Onlive Talk

പെരിയാർ ചിന്തകൾ ഇല്ലാതാക്കാനുള്ള ഹിന്ദുത്വ ശ്രമങ്ങൾ ഫലംകാണില്ല

പെരിയാർ ഇ.വി രാമസ്വാമിയുടെ ശക്തമായ സാന്നിധ്യം ദ്രാവിഡ മണ്ണിലെ രാഷ്ട്രീയ അധികാരരംഗത്തു നിന്നും ജാതിമേധാവിത്വവാദികളെ അകറ്റിനിർത്തിയിരുന്നെങ്കിലും ഇന്ന് ഹിന്ദുത്വ ശക്തികളുടെ പ്രധാനലക്ഷ്യമായി തമിഴ്നാട് മാറിയിട്ടുണ്ട്. തമിഴ്നാട്ടിലെ ദ്രാവിഡ പ്രസ്ഥാനത്തെ വേരോടെ പിഴുതെറിയുക എന്നതാണ് ഇപ്പോഴത്തെ അവരുടെ അജണ്ട. തന്തൈ പെരിയാറിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത ദ്രാവിഡ രാഷ്ട്രീയക്കാർ ഹിന്ദുത്വവുമായി സന്ധി ചെയ്തിട്ടില്ലേ എന്ന ചോദ്യം, ദ്രാവിഡ കഴകത്തിന്റെ സ്ഥാപകനേതാവ് ഡോ. കെ വീരമണിയോട് ഞാൻ ചോദിച്ചിരുന്നു. ജെ. ജയലളിത, കലൈഞ്ജർ കരുണാനിധി എന്നീ അനിഷേധ്യനേതാക്കളുടെ വിയോഗത്തിനു ശേഷം, പണവും മസിൽ പവറും വേണ്ടുവോളമുള്ള ശക്തരായ ഹിന്ദുത്വ ലോബിയുടെവലിയ അപകടം തമിഴ്നാട്ടിൽ ഉയർന്നുവന്നിട്ടുണ്ട്.

എന്തുകൊണ്ട് പെരിയാറിന്റെ ജീവിതം തമിഴ്നാട്ടിലെയും രാജ്യത്തെയും സ്കൂളുകളിലും കോളേജുകളിലും പഠിപ്പിക്കുന്നില്ല. അദ്ദേഹത്തിന്റെ നേട്ടങ്ങളും വാക്കുകളും പ്രധാനമല്ലാത്തതു കൊണ്ടാണോ? കറുപ്പിന്റെ ശക്തവും സൗന്ദര്യാത്മകവുമായ ബിംബാവിഷ്കാരം മറ്റാരേക്കാളും പെരിയാറിന്റെ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുന്നതായി കാണാൻ സാധിക്കും. കറുത്ത ഷർട്ടിന്റെയും വെളുത്ത പാന്റ്/സരോങ്/ലുങ്കിയുടെയും കോമ്പിനേഷൻ നിങ്ങൾക്ക് എവിടെയാണ് കാണാൻ സാധിക്കുക. സിനിമയിലും, ജനകീയ സംസ്കാരത്തിലുമെല്ലാം തന്നെ കറുത്ത പാന്റിനും വെളുത്ത ഷർട്ടിനുമാണ് ആധിപത്യമുള്ളത്, എന്നാൽ പെരിയാറിന്റെ ആശയം വെളുപ്പിന് മേൽ കറുപ്പിന് മേധാവിത്വം നൽകി. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതീകാത്മകത മറ്റാരേക്കാളും ശക്തമാവുന്നത്. അതേസമയം ആഫ്രിക്കൻ അമേരിക്കക്കാർക്ക് പെരിയാറിന്റെ രചനകൾ അറിയുമോ എന്ന കാര്യം അറിയില്ല. ഈ ചോദ്യം ഞാൻ ഡോ. കെ വീരമണിയോട് ചോദിച്ചിരുന്നു. അദ്ദേഹം പറഞ്ഞത്, ഡോ അംബേദ്കറിന്റെ രചനകൾ ഇംഗ്ലീഷ് ഭാഷയിൽ ലഭ്യമായതു കാരണം ആളുകൾ അവ വായിക്കുന്നുണ്ട്, പെരിയാറിന്റെ രചനകൾ തമിഴിലാണ്, അവ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യേണ്ടതുണ്ട്. പക്ഷേ വിവർത്തകൻമാരാൽ അദ്ദേഹത്തിന്റെ ആശയങ്ങൾ തെറ്റായി വ്യഖ്യാനിക്കപ്പെടുമോ എന്ന കാര്യത്തിൽ ദ്രാവിഡകഴകം വളരെയധികംശ്രദ്ധിക്കുന്നുണ്ട്, അതിന്റെ കാര്യങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

ആഴമേറിയ ചിന്തകനും ബുദ്ധിജീവിയുമായിരുന്നു പെരിയാർ, ഏറ്റവും ശക്തനായ പൊതു ബുദ്ധിജീവി (public intellectual) എന്ന് ഞാൻ അദ്ദേഹത്തെ വിശേഷിപ്പിക്കും. ‘പൊതു ബുദ്ധിജീവി’ എന്ന സംജ്ഞ ഗൗരവപ്രകൃതക്കാരായ ‘അക്കാദമിക്കുകളെ’ വിളിക്കുന്നതല്ലേ എന്ന് ഒരുപാട് പേർ കരുതിയേക്കാം, പക്ഷേ പ്രസ്തുത സംജ്ഞ അവരുടെ മാത്രം കുത്തകയല്ല. തമിഴ്നാടിനെ സംബന്ധിച്ചിടത്തോളം പൊതുജീവിതത്തെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തിയായിരുന്നു പെരിയാർ. ബോധ്യപ്പെട്ട കാര്യങ്ങൾ വിളിച്ചുപറയാനുള്ള ചങ്കൂറ്റം അദ്ദേഹത്തിനുണ്ടായിരുന്നു. സ്ത്രീകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ എഴുത്തുകൾക്ക് പകരം വെക്കാവുന്ന സൃഷ്ടികൾ ഇന്നും വിരളമാണ്. നമ്മുടെ കാലത്തെ ഏറ്റവും വലിയ ഫെമിനിസ്റ്റ് എന്ന വിശേഷണത്തിനു കൂടി അദ്ദേഹം എന്തുകൊണ്ടും അർഹനാണ്. നമ്മുടെ വരേണ്യ ഫെമിനിസ്റ്റുകൾക്ക് ഒരുപക്ഷേ അദ്ദേഹത്തിന്റെ രചനകളെ കുറിച്ച്ധാരണ പോലുമുണ്ടാവില്ല.

എല്ലാതരത്തിലുള്ള സാമൂഹിക തിന്മകൾക്കെതിരെയും പെരിയാർ ശബ്ദിച്ചു. ഇന്ത്യയിൽ മതമില്ലാതെ ഒന്നും നടക്കില്ലെന്നും, ആളുകളുടെ ‘വികാരങ്ങളെ’ നാം ‘ബഹുമാനിക്കണമെന്നും’ പറയുന്ന ഈ കാലത്ത്, പെരിയാറിനെയും അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ചും നാം ഓർക്കേണ്ടത് അനിവാര്യമാണ്. തമിഴ്നാട്ടിലെ ബ്രാഹ്മണിസത്തെ പെരിയാർ പരാജയപ്പെടുത്തി, ബ്രാഹ്മണിസത്തിന്റെ ചൂഷണപ്രകൃതത്തെ കുറിച്ച് ദ്രാവിഡ ജനതയെ ബോധവത്കരിച്ചു, ആത്മാഭിമാന വിവാഹം പോലെയുള്ള സ്വന്തം സാംസ്കാരിക ബദലുകൾ പ്രദാനം ചെയ്തു. ദ്രാവിഡ പാർട്ടികൾ ഹിന്ദുത്വവുമായി രഞ്ജിപ്പിലെത്തിയിട്ടുണ്ടെങ്കിലും തമിഴ്നാട് ഇപ്പോഴും അവർക്കൊരു കിട്ടാക്കനിയായി തന്നെ തുടരുകയാണ്. അതുകൊണ്ടാണ് നാം ഒരിക്കലും അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാകരുത് എന്ന് എല്ലായ്പ്പോഴും പറഞ്ഞത്. സാമൂഹിക പ്രസ്ഥാനങ്ങൾ ജനങ്ങൾക്കു വേണ്ടി അർപ്പണബോധത്തോടെ പ്രവർത്തിക്കുകയാണ് വേണ്ടത്, മാത്രമല്ല അവ രാഷ്ട്രീയപാർട്ടികളായി മാറരുത്, കാരണം അത് ജനങ്ങളുടെ താൽപര്യങ്ങൾക്കെതിരായി പ്രവർത്തിക്കുന്നതിലേക്ക് അവയെ നയിക്കും.

പെരിയാറിന്റെ കീർത്തി അന്താരാഷ്ട്ര തലത്തിലേക്ക് ഉയരേണ്ടതുണ്ട്, അദ്ദേഹത്തിന്റെ ചിന്തകൾ മനുഷ്യത്വവും, യുക്തിചിന്തയും, കറുത്ത സ്വത്വത്തിന്റെ ശക്തമായ സന്ദേശവും ലോകത്താകമാനം പ്രചരിപ്പിക്കേണ്ടതുണ്ട്. അധികാരത്തിൽ ഇല്ലാതെ തന്നെ അധികാരത്തെ കാൽക്കീഴിൽ കൊണ്ടു വരാൻ നിങ്ങൾക്കു കഴിയും എന്ന അറിവ് അത്യന്താപേക്ഷിതമാണ് എന്നതുംകൂടിയാണ് പെരിയാറിന്റെ ജീവിതം ലോകമറിയണം എന്നതിന്റെ പ്രസക്തി കൂട്ടുന്നത്. ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ നിഷ്കളങ്കമായ ആത്മാർഥത തന്നെയാണ് അദ്ദേഹത്തിന്റെ ശക്തിസ്രോതസ്സ്, അതുകൊണ്ടാണ് മതവിശ്വാസങ്ങളെ ശക്തമായ ഭാഷയിൽ വിമർശനവിധേയമാക്കുന്ന ഒരാളായിരുന്നിട്ടു കൂടി ജനങ്ങൾ അദ്ദേഹത്തെ കേൾക്കാനും അദ്ദേഹത്തിനു പിന്നിൽ അണിനിരക്കാനും തയ്യാറായത് അന്തവിശ്വാസങ്ങൾക്കെതിരെ അദ്ദേഹം ശക്തമായി സംസാരിച്ചു. പെരിയാർ കേവലമൊരു യുക്തിവാദിയോ നിരീശ്വരവാദിയോ മാത്രമായിരുന്നില്ല, അതിന്റെ പരസ്യപ്രചാരകൻ കൂടിയായിരുന്നു. രാഷ്ട്രീയരംഗത്ത് ഉണ്ടായിരുന്നില്ലെങ്കിലും, തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്ട്രീയ തത്വങ്ങളെയും പ്രത്യയശാസ്ത്രത്തെയും അദ്ദേഹമാണ് നിർവചിച്ചത്. രാഷ്ട്രീയ നേതാക്കളുടെ കെടുകാര്യസ്ഥതയും അവരുടെ രാജിയാകലുകളുമെല്ലാം ഉണ്ടെങ്കിൽ തന്നെയും, ഈ ദ്രാവിഡ തത്വങ്ങൾ കാരണമാണ് വളരെ മികച്ച രീതിയിൽ ഭരിക്കപ്പെടുന്ന സംസ്ഥാനങ്ങളിൽ ഒന്നായി തമിഴ്നാട് തുടരുന്നത്. തമിഴ്നാട്ടിൽ ഇപ്പോഴും 69 ശതമാനം സംവരണം ഉണ്ട്, മറ്റു സംസ്ഥാനങ്ങളേക്കാൾ എത്രയോ മുന്നിലാണിത്.

തലച്ചോറില്ലാത്ത ഭക്തരേയായിരുന്നില്ല, മറിച്ച് ജ്ഞാനോദയം നേടിയ അണികളെയായിരുന്നു പെരിയാറിന് ആവശ്യം. അതുകൊണ്ടാണ് അദ്ദേഹം വിജയിച്ചത്. ദ്രാവിഡ തത്വങ്ങളും പെരിയാറിന്റെ സൃഷ്ടികളും ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്, എന്നാൽ ഡോ വീരമണി പറഞ്ഞതു പോലെ, ഹിന്ദുത്വ ശക്തികൾ എല്ലാതരത്തിലും ശ്രമിക്കും, പക്ഷേ പണ്ട് തള്ളിക്കളഞ്ഞതു പോലെ തന്നെ, തമിഴ്നാട് അവരെ തള്ളിക്കളയുക തന്നെ ചെയ്യും.

സാമൂഹിക പ്രവർത്തകയാണ് ലേഖിക

അവലംബം: countercurrents.org
മൊഴിമാറ്റം: ഇർഷാദ് കാളച്ചാൽ

Facebook Comments
Related Articles
Show More
Close
Close