Current Date

Search
Close this search box.
Search
Close this search box.

ശൈഖ് മുഹമ്മദലി അസ്സ്വാബൂനി ( 1930- 2021 )

”അതൊരു അമാനുഷ ഗ്രന്ഥമാണ്. അറബ് ദേശവാസിയായ നിരക്ഷരനായ പ്രവാചകൻ മുഹമ്മദ് നബി(സ)ക്ക് അവതീർണമായ ദൈവിക വചനങ്ങളുടെ സമാഹാരമായ ആ മഹദ് ഗ്രന്ഥം-ഖുർആൻ-മനുഷ്യവർഗത്തിന് വിജ്ഞാനവും ജീവിതത്തിന്റെയും പ്രപഞ്ചത്തിന്റെയും ആന്തര രഹസ്യങ്ങളെക്കുറിച്ച അറിവും പൊരുളും പ്രദാനം ചെയ്തു കൊണ്ടേയിരിക്കുകയാണ്. ദൈവദൂതനായ മുഹമ്മദി(സ)ന് ലഭിച്ച ഈ വരപ്രസാദം അനശ്വരവും അമർത്ത്യവുമായ അമാനുഷ ദൃഷ്ടാന്തത്തിന്റെ വിളംബരവും നിത്യപ്രതീകവുമാണ്….

”ജീവിതായോധനത്തിന്റെ വഴികൾ തേടി സമയം വിനിയോഗിക്കാൻ നിർബന്ധിതനായ വിശ്വാസിക്ക് ബൃഹത്തായ ഖുർആൻ വ്യാഖ്യാന ഗ്രന്ഥങ്ങളെ ആലംബമാക്കി അറിവ് കരസ്ഥമാക്കാനുള്ള അവസരം കുറവാണ്. നമ്മുടെ പൂർവികരായ പണ്ഡിത പ്രതിഭകൾ ദൈവിക വചനങ്ങളെ വ്യാഖ്യാനിച്ചും വിശദീകരിച്ചും ഖുർആനിന്റെ ആവിഷ്‌കാര ഭംഗി വെളിപ്പെടുത്തിയും ചെയ്ത മഹത്തായ സേവനങ്ങളെ കടപ്പാടോടുകൂടി കാണുന്നവരാണ് നാം. ഖുർആനിൽ ഉള്ളടങ്ങിയ നിയമങ്ങളും വിധികളും സദാചാര മൂല്യങ്ങളും സനാതന സത്യവും ദൈവിക വചന സാഗരത്തിന്റെ അഗാധതകളിൽ ഊളിയിട്ട് ആ മഹാമനീഷികൾ പുറത്തുകൊണ്ടുവന്നു. ജനങ്ങൾക്ക് വിശുദ്ധ ഖുർആൻ അനായാസേന ഗ്രഹിക്കാൻ സംവിധാനം ഒരുക്കേണ്ടത് പണ്ഡിതന്മാരുടെ ഇന്നത്തെ കർത്തവ്യമാണ്. തെളിഞ്ഞ ശൈലി, അനാവശ്യചമയങ്ങളും സ്ഥൂലതയുമില്ലാത്ത തിളക്കമാർന്ന വിശദീകരണം, സങ്കീർണതയില്ലാത്ത അകൃത്രിമ ഭാഷ, ആവിഷ്‌കാരത്തിന്റെയും അമാനുഷികതയുടെയും ലാവണ്യം അടയാളപ്പെടുത്തുന്ന വ്യാഖ്യാനവും വിവരണവും… അങ്ങനെ ആധുനിക കാലഘട്ടത്തിന്റെ ആത്മാവിനോട് ഇണങ്ങുന്നതും, ഖുർആനിക വിജ്ഞാനീയങ്ങളാർജിക്കാൻ ദാഹാർത്തരായി ഉഴറി നടക്കുന്ന അഭ്യസ്തവിദ്യരായ യുവസമൂഹത്തിന്റെ ആവശ്യങ്ങൾക്ക് കാതോർക്കുന്നതുമായ ഒരു ഭാഷ്യമാവണം അത്…..
”ഈ ലക്ഷണങ്ങളെല്ലാം ഒത്ത ഒരു തഫ്‌സീർ എനിക്ക് കണ്ടെത്താനായില്ല. അത്തരം ഒരു തഫ്‌സീർ കാലഘട്ടത്തിന്റെ ആവശ്യമാണ്. ജനങ്ങൾ അത്തരമൊന്ന് അന്വേഷിക്കുന്നു, കിട്ടിയെങ്കിലെന്ന് കൊതിക്കുന്നു. ഏറെ അധ്വാനവും സമയവും വ്യയം ചെയ്യേണ്ട ക്ലേശപൂർണവും പ്രയാസകരവുമായ യത്‌നമാണെന്ന് ബോധ്യമുണ്ടായിട്ടും അല്ലാഹുവിന്റെ സഹായത്തിൽ വിശ്വാസമർപ്പിച്ചുകൊണ്ട് അവന്റെ വചനങ്ങൾ വ്യാഖ്യാനിക്കാനുള്ള ചുമതല ഞാനേറ്റെടുത്തു. ദൈവിക ഗ്രന്ഥത്തോട് ആവത് നീതി പുലർത്താൻ കഴിയേണമേയെന്ന പ്രാർഥന അല്ലാഹുവിന്റെ സവിധത്തിൽ സമർപ്പിച്ചുകൊണ്ട് ഈ മഹായത്‌നത്തിന് ഞാൻ തുനിഞ്ഞിറങ്ങി.

എന്റെ ഗ്രന്ഥത്തിന് ‘സ്വഫ്‌വത്തുത്തഫാസീർ’ എന്നാണ് ഞാൻ നാമകരണം ചെയ്തിരിക്കുന്നത്. ‘ബൃഹത്തായ വിസ്തൃത ഖുർആൻ വ്യാഖ്യാന ഗ്രന്ഥങ്ങളിലെ ആശയനിർഝരിയിൽനിന്ന് അരിച്ചെടുത്ത തെളിനീർ’ എന്നാണ് ഞാൻ ഈ പേരുകൊണ്ടുദ്ദേശിച്ചത്. പേരിനെ അന്വർഥമാക്കും ഈ രചന എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.

ഖുർആൻ വ്യാഖ്യാനത്തിന് ഞാൻ സ്വീകരിച്ച ശൈലി വിശദമാക്കാം.
ഒന്ന്: ഓരോ അധ്യായത്തിന്റെയും മുഖവുരയായി ആ സൂറത്തിന്റെ പ്രമേയം സാമാന്യമായി വിശദീകരിക്കും. അടിസ്ഥാന ലക്ഷ്യങ്ങൾ വ്യക്തമാക്കും.
രണ്ട്: ഓരോ സൂക്തത്തിന്റെയും മുമ്പും പിമ്പുമുള്ള സൂക്തവുമായുള്ള ബന്ധം.
മൂന്ന്: ഭാഷയുടെ നിഷ്പത്തിയും അറബി സാഹിത്യത്തിലെ സമാനതെളിവുകളും
നാല്: അവതരണ പശ്ചാത്തലം
അഞ്ച്: വ്യാഖ്യാനം
ആറ്: സാഹിത്യഭംഗി
ഏഴ്: ഗുണപാഠങ്ങൾ.

രാപ്പകൽ ഭേദമില്ലാതെ അഞ്ചു വർഷം ഈ ഗ്രന്ഥരചനക്ക് ഞാൻ ചെലവിട്ടു. പ്രാമാണികമായ മുഖ്യ തഫ്‌സീർ ഗ്രന്ഥങ്ങളിൽ വ്യാഖ്യാതാക്കൾ രേഖപ്പെടുത്തിവെച്ചത് വായിക്കാതെയും ഏറ്റവും പ്രബലവും സുബദ്ധവുമായ അഭിപ്രായങ്ങളെ കുറിച്ച് സൂക്ഷ്മപഠനം നടത്താതെയും ഒന്നും ഞാൻ എഴുതിയിട്ടില്ല. കാലം എനിക്ക് വിധേയമാക്കപ്പെട്ടതുപോലെയാണ് എനിക്ക് തോന്നിയത്. എല്ലാം പുരാതന ദൈവഗേഹത്തിന്റെ ചാരത്ത് ജീവിക്കാൻ അല്ലാഹു കനിഞ്ഞേകിയ അനുഗ്രഹത്തിന്റെ ഐശ്വര്യം ഒന്ന് മാത്രം.”

ഈ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്ന ‘അഹ്‌ലുസ്സുന്നത്തി വൽജമാഅത്തിലെ’ പ്രമുഖ പണ്ഡിതനും ഖുർആൻ വ്യാഖ്യാനശാസ്ത്രത്തിൽ വിശാരദനുമായ ശൈഖ് മുഹമ്മദലി അസ്സ്വാബൂനി തന്റെ വിഖ്യാത ഖുർആൻ വ്യാഖ്യാന ഗ്രന്ഥമായ ‘സ്വഫ്‌വത്തുത്തഫാസീറി’ന്ന് എഴുതിയ മുഖവുരയിലെ പ്രസക്തഭാഗമാണ് മുകളിൽ ഉദ്ധരിച്ചത്. ദുബൈ ഇൻർനാഷ്‌നൽ ഖുർആൻ പുരസ്‌കാര സമിതി 2007-ലെ പ്രമുഖ ഇസ്‌ലാമിക വ്യക്തിത്വമായി തെരഞ്ഞെടുത്തത് സ്വാബൂനിയെയാണ്. ഖുർആൻ വ്യാഖ്യാനമുൾപ്പെടെ നിരവധി കനപ്പെട്ട ഗ്രന്ഥങ്ങൾ രചിച്ച് ഇസ്‌ലാമിക സേവനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച സ്വാബൂനി 1930-ൽ സിറിയയിലെ അലപ്പോ നഗരത്തിലാണ് ജനിച്ചത്. പിതാവ് ശൈഖ് ജമീൽ അസ്സ്വാബൂനിയുടെ മേൽനോട്ടത്തിൽ പഠനമാരംഭിച്ച മുഹമ്മദലി ചെറുപ്പന്നേ ഖുർആൻ ഹൃദിസ്ഥമാക്കുകയും ദീനീ വിജ്ഞാനീയങ്ങളിൽ വ്യുൽപത്തി നേടുകയും ചെയ്തു. തഫ്‌സീർ, ഫിഖ്ഹ്, ഹദീസ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയിൽ പ്രാവീണ്യം നേടിയ സ്വാബൂനിയെ സിറിയൻ ഗവൺമെന്റ് ഉപരിപഠനത്തിന് കൈറോവിലെ അസ്ഹറിലേക്കയച്ചു. 1952 ശർഈ നിയമത്തിൽ ‘ആലിമിയ്യ’ ബിരുദം കരസ്ഥമാക്കി. മക്കയിലെ ‘കുല്ലിയ്യത്തുശ്ശരീഅഃ വദ്ദിറാസത്തിൽ ഇസ്‌ലാമിയ്യ’യിൽ മുപ്പതു വർഷം അധ്യാപന വൃത്തിയിൽ തുടർന്നു. ‘റാബിത്വത്തുൽ ആലമിൽ ഇസ്‌ലാമി’യിലും സേവനം അനുഷ്ഠിച്ചു. മസ്ജിദുൽ ഹറാമിൽ ദിനേനയുള്ള ക്ലാസുകൾ, ജിദ്ദയിലെ പള്ളിയിൽ ദശകത്തോളം നീണ്ട ഖുർആൻ തഫ്‌സീർ ക്ലാസ്, തഫ്‌സീറുൽ ഖുർആനിൽ അറുനൂറ് എപ്പിസോഡുകളുള്ള ടെലിവിഷൻ പ്രോഗ്രാം തുടങ്ങി നിരവധി വൈജ്ഞാനിക പ്രവർത്തനങ്ങളിൽ നിരതനായി ശൈഖ് സ്വാബൂനി.

പിതാവ് ജമീൽ അസ്സ്വാബൂനി, മുഹമ്മദ് നജീബ് സിറാജ്, അഹ്മദുശ്ശമ്മാഅ്, മുഹമ്മദ് സഈദ് ഇദ്‌ലിബി, മുഹമ്മദ് റാഗിബ് അത്ത്വബ്ബാഖ്, മുഹമ്മദ് നജീബ് ഖിയാത്വ മുതലായവർ ഗുരുനാഥന്മാരാണ്.

ഇംഗ്ലീഷ്, ഫ്രഞ്ച്, തുർക്കി തുടങ്ങി നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട മുപ്പതിൽപരം കനപ്പെട്ട ഗ്രന്ഥങ്ങളുടെ കർത്താവാണ്. സ്വഫ്‌വത്തുത്തഫാസീർ, അൽമവാരീസ് ഫിശ്ശരീഅത്തിൽ ഇസ്‌ലാമിയ്യ, മിൻ കുനൂസിസ്സുന്ന, മൗസൂഅത്തുൽ ഫിഖ്ഹിശ്ശർഇയ്യിൽ മുയസ്സർ, അഖീദത്തു അഹ്‌ലിസ്സുന്നത്തി ഫീ മീസാനിശ്ശർഇ, മുഖ്തസ്വറു തഫ്‌സീർ ഇബ്‌നി കഥീർ, മുഖ്തസ്വറു തഫ്‌സീറുത്തബ്‌രി, അത്തിബ്‌യാൻ ഫീ ഉലൂമിൽ ഖുർആൻ തുടങ്ങിയ 33-ലധികം ഗ്രന്ഥങ്ങൾ പണ്ഡിതലോകത്ത് ചർച്ച ചെയ്യപ്പെട്ട രചനകളാണ്.

Related Articles