Current Date

Search
Close this search box.
Search
Close this search box.

അലീഗഢ്: സമുദായത്തിന് പഠിക്കാവുന്ന സിലബസ്

അയോധ്യയിൽ രാമക്ഷേത്രത്തിൻ്റെ പ്രാണപ്രതിഷ്ഠ നടന്നു. സംഘ്പരിവാർ രാജ്യത്തുടനീളം ആഹ്ളാദപൂർവം അത് കൊണ്ടാടി. തൊട്ടു പിറകെ വന്നു, ഗ്യാൻവാപി മസ്ജിദിനകത്ത് പൂജക്ക് അനുമതി നൽകിക്കൊണ്ടുള്ള ജില്ലാ കോടതിയുടെ വിധി. അതിനടുത്ത ദിവസം പൂജയാരംഭിച്ചു. വിധി സ്റ്റേ ചെയ്യാൻ അലഹബാദ് ഹൈക്കോടതി തയാറായില്ല. ഉത്തരാഖണ്ഡിൽ നേരം പുലർന്നപ്പോൾ മദ്റസയും പള്ളിയും തകർത്തു. കാശിയും മഥുരയുമടക്കം രണ്ടായിരത്തിൽപരം പള്ളികൾ പിറകെ വരുന്നുണ്ട്. വേറെയുമുണ്ട് സംഘ്പരിവാറിൻ്റെ ആയുധപ്പട്ടികയിൽ. രാജ്യത്തുടനീളം പരന്നുകിടക്കുന്ന  മുസ്‌ലിം ചരിത്ര സ്മാരകങ്ങളും എടുപ്പുകളുമെല്ലാം അതിലുൾപ്പെടും.

സംഘ് പരിവാറിൻ്റെ വംശീയ രാഷ്ട്രീയത്തിൻ്റെ ഇരകളാണ് മുസ്‌ലിം സമുദായം. അവർ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ ആഴം വർധിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനെ  എങ്ങിനെ നേരിടും?

അതിനിടെയാണ് അലിഗഢ് മുസ്‌ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച കേസിൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിശദ വാദം കേൾക്കൽ പൂർത്തിയാക്കി വിധി പറയാൻ മാറ്റിവെച്ചത്. നിലവിലുള്ള സാഹചര്യത്തിൽ ന്യൂനപക്ഷപദവി നിരാകരിക്കപ്പെട്ടാൽ പോലും ആരും ഞെട്ടാൻ സാധ്യതയില്ല.

മുസ്ലി സമൂഹത്തിൻ്റെ ഉന്നത വിദ്യാഭ്യാസ ചർച്ചകളിലെ സാന്നിധ്യം എന്നത് മാത്രമല്ല അലീഗഢിൻ്റെ പ്രസക്തി. ഇന്ത്യൻ മുസ്‌ലിംകളുടെ  അതിജീവന ചരിത്രത്തിലെ സുപ്രധാനമായ ഒരു ഏടാണത്. സ്വാതന്ത്ര്യ പൂർവ ഇന്ത്യയിൽ പല വഴികൾ സമുദായം അന്വേഷിക്കുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. അതിൽ ഏറെ കാലത്തെ ഈടുവെപ്പുള്ളതും ഇന്ത്യൻ മുസ്‌ലിംകളെ മൊത്തത്തിൽ സ്വാധീനച്ചതുമാണ് അലിഗഢ്. രണ്ട് ചരിത്ര സന്ദർഭങ്ങളെ സമീകരിക്കുന്നതിന് പരിമിതിയുണ്ടെങ്കിലും വഴിയെ കുറിച്ച പലതരം ആലോചനകളിൽ ഇന്നും സമുദായത്തിന് പഠിക്കാവുന്ന ഒരു സിലബസ് ആണ് അലീഗഢ്.

1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ഏറ്റവും കൂടുതൽ വില നൽകേണ്ടി വന്നത് മുസ്‌ലിംകൾ ആയിരുന്നു. സമാനതകൾ അപൂർവമായ പ്രതികാരമാണ് അവർക്ക് നേരെ നടന്നത്. ദൽഹിയിൽ, കാൺപൂരിൽ, ലഖ്നൗവിൽ എല്ലാം മുസ്‌ലിം കൂട്ടക്കൊലകൾ നടന്നു. ഇന്ത്യൻ മുസ്‌ലിംകളുടെ ആത്മാഭിമാനത്തിൻ്റെ പ്രതീകമായിരുന്ന മുഗൾ സാമ്രാജ്യം തിരിച്ചുവരാനാവാത്ത വിധം നിഷ്കാസിതമായി. ആ രാജകുടുംബത്തിലെ ഏതാണ്ടെല്ലാവരും ഇംഗ്ലീഷുകാരുടെ തോക്കിനിരയായി. ശിപായി ലഹള എന്ന് പേരു നൽകപ്പെട്ട പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ മതപണ്ഡിതന്മാർ നാടുകടത്തപ്പെടുകയോ തടവറയിലേക്ക് നീക്കപ്പെടുകയോ ചെയ്തു.  

ബ്രിട്ടീഷുകാരുടെ കാഴ്ചയിൽ കോളനി വിരുദ്ധ ജനകീയ പ്രക്ഷോഭത്തിൻ്റെ ആസൂത്രകരും നടത്തിപ്പുകാരും മുസ്‌ലിംകൾ ആയിരുന്നു എന്നതാണ് ഇതിന് കാരണം. ഒരു ജനതയുടെ ആത്മവിശ്വാസത്തിൻ്റെ അവസാനത്തെ പിടിവള്ളിയും അറ്റുപോയ അവസ്ഥയിലാണ് ഇന്ത്യയിലെ മുസ്‌ലിം സമുദായം പ്രക്ഷോഭാനന്തരം ഭാവിയുടെ കയത്തിലേക്ക് പതിച്ചത്. അല്ലാഹുവിൻ്റെ ദീനും അതിൻ്റെ തത്വങ്ങളും അവരുടെ കയ്യിലുണ്ട്. പക്ഷെ, അതിനെ ഭൂമിയിലേക്കിറക്കി വെക്കാനും നട്ടു നനയ്ക്കാനും ഭാവനാശേഷിയുള്ള ഒരു നേതാവ് അവർക്കുണ്ടായിരുന്നില്ല.

ഈ വിടവിലേക്കാണ് സർ സയ്യിദ് അഹ്‍മദ് ഖാനും അലിഗഢ് പ്രസ്ഥാനവും വന്നുചേരുന്നത്. ഇന്ത്യൻ മുസ്‌ലിംകളെ ഒരേ ചരടിൽ കോർക്കുകയോ വിചാര, വികാര തലങ്ങളിൽ പ്രചോദിപ്പിക്കുകയോ ചെയ്ത നേതാവല്ല അദ്ദേഹം. എന്നാൽ അത്രയും കാലത്തെ ഇന്ത്യൻ മുസ്‌ലിംകളുടെ സഞ്ചാരപഥങ്ങളിൽ അവർ കടന്നുപോയിട്ടില്ലാത്ത, അപരിചിതമായ  ഒരു വഴിയെ സർ സയ്യിദ് അഹ്‍മദ് ഖാൻ പരിചയപ്പെടുത്തി. പുതിയ ആശയവും കർമ്മപരിപാടികളുമായതിനാൽ തന്നെ അദ്ദേഹത്തിൻ്റെ മത സമീപനങ്ങളും കാഴ്ചപ്പാടുകളും പലരാലും വിമർശിക്കപ്പെടുകയും ചെയ്തു. 

ഇന്ത്യയിലേക്കുള്ള മുസ്‌ലിം ആഗമനം മുതലിങ്ങോട്ട് പല നിലക്കുള്ള സാമൂഹിക മുന്നേറ്റങ്ങൾ അവരുടെ ജീവിതത്തിന് ആക്കം നൽകിയിട്ടുണ്ട്. മുസ്ലിം ഭരണം, ആരവങ്ങളില്ലാത്ത സാമൂഹിക-ജനസേവന-പ്രബോധന പ്രവർത്തനങ്ങളെ സാധ്യമാക്കിയ സൂഫീ മാതൃകകൾ, വിശ്വാസപരവും സാമൂഹികവും സാംസ്കാരികവുമായ ജീർണതകൾക്കെതിരെ നടന്ന പരിഷ്കരണ പ്രവർത്തനങ്ങൾ, മുഗൾ ഭരണത്തിൻ്റെ അപചയ ഘട്ടത്തിലുണ്ടായ നവോത്ഥാന സംരംഭങ്ങൾ, ഈ നവോത്ഥാന സംരംഭങ്ങളിൽ പ്രചോദിതമായും അല്ലാതെയും  രൂപം കൊണ്ട കൊളോണിയൽ വിരുദ്ധ സായുധ ചെറുത്തു നിൽപുകൾ എന്നിവയാണ് അതുവരെയുള്ള ഇന്ത്യൻ മുസ്‌ലിമിൻ്റെ അതിജീവന വഴികൾ. ഇതിലേക്കാണ് സർ സയ്യിദ് അഹ്‍മദ് ഖാനും അലീഗഢ് പ്രസ്ഥാനവും സവിശേഷമായി കണ്ണി ചേർക്കപ്പെടുന്നത്.

സവിശേഷമായി, എന്ന് പ്രയോഗിക്കാൻ കാരണമുണ്ട്. മേൽ പറഞ്ഞ ചരിത്ര സന്ദർഭങ്ങളിലൊന്നും മുസ്‌ലിം നേതാക്കളുടെയോ പണ്ഡിതന്മാരുടെയോ ചിന്തയിലോ പരിഗണനയിലോ കടന്നു ചെന്നിട്ടില്ലാത്ത പുതിയൊരു വഴിയാണ് അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽ പെട്ടതും അതുവഴി സമുദായത്തെ നടത്തിയതും.

മുസ്‌ലിംകളുടെ മുമ്പാകെ അദ്ദേഹം വെച്ച അജണ്ട മനസിലാകണമെങ്കിൽ മുകളിൽ പരാമർശിച്ച, അദ്ദേഹം ജീവിച്ച കാലത്തെ വിസ്മരിക്കരുത്. കൊളോണിയലിസത്തോട് കനത്ത വിയോജിപ്പാണ് അദ്ദേഹം പുലർത്തിയത്. ഇസ്‌ലാമിൻ്റെയും മുസ്‌ലിംകളുടെയും സംരക്ഷണം തന്നെയാണ് അദ്ദേഹത്തെ ചിന്തകനും രാഷ്ട്രതന്ത്രജ്ഞനും വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ നായകനുമാക്കിയതും. മുഗൾ ഭരണത്തിൻ്റെ തകർച്ച അദ്ദേഹത്തിൻ്റെ മുന്നിലുണ്ട്. കോളനിശക്തിക്കെതിരെ നടന്ന മുസ്ലിം പക്ഷത്തുനിന്നുള്ള സായുധ പോരാട്ടത്തിൻ്റെ പ്രത്യാഘാതം അദ്ദേഹം മനസിലാക്കി. 1857 ലെ സ്വാതന്ത്ര്യ പോരാട്ടത്തിൻ്റെ അനുഭവവുമുണ്ട്. ബ്രിട്ടനുൾകൊള്ളുന്ന ആധുനിക യൂറോപ്പിൻ്റെ  സൈനിക, നാഗരിക, വൈജ്ഞാനിക ശക്തിയെയും അദ്ദേഹം തിരിച്ചറിഞ്ഞു. ഇങ്ങനെയുള്ള ഘട്ടത്തിൽ മുസ്‌ലിം ഇന്ത്യ എങ്ങനെ മുന്നോട്ട് പോകണമെന്നാണ് അദ്ദേഹം ആലോചിച്ചത്. അങ്ങനെ രൂപപ്പെട്ട പാഠ്യപദ്ധതിയാണ് അലിഗഢ് പ്രസ്ഥാനം.

നാളെ എങ്ങനെയെങ്കിലും നേരം വെളുപ്പിക്കണം, ബാക്കി കാര്യം പിന്നീടാലോചിക്കാം എന്ന  സമീപനമല്ല അദ്ദേഹം സ്വീകരിച്ചത്. ഭാവിയുടെ പ്രഭാതങ്ങളെ പ്രസന്നമാക്കാൻ എന്തെല്ലാം ഒരുക്കൂട്ടിവെക്കണം എന്നാണ് അദ്ദേഹം ദീർഘദർശനം ചെയ്തത്. കൊളോണിയലിസത്തിന് വിടുവേല ചെയ്യുന്ന തദ്ദേശീയരെ ഉത്പാദിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ബ്രിട്ടീഷുകാർ നടപ്പാക്കിയ പുതിയ വിദ്യാഭ്യാസ പദ്ധതിയുടെ ഫലങ്ങൾ അദ്ദേഹം മനസ്സിലാക്കി. കൽക്കത്തയിലും മദ്രാസിലും അലഹബാദിലും സ്ഥാപിക്കപ്പെട്ട സർവകലാശാലകളും അനേകം കോളജുകളും ഇതിൻ്റെ ഭാഗമായിരുന്നു. ഈ സ്ഥാപനങ്ങളിലെല്ലാം പഠിച്ചിരുന്നത് സവർണ ഹിന്ദുക്കളായിരുന്നു. മുസ്ലിം സമുദായത്തെ പണ്ഡിതന്മാർ നിരുൽസാഹപ്പെടുത്തുകയും ചെയ്തു.

അധികാര-വിഭവ പങ്കാളിത്തത്തിന് വേണ്ടി വിലപേശാനും സമരം ചെയ്ത് ആവശ്യമെങ്കിൽ ബ്രിട്ടീഷുകാരെ പുറത്താക്കാനും ശേഷിയുള്ള മധ്യവർഗത്തിൻ്റെ നിർമിതികൂടി ഇത്തരം സ്ഥാപനങ്ങളിൽ അടിയൊഴുക്കായിട്ടുണ്ടായിരുന്നു.  ഈ വിദ്യാഭ്യാസ പദ്ധതിയിയിൽ നിന്നുള്ള പുറം തിരിഞ്ഞു നിൽക്കൽ സവർണ ഹിന്ദു മധ്യവർഗത്തിൻ്റെ മുന്നിൽ മുസ്ലിംകളെ നിഷ്പ്രഭമാക്കിക്കളയുമെന്ന് അഹ്‍മദ് ഖാൻ മനസ്സിലാക്കി.  അതായത് മൽസരശേഷിയുള്ള, അവഗണിക്കാനാവാത്ത ഒരു വെണ്ണപ്പാളിയെ സമുദായത്തിനകത്ത് സൃഷ്ടിക്കുക.  സായുധപോരാട്ടങ്ങളുമായി മുന്നോട്ട് പോകുന്നത് ആത്മഹത്യാപരമാണെന്നും വിദ്യാഭ്യാസ, സാങ്കേതിക മുന്നേറ്റമാണ് ഇസ്‌ലാം, മുസ്‌ലിം സ്വത്വത്തിൻ്റെ സംരക്ഷണത്തിന് അനിവാര്യമെന്നുമായിരുന്നു സയ്യിദിൻ്റെ നിരീക്ഷണം. 

ഈ ആശയത്തിൻ്റെ പ്രയോഗവൽക്കരണമാണ് അലിഗഢ് സർവകലാശാലയും അലീഗഢ് പ്രസ്ഥാനവും. സർവകലാശാല ഉണ്ടാക്കുന്നതിന് വേണ്ടി വിദേശ സർവകലാശാലകളിൽ പര്യടനം നടത്തി. സർവകലാശാലാ കാമ്പസിനകത്ത് കണ്ട ക്രൈസ്തവ ചർച്ചിൽ അദ്ദേഹത്തിൻ്റെ കണ്ണുടക്കി. അലിഗഢ് കാമ്പസിലെ സർ സയ്യിദ് മസ്ജിദ് നിർമിക്കപ്പെടുന്നത് അങ്ങിനെയാണ്. ഉറുദു ഭാഷയാണ് ഇന്ത്യയുടെ നാനാത്വത്തെ പ്രതിനിധീകരിക്കുന്നതെന്ന നിലാപാടായിരുന്നു സയ്യിദിന്. ആയതിനാൽ ഹിന്ദി ഭാഷക്ക് സംരക്ഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടപ്പോൾ ഉർദുവിനും അതേ സംരക്ഷണം വേണമെന്ന് അദ്ദേഹം ശഠിച്ചു.

മതപരമായി നോക്കുമ്പോൾ ചില നിലപാടുകളിൽ അതിരു കവിച്ചിലുകളും മുസ്‌ലിം ജനസാമാന്യത്തിന് അംഗീകരിച്ചു കൊടുക്കാനാവാത്ത നിലപാടുകളും അദ്ദേഹത്തിൽ കാണാനായേക്കും. തൻ്റെ പദ്ധതികൾ നടപ്പിലാക്കാനുള്ള തീവ്രയത്നത്തിൽ ചില അതിവാദങ്ങളും സംഭവിച്ചിട്ടുണ്ടാകാം. 

എന്നാൽ ഇന്ത്യയ്ക്കകത്ത് മുസ്‌ലിം എന്ന ഐഡിൻ്റിയിൽ അഭിമാനിക്കുന്ന ഒരു തലമുറയുടെ സൃഷ്ടി, നാഗരികതയെ നയിക്കാൻ പ്രാപ്തിയുള്ള വിദ്യാസമ്പന്നരുടെ ലഭ്യത എന്നിവയാണ് അലീഗഢ്  സമുദായത്തിന് നൽകിയ സംഭാവന. ഈ പ്രവേഗം പതിനെട്ടാം നൂറ്റാണ്ടിൻ്റെ അന്ത്യവും പത്തൊമ്പതും നൂറ്റാണ്ടും കടന്ന് ഇരുപത്തിയൊന്നിലെത്തുമ്പോൾ ത്വരിതവേഗം കൈവരിച്ചിരിക്കുന്നതായി കാണാനാവും. അതിനിയും ശീഘ്രം മുന്നോട്ട് കൊണ്ടുപോകേണ്ടതുമാണ്. അലീഗഢിൻ്റെ ഈ സ്വാധീനമാണ് ആരംഭകാലം മുതലേ ആ സ്ഥാപനത്തെ ആർ.എസ്.എസ് ടാർഗറ്റ് ചെയ്യുന്നതിന് കാരണം. വിധിയെന്തായാലും, കരുത്താർജിക്കുന്നതിന് അലീഗഢ് ഇന്ത്യൻ മുസ്‌ലിംകൾക്കുള്ള പാഠ്യപദ്ധതിക്കകത്തെ ഒരു സിലബസ് തന്നെയാണ്.

Related Articles