മാറുന്നു. നിറം പിടിപ്പിച്ച കഥകളിലൂടെയും കൊടും വഞ്ചനയിലൂടെയും തട്ടിയെടുത്ത ഭൂമിയില്‍ പണിത ഗേഹമെന്ന പാപഭാരം രാമക്ഷേത്രത്തില്‍ നിന്നും അടര്‍ത്തി മാറ്റാനാവില്ല. ഈ കൊള്ളരുതായ്മയ്‌ക്കെതിരെ ശബ്ദിക്കാന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് ധൈര്യമുണ്ടോ?.

ഇന്ത്യാ രാജ്യത്തിന് കൂട്ടായ മാനസാന്തരത്തിന്റെ ഒരു ദേശീയ ദിനം ആവശ്യമാണ്. രാമന്റെ നാമത്തില്‍ ചെയ്ത പാപത്തിന് പ്രായശ്ചിത്തം ചെയ്യുന്നൊരു ദിവസം. അതിനായി പ്രധാനമായും മുന്നോട്ടു വരേണ്ടത് കോണ്‍ഗ്രസാണ്. ഇതര പാര്‍ട്ടികളും ഈ യജ്ഞത്തില്‍ അണിചേരണം. കോണ്‍ഗ്രസിന്റെ ഭീരുത്വമാണ് രാമക്ഷേത്ര നിര്‍മ്മാണത്തിന് ശിലയിട്ടത്. കോണ്‍ഗ്രസ് അണികള്‍ തന്നെ തങ്ങളെ കൂടാതെ രാമ ക്ഷേത്രം അസാധ്യമാണെന്ന് വലിയ വീമ്പിളക്കുന്നു. അഭിമാനത്തോടെ കാണേണ്ട ഒന്നല്ല ഇത്, നാണത്താല്‍ തലതാഴ്‌ത്തേണ്ട സാഹചര്യമാണ് ഇത് സമ്മാനിക്കുന്നത്.

1947 ആഗസ്ത് 15നെ അര്‍ത്ഥശൂന്യമാക്കാനുള്ള ബിജെപിയുടെ ഗൂഢാലോചനയെ കോണ്‍ഗ്രസ് കണ്ടില്ലെന്ന് നടിക്കരുത്.2024 ജനുവരി 22 നും 1947 ഓഗസ്റ്റ് 15 നും ഇടയിലുള്ള വ്യാജ തുല്യതയെക്കുറിച്ച് ബിജെപി അവകാശവാദം ഉന്നയിച്ചു കൊണ്ടിരിക്കുന്നു. വര്‍ഗീയതയെയും ആക്രമണത്തെയും നേരിടുന്നതിലെ തങ്ങളുടെ കഴിവുകേടാണ് രാജ്യത്തെ ഇത്രത്തോളം അപമാനകരമായ സ്ഥിതിയിലേക്ക് കൊണ്ടെത്തിച്ചതെന്ന് ഇനിയെങ്കിലും കോണ്‍ഗ്രസ് തിരിച്ചറിയുമോ?.

കോണ്‍ഗ്രസിന് പശ്ചാപിക്കാന്‍ അവസരമുണ്ട്.നെഹ്‌റുവിന്റെയും ഗാന്ധിയുടെയും പാര്‍ട്ടിയാണെന്ന് പറഞ്ഞ് ക്ഷണം നിരസിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും . ഇതൊരു പുനരാലോചനക്കുള്ള സമയമാണ്. ഇന്ത്യയുടെ ആത്മാവായ മതേതരത്വത്തെ ചേര്‍ത്തു പിടിക്കേണ്ട നിമിഷമാണ്. 1992 ലും 1949 ലും ബാബരി മസ്ജിദിന് പോറലേല്‍പ്പിച്ച കുറ്റവാളികളെ വെറുതെ വിട്ടതിന് ഇന്ത്യ ഇന്നും അനുഭവിക്കുണ്ടെന്ന് തുറന്നു പറയാന്‍ കോണ്‍ഗ്രസ് ധൈര്യം കാണിക്കണം. സ്വയം കുറ്റമേറ്റ് പറയാന്‍ ഹിന്ദു സമുദായത്തിന് എന്തുകൊണ്ടും ഈ ഒരു പശ്ചാതാപം അനിവാര്യമാണ്. കോണ്‍ഗ്രസ് അതിന് തയ്യാറാവുകയില്ലയെന്നത് സങ്കടകരമായ കാര്യമാണ്. പ്രതാപകാലത്ത് സംഭവിച്ച കുറ്റങ്ങള്‍ ഏറ്റു പറയുന്നതിലുള്ള കോണ്‍ഗ്രസിന്റെ വിമുഖത അതിനെ കൂടുതല്‍ വഷളാക്കും എന്നതില്‍ തര്‍ക്കമില്ല.

കോണ്‍ഗ്രസിലെ ഭീരുക്കളായ നേതാക്കള്‍ക്ക് വിരുദ്ധമായി എന്റെ സുഹൃത്തുക്കളൊരാള്‍ 2019 നവംബറിന് ശേഷം അയോധ്യ സന്ദര്‍ശനം ഉപേക്ഷിച്ചിരുന്നു. രാമക്ഷേത്രം പണിയാനുള്ള കോടതിവിധി വരുന്നതിന് മുമ്പ് അവന്‍ അയോധ്യ സ്ഥിരം സന്ദര്‍ശിക്കാറുണ്ടായിരുന്നു. സരയൂ നദിയില്‍ മുങ്ങി പുണ്യം നേടാറുണ്ടായിരുന്നു, കണക് ഭവാനെയും ഹനുമാന്‍ ഗാര്‍ഹെയും ആരാധിക്കാറുണ്ടായിരുന്നു . അയോധ്യ സന്ദര്‍ശനത്തിനിടെയുണ്ടായ ഒരു സംഭവം അവന്‍ വിവരിച്ചു.’ പരിശുദ്ധമായ എന്താണ് അയോധ്യയില്‍ ഉള്ളതെന്ന് അവന്‍ ഒരിക്കല്‍ ഒരു സാധുവിനോട് ചോദിച്ചു. മറുപടിയായി അനശ്വരമായ സരയൂ നദിയെ ആദ്യമായി പരിചയപ്പെടുത്തിയ അദ്ദേഹം അയോധ്യ ഭൂമിയും വിശുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചു’. മറ്റുള്ളവയെല്ലാം പലരും കെട്ടിച്ചമച്ചതാണ്. രാമ ഭക്തി കൊണ്ടായിരുന്നില്ല ഇത്തരം ഇല്ലാ കഥകള്‍ അവര്‍ പ്രചരിപ്പിച്ചിരുന്നത്, മറിച്ച് അവരുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായിരുന്നു. എന്റെ സുഹൃത്ത് അയോധ്യയിലേക്ക് വന്നപ്പോള്‍ ബാബരി മസ്ജിദിന്റെ ഇഷ്ടിക അവിടെയുണ്ടായിരുന്നു. ഒരു കൂട്ട ആക്രമണത്തിന്റെ ദൃക്‌സാക്ഷിയായി. ഒട്ടുമിക്ക അധികാര കേന്ദ്രങ്ങളും കൈകോര്‍ത്ത ഒരു നീച കൃത്യത്തിന്റെ നീറ്റലായി. പിന്നീട് അദ്ദേഹം ഒരിക്കലും രാമ ജന്മഭൂമി സന്ദര്‍ശിക്കാന്‍ പോയിരുന്നില്ല. 1992 ഡിസംബര്‍ 6 ന് അരങ്ങേറിയ അനീതിയെ ഇന്ത്യയുടെ ദൃഷ്ടിയില്‍ എന്നന്നേക്കും വന്‍ പാപമായി നിലനിര്‍ത്താനുള്ള പ്രതീകമായിരുന്നു ആ മണ്‍ കല്ലുകള്‍. 2019 നവംബര്‍ 9 ന് സത്യത്തെ തുറന്നു കാണിക്കുന്ന അവസാനത്തെ ആ അടയാളവും വിസ്മൃതിയിലാണ്ടു. അന്നുമുതല്‍ അയോധ്യ അനീതിയുടെ പ്രതീകമായി മാറി.

അന്നുമുതല്‍ തന്റെ മനസ്സില്‍ നിന്നും അയോധ്യ അപ്രത്യക്ഷമായെന്ന് സുഹൃത്ത് വെളിപ്പെടുത്തി. ഇപ്പോള്‍ അതൊരു തകര്‍ന്ന ബിംബമാണ്.അവിടെ ആരാധന അസാധ്യമാണ് . അനീതിയുടെ മേല്‍ക്കോയ്മയെ സൂചിപ്പിക്കുന്ന ഒന്നാണത്. അനീതിയും ആത്മീയതയും വിരുദ്ധ ചേരിയില്‍ നിലനില്‍ക്കുന്നവയാണ്. കോണ്‍ഗ്രസിന് മാത്രമേ ഈയൊരു ആശയത്തെ പൊതു മണ്ഡലത്തില്‍ വ്യക്തമായി പ്രകടിപ്പിക്കാനാവൂ. നിക്ഷിപ്ത തല്‍പരരുടെ അരുതായ്മകള്‍ക്കെതിരെ ഇനിയും മിണ്ടാതിരിക്കാനാണ് ഭാവമെങ്കില്‍, കോണ്‍ഗ്രസ് അതിന്റെ ഉത്തരവാദിത്വം മനഃപൂര്‍വ്വം വിസ്മരിക്കുകയാണ്. ശരിയെയും തെറ്റിനെയും വിവേചിച്ച് ആളുകള്‍ക്ക് മനസ്സിലാക്കി കൊടുക്കുക എന്നുള്ളതാണ് കോണ്‍ഗ്രസിന്റെ കടമ .എന്റെ യുവ ഹിന്ദു സുഹൃത്ത് പോലും ആ അവബോധം മനസ്സില്‍ സൂക്ഷിക്കുന്നുവെങ്കില്‍, കോണ്‍ഗ്രസിന് അത് മറ്റുള്ളവരിലേക്ക് നിഷ്പ്രയാസം പകര്‍ന്നു നല്‍കാന്‍ സാധിക്കും.

 

വിവ: ഇബ്‌നു ബഷീര്‍ കാരിപറമ്പ്

Courtesy: The wire

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles