Current Date

Search
Close this search box.
Search
Close this search box.

ദേശം മറന്ന ദേശീയത

nation.jpg

”ദേശഭക്തി ഒരു ആഭാസന്റെ അവസാന അഭയകേന്ദ്രമാണ്” – സാമുവല്‍ ജോണ്‍സണ്‍

സര്‍ക്കാറും അതിന്റെ മാതൃപ്രസ്ഥാനമായ ആര്‍.എസ്.എസും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ന്യൂസ് റൂമുകളിലും കോടതി മുറികളിലും വരെ അന്തമായ ദേശീയതയുടെ നിറം നല്‍കിയിരിക്കുന്നതാണ് അടുത്തകാലത്തായി നാം കാണുന്നത്. എന്നാല്‍ പലരും നിരീക്ഷിക്കുന്നത് പോലെ ഇന്ത്യയും അതിന്റെ ബഹുസ്വര ആശയങ്ങളും ഈ പാര്‍ട്ടികളില്‍ നിന്ന് വന്‍ ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ദേശീയതയെ തീവ്ര വലതു പക്ഷ മൂശയിലിട്ട് വാര്‍ക്കാന്‍ ബി.ജെ.പി നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കുമോ എന്നാണ് ജനാധിപത്യവിശ്വാസികള്‍ ആശങ്കയോടെ ഉറ്റു നോക്കുന്നത്. കാംബ്രിഡ്ജ് സര്‍വകലാശാലയില്‍ പ്രൊഫസറായ പ്രിയംവദ ഗോപാല്‍ പറയുന്നത്, ”സംഘ്പരിവാറും ബി.ജെ.പിയും അവരുടെ ഹിന്ദുരാഷ്ട്ര സങ്കല്‍പം ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിലും ചര്‍ച്ചയാക്കുന്നതിലും വിജയിച്ചിരിക്കുന്നു”. വി.എച്ച്.പിയും ബജ്‌റംഗ്ദളും മാത്രമല്ല ഏ.ബി.വി.പിയും ഹിന്ദു ധര്‍മസേനയും ദുര്‍ഗ വാഹിനിയും അധിവക്ത സംഘും ധര്‍മ ജാഗരണ്‍ സമന്വയ സമിതിയും ഹിന്ദു ജഞ്ചഗ്രുതി സമിതിയുമെല്ലാം തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ വളരെ ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്. 2015-ല്‍ വര്‍ഗീയ കലാപങ്ങളില്‍ 17 ശതമാനം വളര്‍ച്ചയുണ്ടായി എന്ന കണക്ക് തന്നെ അതിന് ഫലമുണ്ടായി എന്ന് കാണിക്കുന്നു.

ഉത്തര്‍പ്രദേശില്‍ മാത്രം 155 വര്‍ഗീയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. രണ്ടാമതുള്ള കര്‍ണാടകയില്‍ 105 വര്‍ഗീയ സംഭവങ്ങളും നടന്നു എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് പോലുള്ള ബി.ജെ.പി അധികാരത്തിലുള്ള സംസ്ഥാനങ്ങള്‍ തൊട്ടുപിറകിലായി സ്ഥാനം പിടിക്കുന്നു. സംഘ് ശക്തികള്‍ മുസ്‌ലിംകള്‍ക്കും ദളിതുകള്‍ക്കും ആദിവാസികള്‍ക്കുമെതിരെ ശക്തമായി രംഗത്ത് വന്നതോടെ പൊതുജനം അവര്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുകയും അതാണ് ദല്‍ഹിയിലെയും ബീഹാറിലെയും അവരുടെ തെരെഞ്ഞെടുപ്പ് പരാജയങ്ങളിലേക്ക് നയിച്ചതും. 2014 ലോക്‌സഭാ തെരെഞ്ഞെടുപ്പിന് ശേഷം നടന്ന ഉപതെരെഞ്ഞെടുപ്പുകളില്‍ 50 സീറ്റുകളില്‍ 33-ഉം ബി.ജെ.പിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച മുരടിച്ചതും തൊഴിലില്ലായ്മ രൂക്ഷമായതും കേന്ദ്രസര്‍ക്കാരിന് തലവേദനയായി. ഹൈദരാബാദില്‍ രോഹിത് വെമുലയുടെ മരണം ക്യാമ്പസുകളിലാകെ ഒരു സംഘ്പരിവാര്‍ വിരുദ്ധ മനസ്സ് സൃഷ്ടിക്കുകയും ചെയ്തു.

ഈ വിഷമഘട്ടങ്ങള്‍ക്ക് മറ തീര്‍ക്കുക എന്നതാണ് ദേശീയത എന്ന പുതിയ സമസ്യ ഉയര്‍ത്തിക്കൊണ്ടു വരുന്നതിലൂടെ സംഘ്പരിവാര്‍ ഉദ്ദേശിക്കുന്നത്. രോഹിത് വെമുല പ്രതിനിധീകരിച്ചിരുന്ന അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനെ രാജ്യവിരുദ്ധമായി മുദ്രകുത്തിയതും തങ്ങള്‍ക്ക് എതിരെ സംസാരിക്കുന്നവരെയൊക്കെ രാജ്യദ്രോഹികളായി മുദ്രകുത്തിയതും അതിന്റെ ഭാഗമായാണ്. അടുത്ത ഉന്നം ജെ.എന്‍.യു ആയിരുന്നു. എന്തുകൊണ്ട് ജെ.എന്‍.യു ലക്ഷ്യം വെക്കപ്പെട്ടു? സി.പി.ഐ ദേശീയ സെക്രട്ടറിയും രാജ്യസഭാ എം.പിയുമായ ഡി.രാജ പറയുന്നത്, ”മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വിദ്യാര്‍ഥികളും അധ്യാപകരും നിന്തരമായി പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. സര്‍വകലാശാലകള്‍ സ്വതന്ത്ര ചിന്തയുടെയും അഭിപ്രായ സ്വാതന്ത്ര്യങ്ങളുടെ ക്രിയാത്മക കേന്ദ്രങ്ങളാണെങ്കില്‍ അതില്‍ ഉന്നത സ്ഥാനമാണ് ജെ.എന്‍.യുവിന് ഉളളത്. അതുകൊണ്ടാണ് സംഘ്പരിവാര്‍ ജെ.എന്‍.യുവിനെ ലക്ഷ്യം വെച്ചതും അവിടുത്തെ വിദ്യാര്‍ഥികളെ വേട്ടയാടിയതും. ഒരു വിദ്യാര്‍ഥി പ്രസ്ഥാനമാണെങ്കിലും അതിനായി അവര്‍ ഉപയോഗപ്പെടുത്തുന്നതാകട്ടെ ഏ.ബി.വി.പിയെയും.”

ടൈംസ് നൗ, സീ ന്യൂസ്, ന്യൂസ് എക്‌സ് പോലുള്ള വാര്‍ത്താ മാധ്യമങ്ങള്‍ അവര്‍ക്കായി ന്യൂസ്‌റൂമുകളില്‍ അലറിവിളിച്ചു. കാശ്മീര്‍, അഫ്‌സല്‍ ഗുരു വിഷയത്തിലുള്ള പൊതു ഇന്ത്യന്‍ മനസ്സിനെ വികലമാക്കാനും സംഘ്പരിവാര്‍ പ്രത്യേകം ശ്രദ്ധിച്ചു. എന്നാല്‍ ദേശസ്‌നേഹികളെന്നും ദേശദ്രോഹികളെന്നും ഇന്ത്യന്‍ ജനതയെ രണ്ടായി തിരിക്കുന്നതില്‍ സംഘ്പരിവാര്‍ വിജയിച്ചില്ല. ദേശസ്‌നേഹം കുത്തിക്കയറ്റി ഒരു വിഭാഗത്തെ വര്‍ഗീയ കലാപങ്ങള്‍ക്കായി സംഘ്പരിവാര്‍ അണിനിരത്തുമോ എന്ന് നോക്കിക്കാണേണ്ടതാണ്. പ്രശസ്ത സാമൂഹ്യശാസ്ത്രകാരനായ അച്ചിന്‍ വിനായക് പറയുന്നു: ”വലിയ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകില്ലായിരിക്കാം. തെരെഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു വര്‍ഗീയ ധ്രുവീകരണമാണ് അവര്‍ ഉദ്ദേശിക്കുന്നത്. തങ്ങള്‍ ബൗദ്ധികമായും ആദര്‍ശപരമായും കനത്ത വെല്ലുവിളികള്‍ നേരിടുന്നു എന്നതിനാലാണ് ജെ.എന്‍.യു പോലുള്ള കലാലയങ്ങളെ അവര്‍ വേട്ടയാടുന്നതും.”

ആഭ്യന്തര, വൈദേശിക ഭീഷണികള്‍ നേരിട്ടകാലത്ത് പല രാജ്യങ്ങളിലും തീവ്രദേശീയതയുടെ തുറുപ്പുചീട്ടാണ് പല ഭരണാധികാരികളും പുറത്തെടുത്തത്. ജര്‍മനിയില്‍ ഹിറ്റ്‌ലറും ഇറ്റലിയില്‍ മുസോളിനിയും സ്‌പെയിനില്‍ ഫ്രാങ്കോയും അതിന് ഉദാഹരണങ്ങളാണ്. ഈ തന്ത്രം എക്കാലത്തും വിജയിക്കുമോ അല്ലെങ്കില്‍ താല്‍ക്കാലികമായ രക്ഷാ മാര്‍ഗമാണോ സംഘ്പരിവാര്‍ ഉദ്ദേശിക്കുന്നത് എന്നത് കാത്തിരുന്നു കാണണം. ഗോപാല്‍ പറയുന്നു: ”തീവ്രദേശീയ സങ്കല്‍പത്തിന് ഒരു ബദല്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. അതാണ് ജെ.എന്‍.യു അടക്കമുള്ള കലാലയങ്ങളിലെ വിദ്യാര്‍ഥി മുന്നേറ്റങ്ങളില്‍ നാം കാണുന്നത്. എന്നാല്‍ ആദിവാസികളും ദളിതുകളും കാശ്മീരികളുമെല്ലാം കൈകോര്‍ത്ത് നിന്നാല്‍ മാത്രമേ ഈ സഖ്യം വിജയിക്കുകയുള്ളൂ. ദളിത്-പിന്നാക്ക ഭാഷ്യത്തെ പിന്തുണക്കുന്നതും ഉയര്‍ത്തിക്കൊണ്ടു വരുന്നതും തീര്‍ച്ചയായും ഹിന്ദുത്വത്തെയും അതിലൂടെ സംഘ്പരിവാറിനെയും ചെറുക്കാനുള്ള മികച്ച ആയുധങ്ങളാണ്.”

എന്നാല്‍ വിദ്യാര്‍ഥികളും അധ്യാപകരും അക്കാഡമീഷ്യന്മാരുമൊക്കെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുന്നുണ്ടെങ്കിലും സര്‍ക്കാര്‍ തങ്ങളുടെ നയങ്ങളില്‍ യാതൊരു അയവും വരുത്തുന്നില്ല. തന്റെ വര്‍ഗീയ ചുവയുള്ള പ്രഭാഷണങ്ങള്‍ക്ക് ഒരു കേന്ദ്രമന്ത്രിക്ക് സമൂഹത്തിന്റെ പല ഭാഗത്തു നിന്നും പിന്തുണ ലഭിക്കുന്നുണ്ടെങ്കില്‍ പാതി വെന്ത അവരുടെ വെളിപ്പെടുത്തലുകളില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു തിരക്കഥയുടെ കടുത്ത മണമുണ്ട് എന്നു വേണം കരുതാന്‍.

കടപ്പാട്: തെഹല്‍ക

വിവ: അനസ് പടന്ന

Related Articles