Current Date

Search
Close this search box.
Search
Close this search box.

ഈ റമദാന്‍ ഒരു ഫലസ്തീനിയും മറക്കില്ല

അധിനിവേശ കിഴക്കന്‍ ജറുസലേമിലെ, നബ്ലസ് നഗരത്തിലെ അല് ബൈറയിലെ നിയമവിരുദ്ധമായ ചെക്ക്പോസ്റ്റുകളിലൂടെ കടന്നുപോകാന്‍ എനിക്ക് അവസരം ലഭിച്ചപ്പോള്‍ അവിടെ വെച്ചാണ് നോമ്പും പ്രാര്‍ത്ഥനയും മാത്രമല്ല, അത് നമ്മുടെ വിശ്വാസത്തിന്റെ ശക്തിയുടെ ഓര്‍മ്മപ്പെടുത്തലാണെന്നും നമ്മുടെ ജനങ്ങളുടെ പ്രതിരോധശേഷിയുടെ ആഘോഷമാണെന്നും ഞാന്‍ മനസ്സിലാക്കിയത്.

ആ തെരുവുകളില്‍, അധിനിവേശത്തിന്റെ നിരന്തരമായ ആക്രമണ ഭീഷണിയുണ്ടെങ്കിലും പ്രതീക്ഷ നിറഞ്ഞ കുട്ടികളുടെ ചിരിയും, ബാങ്കിന്റെ ശബ്ദവും അതിന്റെ അതുല്യമായ സൗന്ദര്യവും മുസ്ലീമാകുന്നതിന്റെ ശാന്തതയും ഞാന്‍ മനസ്സിലാക്കി.

ഇത്തവണത്തെ റമദാനില്‍, ഞാന്‍ ഫലസ്തീനിലെ എന്റെ വീട്ടിലില്ല, ഓരോ സൂര്യാസ്തമയത്തിലും ഞാന്‍ നോമ്പ് തുറക്കുമ്പോള്‍, എന്റെ മാതൃരാജ്യത്ത് നടക്കുന്ന തുടര്‍ച്ചയായ ബോംബിങ്ങിന്റെയും ചിത്രങ്ങളും ശബ്ദങ്ങളും എന്റെ മനസ്സിലേക്ക് ഓടിയെത്തുകയാണ്. എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഇത്തവണത്തെ റമദാന്‍ എങ്ങനെയാണെന്ന് ചിന്തിക്കുമ്പോള്‍ ഞാന്‍ ആകെ തകര്‍ന്നുപോയി. അഞ്ച് മാസത്തിലേറെയായി നീണ്ട വംശഹത്യയെ അതിജീവിച്ച ഗസ്സയിലുള്ളവര്‍ക്ക് ഇത്തവണത്തെ ഇഫ്താറിന് ഭക്ഷണമില്ല.

നിരാശരായ ആളുകള്‍ക്കിടയിലേക്ക് സഹായം എത്തിക്കുന്നത് ഇസ്രായേല്‍ ഇപ്പോഴും തടയുകയാണ്, നോമ്പ് തുറക്കാന്‍ എന്തെങ്കിലും വേണമെന്നതിനാല്‍ ആളുകള്‍ പുല്ല് ഉപയോഗിച്ച് ഭക്ഷണമുണ്ടാക്കുന്നു. പിഞ്ചുകുഞ്ഞുങ്ങളും കുട്ടികളും പോഷകാഹാരക്കുറവ് നേരിടുന്നു, ഭക്ഷണത്തിന്റെയും ശുദ്ധജലത്തിന്റെയും അഭാവം മൂലം ഇതിനകം ഡസന്‍ കണക്കിന് ആളുകള്‍ മരിച്ചു. ഉപരോധ മുനമ്പിലെ എല്ലാവര്‍ക്കും ആരെയെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോഴും അവര്‍ ഒരു വിനാശത്തിന്റെ ഭീഷണി നേരിടുകയാണ്.
ഗസ്സയിലെ ഒരു പള്ളിയും കേടുപാടുകളില്ലാതെ അവശേഷിക്കുന്നില്ല, ജമാഅത്ത് നമസ്‌കാരങ്ങള്‍ക്ക് അവര്‍ക്ക് സുരക്ഷിതമായ ഒരു സ്ഥലമില്ല. സത്യത്തില്‍, ഗസ്സയിലെ ജനങ്ങള്‍ ഇപ്പോഴും നിരന്തരമായ ബോംബാക്രമണത്തിന്‍ കീഴിലാണ് ജീവിക്കുന്നത്. ഉപരോധ മുനമ്പിലെ അവസാനത്തെ ‘സേഫ് സോണ്‍’ എന്ന് വിളിക്കപ്പെടുന്ന റഫയില്‍ അഭയം തേടാന്‍ ശ്രമിച്ചവര്‍ പോലും ഇപ്പോഴും ഒരു വിനാശത്തിന്റെ ഭീഷണി നേരിടുകയാണ്. എല്ലാ അധിനിവേശവും നിസ്സംശയമായും ആയിരക്കണക്കിന് നിരപരാധികളെ കൊല്ലുകയും പരുക്കേല്‍പ്പിക്കുകയും ചെയ്യും.

വര്‍ഷങ്ങളായി ഗസ്സയിലെ ജനങ്ങള്‍ക്ക് റമദാന്‍ അശ്രദ്ധമായിരുന്നില്ല. ഇസ്രായേലിന്റെ നിരന്തര ഉപരോധം കാരണം, ഈ വംശഹത്യയുടെ തുടക്കത്തിന് വളരെ മുമ്പുതന്നെ തങ്ങളുടെ കുട്ടികളെ പോറ്റാന്‍ ഈ വിശുദ്ധ മാസങ്ങളില്‍ പല മാതാപിതാക്കളും ഭക്ഷണമില്ലാതെ പ്രയാസപ്പെടുന്നുണ്ടായിരുന്നു. എന്നിരുന്നാലും, മരണവും വിനാശവും ഇതിന് മുന്‍പ് ഒരിക്കലും ഇത്ര അടുത്തെത്തിയിരുന്നില്ല, ഒരുകാലത്ത് ഇവിടുത്തെ റമദാന്‍ വളരെ മനോഹരമായിരുന്നു.

വെസ്റ്റ് ബാങ്കിലുള്ളവര്‍ക്കും ഇതുപോലൊരു റമദാന്‍ മുമ്പെങ്ങുമില്ലായിരുന്നു. തീര്‍ച്ചയായും, അധിനിവേശ പ്രദേശത്തെ റമദാന്‍ ഒരിക്കലും എളുപ്പമായിരുന്നില്ല. അനധികൃത ചെക്ക്പോസ്റ്റുകള്‍ വഴി സഞ്ചരിക്കുന്നതും അധിനിവേശ സൈനികരില്‍ നിന്നുള്ള പീഡനം സഹിക്കുകയും പ്രകോപനങ്ങളെ ചെറുക്കുകയും ചെയ്യുക എന്നതുകൊണ്ടും. എന്നാല്‍ ഈ വര്‍ഷം ഇത് വളരെ കഠിനമാണ്. വെസ്റ്റ് ബാങ്കിലെ ഫലസ്തീനികള്‍ ഗസ്സയിലെ തങ്ങളുടെ സഹോദരീ-സഹോദരന്മാരുടെ വംശഹത്യയില്‍ വേദനിക്കുക മാത്രമല്ല, കുടിയേറ്റക്കാരുടെയും പോലീസിന്റെയും സൈനികരുടെയും നിരന്തരമായ ആക്രമണങ്ങളെ അതിജീവിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ്.

തങ്ങളില്‍ ആരായിരിക്കും അടുത്തതായി ഇസ്രായേല്‍ സൈന്യത്താല്‍ അറസ്റ്റ് ചെയ്യപ്പെടുകയോ നാടുകടത്തപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യപ്പെടുകയെന്നാണ് അവര്‍ ആശ്ചര്യത്തോടെ നോക്കുന്നത്. തങ്ങളും തങ്ങളുടെ പ്രിയപ്പെട്ടവരും അടുത്തൊരു റമദാന്‍ കാണാന്‍ ഉണ്ടാകുമോ എന്നൊക്കെയാണ് അവര്‍ ചിന്തിക്കുന്നത്.

ഫലസ്തീനികളായ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇംഗ്ലീഷിലോ അറബിയിലോ വിവരിക്കാന്‍ എനിക്ക് ശേഷിയില്ല എന്ന കുറ്റബോധത്തോടെയാണ് പ്രവാസലോകത്തുള്ളവരെ സംബന്ധിച്ചിടത്തോളം നാം നമ്മുടെ വിശ്വാസം പിന്തുടരുന്നത്. എന്റെ ജനങ്ങള്‍ പലരും മാസങ്ങളായി ശരിയായി ഭക്ഷണം കഴിക്കാത്തപ്പോള്‍ ഞാന്‍ എങ്ങനെ എന്റെ നോമ്പ് തുറക്കും? എന്റെ ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്ക് മുകളില്‍ നിന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ ഞാന്‍ എങ്ങിനെ ഒരു പള്ളിയില്‍ വെച്ച് നമസ്‌കരിക്കും?

ഓരോ റമദാനിലും ഫലസ്തീനികള്‍ പരീക്ഷിക്കപ്പെടുകയാണ്. എന്നാല്‍ ഫലസ്തീന്‍ ആത്മാവ് അധിനിവേശത്തിന്റെ സ്വേച്ഛാധിപത്യത്തെ അതിജീവിക്കും. ഗസ്സക്കാര്‍ ഈ കെട്ടിടാവശിഷ്ടങ്ങള്‍ക്കു മുകളില്‍ വെച്ച് വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്തുന്നത് ഞാന്‍ കാണുമ്പോള്‍, അവരുടെ ദൃഢവിശ്വാസത്തില്‍ ഞാന്‍ അത്ഭുതപ്പെടാറുണ്ട്. നിങ്ങള്‍ക്ക് ഒരാളുടെ വീടോ പള്ളിയോ നശിപ്പിക്കാം, എന്നാല്‍ ഒരിക്കലും ഒരാളുടെ ഈമാന്‍ നിങ്ങള്‍ക്ക് നശിപ്പിക്കാനാവില്ല. ഫലസ്തീനുമേല്‍ അധിനിവേശം നടത്തിയില്ലെങ്കില്‍ റമദാന്‍ എങ്ങനെയായിരിക്കുമെന്ന് ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്. ഒരുപക്ഷേ, ഇവിടെ ഇല്ലാത്ത ഗസ്സയിലെ കുട്ടികളുമൊത്ത് ഞാന്‍ നോമ്പ് തുറക്കുമായിരുന്നു. എന്റെ ഉപ്പൂപ്പമാരുടെ ഭൂമിയില്‍ ഞാന്‍ ഉണ്ടാകുമായിരുന്നു.

ഒരു കാര്യം ഉറപ്പാണ്, ഈ റമദാന്‍ ഒരിക്കലും സമാനമാകില്ല. ഇനി മുതല്‍ എല്ലാ വര്‍ഷവും എന്റെ പ്രാര്‍ത്ഥനകള്‍ എനിക്കുവേണ്ടിയായിരിക്കില്ല, മറിച്ച് സ്വന്തത്തിനായി പ്രാര്‍ത്ഥിക്കാന്‍ കഴിയാത്ത എന്റെ രക്തസാക്ഷികള്‍ക്ക് വേണ്ടിയായിരിക്കും. അവരെ രക്ഷിക്കാന്‍ വേണ്ടത്ര ഒന്നും ചെയ്യാന്‍ കഴിയാത്തതിന്റെ കുറ്റബോധത്താല്‍ ഞാന്‍ പ്രാര്‍ത്ഥിക്കും. നമ്മുടെ രക്തസാക്ഷികളുടെ ആത്മാവിന് അല്ലാഹുവിന്റെ കരുണ ഉണ്ടാകട്ടെ.

 

അവലംബം: അല്‍ജസീറ

വിവ: പി.കെ സഹീര്‍ അഹ്‌മദ്

Related Articles