Current Date

Search
Close this search box.
Search
Close this search box.

റോഹിങ്ക്യകളെ നാടുകടത്താന്‍ ബി.ജെ.പിയോട് മത്സരിക്കുന്ന ആം ആദ്മി

ഭാരതീയ ജനതാ പാര്‍ട്ടിയുടെയും ആം ആദ്മി പാര്‍ട്ടിയുടെയും മത്സരിച്ചുള്ള മതഭ്രാന്തായിരിക്കും ഇനി ഇന്ത്യയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ഭാവി തീരുമാനിക്കുക. റോഹിങ്ക്യന്‍ അഭയാര്‍ഥികളെ ഡല്‍ഹിയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കുള്ള പാര്‍പ്പിടങ്ങളിലേക്ക് മാറ്റുമെന്നും അവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും പോലീസ് സംരക്ഷണവും ഒരുക്കുമെന്നുമായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച
കേന്ദ്ര ഭവന മന്ത്രി ഹര്‍ദീപ് സിങ് പുരി പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ സ്വന്തം സംഘ് അനുഭാവികളില്‍ നിന്നും ആം ആദ്മി പാര്‍ട്ടിയില്‍ നിന്നുമുള്ള പ്രതിഷേധത്തെ തുടര്‍ന്ന് ഈ പ്രശംസനീയമായ നീക്കത്തില്‍ നിന്ന് പിന്മാറാന്‍ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായി. ബി ജെ പിയുടെ രാഷ്ട്രീയ നേട്ടത്തിനായി ഡല്‍ഹിയിലെ അനധികൃത കുടിയേറ്റക്കാര്‍ എന്ന് വിളിക്കപ്പെടുന്നവരെ സ്ഥിരതാമസാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചനയാണിതെന്ന ആരോപണവും പിന്നാലെ വന്നു.

മ്യാന്‍മറിലെ പീഡനത്തെത്തുടര്‍ന്ന് പലായനം ചെയ്ത റോഹിങ്ക്യന്‍ മുസ്ലീം അഭയാര്‍ത്ഥികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ പദ്ധതിയില്ലെന്നും ‘അനധികൃത വിദേശികളെ’ നാടുകടത്തുന്ന പ്രക്രിയ തുടരുമെന്നും പുരിയുടെ പ്രസ്താവനയ്ക്ക് മണിക്കൂറുകള്‍ക്ക് ശേഷം, കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിറക്കി.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ആദ്യം നിര്‍ദ്ദേശിച്ചത് ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാരാണെന്ന് ഒരു ബി.ജെ.പി വക്താവ് അവകാശപ്പെട്ടു. പിന്നാലെ, റോഹിങ്ക്യകളെ ഡല്‍ഹി നഗരത്തില്‍ നിയമവിരുദ്ധമായി സ്ഥിരതാമസമാക്കാന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പ്രതികരിച്ചു.

ഇത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അപചയത്തിന്റെ നേര്‍ സാക്ഷ്യമാണ്. അഭയാര്‍ത്ഥികളെ സംബന്ധിച്ച അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ ദേശീയ സുരക്ഷയെ ഏറ്റവും മോശമായ രീതിയില്‍ ബാധിക്കും എന്ന് കാണിക്കാനോ മികച്ച രീതിയില്‍ വോട്ട് നേടാനോ ഉള്ള ഒരു തന്ത്രമായാണ് ഇതിനെ കാണുന്നത്.

റോഹിങ്ക്യന്‍ ‘നുഴഞ്ഞുകയറ്റക്കാരെ’ കുറിച്ച് വര്‍ഗീയ ഭീതി പരത്തുന്നത് ബി.ജെ.പി വളരെക്കാലമായി രാഷ്ട്രീയത്തിന്റെ ഭാഗമാക്കിയിട്ടുള്ളതാണ്.
ഒരു മുസ്ലിമായ ആള്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ ലംഘിക്കുന്നതിനെക്കുറിച്ച് രാഷ്ട്രീയമായി വളക്കൂറുള്ള പരിഭ്രാന്തി സൃഷ്ടിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു, രാജ്യത്തെ അസ്ഥിരപ്പെടുത്തുമെന്ന് ഭീഷണിയും ഉയര്‍ത്തി. ആം ആദ്മി പാര്‍ട്ടി വര്‍ധിതാവേശത്തോടെയാണ് ഈ കളി ഇപ്പോള്‍ ഒരുമിച്ച് കളിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

‘അഭയാര്‍ത്ഥികളും’ ‘നുഴഞ്ഞുകയറ്റക്കാരും’

കഴിഞ്ഞ ദശകത്തില്‍, മ്യാന്‍മര്‍ ഭരണകൂടം രാജ്യത്ത് വംശീയ ഉന്മൂലനം ആരംഭിച്ചതിനാല്‍ ആയിരക്കണക്കിന് റോഹിങ്ക്യകള്‍ അവിടെ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. വംശീയ ഉന്മൂലനം, ഈ സമൂദായത്തെ രാജ്യരഹിതരാക്കുകയും പിന്നീടവര്‍ വലിയ തോതിലുള്ള അക്രമങ്ങള്‍ക്കിരയാവുകയും ചെയ്തു.

മ്യാന്‍മറില്‍ നിന്ന് തീവയ്പ്പിന്റെയും കൂട്ടക്കൊലയുടെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോഴും, റോഹിങ്ക്യകള്‍ അഭയാര്‍ഥികളല്ലെന്നും നാടുകടത്തപ്പെടുന്ന ”അനധികൃത കുടിയേറ്റക്കാര്‍” ആണെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ചു.

അഭയാര്‍ത്ഥികളെ അവരുടെ രാജ്യത്തേക്ക് നിര്‍ബന്ധിച്ച് മടക്കി അയക്കരുതെന്ന അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രത്തിന്റെ നിലപാട് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. ഈ നിയമമനുസരിച്ച്, ഒരു രാജ്യത്ത് അഭയം തേടുന്നവരെ അവരുടെ ഐഡന്റിറ്റി കാരണം പീഡനം നേരിടാന്‍ സാധ്യതയുള്ള മറ്റൊരു രാജ്യത്തേക്ക് അയയ്ക്കാന്‍ പാടില്ലെന്നാണ്. എന്നാല്‍, റോഹിങ്ക്യകള്‍ക്ക് അഭയം നല്‍കുന്നത് മനുഷ്യാവകാശങ്ങളുടെ പ്രശ്നമല്ല, മറിച്ച് ദേശീയ സുരക്ഷയുടെ പ്രശ്നമാണെന്നും അഭയാര്‍ഥികളില്‍ പലര്‍ക്കും തീവ്രവാദ ബന്ധമുണ്ടെന്നും കേന്ദ്രം കോടതയില്‍ വാദിച്ചു.

ഐക്യരാഷ്ട്രസഭയുടെ 1951ലെ അഭയാര്‍ത്ഥി കണ്‍വെന്‍ഷനില്‍ ഇന്ത്യ ഒപ്പുവെച്ചിട്ടില്ലാത്തതിനാല്‍ അന്താരാഷ്ട്ര നിയമങ്ങളാല്‍ അത് ബന്ധിക്കപ്പെട്ടിരുന്നില്ല. അഭയാര്‍ത്ഥി സംരക്ഷണം സംബന്ധിച്ച ആഭ്യന്തര നിയമങ്ങളൊന്നും ഇന്ത്യയിലില്ല, കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച സാധാരണ നടപടിക്രമങ്ങള്‍ മാത്രമാണുള്ളത്. അതിനാല്‍ തന്നെ വിവിധ അഭയാര്‍ത്ഥി ഗ്രൂപ്പുകളുടെ ഭാവി സര്‍ക്കാരിന്റെ നല്ല മനസ്സിനെ ആശ്രയിച്ചിരിക്കുന്നു.

സൈനിക അട്ടിമറി ആഭ്യന്തരയുദ്ധത്തിന് കാരണമായതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മ്യാന്‍മറില്‍ നിന്ന് അഭയാര്‍ഥികളുടെ പുതിയ പ്രളയമാണ് ഇന്ത്യയിലേക്ക് ഒഴുകിയെത്തിയത്. ഈ അഭയാര്‍ത്ഥികളില്‍ പലരും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനസമൂഹവുമായി വംശീയ ബന്ധം പുലര്‍ത്തുന്നവരാണ്. അതിനാല്‍ തന്നെ അവര്‍ അവിടെ അഭയം പ്രാപിച്ചു.

‘അനധികൃത കുടിയേറ്റക്കാര്‍’ കൂടിയാണെന്ന് ഊന്നിപ്പറയാന്‍ കേന്ദ്രം ശ്രമിച്ചുവെങ്കിലും, ആരെയാണ് നാടുകടത്തപ്പെടേണ്ട എന്ന് അവര്‍ പറഞ്ഞില്ല. പീഡനങ്ങളില്‍ നിന്നും അക്രമങ്ങളില്‍ നിന്നും രക്ഷപെട്ട് വരുന്ന എല്ലാ സംഘങ്ങള്‍ക്കും സുരക്ഷിത സ്ഥാനം ആവശ്യമാണ്. അതിനിടെ, ഡല്‍ഹി, ജമ്മു, ഹൈദരാബാദ് എന്നിവിടങ്ങളിലെ ക്യാമ്പുകളില്‍ കഴിയുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ നാടുകടത്തപ്പെടുമെന്ന ഭീതിയിലാണ് ദിനംപ്രതി കഴിയുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ജമ്മുവിലെ അഭയാര്‍ഥികളെ സര്‍ക്കാര്‍ നിശ്ശബ്ദ ത
ങ്കലിലടച്ചിരിക്കുകയാണ്.

ഹിന്ദുത്വയെ അനുകരിക്കുന്നവര്‍

ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി ഹിന്ദുത്വയുടെ- ഒരു ലൈറ്റ് പതിപ്പായി മാറിയിരിക്കുകയാണ്. ബി.ജെ.പിയുടെ അപകടകരമായ ‘നുഴഞ്ഞുകയറ്റ’ വാചാടോപത്തിന്റെ എക്കോയാണ് ആം ആദ്മി. ഈ വര്‍ഷമാദ്യം, ഡല്‍ഹിയിലെ ജഹാംഗീര്‍പുരി പ്രദേശത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍, ആം ആദ്മി പാര്‍ട്ടി നിയമസഭാംഗമായ അതിഷി മര്‍ലേനയെപ്പോലുള്ള പുരോഗമനശബ്ദങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ പോലും റോഹിങ്ക്യകളെ കുറ്റപ്പെടുത്താനാണ് ശ്രമിച്ചത്.

ബി.ജെ.പിയെപ്പോലെ ആം ആദ്മി പാര്‍ട്ടിക്കും തിരഞ്ഞെടുപ്പ് കണക്കുകൂട്ടലുകള്‍ മനസ്സിലുണ്ടാകാം. ഈ വര്‍ഷം പഞ്ചാബിലും ഗുജറാത്തിലും രണ്ട് പാര്‍ട്ടികളും നേര്‍ക്കുനേരെ തിരഞ്ഞെടുപ്പ് പോരാട്ടത്തിലുണ്ടായിരുന്നു. അനിശ്ചിതകാലത്തേക്ക് മാറ്റിവച്ച ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും അവര്‍ പരസ്പരം ഏറ്റുമുട്ടും.

സി.എ.എ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കും 2020ലെ വര്‍ഗീയ കലാപങ്ങള്‍ക്കും ശേഷം ധ്രുവീകരിക്കപ്പെട്ട ഒരു നഗരത്തില്‍, റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ വിഷയത്തില്‍ ഭൂരിപക്ഷ സമവായത്തോടെ പ്രവര്‍ത്തിക്കുന്നതാകും ഉചിതമാണെന്നാണ് ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടി കണക്ക് കൂട്ടുന്നത്. അല്ലാതെ പുരോഗമന ക്ഷേമ രാഷ്ട്രീയം എന്ന പാര്‍ട്ടിയുടെ അവകാശവാദവുമായി ഇത് യോജിക്കുന്നതല്ല.

അടുത്തിടെ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ‘സൗജന്യങ്ങള്‍ക്കെതിരെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസത്തിനെതിരെ രംഗത്തെത്തിയിരുന്നു. സൗജന്യ ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും വോട്ടര്‍മാരെ പ്രീതിപ്പെടുത്താനുള്ള സൗജന്യങ്ങളല്ലെന്നും അത് ജനങ്ങളുടെ അവശ്യ പൊതു സേവനങ്ങളാണെന്നുമാണ് കെജ്രിവാള്‍ വാദിച്ചത്.

ആം ആദ്മി പാര്‍ട്ടിയുടെ റോഹിങ്ക്യകള്‍ക്കെതിരായ ആക്രമണം ബി.ജെ.പിയുടെ കുബുദ്ധി രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്തത്. അതിനിടെ, കേന്ദ്രസര്‍ക്കാരിന്റെ യു-ടേണിനെതിരെ കോണ്‍ഗ്രസില്‍ നിന്ന് ഒറ്റതിരിഞ്ഞ പ്രതിഷേധ സ്വരങ്ങള്‍ മാത്രമാണ് ഉയര്‍ന്നത്. ബി.ജെ.പിയുടെ രാഷ്ട്രീയത്തിന് ബദല്‍ വാഗ്ദാനം ചെയ്യുന്ന പ്രതിപക്ഷം മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതുണ്ട്. അവര്‍ അഭയാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളേണ്ടതുണ്ട്. വിദ്വേഷത്തെ അനുകൂലിക്കുന്നതിനുപകരം സഹാനുഭൂതിയുടെ രാഷ്ട്രീയമാണ് അത് ഉയര്‍ത്തിപ്പിടിക്കേണ്ടത്.

വിവ: സഹീര്‍ വാഴക്കാട്
അവലംബം: scroll.in

Related Articles