Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിന്റെ പത്ത് കള്ള പ്രചരണങ്ങൾ പൊളിച്ചെഴുതുന്നു

ഇസ്രായേൽ ഗസ്സയിൽ ഫലസ്ഥീനികൾക്കെതിരെ വംശഹത്യ ആരംഭിച്ചത് മുതൽ ഇസ്രായേൽ അനുകൂല പ്രചാരകർ തെറ്റായ വിവരങ്ങൾകൊണ്ട് യുദ്ധം നടത്തിക്കൊണ്ടിരിക്കുകയാണ്. ഒക്‌ടോബർ 8-ന് ഇസ്രായേൽ സൈന്യം ഗസ്സയിൽ 24 മണിക്കൂർ നീണ്ടുനിന്ന ബോംബാക്രമണം തുടങ്ങിയപ്പോൾ ന്യൂയോർക്ക് ടൈംസ്, ബിബിസി പോലെയുള്ള പ്രമുഖ മാധ്യമങ്ങൾ ഉടൻ തന്നെ അരങ്ങേറാൻ പോകുന്ന ഭീകരതയെ ന്യായീകരിക്കാൻ വൻതോതിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ മുഴുകുന്നതാണ് നാം കണ്ടത്.

ഇസ്രായേൽ ഒരു ജനതയുടെ നിഷ്ഠൂരമായ വംശഹത്യയിൽ ഏർപ്പെട്ടിരിക്കുകയാണെന്ന സത്യത്തെ മറയ്ക്കാൻ പാശ്ചാത്യ മാധ്യമങ്ങളുടെ വാർത്താ ബുള്ളറ്റിനുകൾ ഇസ്രായേൽ അനുകൂല പ്രചാരണങ്ങളും ആഖ്യാനങ്ങളും കൊണ്ട് നിറച്ചു. ഇസ്രായേൽ അനുകൂല നിലപാടിലൂടെ വെളിച്ചത്താവുന്ന ‘പാശ്ചാത്യ നാഗരികത’യുടെയും ‘ജനാധിപത്യ’ത്തിന്റെയും നുണകോട്ടകൾ കൂടി കാക്കുകയായിരുന്നു അവർ. തങ്ങളുടെ പ്രിയപ്പെട്ട കുടിയേറ്റ കൊളോണിയലിസത്തിന് (Settler Colonialism) വേണ്ടി പാശ്ചാത്യ മാധ്യമങ്ങൾ മുന്നോട്ട് വയ്ക്കുന്ന പത്ത് കള്ള പ്രചരണങ്ങൾ പരിശോധിക്കാം:

 1) ഫലസ്‍തീൻ പ്രശ്‍നം ഒക്ടോബർ 7 ന് ഹമാസ് നടത്തിയ ആക്രമണത്തെ തുടർന്ന് ആരംഭിച്ച ഒന്നാണ്

ഒക്‌ടോബർ 7-ലെ ആക്രമണം ഇസ്രായേലിന് ‘9/11’ന് തുല്യമാണെന്നാണ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചത്.  ഇതുതന്നെയായിരുന്നു പാശ്ചാത്യ മാധ്യമങ്ങളുടെയും വാദം. എന്നാൽ യാഥാർഥ്യം അതല്ല, ഒക്ടോബർ 7-ന് മുമ്പ് ഒക്ടോബർ 6 ഉണ്ടായിരുന്നു; 1948 ലെ നഖ്ബ വരെ പിന്നോട്ട് പോകുന്ന ആധിപത്യത്തിൻ്റെയും പുറത്താക്കലിൻ്റെയും അതിക്രൂരമായ കൊളോണിയൽ പദ്ധതിയുടെ തീയതികളും വസ്തുതകളുമുണ്ടായിരുന്നു.

ഒക്ടോബർ 7 ന് മുമ്പ് യൂറോപ്യൻ ജൂതന്മാരെ തുടച്ചുനീക്കാൻ ബോധപൂർവം രൂപകൽപ്പന ചെയ്‌ത 1917 ലെ ബാൽഫോർ പ്രഖ്യാപനമുണ്ടായിരുന്നു; അറബ്-മുസ്‌ലിം ലോകത്തിന്റെ ഹൃദയത്തിലേക്കുള്ള  യൂറോപ്യൻ കടന്നുകയറ്റമുണ്ടായിരുന്നു; കുടിയേറ്റ-കൊളോണിയൽ പ്രസ്ഥാനമായി സയണിസത്തിന്റെ കടന്നുവരവുമുണ്ടായിരുന്നു; അതിനും മുമ്പ്, മിശിഹായുടെ വരവ് ത്വരിതപ്പെടുത്തുന്നതിന് ജൂതന്മാരെ ഫലസ്ഥീനിലേക്ക് തിരികെ കൊണ്ടുവരാനുള്ള ക്രിസ്ത്യൻ സയണിസ്റ്റ് തീവ്രവാദ പ്രവർത്തനങ്ങളുമുണ്ടായിരുന്നു. നിരായുധരായ ഫലസ്‍തീൻ സിവിലിയന്മാർക്ക് നേരെയുള്ള സയണിസ്റ്റ് ഭീകരാക്രമണങ്ങളുടെ ഫലമായി ദേർ യാസിൻ (1948), കഫ്ർ ഖാസെം (1956), ഖാൻ യൂനിസ് (1956) എന്നിവിടങ്ങളിലെയും ഇസ്രായേലിന്റെ ഒത്താശയോടെയുള്ള 1982 ലെ സബ്രയിലേയും ഷാറ്റിലയിലെയും കൂട്ടക്കൊലകളും അതിൽ ഉൾപ്പെടുന്നു.

2023 ഒക്‌ടോബർ 7നും എത്രയോ മുമ്പ് തന്നെ ഫലസ്‍തീനികളുടെ രക്തച്ചൊരിച്ചിലിലും മുറിവുകളിലുമാണ് ഇസ്രായേൽ സ്ഥാപിതമായത്. ഒക്‌ടോബർ 7ന് ഗസ്സയിലെ 2.3 മില്യൺ ഫലസ്‍തീനികൾക്കെതിരെ ഇസ്രായേൽ മറ്റൊരു വംശഹത്യ ആക്രമണം ആരംഭിച്ചിട്ടും ലോകം സാധാരണ പോലെ മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്.

ഇസ്രായേൽ ഗവൺമെന്റും ലോകമെമ്പാടുമുള്ള സയണിസ്റ്റ് പ്രചാരകരും ഒക്ടോബർ 7ന് അമിതശ്രദ്ധ നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനെ കണക്കിലെടുക്കാതിരിക്കാനും ചരിത്രവൽക്കരിക്കാനും ഞങ്ങൾ ഇവിടെയുണ്ട്.

ചരിത്രവുമായി ബന്ധമില്ലാത്തത്

 2) ഫലസ്‍തീൻ എന്നാൽ ഹമാസ് ആണ്

ഫലസ്‍തീൻ ദേശീയ വിമോചന പോരാട്ടത്തിൽ ഹമാസ് അവിഭാജ്യ ഘടകമാണെങ്കിലും ഫലസ്‍തീൻ എന്ന് പറഞ്ഞാൽ ഹമാസല്ല. ഫലസ്‍തീനിയൻ ഇസ്‌ലാമിക പ്രതിരോധ പ്രസ്ഥാനമായ ഹമാസിനെ പൈശാചികവൽകരിക്കാൻ ഇസ്രായേലും അവരുടെ യു. എസ്.-യൂറോപ്യൻ സഖ്യകക്ഷികളും ഒരുമിച്ചുകൂടിയിട്ടുണ്ട്.  ‘ഹമാസ്’ എന്ന വാക്കിന് ശ്രദ്ധ കൊടുത്ത് മുഴുവൻ ഫലസ്‍തീനുമായി അതിനെ തുലനം ചെയ്ത് ഫലസ്‍തീനികളുടെ ചെറുത്തുനിൽപ്പിനെയും വിമോചന സമരങ്ങളെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ് അവർ.

3) ഹമാസ് എന്നാൽ ISIS ആണ്

ഒരിക്കലുമല്ല.  തങ്ങളുടെ മാതൃരാജ്യത്തിൻ്റെ കൊളോണിയൽ ആധിപത്യത്തിൽ നിന്നുള്ള മോചനത്തിനായുള്ള ഫലസ്‍തീൻ ജനതയുടെ അഗാധമായ അഭിലാഷത്തിൽ വേരൂന്നിയ ഒരു രാഷ്ട്രീയ സംഘടനയാണ് ഹമാസ്. ഇറാഖിലെ യു.എസ് അധിനിവേശത്താൽ സൃഷ്ടിക്കപ്പെട്ടതും വ്യവസ്ഥാപിതമായ വേരുകളില്ലാത്തതും അക്രമാസക്തമായതതും ഒരു സംഘമായിരുന്നു ISIS അഥവാ ഇസ്ലാമിക് സ്റ്റേറ്റ്. ഫലസ്‍തീനെ സംബന്ധിച്ചിടത്തോളം തങ്ങളുടെ മാതൃരാജ്യത്തിന്റെ വിമോചനത്തിനായി പോരാടുന്ന ഒരേയൊരു കൂട്ടം ഹമാസ് മാത്രമല്ല, വേറെയും ഒരുപാടുണ്ട്.  അവരെല്ലാം സയണിസ്റ്റുകൾ തങ്ങളുടെ മാതൃരാജ്യത്തെ അപഹരിക്കുന്നതിനെ കൂട്ടായി ചെറുത്തുനിൽക്കുന്നതും ആഴത്തിൽ സംസ്കരിച്ചതും ചരിത്രബോധമുള്ളതുമായ ഫലസ്ഥീൻ ജനതയെ പ്രതിനിധീകരിക്കുന്നു.

ഫലസ്‍തീൻ എന്നാൽ ഹമാസല്ല.  ഫലസ്‍തീൻ അതിന്റെ വീര ജനതയാണ്; പണ്ഡിതന്മാർ, ചരിത്രകാരന്മാർ, കലാകാരന്മാർ, നോവലിസ്റ്റുകൾ, നാടകകൃത്തുകൾ, കവികൾ, ചലച്ചിത്രകാരന്മാർ, ശാസ്ത്രജ്ഞർ, വൈദ്യന്മാർ, എഞ്ചിനീയർമാർ, വിപ്ലവ ചിന്തകർ, ആക്ടിവിസ്റ്റുകൾ എന്നിവരുടെ തലമുറകളാണ്.  ഇസ്രയേലും അതിന്റെ അമേരിക്കൻ-യൂറോപ്യൻ കൂട്ടാളികളും ഫലസ്‍തീനികൾക്കൊപ്പം നിൽക്കില്ല.

4) ഫലസ്‍തീനിലെ സാഹചര്യം ഒരു മാനുഷിക പ്രതിസന്ധിയാണ്

ഒരിക്കലുമല്ല.  അതൊരു വിസ്മയിപ്പിക്കുന്ന ദേശീയ വിമോചന പ്രസ്ഥാനമാണ്. ഇസ്രായേലും യു.എസും യൂറോപ്പും അതിനെ കൂടുതൽ അഭയാർത്ഥി ക്യാമ്പുകളാക്കി തകർക്കാനുള്ള ഗൂഢാലോചന തുടർന്നാലും അത് അങ്ങനെ തന്നെ നിലകൊള്ളും.  ഫലസ്‍തീനികൾ മാനുഷിക പ്രതിസന്ധി മാത്രമായി മാറാൻ പോകുന്നില്ല.

ഇസ്രായേലും യു.എസും അവരെ ലെബനാനിലേക്കോ സിറിയയിലേക്കോ ജോർദാനിലേക്കോ മറ്റേതെങ്കിലും അയൽരാജ്യങ്ങളിലേക്കോ നിർബന്ധിച്ചയക്കുന്നതുപോലെ ഈജിപ്തിലേക്ക് പോകാൻ നിർബന്ധിച്ചേക്കാം.  എന്നാൽ അവർ വായുവിൽ അപ്രത്യക്ഷമാകില്ല.  സ്വന്തം നാട് വീണ്ടെടുത്ത് അവർ അവിടേക്ക് മടങ്ങും.

പ്രചാരണ യന്ത്രങ്ങൾ

5) ബി.ബി.സി യും ന്യൂയോർക്ക് ടൈംസും വസ്തുനിഷ്ഠ മാധ്യമ പ്രവർത്തനത്തിൻ്റെ മികച്ച മാതൃകകളാണ്

ഒരിക്കലുമല്ല. ഇസ്രായേൽ അധിനിവേശ പദ്ധതിയെ പിന്തുണക്കുന്നതിൽ ആഴത്തിൽ വിട്ടുവീഴ്ച ചെയ്യുകയും  അപകീര്‍ത്തിയുണ്ടാക്കുകയും ചെയ്ത പ്രചരണ യന്ത്രങ്ങളാണ് അവ. ഫലസ്‍തീനിൽ നിന്ന് പുറത്തുവരുന്ന ഓരോ വാർത്തകളെയും ഇസ്രായേലിന് പ്രയോജനപ്പെടുന്ന വിധത്തിൽ അവർ വളച്ചൊടിക്കുന്നു.  ഭാഗ്യവശാൽ, ഈ രണ്ട് വഞ്ചനാത്മക മാധ്യമങ്ങളുടെ കാരുണ്യത്തിലല്ല ലോകമിപ്പോൾ. ആഗോള അഭിപ്രായ-നിർമ്മാതാക്കളുടെ വ്യക്തമായ വസ്തുത വിവരണങ്ങളും മികച്ച വിശകലനങ്ങളും ന്യൂയോർക്ക് ടൈംസിലെ കോളമിസ്റ്റുകളേക്കാളും ബി.ബി.സി യുടെ റിപ്പോർട്ടർമാരേക്കാളും വളരെ ഫലപ്രദമാണ്.

6) ഫലസ്‍തീൻ പോരാളികൾ സാധാരണക്കാർക്കിടയിൽ ഒളിക്കുന്നു

ആസൂത്രിതമായി പ്രചരിപ്പിക്കപ്പെടുന്ന മറ്റൊരു കള്ളം.  ഹമാസും മറ്റ് ഫലസ്‍തീനിയൻ പ്രതിരോധ പോരാളികളും ആ ജനതയുടെ ഹൃദയങ്ങളിലും മനസ്സുകളിലും അഭിലാഷങ്ങളിലും ആഴത്തിൽ വേരൂന്നിയവരാണ്.  ഹമാസ് ആകാശത്ത് നിന്ന് പൊട്ടിവീണതല്ല. ഹമാസടങ്ങിയ ഫലസ്‍തീനിയൻ പ്രതിരോധ പ്രസ്ഥാനങ്ങൾ ജനങ്ങൾക്കിടയിൽ ഒളിച്ചുനിൽക്കുന്നില്ല.  ആ ജനസഞ്ചയത്തിൽ നിന്നാണ് അവർ ഉയർന്നുവന്നത്.  അവർ അവരുടെ പുത്രന്മാരും പുത്രിമാരും ഭർത്താക്കന്മാരും ഭാര്യമാരും മക്കളും പേരക്കുട്ടികളുമൊക്കെയാണ്.

സാധാരക്കാർക്കിടയിൽ അവർ ഒളിച്ചിരിക്കുന്നു എന്ന ധാരണ ഫലസ്‍തീനികൾ മനുഷ്യരല്ലെന്ന് വിശ്വസിക്കുന്നവരുടെ നഗ്നമായ വംശീയവാദമാണ്.  ഒറ്റപ്പെട്ട ഗറില്ലാ സംഘടനകളുടെ ശേഖരത്തെയല്ല, ഒരു രാഷ്ട്രത്തിന്റെ മുഴുവൻ ദൃഢനിശ്ചയത്തെയാണ് ഇസ്രായേൽ നേരിടുന്നത്.

7) ഫലസ്ഥീനികളുടെ മരണങ്ങൾ അതിശയോക്തിപരവും വിശ്വാസയോഗ്യമല്ലാത്തതുമാണ്

‘ഹമാസ് നിയന്ത്രിത ഗസ്സ ആരോഗ്യ മന്ത്രാലയം’ എന്ന വാചകം അമേരിക്കക്കാർക്കായി ന്യൂയോർക്ക് ടൈംസിന്റെയും വാഷിംഗ്ടൺ പോസ്റ്റിന്റെയും യൂറോപ്പുകാർക്കായി ബി.ബി.സി യുടെയും നിർമിതിയാണ്.  ഇസ്രായേലി നാശനഷ്ടങ്ങളുടെ വിശദാംശങ്ങൾ അന്താരാഷ്ട്ര ക്രിമിനൽ കോടതി സ്വതന്ത്രമായി പരിശോധിക്കുന്നത് പോലെയാണ് അവരുടെ പ്രചാരണം. ന്യൂയോർക്ക് ടൈംസോ ബി.ബി.സിയോ ‘ഹമാസ് നിയന്ത്രിത ഗസ്സ ആരോഗ്യ മന്ത്രാലയം’ എന്ന് പ്രസ്താവിക്കുമ്പോൾ, ഞങ്ങൾ അവരോട് തിരിച്ചു പറയുന്നത് ഇതാണ്: പക്ഷപാതപരമായ സമീപനം സ്വീകരിക്കുന്ന ഇസ്രായേൽ അനുകൂല വാർത്താമാധ്യമങ്ങൾ ഫലസ്ഥീനികളുടെ കഷ്ടപ്പാടുകളെ അപകീർത്തിപ്പെടുത്തുന്നു.

പ്രതിലോമപരമായ നുണകൾ

8) ന്യൂയോർക്ക് ടൈംസിന് വേണ്ടി എഴുതുന്ന യാഥാസ്ഥിതിക സയണിസ്റ്റുകൾ ‘പടിഞ്ഞാറിൻ്റെ ഉള്ളിലൊരു അറബ് തെരുവിന്റെ ആവിർഭാവത്തെക്കുറിച്ച്’ തങ്ങളുടെ വായനക്കാർക്ക് മുന്നറിയിപ്പ് നൽകുന്നു

എന്താണ് അതുകൊണ്ട് അർത്ഥമാക്കുന്നത്?  അവർ ഇങ്ങനെ വാദിക്കുന്നു: “മിഡിൽ ഈസ്റ്റേൺ കുടിയേറ്റക്കാരും അവരുടെ പിൻഗാമികളും നയിക്കുന്ന യൂറോപ്യൻ തലസ്ഥാനങ്ങളിലെ സമീപകാല പ്രതിഷേധങ്ങൾ, പുരോഗമനവാദത്തിന്റെ അടയാളമെന്നതിനേക്കാൾ ഫലസ്തീനികളോടുള്ള വംശീയവും മതപരവുമായ ഐക്യദാർഢ്യത്തിന്റെ നേരായ പ്രകടനമാണ്”.

യു.എസിലെയും യൂറോപ്പിലെയും പൗരത്വത്തിന്റെ പുതിയ കണക്കുകളെ ബ്രാൻഡ് ചെയ്യാനും അന്യവൽകരിക്കാനുമുള്ള വംശീയ വിദ്വേഷ ശ്രമമാണിത്.  ദശലക്ഷക്കണക്കിന് ആളുകൾ ഇസ്രായേലിനെതിരെ പ്രതിഷേധിക്കുകയും ഫലസ്തീനികൾക്കൊപ്പം ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നത് ‘അറബ് തെരുവ്’ അല്ല.  ഈ പ്രകടനക്കാർ അമേരിക്കക്കാരും ബ്രിട്ടീഷുകാരും ജർമ്മനികളും ഫ്രഞ്ചുകാരും ഇറ്റാലിയൻകാരുമാണ്. അവരുടെ പേരിൽ വംശഹത്യ അനുവദിക്കരുത് എന്ന് ഉറക്കെ പറയാൻ വേണ്ടി ഒരുമിച്ചുകൂടിയവരാണവർ.  തെരുവിൽ മാത്രമല്ല, യൂണിവേഴ്സിറ്റി കാമ്പസുകളിലും, നിയമ സ്ഥാപനങ്ങളിലും, ഗവേഷണത്തിനും സ്കോളർഷിപ്പിനുമുള്ള കേന്ദ്രങ്ങളിലും, ഫാക്ടറികളിലും വർക്ക്ഷോപ്പുകളിലും അവരുണ്ട്. എഡിറ്റോറിയൽ ബോർഡുകളിലും യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷനുകളിലും വരെ അവർ പ്രവർത്തിക്കുന്നുണ്ട്.

9) അതേ യാഥാസ്ഥിതികവാദികൾ ‘പുരോഗമന ജൂതന്മാരുടെയും സയണിസ്റ്റ് ഡെമോക്രാറ്റുകളുടെയും പ്രതിസന്ധിയെ കുറിച്ച്’ മുന്നറിയിപ്പ് നൽകുന്നു

അതിന്റെ അർത്ഥമെന്താണ്?  “യൂറോപ്യൻ പ്രമാണിമാരുടെ മേലുള്ള സമ്മർദ്ദങ്ങൾ ഒന്നിലധികം ദിശകളിൽ നിന്നാണ് വരുന്നതെങ്കിൽ, ഡെമോക്രാറ്റിക് സഖ്യത്തിനുള്ളിലെ അമേരിക്കൻ ജൂതന്മാർക്കും സയണിസ്റ്റുകൾക്കും മേലുള്ള സമ്മർദ്ദങ്ങൾ വലതുവശത്ത് നിന്ന് മാത്രമുള്ളതാണ്”- അവർ പ്രസ്താവിക്കുന്നു.

അങ്ങനെയൊരു ദുരവസ്ഥയില്ല. ഒരു സയണിസ്റ്റ് ആണെങ്കിൽ  നിങ്ങൾ ഒരു വംശീയ വർണ്ണവിവേചന രാഷ്ട്രത്തിൽ വിശ്വസിക്കുന്നു. കൂടുതൽ ഒന്നും പറയാനില്ല. ഫലസ്തീനികളുടെ പക്ഷത്ത് എല്ലായിപ്പോഴും ആത്മ വിമർശന സ്വഭാവമുള്ളവരും മനസ്സാക്ഷിയുള്ളവരുമായ ജൂതന്മാരും ഇസ്രായേലിന്റെ പക്ഷത്ത് ദശലക്ഷക്കണക്കിന് ക്രിസ്ത്യൻ, മുസ്ലീം സയണിസ്റ്റുകളും ഉണ്ട്. സയണിസം യഹൂദരേക്കാൾ ക്രിസ്തീയ അധിനിവേശ പദ്ധതിയാണ്. കൂടാതെ ഒരുപാട് മുസ്ലിം സയണിസ്റ്റുകൾ നിരവധി അറബ് രാജ്യങ്ങളിലെ ഭരണവർഗത്തിൽ ഉണ്ട്.  ‘അബ്രഹാം ഉടമ്പടി’ എന്ന് വിളിക്കുന്ന ഒരു എക്സ്ക്ലൂസീവ് ക്ലബ് തന്നെ അവർക്കുണ്ട്.

10) ന്യൂയോർക്ക് ടൈംസിലെ യാഥാസ്ഥിതിക പണ്ഡിറ്റുകൾ അവരുടെ വായനക്കാർക്ക് ‘പുരോഗമനവാദത്തിന്റെ സമൂലവൽക്കരണത്തെക്കുറിച്ച്’ മുന്നറിയിപ്പ് നൽകുന്നു

അവർ എഴുതുന്നു: “അപകോളനീകരണം’ എന്ന പ്രയോഗം സാംസ്കാരികവും മനശാസ്ത്രപരവുമായ പദ്ധതികൾ മുതൽ സായുധ പോരാട്ടത്തിനുള്ള അക്ഷരാർത്ഥത്തിലുള്ള പിന്തുണയും യഹൂദവിരുദ്ധ ഭീകരതയ്ക്കുള്ള മൗനമായ ക്ഷമാപണവും വരെ സ്വാഭാവികമായും വ്യാപിക്കുന്നു. ഇപ്പോഴും ഇതൊരു പ്രധാന അനാവരണം പോലെ തോന്നുന്നു”.  ഇത് സാഹചര്യത്തെക്കുറിച്ചുള്ള തെറ്റായതും അപകടകരവുമായ വായനയാണ്.  ഫലസ്തീനിനെ മുഴുവൻ വിഴുങ്ങാനുള്ള വെള്ളക്കാരുടെ മേൽക്കോയ്മയുള്ള സൈനിക സ്ഥാപനമാണ് ഇസ്രായേൽ, അത് ആത്യന്തികമായി സ്വയം നശിപ്പിക്കും.

ലോകം ഉണർന്നുകൊണ്ടിരിക്കുകയാണ്. ന്യൂയോർക്ക് ടൈംസിനായി എഴുതുന്ന അമേരിക്കൻ വലതുപക്ഷ പണ്ഡിറ്റുകൾ നിയമവിധേയമാക്കിയ വംശീയ, വിദ്വേഷ, ഇസ്ലാമോഫോബിക് ഭീകരതയുടെ ഉപകരണത്തെ അത് തകർക്കും. പാപ്പരായ യൂറോപ്യൻ കൊളോണിയൽ പദ്ധതിയാണ് ഇസ്രായേൽ. യു.എസിൽ നിന്നുള്ള വൻ സൈനിക സഹായത്താൽ മാത്രമേ അതിന് നിലനിൽക്കാനാവൂ. യാഥാർഥ്യം എന്താണെന്ന് തുറന്നുകാട്ടുന്നവരെ നിശബ്ദരാക്കാനുള്ള തെറ്റായ യഹൂദവിരുദ്ധ ആരോപണങ്ങളുടെ ഭീഷണിപ്പെടുത്തുന്ന രാജ്യതന്ത്രം മാത്രമാണിന്ന് ഇസ്രായേൽ.

കീഴടക്കലിന്റെയും ആധിപത്യത്തിന്റെയും തെറ്റായ യൂറോപ്യൻ പ്രത്യയശാസ്ത്രമെന്ന നിലയിൽ സയണിസം ഒരു പരാജയമാണെന്ന് ഒക്ടോബർ 8 മുതൽ അവർ നടത്തിയ ഏറ്റവും പുതിയ വംശഹത്യയുടെ ദൃശ്യങ്ങൾ തെളിയിക്കുന്നു. ലോകത്തിന് ഭീഷണിയായേക്കാവുന്ന ഒരു വേതാളത്തെ പ്രവർത്തനരഹിതമായ ഒരു സാമ്രാജ്യം സൂക്ഷിച്ചു പോറ്റുന്നതു പോലെയാണത്.

പാശ്ചാത്യ മാധ്യമങ്ങൾ കഠിനശ്രമങ്ങൾ നടത്തിയിട്ടും, ലോകം അത്തരം മിഥ്യകളിൽനിന്ന് മുക്തമാണ്.

 

വിവ: ഹിറ പുത്തലത്ത്

കൂടുതൽ വായനക്ക്‌: https://chat.whatsapp.com/I1aiVNVTlZsKM3mMWkQmod

 

Related Articles