Current Date

Search
Close this search box.
Search
Close this search box.

രാഷ്ട്രീയ രംഗത്തെ മുസ്‌ലിം വംശനാശം

Muslim.jpg

ഒരു ജനാധിപത്യ വ്യവസ്ഥയില്‍, ന്യൂനപക്ഷത്തിന് മേല്‍ ഏറ്റവും ക്രൂരമായ അടിച്ചമര്‍ത്തല്‍ മുറകള്‍ നടപ്പിലാക്കാന്‍ ഭൂരിപക്ഷത്തിന് സാധ്യമാണ് – എഡ്മണ്ട് ബര്‍കെ.

രാജ്യം അതിന്റെ 69-ാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കാന്‍ പോവുകയാണ്. 2014 മുതല്‍ ശക്തിപ്പെട്ടു വരുന്ന അങ്ങേയറ്റം അപകടകരമായ ഒരു പ്രവണതയാണ് മുസ്‌ലിംകളുടെ രാഷ്ട്രീയ അദൃശ്യവത്കരണം. എല്ലാതരത്തിലുള്ള രാഷ്ട്രീയ ഇടവും രാജ്യത്തെ പ്രബല ന്യൂനപക്ഷത്തിന് നിഷേധിക്കുന്നതിലൂടെയാണ് അത് സാധ്യമാക്കുന്നത്. ഹിന്ദു ഭൂരിപക്ഷവാദം എന്ന ഹിന്ദുത്വ പദ്ധതിക്കും, സമൂഹത്തിന്റെ സമസ്ത മേഖലകളിലും മുസ്‌ലിംകളെ അപരവത്കരിക്കുന്നതിനും അത് അത്യന്താപേക്ഷിതമാണ്.

മുസ്‌ലിംകള്‍ക്കും ദലിതര്‍ക്കുമെതിരെ നടന്ന കൊലപാതകങ്ങളും അക്രമങ്ങളും പ്രതീക്ഷിച്ചത് പോലെ വിദേശരാജ്യങ്ങളിലടക്കം വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചപ്പോള്‍ (ഉദാഹരണമായി, മോഡി സര്‍ക്കാറിന്റെ ഹിന്ദുത്വ തീവ്രവാദത്തോടുള്ള അനുകൂല സമീപനത്തിനും, അസഹിഷ്ണുതക്കും എതിരെ 2014 മെയ് മുതല്‍ 16 എഡിറ്റോറിയലുകളാണ് ന്യൂയോര്‍ക്ക് ടൈംസ് എഴുതിയത്) രാഷ്ട്രീയ രംഗത്തെ മുസ്‌ലിം പ്രതിനിധാനം പതിയെ ഇല്ലാതാകുന്നത് ആരുടെയും ശ്രദ്ധയില്‍പ്പെടുന്നില്ല.

മുസ്‌ലിംകള്‍ക്കെതിരെയുള്ള ശാരീരിക ആക്രമണങ്ങളില്‍ നിന്നും വ്യത്യസ്തമായി, ഗൂഢമായാണ് ഈ രാഷ്ട്രീയ ഉന്മൂലനം നടക്കുന്നത്. കാരണം വളരെയധികം ‘നിയമാനുസരണവും’, ‘ജനാധിപത്യപര’വുമായ രീതികളിലൂടെയാണ് പ്രസ്തുത രാഷ്ട്രീയ ഉന്മൂലനം നടപ്പിലാക്കപ്പെടുന്നത്. ഭൂരിപക്ഷ താല്‍പര്യം അടിച്ചേല്‍പ്പിക്കലല്ലാതെ മറ്റെന്താണ് ജനാധിപത്യമെന്ന് ആളുകള്‍ ചോദിച്ചേക്കാം. മുസ്‌ലിംകള്‍ രാഷ്ട്രീയമായി പ്രതിനിധീകരിക്കപ്പെടാന്‍ ഹിന്ദുത്വരുടെ തെരഞ്ഞെടുപ്പ് ഭൂരിപക്ഷം ആഗ്രഹിക്കുന്നില്ല എന്നാണ് അതിനുള്ള ഉത്തരം.

ഇതിനെയാണ് 19-ാം നൂറ്റാണ്ടില്‍ തന്നെ അലക്‌സിസ് ദെ ടോകെവെല്ലി ‘tyranny of majortiy’ അഥവാ ‘ഭൂരിപക്ഷ ഏകാധിപത്യം’ എന്ന് വിശേഷിപ്പിച്ചത്.

ഈ ഏകാധിപത്യത്തിന്റെ ഭീകരവാഴ്ച്ചയാണ് കഴിഞ്ഞ നാല് വര്‍ഷം കണ്ടത്. 2014 തെരഞ്ഞെടുപ്പുകളില്‍, ഒരൊറ്റ മുസ്‌ലിം എം.പി പോലുമില്ലാതെയായിരുന്നു ബി.ജെ.പിയുടെ അധികാരാരോഹണം. മൊത്തം 482 സ്ഥാനാര്‍ത്ഥികളില്‍ കേവലം ആറു മുസ്‌ലിം (5 പേര്‍ ജമ്മുകാശ്മീരിലും, ഒരാള്‍ ബംഗാളിലും) സ്ഥാനാര്‍ത്ഥികള്‍ മാത്രമാണുണ്ടായിരുന്നത്. പാര്‍ലമെന്റിലെ മൊത്തം മുസ്‌ലിം പ്രാതിനിധ്യം 4 ശതമാനത്തിലേക്ക് താഴ്ന്നു. 1957-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.

ഉത്തര്‍പ്രദേശിലെ മൊത്തം ജനസംഖ്യയില്‍ 19.2 ശതമാനമാണ് മുസ്‌ലിം ജനസംഖ്യ. ഏകദേശം 4.3 കോടി മുസ്‌ലിംകള്‍. ഇത് അര്‍ജന്റീനയിലെ മൊത്തം ജനസംഖ്യക്ക് തുല്ല്യമാണ്. ആകെ 403 സീറ്റില്‍ 312 സീറ്റും ബി.ജെ.പി തൂത്തുവാരിയ 2017-ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ പക്ഷെ ഒരൊറ്റ മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ പോലും ബി.ജെ.പി മത്സരരംഗത്തിറക്കിയിരുന്നില്ല. ഉത്തര്‍പ്രദേശ് അസംബ്ലിയിലെ മുസ്‌ലിം പ്രാതിനിധ്യം 17.1 ശതമാനത്തില്‍ നിന്നും 5.9 ശതമാനത്തിലേക്ക് കൂപ്പുകുത്തി.

ആസാമില്‍ (34.2 ശതമാനമാണ് ഇവിടുത്തെ മുസ്‌ലിം ജനസംഖ്യ) മൊത്തം 61 പേരില്‍ ഒരു മുസ്‌ലിം എം.എല്‍.എയാണ് ബി.ജെ.പിക്കുള്ളത്. ബിഹാറിലും, ജാര്‍ഖണ്ഡിലും (യഥാക്രമം 16.9%, 14.5% ആണ് മുസ്‌ലിം ജനസംഖ്യ) ബി.ജെ.പിക്ക് മുസ്‌ലിം എം.എല്‍.എ-മാര്‍ ഇല്ല. 122 എം.എല്‍.എ-മാരോടെ വിജയിച്ച മഹാരാഷ്ട്രയില്‍ ബി.ജെ.പി ഒരു മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ മാത്രമാണ് മത്സരത്തിന് നിര്‍ത്തിയത്. അദ്ദേഹം പരാജയപ്പെടുകയും ചെയ്തു.

2002-ല്‍ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായതിന് ശേഷം, ലോകസഭ തെരഞ്ഞെടുപ്പായാലും, അസംബ്ലി തെരഞ്ഞെടുപ്പായാലും ശരി, ഗുജറാത്തില്‍ ഒരൊറ്റ മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ പോലും ബി.ജെ.പി മത്സരരംഗത്തിറക്കിയിട്ടില്ല. 1980-ല്‍ ഗുജറാത്ത് അസംബ്ലിയിലെ മുസ്‌ലിം പ്രാതിനിധ്യം 6.6 ശതമാനമായിരുന്നു (9.67 % ആയിരുന്നു അന്നത്തെ മുസ്‌ലിം ജനസംഖ്യ), രാഷ്ട്രീയ പ്രാതിനിധ്യ ഉന്മൂലനത്തിന്റെ ഫലമായി ഇന്നത് കേവലം 1.6 ശതമാനം മാത്രമാണ്. കോണ്‍ഗ്രസ് പാര്‍ട്ടി പോലും ഗുജറാത്തില്‍ ‘മുസ്‌ലിം’ എന്ന പദമുച്ചരിക്കാന്‍ ധൈര്യപ്പെടുന്നില്ല എന്നത് ബി.ജെ.പിയുടെ തന്ത്രത്തിന്റെ വിജയത്തെയാണ് കുറിക്കുന്നത്.

ഭീതിയുണര്‍ത്തുന്ന വസ്തുതകളിലേക്കാണ് ഇവയെല്ലാം നമ്മെ നയിക്കുന്നത് : ഇന്ന് രാജ്യത്തുള്ള 1418 ബി.ജെ.പി എം.എല്‍.എ-മാരില്‍ ആകെ നാല് പേര്‍ മാത്രമാണ് മുസ്‌ലിംകള്‍. 14.2 ശതമാനമുള്ള മുസ്‌ലിം ജനസംഖ്യയുടെ 0.28 ശതമാനം മാത്രമാണത്. ഒരു താരതമ്യ പരിപ്രേക്ഷ്യത്തിലൂടെ നോക്കിയാല്‍, 2014 നവംബറില്‍, ബി.ജെ.പി ഭരിക്കാത്ത സംസ്ഥാനങ്ങളില്‍ 300 മുസ്‌ലിം എം.എല്‍.എ-മാര്‍ ഉണ്ടായിരുന്നു, മൊത്തം എം.എല്‍.എമാരുടെ 13 ശതമാനം വരുമായിരുന്നു അത്.

സൈന്യത്തിലും, ജുഡീഷ്യറിയിലും, പോലിസിലും, സിവില്‍ സര്‍വ്വീസിലും, അതുപോലെ രാഷ്ട്രീയരംഗത്തും ‘മുസ്‌ലിം പ്രീണനം’ ഉണ്ടെന്ന ബി.ജെ.പി വാദം ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. 1952 മുതല്‍ 1977 വരെയുള്ള കോണ്‍ഗ്രസ്സ് ആധിപത്യ യുഗത്തില്‍ പാര്‍ലമെന്റിലെ മുസ്‌ലിം പ്രാതിനിധ്യം രണ്ട് മുതല്‍ ഏഴു ശതമാനമായിരുന്നു. 1980-ലായിരുന്നു ഏറ്റവും ഉയര്‍ന്ന പ്രാതിനിധ്യനിരക്ക്. അന്നുപോലും കേവലം 10 ശതമാനമായിരുന്നു പ്രാതിനിധ്യം, അതായത് മൊത്തം മുസ്‌ലിം ജനസംഖ്യയേക്കാള്‍ കുറവ്.

യു.പിയില്‍, 19511977 കാലഘട്ടത്തില്‍ നിയമസഭയിലെ മുസ്‌ലിം പ്രാതിനിധ്യം 5.9 മുതല്‍ 9.5 ശതമാനത്തിനുളളിലായിരുന്നു. മൊത്തം മുസ്‌ലിം ജനസംഖ്യയേക്കാള്‍ വളരെ കുറവാണിത്. 2012-ല്‍ മാത്രമാണ് അത് 17.1 ശതമാനത്തിലെത്തിയത്. പക്ഷെ, ഇവിടെയും മൊത്തം ജനസംഖ്യയേക്കാള്‍ വളരെ താഴ്ന്നു തന്നെയാണ് പ്രാതിനിധ്യനിരക്ക്. മുസ്‌ലിംകള്‍ക്ക് മാമാപ്പണി ചെയ്യുന്നവരെന്ന് ‘മതേതര’ കോണ്‍ഗ്രസ്സിനും, ജനതാദള്‍/രാഷ്ട്രീയ ജനതാദള്‍ പാര്‍ട്ടികള്‍ക്കും തെറിവിളി കേള്‍ക്കേണ്ടി വന്ന ബിഹാറില്‍ പോലും ഏറ്റവും ഉയര്‍ന്ന മുസ്‌ലിം രാഷ്ട്രീയ പ്രാതിനിധ്യ നിരക്ക് 1985-ലെ 10.46 ശതമാനമാണ്. അന്ന് സംസ്ഥാനത്തെ മുസ്‌ലിം ജനസംഖ്യ 16.9 ശതമാനമായിരുന്നു.

ആയതിനാല്‍, മുസ്‌ലിംകളുടെ പ്രാതിനിധ്യം വെട്ടിക്കുറച്ചു കൊണ്ട് ഭൂരിപക്ഷ സമുദായത്തിനെതിരെയുണ്ടായ ചരിത്രപരമായ അനീതികള്‍ക്ക് പരിഹാരം കാണുകയാണ് ബി.ജെ.പി എന്നതില്‍ നാം സ്വയം വഞ്ചിതരാവാതിരിക്കാന്‍ ശ്രദ്ധിക്കുക. ‘വിജയിക്കുന്ന മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ’ കണ്ടെത്താന്‍ സാധിക്കാത്ത കാരണത്താലാണ് ബി.ജെ.പി മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതിരുന്നത് എന്ന വാദം മറ്റൊരു നുണ മാത്രമാണ്.

യു.പി തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വോട്ട് ചെയ്ത അനേകായിരം വരുന്ന മുസ്‌ലിം സ്ത്രീകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് എന്നതാണ് ബി.ജെ.പിയുടെ മറ്റൊരു വഞ്ചനനിറഞ്ഞ വാദം. യാതൊരു അടിസ്ഥാനവുമില്ലാത്ത വാദമാണിത്. (ഒരു ചോദ്യം : മുസ്‌ലിം സ്ത്രീകളുടെ സംരക്ഷകരാണ് ബി.ജെ.പിയെങ്കില്‍, പിന്നെന്തു കൊണ്ടാണ് അവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാതിരുന്നത്?)

ജനാധിപത്യത്തിന് ആഴവും പരപ്പും ഉറപ്പുമുണ്ടാവണമെങ്കില്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പ്രാതിനിധ്യം ലഭിക്കേണ്ടത് അനിവാര്യമാണ്. ജാതീയമായ ഉച്ചനീചത്വങ്ങളെ മറച്ചുപിടിച്ച്, പ്രയോഗത്തില്‍ ഹിംസാത്മകമായ ഒരു ഏകശിലാത്മക ഹിന്ദു സമൂഹത്തെ നിര്‍മിക്കുക എന്നതാണ് ഹിന്ദുത്വ പദ്ധതിയുടെ സുപ്രധാന ലക്ഷ്യം. അടുത്തിടെയുണ്ടായ ഉന മുതല്‍ ബീമ വരെയുള്ള സംഭവങ്ങള്‍ അതാണ് വ്യക്തമാക്കുന്നത്. മുസ്‌ലിംകള്‍ക്ക് നേരെയുള്ള സമീപനത്തില്‍ നിന്നും വ്യത്യസ്തമായി, ദലിതുകള്‍ക്ക് നേരെ ചില പ്രതീകാത്മക ചേഷ്ടകള്‍ കാണിക്കാന്‍ ബി.ജെ.പി തയ്യാറാവുന്നുണ്ട്.

മുസ്‌ലിം സമുദായത്തിന്റെ ഉള്ളില്‍ തന്നെ ജാതിയും ശ്രേണിയും ആഴത്തില്‍ പിടിമുറുക്കിയിട്ടുണ്ടെന്നതാണ് സത്യം. അതുകൊണ്ടാണ് അഷ്‌റഫ് വിഭാഗക്കാര്‍ക്ക് (മുസ്‌ലിംകളിലെ മുന്നാക്കക്കാര്‍, ജനസംഖ്യയുടെ 1520% മാത്രമാണ് ഇവര്‍) സാമുദായിക രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളാകാന്‍ സാധിക്കുന്നത്. പസ്മാണ്ടകളുടെ (പിന്നോക്ക് ദലിത് മുസ്‌ലിംകള്‍) ചെലവിലാണ് അഷ്‌റഫ് വിഭാഗക്കാര്‍ തുലോം തുച്ഛമായ നേട്ടങ്ങളുണ്ടാക്കുന്നത്. കഴിഞ്ഞ രണ്ടു ദശാബ്ദക്കാലത്തെ യു.പി നിയമസഭയില്‍, ഗില്ലസ് വെര്‍നിയേഴ്‌സ് ചൂണ്ടികാണിക്കുന്നത് പോലെ, 70 ശതമാനം എം.എല്‍.എ പദവികള്‍ അഷ്‌റഫ് വിഭാഗക്കാര്‍ കരസ്ഥമാക്കിയിട്ടുണ്ട്.

നിലവില്‍ 29 സംസ്ഥാനങ്ങളില്‍ 19 എണ്ണവും ഭരിക്കുന്നത് ബി.ജെ.പിയാണ്. പക്ഷെ ആകെ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമാണ് അവര്‍ക്ക് മുസ്‌ലിം പ്രതിനിധികള്‍ ഉള്ളത്. ‘കോണ്‍ഗ്രസ്സ് മുക്ത ഭാരതം’ എന്നായിരുന്നു അവരുടെ റാലിയിലെ മുദ്രാവാക്യം. പക്ഷെ ഇന്നിപ്പോള്‍ ‘മുസ്‌ലിം മുക്ത ഭാരതം’ എന്ന ലക്ഷ്യത്തിലേക്കാണ് അവര്‍ നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് വ്യക്തം. മതപരവും, ജാതീയവുമായ വിവേചനത്തിന് പാത്രമായികൊണ്ടിരിക്കുന്ന, രാഷ്ട്രത്തിന്റെ സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക ജീവിതത്തിന്റെ പുറമ്പോക്കുകളില്‍ മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ട പാസ്മാണ്ട മുസ്‌ലിംകളായിരിക്കും ഇതിന്റെ ദുരിതങ്ങളെല്ലാം അനുഭവിക്കേണ്ടി വരിക.

ന്യൂനപക്ഷ വിഭാഗങ്ങള്‍ രാഷ്ട്രീയമായ തൊട്ടുകൂടായ്മക്ക് വ്യവസ്ഥാപിതമായി വിധേയരാവുകയും, അവര്‍ക്ക് രാഷ്ട്രീയ പ്രാതിനിധ്യം നിഷേധിക്കപ്പെടുകയും ചെയ്യുമ്പോള്‍ ജനാധിപത്യം തകരും. അടിച്ചമര്‍ത്തപ്പെടുന്ന ജാതികളും വിഭാഗങ്ങളും മതത്തിന്റെ പേരില്‍ പരസ്പരം ചെളിവാരിയെറിയാന്‍ തുടങ്ങിയാല്‍ ഒരു ജനാധിപത്യത്തിനും സമൂഹത്തിനും യഥാര്‍ത്ഥ ജനാധിപത്യ സമൂഹമായി മാറാന്‍ കഴിയില്ലെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

അവലംബം :  the indian express
മൊഴിമാറ്റം : ഇര്‍ശാദ് കാളാചാല്‍

Related Articles