Current Date

Search
Close this search box.
Search
Close this search box.

Current Issue, Hamas, Speeches

ഒക്ടോബര്‍ 7 ന് തന്നെ നിങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു

”പരസ്പരം ഏറ്റുമുട്ടിയ ആ രണ്ടു കൂട്ടങ്ങളില്‍ നിങ്ങള്‍ക്ക് ഗുണപാഠം ഉണ്ടായിരുന്നു. ഒരു കൂട്ടം ദൈവികസരണിയില്‍ പൊരുതുകയായിരുന്നു മറ്റേത് നിഷേധിക്കൂട്ടം ആയിരുന്നു നിഷേധക്കൂട്ടം വിശ്വാസികളുടെ രണ്ടിരട്ടിയുള്ളതായി. നോക്കുന്നവരൊക്കെ കാണുന്നുണ്ടായിരുന്നു പക്ഷേ അവന്റെ വിജയവും സഹായവും അവന ഇഛിക്കുന്നവര്‍ക്കു നല്‍കുന്നു” (ആലു ഇംറാന്‍ 13)

ഗസ്സയോടും അവിടുത്തെ ജനങ്ങളോടുമുള്ള ക്രൂരമായ യുദ്ധം ഇരുപത്തിയാറാം ദിനവും തുടരുകയാണ്. ധീരരായ ഞങ്ങളുടെ പോരാളികള്‍ സര്‍വ്വസന്നാഹങ്ങളോടെ അതിനെ നേരിടുന്നുണ്ട്. പവിത്രമായ തങ്ങളുടെ രക്തം കൊണ്ട് അവര്‍ നാടിന്റെ ഭൂപടം വരയ്ക്കുന്ന കാഴ്ചയാണ് നാം അവിടെ കാണുന്നത്. രക്ഷസാക്ഷിത്വവും, അതുല്യമായ ത്യാഗമനസ്സും, മുറിവിലും വേദനയിലുമുള്ള സ്ഥൈര്യവും തുടങ്ങി പര്‍വ്വത സമാനമായ സഹനശക്തിയാണ് അവര്‍ പാലിക്കുന്നത്.

ഉഗ്രപ്രതാപികളായ ഗസ്സക്കാരേ, രണ്ടു പക്ഷങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിലാണ് നിങ്ങളുള്ളത്. ഒരുവശത്ത് സ്വാതന്ത്ര്യവും നീതിയും കൊതിക്കുന്ന പക്ഷവും മറുവശത്ത് വംശീയ ഫാസിസ്റ്റ് ചേരിയും. മാനവിക സമാധാനവും സഹിഷ്ണുതയും ആഗ്രഹിക്കുന്ന ജനതയും അഭിനവ നാസികളും തമ്മിലുള്ള ചരിത്രപരമായ പോരാട്ടമാണിത്. അവരെ പിന്തുണയ്ക്കുന്നതാകട്ടെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കായി എല്ലാ മൂല്യങ്ങളെയും ചവിട്ടിമെതിക്കുന്ന ഒരു കൊളോണിയല്‍ ശക്തിയും.

ഐതിഹാസികമായ ഈ പോരാട്ടത്തിന്റെ 26ആം ദിനത്തിലാണ് നാമുള്ളത്. നവനാസികള്‍ നടത്തുന്ന കാപാലികമായ കൂട്ടക്കൊലകളുടെയും വംശഹത്യകളുടെയും സാഹചര്യത്തില്‍ ചില കാര്യങ്ങള്‍ ഇവിടെ വ്യക്തമാക്കുകയാണ്:

ഒന്നാമതായി, വന്‍നാശം സംഭവിക്കുമ്പോഴും ഗസ്സയിലെ ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ തുല്യതയില്ലാത്ത സ്ഥൈര്യം അഭിമാനകരമാണ്. രക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും എണ്ണം കുത്തനെ വര്‍ധിക്കും വിധം കൂട്ടക്കൊലകളാണ് അവിടെ നടന്നു കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലത്തേത് ഇന്നലെ നടന്ന ജബലിയ ക്യാമ്പിലേതായിരുന്നു. ജബലിയ അടക്കം നുസൈറാത്ത്, ശാത്വിഅ, ഫലൂജ എന്നിവിങ്ങളില്‍ നടന്നതും മറ്റു പ്രദേശങ്ങളില്‍ ഉടന്‍ നടക്കാനിരിക്കുന്നതുമായ നീചമായ മനുഷ്യകുരുതികള്‍. ഉന്മൂലനത്തിന്റെയും കുടിയൊഴിപ്പിക്കലിന്റെയും പുതിയ നകബയുടെ ഈ ഘട്ടത്തില്‍ ഞങ്ങളുടെ ജനതയുടെ ജന്മനാടിനോടുള്ള അടങ്ങാത്ത പ്രതിബദ്ധതയും വിട്ടുകൊടുക്കാത്ത സ്ഥൈര്യവുമാണ് ശത്രുവിന്റെ ഏറ്റവും വലിയ പരാജയം.

രണ്ടാമതായി, ദിവസം കഴിയുന്തോറും ശത്രുവിന് ഓരോ പാഠങ്ങള്‍ പഠിപ്പിച്ചു കൊടുക്കുന്ന ഞങ്ങളുടെ അഭിമാനകരമായ പോരാട്ടത്തെ കുറിച്ചാണ്.ശത്രുവിന്റെ യുദ്ധടാങ്കുകളോ നിരന്തരമായ ബോംബിങ്ങോ തെല്ലും പരിഗണിക്കാതെ കരുത്തരും വിശ്വാസികളുമായ ഖസ്സാമിന്റെയും മറ്റ് പോരാട്ട സംഘങ്ങളുടെയും പോരാളികള്‍ ഓരോ കേന്ദ്രങ്ങളിലും ധീരമായി ചെറുത്തു നില്‍ക്കുകയാണ്. വിറങ്ങലിച്ച മനസ്സുമായി ചിതറിയ നേതൃത്വത്തിന് കീഴില്‍ ശത്രു കരയുദ്ധം തുടങ്ങുമ്പോള്‍ ഞങ്ങളുടെ പതറാത്ത പോരാളികള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയത് പ്രകാരം നിന്ദ്യമായ തിരിച്ചടി അവര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നു.

മൂന്നാമതായി, ശത്രുവിനോടും അവര്‍ക്ക് പിന്നില്‍ നിലയിറപ്പിച്ചവരോടും ആണ് പറയാനുള്ളത്. ഭീകരമായ കൂട്ടക്കുരുതികളിലൂടെയും പൗരന്മാര്‍ക്ക് നേരെയുള്ള ആക്രമണങ്ങളിലൂടെയും പരാജയം മൂടി വെക്കാനുള്ള ഹീനമായ ശ്രമം, തൂഫാനുല്‍ അഖ്‌സയുടെ തോല്‍വിയില്‍ നിന്നും നിങ്ങളെ രക്ഷപ്പെടുത്തില്ല. ഒക്ടോബര്‍ 7 നു തന്നെ നിങ്ങള്‍ പരാജയം രുചിച്ചു കഴിഞ്ഞു. ഇപ്പോള്‍ ഞങ്ങളുടെ ധീരരായ പോരാളികളെ നേരിടാന്‍ നിങ്ങള്‍ കരയുദ്ധത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. നിങ്ങളുടെ നാശനഷ്ടങ്ങളുടെ കണക്ക് ഇപ്പോള്‍ നിങ്ങള്‍ പറയുന്നുണ്ടല്ലോ. ഞങ്ങളുടെ പോരാളികളെക്കുറിച്ച് നിങ്ങള്‍ക്കെന്താണറിയുക! ഇതിനപ്പുറമുള്ള നാശത്തിന്റെ കണക്കായിരിക്കും നിങ്ങള്‍ക്കിനി പറയാനുണ്ടാവുക.

നാലാമതായി, ഈ യുദ്ധത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം വലതുപക്ഷ വംശീയ ഫാഷിസത്തെ നയിക്കുന്ന നെതന്യാഹുവാണ്. തന്നെയും കുടുംബത്തെയും ജയിലില്‍ നിന്നും വിചാരണയില്‍ നിന്നും – ഒരു നാടിനെ ഒന്നടങ്കം നശിപ്പിച്ചിട്ടാണെങ്കിലും – എങ്ങനെ രക്ഷിക്കാം എന്നതിനെക്കുറിച്ച് മാത്രമാണ് അയാള്‍ ചിന്തിക്കുന്നത്. മസ്ജിദുല്‍ അഖ്‌സയുടെ പവിത്രതക്കും മുസ്ലിം-ക്രൈസ്തവ വിശുദ്ധ ഭവനങ്ങള്‍ക്കും പൗരന്മാര്‍ക്കും നേരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ട്, ഭീഷണിയുടെയും അപരവത്കരണത്തിന്റെയും രാഷ്ട്രീയ നയം സ്വീകരിക്കുന്ന നെതന്യാഹുവിനെയും അയാളുടെ ഫാസിസ്റ്റ് ഭരണകൂടത്തെയും കുറിച്ച് മുമ്പേ ഞങ്ങള്‍ താക്കീത് നല്‍കിയതാണ്. ഇത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ഈ കുറ്റവാളിയെയും കൂട്ടാളികളെയും പിടിച്ചുകെട്ടണമെന്നും ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കിയതാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ ആഹ്വാനം ആരും ചെവിക്കൊണ്ടില്ല. എന്നല്ല, ഇവരുടെ കൂട്ടാളികള്‍ പിന്തുണയും പ്രേരണയുമായി നിര്‍ബാധം ഈ വംശീയ രാഷ്ട്രീയത്തിന് കൂട്ടുനിന്നു. ഞങ്ങളിതാ വീണ്ടും മുന്നറിയിപ്പ് നല്‍കുന്നു, ഗസ്സയുടെ അകവും പുറവും തകര്‍ത്ത് മുഖം രക്ഷിക്കാന്‍ ഒരു നിയമവും നിലവില്‍ നെതന്യാഹുവിന് ബാധകമല്ല.

ഈ കൂട്ടക്കൊലയും വംശഹത്യയും ഉടനടി അവസാനിപ്പിക്കുന്നതിനായി മധ്യസ്ഥര്‍ ഞങ്ങളെ സമീപിച്ചിട്ടുണ്ട്. ആക്രമണം അവസാനിപ്പിച്ച്, തടവുകാരുടെ കൈമാറ്റ ഇടപാടിലൂടെ പുതിയ രാഷ്ട്രീയ നയം രൂപീകരിക്കുന്ന, ജെറുസലേം തലസ്ഥാനമായി ഒരു സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം എന്ന സമഗ്രമായ പരിഹാരം ഹമാസ് മുന്നോട്ടുവച്ചു. പക്ഷേ, പൊള്ളയായ വാഗ്ദാനങ്ങള്‍ നിരത്തി നെതന്യാഹു സ്വന്തം ജനതയെ കബളിപ്പിക്കുകയും ഇതില്‍ നിന്നും പിന്തിരിയുകയുമാണ് ചെയ്യുന്നത്.

ആ വാഗ്ദാനങ്ങളാകട്ടെ, അവ നേടാന്‍ ഞങ്ങള്‍ ഒരിക്കലും അയാളെ അനുവദിക്കില്ല. ഇന്നേവരെ അവ നേടിയെടുക്കുന്നതില്‍ അവര്‍ പരാജയപ്പെട്ട ചരിത്രമേയുള്ളൂ. ഓരോ യുദ്ധത്തിന്റെയും ഫലങ്ങള്‍ അവര്‍ക്ക് കൃത്യമായി അറിയാവുന്നതാണ്. എങ്കിലും ഗസ്സയുടെ മണല്‍തരികളില്‍ മുങ്ങി മരിച്ചുവെന്ന് തിരിച്ചറിയുന്നതുവരെ ഈ അഹങ്കാരി സംഘം ഇത് തുടര്‍ന്നുകൊണ്ടിരിക്കും. ഞങ്ങളുടെ ജനതയുടെ അതേ അളവില്‍ നാശത്തിനും കൊലപാതകത്തിനും വിധേയമാകുന്ന അവരുടെ തടവുകാരുടെ ജീവനുള്‍പ്പെടെ വലിയ വിലയാണ് അവര്‍ക്കിതിനായി ഒടുക്കേണ്ടി വരിക. ഇന്നലെ ജബലിയ ക്യാമ്പില്‍ കൊല്ലപ്പെട്ടവരിലും ഈ തടവുകാരുണ്ട്.

അഞ്ചാമതായി, കൂട്ടക്കൊലകള്‍ മറച്ചുവെച്ച് സയണിസത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രങ്ങളോടാണ് പറയാനുള്ളത്. അതിന്റെ മുന്‍നിരയില്‍ ഒന്നാമതായുള്ളത് അമേരിക്കയാണ്. ഇസ്രായേലെന്ന കാലഹരണപ്പെട്ട കൊളോണിയല്‍ രാഷ്ട്രത്തിന് സൈനിക പിന്തുണ നല്‍കുന്ന നടപടിയില്‍ നിന്നും അടിയന്തിരമായി പിന്തിരിയണമെന്ന് നിങ്ങളെ ഞാന്‍ ഓര്‍മ്മപ്പെടുത്തുകയാണ്. ആക്രമണം ഉടന്‍ അവസാനിപ്പിച്ച് പുതിയ രാഷ്ട്രീയ പരിഹാരം ആവശ്യപ്പെടാനും നടപ്പിലാക്കാനുമുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ മനസാക്ഷിയെ തടയുന്നത് നിങ്ങള്‍ നിര്‍ത്തണം.

‘യുണൈറ്റഡ് ഫോര്‍ പീസ്’ എന്ന തലക്കെട്ടില്‍ ഏറ്റവും ഒടുവില്‍ നടന്ന പൊതു അസംബ്ലി യോഗത്തില്‍ ഇത് കണ്ടതാണ്. അമേരിക്കയോട് ഒന്നേ ഞങ്ങള്‍ക്ക് പറയാനുള്ളൂ, ചരിത്രത്തിന്റെ തെറ്റായ ഭാഗമാണ് നിങ്ങള്‍ നിലകൊള്ളാന്‍ തിരഞ്ഞെടുത്തിട്ടുള്ളത്. ചരിത്രത്തിന്റെ മാത്രമല്ല വര്‍ത്തമാനകാലത്തിലെയും ഭാവിയിലെയും തെറ്റായ വശത്താണ് നിങ്ങളുള്ളത്. സ്വാതന്ത്ര്യത്തിനും തിരിച്ചുവരവിനുമുള്ള ഈ ജനതയുടെ അവകാശങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും വരെ ഇവിടെ സമാധാനവും സുരക്ഷിതത്വവും പുലരാന്‍ പോകുന്നില്ല. നിങ്ങളുടെ ധാര്‍ഷ്ട്യവും കാപട്യവും മതിയാക്കാന്‍ സമയമായി. ചരിത്രം ഒരാള്‍ക്കും മാപ്പു നല്‍കില്ല.

ആറാമതായി, ഫലസ്തീന്‍ ജനതയ്ക്കും ഗസ്സക്കും പിന്തുണ നല്‍കുന്ന ചരിത്രപരമായ നിലപാടെടുത്ത അറബ് ഇസ്ലാമിക സമൂഹത്തെയും ലോകത്തിലെ മറ്റ് ജനങ്ങളെയും ഞങ്ങള്‍ അഭിവാദ്യം ചെയ്യുകയാണ്. തങ്ങളുടെ പ്രഖ്യാപിത നിലപാടുമായി ഈ വിഷയത്തെ പിന്തുണയ്ക്കുന്ന എല്ലാ പ്രതിരോധ സംഘങ്ങളെയും -പ്രത്യേകിച്ച് ഇറാഖ്, സിറിയ, യമന്‍ എന്നീ രാഷ്ട്രങ്ങളിലെ പോരാട്ടമുന്നണികളെ- ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നു. അറബ്-ഇസ്ലാമിക രാഷ്ട്രങ്ങളിലും ലോകത്തിന്റെ വിവിധ ഇടങ്ങളിലും തെരുവുകളെ പ്രക്ഷുബ്ധമാക്കുന്ന നിങ്ങളുടെ പിന്തുണ തുടരണമെന്ന് ഒരിക്കല്‍ കൂടി ഉണര്‍ത്തുന്നു. ഫലസ്തീന്‍ ജനതയുടെ ന്യായമായ ആവശ്യം ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയങ്ങളില്‍ പതിഞ്ഞു നില്‍ക്കാന്‍ ഇത് കാരണമായിട്ടുണ്ട്. അധികാരികള്‍ -പ്രത്യേകിച്ച് പടിഞ്ഞാറന്‍ നാടുകളില്‍- ശത്രുവിന് പിന്തുണ നല്‍കുന്ന നിലപാടുകളില്‍ നിന്നും പിന്മാറാന്‍ നിരന്തരമായി നാം സമ്മര്‍ദ്ദം ചെലുത്തണം.

ഇന്ന് റഫ ബോര്‍ഡര്‍ ഭാഗികമായി തുറക്കപ്പെട്ടിരിക്കുകയാണ്. റഫ അതിര്‍ത്തി പൂര്‍ണമായും ഈജിപ്ത്-ഫലസ്തീന്‍ ക്രോസിംഗ് ആയതിനാല്‍ ഇത് ഒരിക്കലും തടസ്സപ്പെടാന്‍ പാടില്ലെന്ന കാര്യം ഞങ്ങള്‍ ആവര്‍ത്തിക്കുകയാണ്.

അവസാനമായി ഞങ്ങളുടെ ഗസ്സക്കാരോടാണ്, നിങ്ങളുടെ പോരാട്ടം ഇളക്കം തട്ടാതെ നിലകൊള്ളുന്നുണ്ട്. നിങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് ശത്രുക്കള്‍ വലിയ വിലയാണ് ഒടുക്കികൊണ്ടിരിക്കുന്നത്, പരിശുദ്ധമായ ഈ പോരാട്ടത്തില്‍ പങ്കുകൊള്ളാന്‍ ലോകത്തെമ്പാടുമുള്ള മുസ്‌ലിം സമൂഹം ഒന്നടങ്കം ആവേശഭരിതരാണെന്ന് കൂടി ഞങ്ങള്‍ പറയുകയാണ്. മസ്ജിദുല്‍ അഖ്‌സയുടെയും പുണ്യഭൂമിയുടെയും സമ്പൂര്‍ണ്ണമായ വിമോചനവും ആധികാരിക വിജയവും മാത്രമായിരിക്കും ഈ പോരാട്ടത്തിന്റെ അന്തിമ ഫലം.

രക്തസാക്ഷികള്‍ക്ക് കാരുണ്യവും പരിക്കേറ്റവര്‍ക്ക് വേഗത്തിലുള്ള ശമനവും ലഭിക്കുമാറാകട്ടെ. ധീര മുജാഹിദുകളേ, അഭിമാനകരമായ നിങ്ങളുടെ പോരാട്ടത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

 

വിവ: ബിലാൽ നജീബ്

കൂടുതൽ വായനക്ക്‌: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles