Current Date

Search
Close this search box.
Search
Close this search box.

ഉപതെരെഞ്ഞെടുപ്പ് ഫലം നല്‍കുന്ന പാഠങ്ങള്‍

vote.jpg

പൊതുജനം കഴുതയാണ് എന്ന രാഷ്ട്രീയത്തിലെ പതിവ് പല്ലവി തകര്‍ന്നു. പൊതുജനം വിഡ്ഢികളാണെന്ന് ധരിച്ചവനാണ് യഥാര്‍ത്ഥ വിഡ്ഢി. ഞങ്ങളുടെ സമ്മതിദാനാവകാശം വര്‍ഗീയതക്കോ തീവ്രഹിന്ദുത്വത്തെയോ നെഞ്ചേറ്റുന്നത് കൊണ്ടല്ല അതിന് അനുകൂലമായി വിനിയോഗിച്ചത്, മറിച്ച് നിവൃത്തികേട് കൊണ്ടു മാത്രമാണെന്ന് തെളിയിക്കുന്ന ഫലങ്ങള്‍. ഉയര്‍ന്ന വിദ്യാഭ്യാസം പുലര്‍ത്തുന്ന ചെറുപ്പക്കാര്‍ മാത്രമല്ല, താഴെ തട്ടിലുള്ള സാധാരണക്കാരും രാഷ്ട്രീയ പ്രബുദ്ധതയില്‍ കരുത്താര്‍ജ്ജിച്ചിരിക്കുന്നു. മോഹന വാഗ്ദാനങ്ങളുടെ അധരവര്‍ഷം കൊണ്ടോ ചില ഗിമ്മിക്കുകള്‍ കാണിച്ചത് കൊണ്ടോ ജനങ്ങളെ കബളിപ്പിക്കാമെന്ന വ്യാമോഹം കൂടിയാണ് ഈ ഫലങ്ങള്‍ അസ്ഥാനത്താക്കിയത്.

വര്‍ഗീയത ഒരു പരിധിക്കപ്പുറം ജനങ്ങള്‍ മുഖവിലക്കെടുക്കില്ല എന്ന് തെളിയിച്ച ഫലങ്ങളാണ് പുറത്ത് വന്നത്. മുസഫര്‍ നഗര്‍ കലാപത്തെ മുന്‍ നിര്‍ത്തിയുള്ള ശക്തമായ വര്‍ഗീയ ധ്രുവീകരണവും ലൗ ജിഹാദിന്റെ പെരുംനുണകളും ഉത്തര്‍ പ്രദേശില്‍ വിലപോയില്ല എന്ന് വേണം കരുതാന്‍. ലോകസഭാ ഇലക്ഷനില്‍ യു.പിയില്‍ സംഭവിച്ച രാഷ്ട്രീയ സുനാമി വര്‍ഗീയ ധ്രുവീകരണത്തിന്റെ ഫലമാണെന്ന് ധരിച്ച് വശായ സംഘ്പരിവാര്‍ പരമാവധി കാര്‍ഡുകള്‍ ഇറക്കി നോക്കിയിട്ടും അവിടെ ക്ലച്ച് പിടിച്ചില്ല. ‘നിങ്ങള്‍ തമ്മില്‍ തല്ലിച്ച് മുതലെടുക്കുന്നതിന് പകരം വാഗ്ദാനങ്ങള്‍ പാലിക്കൂ’ എന്ന് ബി.ജെ.പിക്കുള്ള ശക്തമായ താക്കീത് കൂടിയാണിത്.

ഈ തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ കോണ്‍ഗ്രസിനാണ് ഏറ്റവും വലിയ പാഠം നല്‍കുന്നത്. ഗുജറാത്തില്‍ ബി.ജെ.പിയുടെ മൂന്ന് സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്തതുള്‍പ്പെടെയുള്ള നേട്ടം അവര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. കോണ്‍ഗ്രസേ നീ കുറച്ചു കൂടി നന്നാനയിരുന്നെങ്കില്‍ വര്‍ഗീയ രാഷ്ട്രീയം ഇവിടെ വേരൂന്നില്ലായിരുന്നുവെന്ന് ജനം പറയുന്നത് പോലുണ്ട്. ഈ ആത്മവിശ്വാസത്തില്‍ നിന്ന് ലഭിക്കുന്ന ഊര്‍ജ്ജം മുതലാക്കി കോണ്‍ഗ്രസ് നന്നായാല്‍ വരും കാലം ചരിത്രം തിരുത്താന്‍ അവര്‍ക്ക് സാധിക്കും.

രാജ്യത്തെ ഏറ്റവും വലിയ ഇടതു കക്ഷിയായ സി.പി.എമ്മിന്‍രെ തകര്‍ച്ചയാണ് മറ്റൊന്ന്. ബംഗാളില്‍ ഒന്നു നിവര്‍ന്ന് നില്‍ക്കാന്‍ പോലുമാകാതെ നടുവൊടുഞ്ഞു കിടക്കുകയാണ് പാര്‍ട്ടി. പോരാത്തതിന് ചരിത്രത്തിലാദ്യമായി ബംഗാള്‍ നിയമസഭയില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുകയും സി.പി.എം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തിരിക്കുന്നു. പാര്‍ട്ടി കേന്ദ്രകമ്മിറ്റികളോ പ്ലീനങ്ങളെ കൊണ്ട് യാതൊരു കാര്യവുമില്ലെന്നും പ്രായോഗികമായി വല്ലതും ചെയ്യാതെ ഇനി പാര്‍ട്ടിക്ക് ഒരടി മുന്നോട്ട് വെക്കാനാവില്ലെന്നും തെളിയിക്കുന്ന ഫലങ്ങള്‍.

ഈ ഫലങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് വല്ലാത്ത സന്തോഷം പകരുന്നു. കോണ്‍ഗ്രസ്സും അവര്‍ഗീയമായ മറ്റ് പ്രാദശിക പാര്‍ട്ടികളും കരുത്താര്‍ജ്ജിക്കുന്നത് ഭാവിയില്‍ ന്യൂനപക്ഷക്ഷങ്ങളുടെ അരക്ഷിതാവസ്ഥക്ക് വലിയ പരിഹാരമാകും. ആര്‍.എസ്.എസിന്റെ അജണ്ടകളില്‍ പലതും മുസ്‌ലിം വിരുദ്ധമാണെന്നിരിക്കെ ഈ ഫലങ്ങള്‍ ഭാവിയില്‍ വലിയ തിരിച്ചറിവുകള്‍ പകരുമെന്നത് തീര്‍ച്ചയാണ്.

Related Articles