Current Date

Search
Close this search box.
Search
Close this search box.

കുട്ടികള്‍ മരിച്ചു വീഴുമ്പോള്‍ ക്രിക്കറ്റ് കളി കാണുന്നവര്‍

എത്ര വിക്കറ്റ് പോയി? ഇന്ത്യ-പാകിസ്ഥാന്‍ ലോകകപ്പ് ക്രിക്കറ്റ് മത്സരം നടന്നു കൊണ്ടിരിക്കുമ്പോള്‍ വിളിച്ചു ചേര്‍ത്ത ഒരു പത്രസമ്മേളനത്തിനിടയില്‍ ബിഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡേ ചോദിച്ചു. താന്‍ ആരോഗ്യമന്ത്രിയായ സംസ്ഥാനത്തെ, മുസ്സഫര്‍പൂര്‍ ജില്ലയിലെ, ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആന്‍റ് ഹോസ്പിറ്റലില്‍ (എസ്.കെ.എം.സി.എച്ച്) മാത്രം നൂറില്‍ അധികം പിഞ്ചുകുഞ്ഞുങ്ങള്‍ മരണപ്പെടാന്‍ കാരണമായ അക്യൂട്ട് എന്‍സഫലൈറ്റിസ് സിന്‍ഡ്രോം (മസ്തിഷ്ക ജ്വരം) എന്ന മഹാമാരിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആരോഗ്യവകുപ്പ് വിളിച്ചുചേര്‍ത്ത യോഗത്തിനിടെയായിരുന്നു അദ്ദേഹം ആ ചോദ്യം ചോദിച്ചത്. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍, അദ്ദേഹത്തിന്‍റെ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ, മറ്റു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ സന്നിഹിതരായിരുന്നു. കുഞ്ഞുങ്ങളുടെ ജീവന് അവര്‍ എത്രമാത്രം വിലകല്‍പ്പിക്കുന്നുണ്ടെന്നതിന് ഇതിലും മികച്ച ഉദാഹരണം വേറെയുണ്ടെന്ന് തോന്നുന്നില്ല.

തങ്ങളുടെ കണ്‍മുന്നില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ചു വീഴുമ്പോള്‍, ക്രിക്കറ്റ് കളിയെ കുറിച്ച് വേവലാതിപ്പെട്ടത് പാണ്ഡേ മാത്രമല്ല. ഇതിന് മുന്‍പ് ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ നടത്തിയ പത്രസമ്മേളനത്തില്‍ വെച്ച് ഉറങ്ങിയ കേന്ദ്രസഹമന്ത്രി അശ്വിനി കുമാര്‍ ചൗബെയെ മീഡിയ കയ്യോടെ പിടികൂടിയിരുന്നു. എന്നാല്‍ താന്‍ ഉറങ്ങുകയായിരുന്നില്ല, മറിച്ച് ‘ധ്യാനത്തിലിരിക്കുകയായിരുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്‍റെ അവകാശവാദം.

ഇന്ത്യയിലെ പൊതുജനാരോഗ്യരംഗത്തിന്‍റെ അവസ്ഥ എന്താണെന്ന് ഈ രണ്ടു മന്ത്രിമാരുടെ പെരുമാറ്റ മനോഭാവങ്ങളില്‍ നിന്നും വ്യക്തമാണ്. ദുരന്തങ്ങള്‍ സംഭവിച്ചതിനു ശേഷം മാത്രമാണ് അധികൃതര്‍ ഉണരാറുള്ളത്, അതുതന്നെ മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും മുറവിളികള്‍ക്കും രോഷപ്രകടനങ്ങള്‍ക്കും ശേഷം മാത്രം. ഇത്തവണവും ജനരോഷമിളകിയിരുന്നു. ഐ.സി.യുകളില്‍ ഒരു ബെഡ്ഡില്‍ മൂന്നും നാലും കുട്ടികളെ വരെ കിടത്തി ചികിത്സിക്കുന്ന അതിദാരുണമായ കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ആവശ്യത്തിനു ഡോക്ടര്‍മാര്‍ പോലും ഇല്ലാത്ത അവസ്ഥ. മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍, കുട്ടികള്‍ക്കു നല്‍കാന്‍ ആവശ്യത്തിന് മരുന്നില്ലാത്ത അവസ്ഥയെ കുറിച്ച് പരിതപിക്കുന്ന ഡോക്ടര്‍മാര്‍.

ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഏകമാര്‍ഗം, ദരിദ്രജനവിഭാഗങ്ങളുടെ ഏകആശ്രയമായ ഇന്ത്യയിലെ പൊതുജനാരോഗ്യരംഗവും സ്ഥാപനങ്ങളും അടിയന്തിരമായി നവീകരണപ്രക്രിയക്കു വിധേയമാക്കുക എന്നതാണെന്ന് ഭരണവര്‍ഗത്തിനു നന്നായിട്ടറിയാം. എന്നിരുന്നാലും, ഉപരിപ്ലവമായ പരിഹാരങ്ങളും, വാഗ്ദാനങ്ങളും നല്‍കി ജനങ്ങളെ കബളിപ്പിക്കാനാണ് അവര്‍ ഇപ്പോഴും ശ്രമിക്കുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായെന്ന് കാണുന്ന ആ നിമിഷം, സാധാരണപോലെ അവര്‍ അവരുടെ സ്വന്തം കാര്യങ്ങളിലേക്ക് മടങ്ങും, അടുത്തൊരു ദുരന്തം സംഭവിക്കാന്‍ വേണ്ടി കാത്തിരിക്കും.

പ്രദേശത്ത് ഇതാദ്യമായല്ല മസ്തിഷ്കജ്വരം പടര്‍ന്നുപിടിക്കുന്നത്. ജാപ്പനീസ് എന്‍സഫലൈറ്റിസും (ജപ്പാന്‍ ജ്വരം) മസ്തിഷ്ക ജ്വരവും മേഖലയിലെ സ്ഥിരം കൊലയാളികളാണ്. അയല്‍സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ, ഗോരഖ്പൂരില്‍ സ്ഥിതി ചെയ്യുന്ന ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ മാത്രം 26,000 കുട്ടികളാണ് മസ്തിഷ്ക ജ്വരം ബാധിച്ച് മരണപ്പെട്ടിട്ടുള്ളത്. മുസ്സഫര്‍പൂരിനും പറയാനുള്ളത് സമാനമായ കഥ തന്നെയാണ്. 2014-ല്‍ എസ്.കെ.എം.സി.എച്ചില്‍ മാത്രം 379 കുട്ടികളുടെ ജീവനാണ് മസ്തിഷ്ക ജ്വരം കവര്‍ന്നെടുത്തത്, അന്നും ജനരോഷമിളകിയിരുന്നു. ഇന്നത്തെ പോലെ തന്നെ അന്നും കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്ന ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ മുസ്സഫര്‍പൂരിലേക്ക് ഓടിയെത്തിയിരുന്നു. എണ്ണമറ്റ പരിഹാര നടപടികളും വാഗ്ദാനങ്ങളും അന്നും അദ്ദേഹം ജനങ്ങള്‍ക്ക് നല്‍കിയിരുന്നു- അതായത്, ഒരു 100 ബെഡ് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, കുട്ടികളുടെ ചികിത്സാക്കു വേണ്ടി ഒരു 10-ബെഡ് ഫെസിലിറ്റി എന്നിവ അന്നതെ വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടും. കൂടാതെ മുസ്സഫര്‍പൂരില്‍ ഒരു വൈറോളജി ഡിപ്പാര്‍ട്ട്മെന്‍റ് നിര്‍മിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.

2019-ലേക്ക് വരുമ്പോള്‍, വീണ്ടും അധികാരത്തിലേറിയ മോദി സര്‍ക്കാറില്‍, വീണ്ടും കേന്ദ്ര ആരോഗ്യമന്ത്രിയായി നിയുക്തനായി, മുസ്സഫര്‍പൂരിലെ ആശുപത്രിയിലേക്ക് വീണ്ടും ഓടിയെത്തിയ ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ 2014-ല്‍ നടത്തിയ അതേ വാഗ്ദാന പ്രഖ്യാപനങ്ങള്‍ തന്നെ വീണ്ടും നടത്തുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്. പ്രസ്തുത വാഗ്ദാനപ്പെരുമഴ പെയ്യിക്കുന്ന സമയത്താണ്, അദ്ദേഹത്തിന്‍റെ സഹമന്ത്രി അശ്വനി കുമാര്‍ ചൗബെ ധ്യാനനിമഗ്നനായി ഉറങ്ങിപ്പോയത്. എന്തുകൊണ്ടാണ് 2014-ല്‍ നടത്തിയ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടാത്തത് എന്നോ, എന്തുകൊണ്ടാണ് നിങ്ങള്‍ അതേ വാഗ്ദാനങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നുവെന്നോ പത്രസമ്മേളനത്തില്‍ പങ്കെടുത്ത ഒരു മാധ്യമപ്രവര്‍ത്തകന്‍ പോലും അദ്ദേഹത്തോടു ചോദിച്ചില്ല.

വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടാത്തതിന്‍റെ കാരണം മറ്റൊന്നുമല്ല. 2014-ല്‍ മസ്തിഷ്ക ജ്വരം ബാധിച്ച് 379 കുട്ടികള്‍ മരണപ്പെട്ട സംഭവം വലിയ ജനകീയ പ്രക്ഷോഭത്തിലേക്ക് നയിച്ചിരുന്നു. തദ്ഫലമായി, സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകള്‍ ചില നടപടികള്‍ കൈക്കൊണ്ടു. യൂനിസെഫ് പോലുള്ള സംഘടനകളില്‍ വിദഗ്ദാഭിപ്രായം തേടിയ ബിഹാര്‍ സര്‍ക്കാര്‍, 2015-ല്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസിജ്യര്‍ (എസ്.ഓ.പി) വികസിപ്പിച്ചു. കുട്ടികളില്‍ ജപ്പാന്‍ ജ്വരത്തിന്‍റെയോ, മസ്തിഷ്ക ജ്വരത്തിന്‍റെയോ ലക്ഷണങ്ങള്‍ കാണുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് വേണ്ടി അംഗണവാടി ജീവനക്കാര്‍ മുഖേനയും മറ്റും നടത്തുന്ന സര്‍വ്വെ എസ്.ഓ.പിയില്‍ ഉള്‍പ്പെടും. ഈ ശ്രമങ്ങള്‍ ഫലം കണ്ടു. മരണസംഖ്യ കുറയാന്‍ തുടങ്ങി. 2012-ല്‍ 424 പേര്‍ മരണപ്പെട്ടപ്പോള്‍, 2013-ല്‍ 222, 2014-ല്‍ 379, 2015-ല്‍ 90, 2016-ല്‍ 103, 2017-ല്‍ 54, 2018 ആയപ്പോഴേക്കും 33 എന്ന നിലയില്‍ മരണസംഖ്യ കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞിരുന്നു.

പാവങ്ങളുടെ ജീവന് പുല്ലുവിലയില്ലാത്ത ഒരു രാജ്യത്ത് 33 ജീവനുകള്‍ എന്നത് തീര്‍ച്ചയായും വിലപ്പെട്ടത് തന്നെയാണ്. മരണസംഖ്യ കുറഞ്ഞുവന്നതോടെ ദേശീയശ്രദ്ധയില്‍ നിന്നും വിഷയം മാറ്റിവെക്കപ്പെട്ടു. അങ്ങനെ 2019-ലെ ദുരന്തം സംഭവിച്ചു. ദേശീയശ്രദ്ധ വീണ്ടും വിഷയത്തിലേക്ക് തിരിച്ചുവന്നു, കൂടെ മന്ത്രിമാരും. ഇനി വാഗ്ദാനങ്ങള്‍ ആവര്‍ത്തിച്ചാലെന്ത്, ഉറങ്ങിയാലെന്ത്, ധ്യാനിച്ചാലെന്ത്, ക്രിക്കറ്റ് സ്കോര്‍ എന്തായെന്ന് ചോദിച്ചാലെന്ത്.

ഇതിനെക്കാള്‍ വഷളാവാന്‍ ഇനി എന്തിനെങ്കിലും കഴിയുമോ? തീര്‍ച്ചയായും കഴിയും. മന്ത്രിമാര്‍ വന്നുപോയതിന് ശേഷം വന്നത് ‘ഇലക്ട്രോണിക് മീഡിയ’ ആയിരുന്നു. ഗ്ലൗസും ഗൗണും മാസ്കുകളും ധരിക്കാതെ ഐ.സി.യുവിലേക്ക് ഇരച്ചുകയറിയ പ്രൈം ടൈം ആങ്കര്‍മാര്‍, വളരെ പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി അവിടെ ഓടിനടന്ന് പണിയെടുക്കുന്ന ഡോക്ടര്‍മാരോടും നഴ്സുമാരോടും ചോദിച്ച ചോദ്യങ്ങള്‍ നാം കേള്‍ക്കണം: എന്തുകൊണ്ടാണ് ഇവിടെ ആവശ്യത്തിന് ബെഡ്ഡില്ലാത്തത്? എന്തുകൊണ്ടാണ് നിങ്ങള്‍ ഈ കുട്ടിയെ ശ്രദ്ധിക്കാത്തത്? (ഡോക്ടര്‍ മറ്റൊരു കുട്ടിയെ അടുത്താണ്), എന്തുകൊണ്ടാണ് നിങ്ങളുടെ കൈവശം അത്യാവശ്യ ഉപകരണങ്ങള്‍ ഇല്ലാത്തത്? പ്രസ്തുത സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാന്‍ ബാധ്യസ്ഥരായ അധികാരികളില്‍ ഒരാളോടു പോലും ഈ ചോദ്യങ്ങള്‍ അക്കൂട്ടര്‍ ചോദിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഇന്ത്യാ പാകിസ്ഥാന്‍ മാച്ച് എന്തായെന്ന് ചോദിച്ചപ്പോള്‍ അവര്‍ കൃത്യമായി സ്കോര്‍ പറഞ്ഞു കൊടുത്തു.

ഇപ്പോള്‍ എന്തായി സ്കോര്‍? 130 കുട്ടികള്‍ മരണപ്പെട്ടു, സാര്‍. തീര്‍ന്നിട്ടില്ല, എണ്ണിക്കൊണ്ടിരിക്കുകയാണ്.

മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം : countercurrents.org

Related Articles