Current Date

Search
Close this search box.
Search
Close this search box.

മോദി ഗോരക്ഷകര്‍ക്കെതിരെ തിരിയുകയോ!

modi.jpg

വികസനത്തിന്റെ മോഹന വാഗ്ദാനങ്ങള്‍ നിറഞ്ഞതായിരുന്നു നരേന്ദ്ര മോദിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണ കാമ്പയിന്‍. പ്രധാനമന്ത്രി പദത്തിലെത്തിയിട്ട് രണ്ട് വര്‍ഷം കഴിയുമ്പോള്‍ അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ നടന്ന വികസനങ്ങളുടെ കോലാഹളമാണ് കാണുന്നത്. ആ ‘വികസനം’ പ്രതീക്ഷിക്കപ്പെട്ട വികസനമായിരുന്നില്ല. അദ്ദേഹം വാഗ്ദാനം ചെയ്ത പുരോഗതി സാമ്പത്തിക മേഖലയില്‍ കാണുന്നില്ല. യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റെ ഭരണത്തില്‍ വളര്‍ന്നത് പരമ്പരാഗതമായി ചത്ത കാലികളുടെ തുകല്‍ ഉരിഞ്ഞെടുത്ത് ഉപജീവനം കണ്ടെത്തിയിരുന്ന പാവങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങളാണ്. ഹരിയാനയിലും ഗുജറാത്തിലുമെല്ലാം ഗോരക്ഷക്കായി സ്വയം രംഗത്ത് വന്നവരിലൂടെ നാമത് കണ്ടതാണ്.

തുകല്‍ വ്യവസായം പ്രകടമായ നഷ്ടമാണ് ഇന്നനുഭവിക്കുന്നത്. തുകല്‍ വ്യവസായ രംഗത്തെ കയറ്റുമതില്‍ 2014നെ അപേക്ഷിച്ച് 2015ല്‍ പത്ത് ശതമാനം കുറവാണ് വന്നിരിക്കുന്നത്. ഇന്ത്യക്കാരെ ഒന്നിപ്പിക്കുന്ന മതമായ ക്രിക്കറ്റ് കളിക്കാനുപയോഗിക്കുന്ന ബോളിന്റെ വില എത്രയോ ഇരട്ടിയായി വര്‍ധിച്ചിരിക്കുന്നത് ഒരു ഉദാഹരണം മാത്രമാണ്. നല്ല ബോളുകള്‍ നിര്‍മിച്ചിരുന്നത് പശുവിന്റെ തുകലില്‍ നിന്നായിരുന്നു. മോദിയുടെ ഇന്ത്യയില്‍ അത് കിട്ടാനില്ലാതെയായിരിക്കുന്നു. അതേസമയം അക്രമങ്ങളെ കുറിച്ച് അസ്വസ്ഥപ്പെടുന്നവരുമുണ്ട്. മാധ്യമങ്ങള്‍ അതിലൊന്നാണ്, മിക്ക ഇന്ത്യന്‍ ഇലക്ട്രോണിക് മീഡിയയുടെയും അസാന്നിദ്ധ്യം അതില്‍ പ്രകടമാണെങ്കിലും. ഗോരക്ഷകരുടെ കാര്യത്തില്‍ മോദി സ്വീകരിച്ചിരിക്കുന്ന മൗനത്തിലുള്ള രോഷം ന്യൂയോര്‍ക് ടൈംസ് അതിന്റെ എഡിറ്റോറിയില്‍ പ്രകടിപ്പിച്ചു. വിദേശ രാഷ്ട്രങ്ങളിലുള്ള തന്റെ ചിത്രം കളങ്കപ്പെടുന്നതിനെ കുറിച്ച് ബോധവാനായ പ്രധാനമന്ത്രി പ്രസിഡന്റ് ഒബാമയെ അനുകരിച്ച് ‘ടൗണ്‍ഹാള്‍’ പരിപാടി സംഘടിപ്പിക്കുകയാണ് ചെയ്തത്.

പിങ്ക് റെവലൂഷനെ രൂക്ഷമായി വിമര്‍ശിച്ച് ഗോസംരക്ഷണം ഉയര്‍ത്തി തന്റെ രാഷ്ട്രീയം കെട്ടിപ്പടുത്ത ഒരാള്‍ തന്നെ ഗോരക്ഷക്കെതിരെ പൊട്ടിത്തെറിച്ചത് ഞെട്ടലുണ്ടാക്കുന്ന കാര്യമാണ്. 24 മണിക്കൂറിനുള്ളില്‍ തെലങ്കാനയിലെ ബി.ജെ.പി അംഗങ്ങളുടെ യോഗത്തിലും ഗോരക്ഷകര്‍ക്കെതിരെ മോദി വിമര്‍ശനം ചൊരിഞ്ഞു. ജനാധിപത്യത്തിലും നിയമവാഴ്ച്ചയിലും വിശ്വസിപ്പിക്കുന്നവരെ കുളിരണിയിച്ചു കൊണ്ട് മോദി നടത്തിയ പ്രസ്താവനയെ സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ അതിന് ചില വ്യവസ്ഥകളും നിബന്ധനകളും വെച്ചതായി കാണാം. MyGov anniversary meeting എന്ന പേരില്‍ ഡല്‍ഹി ടൗണ്‍ഹാളില്‍ നടന്ന യോഗത്തില്‍ ഗോരക്ഷകരുടെ കാര്യത്തില്‍ അതിയായ ദുഖം പ്രകടിപ്പിച്ച മോദി അവരില്‍ 80 ശതമാനവും സാമൂഹ്യവിരുദ്ധ ശക്തികളാണെന്നാണ് പറഞ്ഞത്. തങ്ങളുടെ കുറ്റകൃത്യങ്ങള്‍ക്ക് മറയിടാന്‍ ഗോരക്ഷകരുടെ വേഷം അണിഞ്ഞവരാണ് അവരെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

തൊട്ടടുത്ത ദിവസം തെലങ്കാനയില്‍ നടന്ന യോഗത്തില്‍ ‘ദലിത് സഹോദരങ്ങളെ’ അക്രമിക്കരുതെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്നെ വെടിവെച്ചുകൊല്ലാം. പക്ഷേ, ദലിത് സഹോദരങ്ങളെ ആക്രമിക്കുന്നത് നിര്‍ത്തണം എന്നാണ് അവിടെ പറഞ്ഞത്. പ്രത്യക്ഷത്തില്‍ ആ പ്രസ്താവനയില്‍ തെറ്റൊന്നുമില്ലെങ്കിലും ഗോരക്ഷകരുടെ പ്രധാന ഇരകളായ മുസ്‌ലിംകളെ അതില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നത് കാണാം. ഗോരക്ഷകരുടെ പ്രവര്‍ത്തനം തുടരുന്നതിലോ മുസ്‌ലിംകള്‍ക്കെതിരെയുള്ള ആക്രമണങ്ങളിലോ അദ്ദേഹം ദുഖം രേഖപ്പെടുത്താന്‍ അദ്ദേഹം മറന്നിരിക്കുന്നു. യാഥാര്‍ഥ്യം അദ്ദേഹത്തിനറിയാത്തതു കൊണ്ടായിരിക്കില്ല. ദാദ്രിയില്‍ ഗോമാംസം ഉപയോഗിച്ചെന്ന സംശയത്തിന്റെ പേരില്‍ ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്നതിലുള്ള മൗനം അദ്ദേഹം വെടിയേണ്ടതുണ്ട്. രാജസ്ഥാനിലെ പ്രതാപ്ഗറില്‍ രണ്ട് മുസ്‌ലിംകളെ കൊന്ന് കെട്ടിത്തൂക്കിയതും ഝാര്‍ഖണ്ഡിലെ ലാതേഹാറില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ കൊന്നതും ഈയടുത്ത് മധ്യപ്രദേശിലെ മണ്ഡസോറില്‍ മുസ്‌ലിം സ്ത്രീകള്‍ ആക്രമിക്കപ്പെട്ടതും സമാനമായ സംഭവങ്ങളാണ്.

രാജ്യത്തെ പൗരന്‍മാരെല്ലാം തുല്യന്‍മാരായിരിക്കെ എന്തുകൊണ്ടാണ് മോദി മുസ്‌ലിംകളെ മാറ്റി നിര്‍ത്തി ‘ദലിത് സഹോദരങ്ങളെ’ മാത്രം പരാമര്‍ശിച്ചത്? തുകല്‍ വ്യവസായവും ഗോരക്ഷകരുടെ ആക്രമണവും ഒന്നിപ്പിച്ചിരിക്കുന്ന ദലിതുകള്‍ക്കും മുസ്‌ലിംകള്‍ക്കും ഇടയില്‍ വിള്ളലുണ്ടാക്കുക എന്നതാണ് അനുചിതമായ ഈ മാറ്റിനിര്‍ത്തലിന്റെ ഉദ്ദേശ്യം. ഈയടുത്തുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇരു വിഭാഗങ്ങളും ഒന്നിച്ചത് മോദിയുടെ തീവ്രഹിന്ദുത്വ പാര്‍ട്ടിയില്‍ ജാഗ്രതാ മണി മുഴക്കിയിട്ടുണ്ട്. ഒരു പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നും ഇത്തരം പ്രവര്‍ത്തനമുണ്ടാകുന്നത് ഞെട്ടലുണ്ടാക്കുന്ന കാര്യമാണ്.

പ്രശ്‌നം വര്‍ഗീയി ധ്രുവീകരണത്തില്‍ ഒതുങ്ങുന്നതല്ലെന്നതാണ് ദുഖകരം. ‘വേണമെങ്കില്‍ നിങ്ങള്‍ക്ക് എന്നെ വെടിവെക്കാം, ദലിത് സഹോദരങ്ങളെ വെടിവെക്കരുതെന്ന്’ നാടകീയമായി പറയുമ്പോള്‍ ഗോരക്ഷകരുടെ പ്രവര്‍ത്തനത്തിന് വിലക്കേര്‍പ്പെടുത്തി കൊണ്ട് രാജ്യത്തെ നീതിനിര്‍വഹണ സംവിധാനം നടപടി സ്വീകരിക്കില്ലെന്ന് കൂടി അത് വ്യക്തമാക്കുന്നില്ലേ? അതിസമര്‍ഥമായ ഒരു രാഷ്ട്രീയ പ്രസ്താവനയാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. എണ്‍പത് ശതമാനം വരുന്ന ഗോരക്ഷകര്‍ക്കിടയിലെ ക്രിമിനലുകളെ കണ്ടെത്താന്‍ പറയാത്ത അദ്ദേഹം പറഞ്ഞത് അവര്‍ക്കിടയിലുള്ള യഥാര്‍ഥ ഗോരക്ഷകരെ തിരിച്ചറിഞ്ഞ് ആദരിക്കാനാണെന്നതും ശ്രദ്ധേയമാണ്. വ്യക്തമായി പറഞ്ഞാല്‍ ഗോസംരക്ഷകര്‍ക്ക് നിയമപരിരക്ഷ ഒരുക്കുകയാണ് അതിലൂടെ ചെയ്തിരിക്കുന്നത്. നിയമവ്യവസ്ഥ നിലനില്‍ക്കുന്ന ഏതൊരു രാജ്യത്തും നിയമവിരുദ്ധമാണ് ഇത്തരത്തിലുള്ള ജാഗ്രതാ സംഘങ്ങള്‍.

അവലംബം: countercurrents
സംഗ്രഹം: നസീഫ്‌

Related Articles