Current Date

Search
Close this search box.
Search
Close this search box.

മോദി ഇന്ത്യയില്‍ എല്ലാവര്‍ക്കും വീടായോ ?

2015 ജൂണിലായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആ പ്രഖ്യാപനം നടത്തിയത്. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷ വേളയായ 2022ഓടെ എല്ലാ ഇന്ത്യക്കാര്‍ക്കും വീടൊരുക്കും. വെറും വീടല്ല, പാചകവാതക കണക്ഷന്‍,വെള്ളം,വൈദ്യുതി,കക്കൂസ് തുടങ്ങിയ എല്ലാ സൗകര്യങ്ങളോടെയും കൂടിയുള്ള സിമന്റും കട്ടയും ഉപയോഗിച്ച് നിര്‍മിക്കുന്ന വീടുകള്‍. ഇതു മുഖേന 2022ഓടു കൂടി 4 കോടി പുതിയ വീടുകള്‍ നിര്‍മിക്കുമെന്നാണ് പ്രഖ്യാപിച്ചത്. ഒരു കോടി വീടുകള്‍ 2019 മാര്‍ച്ചിനു മുന്‍പായി പൂര്‍ത്തിയാക്കുമെന്നും. 69 ലക്ഷം വീടുകള്‍ ഗ്രാമങ്ങളില്‍ ആണ് പ്രഖ്യാപിച്ചത്. എന്നാല്‍ ഇതില്‍ 40 ശതമാനം പോലും പൂര്‍ത്തിയായില്ല. 35 ശതമാനം വീടുകളുടെ നിര്‍മാണം പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്.

നഗര പ്രദേശങ്ങളിലെ വീടുകളുടെ നിര്‍മാണ പുരോഗതി വളരെ പതുക്കെയാണ് മുന്നോട്ടു നീങ്ങുന്നത്. 2018 ഡിസംബര്‍ വരെയായി 12.4 ലക്ഷം വീടുകള്‍ മാത്രമാണ് നിര്‍മാണം പൂര്‍ത്തിയാക്കാനായത്. പ്രധാനമന്ത്രി ആവാസ യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീട് നിര്‍മാണം. നഗര-ഗ്രാമ പ്രദേശങ്ങളില്‍ ചെലവു കുറഞ്ഞ വീടുകള്‍ നിര്‍മിക്കാന്‍ സബ്‌സിഡി നല്‍കും എന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം. പദ്ധതി മുഖേന 2022ഓടെ ഗ്രാമീണ മേഖലയില്‍ 2.95 കോടി വീടുകളും നഗരപ്രദേശങ്ങളില്‍ 1.2 കോടി വീടുകളും നിര്‍മിക്കുമെന്നുമായിരുന്നു പ്രഖ്യാപനം.

നഗരപ്രദേശങ്ങളില്‍ 50 ശതമാനം പൂര്‍ത്തിയാക്കിയെന്നാണ് കഴിഞ്ഞ സെപ്റ്റംബറില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി പ്രഖ്യാപിച്ചത്. എന്നാല്‍ സര്‍ക്കാര്‍ വെബ്‌സൈറ്റിലെ കണക്കുകള്‍ പ്രകാരം 1.2 കോടിയില്‍ 68.5 ലക്ഷം വീടുകള്‍ക്കാണ് അനുമതി നല്‍കിയതെന്നും ഇതില്‍ 18 ശതമാനം നിര്‍മാണം പൂര്‍ത്തിയാക്കിയെന്നുമാണ് കാണാന്‍ സാധിക്കുക.

1980ല്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് പ്രധാനമന്ത്രി ആവാസ് യോജനക്ക് തുടക്കമിട്ടത്. അന്ന് ഒരു കുടുംബത്തിന് എഴുപതിനായിരം രൂപ നല്‍കുന്നതായിരുന്നു പദ്ധതി. പിന്നീട് അത് പരന്ന പ്രദേശത്ത് വീടുണ്ടാക്കാന്‍ 1.2 ലക്ഷമായും ഉയര്‍ന്ന പ്രദേശങ്ങളില്‍ 1.3 ലക്ഷമായും വര്‍ധിപ്പിച്ചു. 270 സ്‌ക്വയര്‍ ഫീറ്റിലായിരുന്നു വീട് നിര്‍മാണം.

2011 ലെ ജാതി-സമ്പത്തിക സര്‍വേ പ്രകാരം പട്ടിക തിരിച്ചാണ് ഉപഭോക്താക്കളെ തെരഞ്ഞെടുത്തത്. പിന്നീട് ഗ്രാമസഭ കൂടിയാണ് ആളുകളെ അന്തിമപട്ടികയില്‍ ഉള്‍പ്പെടുത്തുക. ബ്ലോക്ക് ലെവല്‍ ഓഫിസര്‍മാര്‍ സ്ഥലം സന്ദര്‍ശിച്ച് വിശദമായി പഠിച്ച് അപേക്ഷ മുകളിലേക്ക് അയക്കും. സംസ്ഥാന സര്‍ക്കാരുകള്‍ ഭൂമിയില്ലാത്തവര്‍ക്ക്് സൗജന്യമായി സര്‍ക്കാര്‍ മിച്ച ഭൂമി നല്‍കണമെന്നാണ് വ്യവസ്ഥ. അംഗീകാരം ലഭിച്ചാല്‍ നിര്‍മാണം തുടങ്ങുകയും നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി ഉപഭോക്താവിന് തുക കൈമാറുകയുമാണ് ചെയ്യുന്നത്.

പദ്ധതിയുടെ വെബ്‌സൈറ്റിലെ വിവരങ്ങളുനസരിച്ച് 1.1 കോടി ഉപഭോക്താക്കളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 95 ലക്ഷം വീടുകള്‍ക്കാണ് അനുമതി നല്‍കിയത്. ഇതില്‍ 63 ശതമാനം മാത്രമാണ് പൂര്‍ത്തിയായത്. അതായത് കഴിഞ്ഞ ഫെബ്രുവരി 11 വരെയുള്ള കണക്കുപ്രകാരം 69 ലക്ഷം വീടുകളാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇത്തരത്തില്‍ മോദി ഭരണം അവസാനിക്കാറായ വേളയില്‍ പത്ര-ടി.വി പരസ്യങ്ങളിലൂടെ എല്ലാവര്‍ക്കും വീടായി എന്ന് വ്യാജപ്രചാരണം നടത്തുകയാണ് ബി.ജെ.പി സര്‍ക്കാരും അണികളും. എന്നാല്‍ കണക്കുകള്‍ കൃത്യമായി പരിശോധിച്ചാല്‍ തന്നെ ഇവരുടെ കള്ളി വെളിച്ചത്താവുകയും ചെയ്യും.

അവലംബം: scroll.in

Related Articles