Current Date

Search
Close this search box.
Search
Close this search box.

നൂറാം നാളിലെ ബൂട്ട്‌കെട്ടും കേരളത്തിലെ സെലിബ്രിറ്റികളും

ഗസ്സക്കുമേല്‍ ഇസ്രായേല്‍ നടത്തുന്ന അക്രമണങ്ങള്‍ക്ക് നൂറു ദിവസം പൂര്‍ത്തിയാകുന്ന ദിവസമാണ് ഫലസ്തീന്‍ ഫുട്ബാള്‍ ടീം ഇറാനുമായി മത്സരത്തിനിറങ്ങിയത്. ഇത്തവണത്തെ ഏഷ്യന്‍ കപ്പിലെ പ്രഥമ മാച്ച്. ഖത്തര്‍ എഡ്യുക്കേഷന്‍ സിറ്റി സറ്റേഡിയത്തിലായിരുന്നു മല്‍സരം. മല്‍സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഇറാന്‍ വിജയിച്ചു.

ഫുട്‌ബോളും രാഷ്ട്രീയവും തമ്മിലുള്ള ആദാനപ്രദാനങ്ങളുടെ മികച്ച ഉദാഹരണമാണ് ഫലസ്തീന്‍. പതിനായിരക്കണക്കായ ഫുട്‌ബോള്‍ പ്രേമികള്‍ ഫലസ്തീനെ എങ്ങനെയാണ് ട്രീറ്റ് ചെയ്തത്? ഫുട്‌ബോള്‍ വേറെ, യുദ്ധവും രാഷ്ട്രീയവും വേറെ എന്ന നിലപാടല്ല ഫുട്‌ബോള്‍ ലോകം സ്വീകരിച്ചത്.

നൂറുദിനം കൊണ്ട് ആയിരത്തിലധികം കായിക താരങ്ങള്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട നാടിനെ പ്രതിനിധീകരിച്ച് കൊണ്ടാണ്ട് ഫലസ്തീന്‍ ടീം ഖത്തറിലെത്തിയത്. ഫലസ്തീന്‍ എന്ന സ്വന്തം രാജ്യത്തെയോ ഫലസ്തീന്‍ എന്ന ആശയത്തേയോ വിസ്മരിച്ചു കൊണ്ടല്ല അവര്‍ പന്തു തട്ടുന്നത്. പരിശീലന സമയത്ത് ടീം കടന്നുപോയ കനത്ത സമ്മര്‍ദ്ദത്തെ കുറിച്ച് കോച്ച് മക്‌റം ദബൂബ് വിവരിക്കുന്നുണ്ട്.

”ഓരോ ദിവസത്തെയും പരിശീലനം അവസാനിച്ചാല്‍ മരണ വീടുപോലെ മൂകമാണ് ടീമിന്റെ ക്യാമ്പ്… അവരെല്ലാം ഫോണിലായിരിക്കും; ഗസ്സയില്‍ നിന്നുള്ള വാര്‍ത്തകള്‍ അറിയുന്നതിനായി. ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍, ബസില്‍, ഹോട്ടല്‍ മുറിയില്‍ – എവിടെയായിരിക്കുമ്പോഴും അവര്‍ നാട്ടിലെ വാര്‍ത്തകള്‍ പരതി, ഫോണിലായിരിക്കും. പ്രിയപ്പെട്ടവരില്‍ ആരെല്ലാം ഇനി ഗസയില്‍ ബാക്കിയുണ്ട് എന്നാണവരുടെ ആധി. സ്റ്റാര്‍ സ്‌ട്രൈക്കര്‍ മഹ്മൂദ് വാദിയുടെ, പ്രതിരോധത്തിലെ മുഹമ്മദ് സാലിഹിന്റെ ബന്ധുക്കള്‍ രക്തസാക്ഷികളായിരിക്കുന്നു. മറ്റു പലരുടെയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. ടീമംഗങ്ങളില്‍ പലരുടെയും വീടുകള്‍ അധിനിവേശ സേന തകര്‍ത്തു. കുടുംബാംഗങ്ങള്‍ പലായനം ചെയ്‌തെത്തി അതിര്‍ത്തിയിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ താമസിക്കുന്നു.”

ഇങ്ങനെയെല്ലാമുള്ള ഉള്ളുലക്കുന്ന കദന ഭാരവുമായിട്ടാണ് ദോഹയിലേക്കവര്‍ പറന്നത്. സ്വന്തം നാട്ടില്‍ നിന്നല്ല, മറ്റേതോ നാട്ടില്‍ നിന്ന്. പരിശീലിക്കാന്‍ നാട്ടിലവര്‍ക്ക് കളി മൈതാനമില്ല. കാലുകള്‍ കൊണ്ട് പന്തിനെയവര്‍ കോരിയെടുത്തിരുന്ന യര്‍മൂഖ് സ്റ്റേഡിയം അധിനിവേശ സേന നശിപ്പിച്ചു. മെര്‍ക്കാവെ ടാങ്കുകള്‍ക്ക് കീഴെ ഞെരിഞ്ഞമര്‍ന്ന് അതിന്നൊരു ചതുപ്പുനിലം ആയഇ മാറിയിരിക്കുന്നു. ഫുട്‌ബോള്‍ ആരവങ്ങള്‍ ഓളങ്ങള്‍ കണക്കെ ഉയര്‍ന്നു താഴ്ന്നിരുന്ന ആ സ്റ്റേഡിയം ഇസ്രായേല്‍ സൈന്യം ജയിലാക്കി മാറ്റിയിരിക്കുന്നു. അര്‍ധ നഗ്നരാക്കപ്പെട്ടവരും കൈകള്‍ പിറകിലേക്ക് കെട്ടി ബന്ധിക്കപ്പെട്ടവരുമായ സ്ത്രീ പുരുഷന്‍മാര്‍ക്കുള്ള പീഡന പര്‍വമാണിന്ന് യര്‍മൂഖ് സ്റ്റേഡിയം.

ദോഹയില്‍ വിമാനമിറങ്ങിയ ഉടനെ അവരെ സ്വീകരിച്ചത് ഉള്‍ക്കിടിലമുണ്ടാക്കുന്ന മറ്റൊരു വാര്‍ത്തയാണ്. ഹാനി അല്‍ മസ്ദര്‍ – അബൂ അല്‍ ആബിദ് എന്ന് അദ്ദേഹത്തെ അവര്‍ ഇഷ്ടത്തോടെ വിളിക്കും. ഫലസ്തീനിന്റെ മുന്‍ മിന്നുംതാരം. തങ്ങളുടെ പരിശീലകന്‍. 42കാരന്‍. അദ്ദേഹവും രക്തസാക്ഷിയായി. മക്‌റം ദബൂബും കുട്ടികളും അതറിഞ്ഞ് ഇടനെഞ്ച് പൊട്ടി കരഞ്ഞുകാണുമോ? അറിയില്ല, ഫലസ്തീന്‍ ഫുട്‌ബോള്‍ ടീം എങ്ങനെയാണ് രക്തസാക്ഷ്യത്തെ സ്വീകരിച്ചിട്ടുണ്ടാവുക.

ഫലസ്തീന്‍ ടീം അത്ര മോശമൊന്നുമല്ല. 75 വര്‍ഷത്തെ അധിനിവേശത്തിന്റെയും ചെറുത്തുനില്‍പിന്റെയും ബാക്കിപത്രം എന്ന നിലയ്ക്ക് പേരിനൊരു ഫുട്ബാള്‍ ടീമും എന്നതല്ല ഫലസ്തീന്‍ നിലപാട്. പ്രതിസന്ധികള്‍ക്കിടയിലും മറ്റെല്ലാ മേഖലകളിലുമെന്ന പോലെ ഫുട്‌ബോളിലും മറ്റ് കായിക രംഗങ്ങളിലും ജ്വലിച്ച് നില്‍ക്കുന്നുണ്ട് ഫലസ്തീന്‍. ഏഷ്യന്‍ വന്‍കരയിലെ മികച്ച ടീമുകളില്‍ ഒന്നായാണ് ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയത്. ഇക്കഴിഞ്ഞ നവംബര്‍ 21ന് ലോകകപ്പ് യോഗ്യതാ മല്‍സത്തില്‍ ആസ്‌ട്രേലിയയോട് അവര്‍ ഏറ്റുമുട്ടി.

കളിയുടെ 18-ാം മിനുട്ടില്‍ ഓസ്‌ട്രേലിയ ഒരേയൊരു ഗോള്‍ നേടി വിജയിച്ചെങ്കിലും മല്‍സരത്തിലുടനീളം ഓസ്‌ട്രേലിയന്‍ ആക്രമണത്തെ നിശ്ചയദാര്‍ഢ്യത്തോടെ പിടിച്ച് കെട്ടാന്‍ ടീമിന് സാധിച്ചു. യുദ്ധം കാരണം ഗസ്സയില്‍ നിന്നുള്ള മൂന്ന് കളിക്കാര്‍ക്ക് -ഇബ്‌റാഹിം അബൂമീര്‍, അഹ്മദ് കുല്ലാബ്, ഖാലിദ് അല്‍നബ്‌റീസ്- മല്‍സരത്തിനെത്താനായില്ല. ഇബ്‌റാഹിം അബൂമീര്‍ കഷ്ടിച്ചാണ് ബോബാക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്. അയല്‍പക്കത്തെ വീടിന് മേല്‍ ബോംബ് വര്‍ഷം നടന്നപ്പോള്‍ അയല്‍വാസികളും ബന്ധുക്കളുമടക്കം 17 പേരാണ് അബൂമീറിന് നഷ്ടപ്പെട്ടത്. മാച്ച് നടക്കുന്ന സമയത്ത് ഗസ്സയിലെ അഭയാര്‍ഥികള്‍ക്ക് ബക്കറ്റില്‍ വെള്ളമെത്തിക്കുന്ന അബൂമീറിന്റെ ചിത്രങ്ങള്‍ പിന്നീട് പുറത്ത് വന്നിരുന്നു. ഫലസ്തീന്‍ ടീമിന് ഹോം ലാന്റില്‍ ലഭിക്കുമായിരുന്ന മല്‍സരം, യുദ്ധം കാരണം കുവൈത്തിലാണ് നടന്നത്.

ഇന്ത്യന്‍ ടീമുമായി ഏറ്റുമുട്ടിയിട്ടുണ്ട് ഫലസ്തീന്‍. 2013 ല്‍ കൊച്ചിയില്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ ആ മല്‍സരം നെഹ്‌റു കപ്പിന് ശേഷം ഇന്ത്യ സ്വന്തം മണ്ണില്‍ കളിക്കുന്ന ആദ്യ മല്‍സരമായിരുന്നു. 4-2 ന് ഫലസ്തീന്‍ ഇന്ത്യന്‍ ടീമിനെ പരാജയപ്പെടുത്തി. തൊട്ടടുത്ത വര്‍ഷം പശ്ചിമ ബംഗാളിലെ സിലിഗുരി സ്റ്റേഡിയത്തില്‍ വെച്ചും ഇരു ടീമുകളും ഗ്രൗണ്ടിലിറങ്ങി. അത്തവണയും ഫലസ്തീനായിരുന്നു വിജയം, സ്‌കോര്‍ 3-2.

വലിയ സമ്മര്‍ദ്ദങ്ങളോടെ എസ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലെത്തുന്ന ഫലസ്തീന്‍ ടീമിനെ കുറിച്ച് ഫുട്ബാള്‍ പ്രേമികള്‍ എന്താണ് കരുതിയിട്ടുണ്ടാവുക. ഇറാനെ മറികടക്കാനാവുമെന്ന് ആരാധകര്‍ ആരും തന്നെ കരുതിക്കാണില്ല. മാച്ചിനെത്തിയ ഫലസ്തീന്‍ ടീമിനെ വിമാനത്താവളം എതിരേറ്റതും പരിശീലനത്തിന്റെ സമയത്ത് ഗ്രൗണ്ടില്‍ അഭിവാദ്യമര്‍പ്പിക്കാനെത്തിയവരും ഒരു ഫുട്‌ബോള്‍ ടീമിനോടുള്ള പ്രണയം മാത്രമല്ല കാഴ്ചവെച്ചത്. ആ നാടിനോടുള്ള കരുതലും സഹൃദയത്വവുമായിരുന്നു.

ഇനി മല്‍സരം നടന്ന ഗ്രൗണ്ടിലേക്കും ഗ്യാലറിയിലേക്കും വരിക. ഗസ്സയില്‍ രക്തസാക്ഷികളായവരുടെ എണ്ണത്തേക്കാള്‍ അല്‍പം കവിഞ്ഞു നില്‍ക്കുന്ന കാണികള്‍. ഫലസ്തീന്‍ മണ്ണില്‍ പിടഞ്ഞുവീണ കുഞ്ഞുങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നപോലെ ഫലസ്തീന്‍ പതാകയെ കവിളുകളില്‍ വരഞ്ഞിട്ട നൂറ് കണക്കിന് കുരുന്നുകള്‍, ഗ്യാലറിയില്‍. ഇറാന്‍ ടീമിന്റെ ആരാധകരാവട്ടെ, ഒരു കയ്യില്‍ സ്വന്തം രാജ്യത്തിന്റെ പതാക, മറുകയ്യില്‍ ഫലസ്തീന്‍ പതാക, രണ്ടും ചേര്‍ത്തുപിടിച്ചുള്ള അവരുടെ അനക്കങ്ങള്‍. ഈ മല്‍സരം കാണാന്‍ മോഹിച്ച് കാത്തിരിക്കവെ ബോംബുകള്‍ പതിച്ച് കൊല്ലപ്പെട്ടവര്‍, ജീവിച്ചിരിക്കിലും ദോഹയിലെത്താനാവാതെ അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്ന ഫലസ്തീനികളുമുണ്ടാവും. അവരെയെല്ലാം പ്രതിനിധീകരിച്ച് കഫിയ ധരിച്ചെത്തിയവര്‍ … ലോക ഫുട്ബാള്‍ ചരിത്രത്തിലുണ്ടായിട്ടില്ല, ഇത്രമേല്‍ സൗന്ദര്യമുള്ള നിമിഷങ്ങള്‍.

നവംബര്‍ 21ന് നടന്ന ഓസ്‌ട്രേലിയ – ഫലസ്തീന്‍ ലോകകപ്പ് മല്‍സരത്തിനൊടുവില്‍ ഓസ്‌ട്രേലിയന്‍ ടീമംഗങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ച മാച്ച് ഫീ പൂര്‍ണമായും ഫലസ്തീന്‍ ദുരിതാശ്വാസത്തിന് നല്‍കുകയായിരുന്നു. കഴിഞ്ഞ ഖത്തര്‍ ലോകകപ്പില്‍ ‘ഫ്രീ ഫലസ്തീന്‍’ മുദ്രാവാക്യം കേന്ദ്ര സ്ഥാനം നേടിയിരുന്നത് വാര്‍ത്തയായിരുന്നു. മല്‍സരത്തിലെ മുപ്പത്തിമൂന്നാമത്തെ ടീം എന്ന് വരെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു.

ഇത്രയും പറഞ്ഞത് ഫുട്‌ബോള്‍, ലോക രാഷ്ട്രീയത്തോട് പ്രതിപ്രവര്‍ത്തിക്കുന്നു എന്ന് പറയാനാണ്. ഫുട്‌ബോള്‍ മാത്രമല്ല, മറ്റ് കലാകായിക രംഗങ്ങളിലും ഇങ്ങനെ തന്നെയാണ്. ഇക്കഴിഞ്ഞ ക്രിക്കറ്റ് ലോകകപ്പില്‍ ‘ഫ്രീ ഫലസ്തീന്‍’ ബാനറുമായി കാണികളിലൊരാള്‍ പിച്ചിലേക്കിറങ്ങിയല്ലോ. താരങ്ങളും സെലിബ്രിറ്റികളും അവരെ പ്രണയിക്കുന്നവരും അതില്‍ മാത്രമായി അഭിരമിക്കാതെ ലോകവും രാജ്യങ്ങളും മനുഷ്യരും നേരിടുന്ന പ്രതിസന്ധികളോട് ഐക്യപ്പെടുന്നവരാണ്, നിലപാടുള്ളവരാണ്.

പക്ഷേ, കേരളത്തിലെ ഒരു വിഭാഗം താരങ്ങളും സെലിബ്രിറ്റികളും ഇങ്ങനെയല്ല. അയ്യേ, ഞങ്ങള്‍ക്കത്തരം കാര്യങ്ങളൊന്നുമറിയില്ല എന്ന മട്ടില്‍ കൈകൂപ്പി നില്‍ക്കുന്നു. രാഷ്ട്രപിതാവിനെ ആരാണ്, എങ്ങനെയാണ് ഈ ലോകത്തുനിന്നും പറഞ്ഞയച്ചതെന്നോ, രാമക്ഷേത്രമുയര്‍ന്നതെങ്ങിനെയെന്നോ, നരേന്ദ്രമോദിയാരെന്നോ ഒന്നുമറിയാതെ കലാസാംസ്‌കാരിക, സര്‍ഗാത്മക ജീവിതത്തെ മാത്രം ആരാധിച്ചും അനുഷ്ഠിച്ചും ഋജുമാനസത്തോടെ ഏകാഗ്രചിത്തരായി കഴിഞ്ഞുകൂടുന്ന മഹാത്മാക്കള്‍!

അഭിനയത്തിന്റെയും സംഗീതത്തിന്റെയും സങ്കേതങ്ങള്‍ മാത്രമേ അവര്‍ക്കറിയൂ!! രാജ്യത്തോ ചുറ്റുപാടിലോ നടക്കുന്നതൊന്നുമറിയാത്ത നിഷ്‌കളങ്ക ഹൃദയത്തിനുടമകള്‍!!! ചെറുപ്പം മുതലേ അവരങ്ങനെയാണ്. കാലത്തെഴുന്നേല്‍ക്കും, പല്ലുതേക്കും. അമ്മയെന്നെ കുളിപ്പിക്കും… പുത്തനുടുപ്പിടുവിക്കും.. പൊട്ടു തൊടീക്കും.. പാട്ട് പാടാന്‍ ചേച്ചിയുണ്ട്.. കൂട്ടു കൂടാന്‍ അനിയനുണ്ട്…എന്നാലും എനിക്ക് എല്ലാത്തിനും അമ്മ തന്നെ വേണം.. ഒന്നാം ക്ലാസിലെ അല്ലി ടീച്ചര്‍ ഈണത്തില്‍ ചൊല്ലിത്തന്ന പാട്ട് അവര്‍ക്ക് നന്നായറിയാം.

 

🪀 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/I1aiVNVTlZsKM3mMWkQmod

Related Articles