Current Date

Search
Close this search box.
Search
Close this search box.

ഗോ സംരക്ഷകരേക്കാള്‍ മെച്ചം ചമ്പല്‍ കൊള്ളക്കാര്‍

gau-raksha.jpg

2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷം, ഗോ രക്ഷാ ദള്‍ എന്ന ഗോസംരക്ഷണ സംഘം അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുമെന്ന പ്രതീക്ഷയോടെ മുമ്പ് കൊള്ളക്കാരിയായിരുന്ന രേണു യാദവിനെ അതിലേക്ക് ചേര്‍ത്തു. ഉത്തര്‍ പ്രദേശിലെ അതിന്റെ ജനറല്‍ സെക്രട്ടറിയായി രേണുവിനെ തെരെഞ്ഞെടുക്കുകയും ചെയ്തു.

പ്രശസ്തി മോഹിച്ച് രേണു പലപ്പോഴും സംസ്ഥാനത്തിന്റെ ഇത്താവ, ഔറൈയ, കാണ്‍പൂര്‍ മേഖലകളില്‍ ഭാഗങ്ങളില്‍ കാലികച്ചവടക്കാര്‍ക്കെതിരെ ക്രൂരമായ റെയ്ഡുകള്‍ നടത്തിയിരുന്നു. എന്നാല്‍ രണ്ടു വര്‍ഷം കൊണ്ട് ഗോ സംരക്ഷണ പ്രവര്‍ത്തനങ്ങളെല്ലാം ഉപേക്ഷിച്ച് അവര്‍ തീര്‍ത്തും മാറിയിരിക്കുന്നു. ”മലഞ്ചെരിവുകളിലെ കൊള്ളക്കാരേക്കാള്‍ മോശമാണ് ഈ ഗോ സംരക്ഷകര്‍” എന്നാണ് ഔറൈയ ജില്ലയിലെ കസ്ബ ജാനാ ഗ്രാമത്തില്‍ വസിക്കുന്ന രേണു യാദവ് പറയുന്നത്. ”നിങ്ങള്‍ക്കവരെ വിശ്വസിക്കാനാവില്ല, ഒരു വിഡ്ഢിയെ പോലെ ഞാന്‍ സാഹസം കാണിച്ച് റെയ്ഡുകള്‍ നടത്തി. എന്നാല്‍ കാലി കച്ചവടക്കാര്‍ ഗോ രക്ഷാ ദളിന്റെ മറ്റ് നേതാക്കള്‍ക്കും പോലീസിനും കൈക്കൂലി കൊടുക്കുന്നിടത്താണ് പ്രവര്‍ത്തനങ്ങള്‍ എല്ലായ്‌പ്പോഴും അവസാനിക്കാറുള്ളത്. അവര്‍ അതിനായി പോലീസുമായി ഒരു കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടുണ്ട്. കുറേ കാലം അക്കാര്യം എന്നില്‍ നിന്ന് രഹസ്യമായി അവര്‍ സൂക്ഷിക്കുകയും ചെയ്തു.” എന്നും അവര്‍ പറഞ്ഞു.

ചമ്പല്‍ കാടുകളെ നടുക്കിയിരുന്ന ചന്ദന്‍ യാദവിന്റെ കൊള്ള സംഘത്തിലെ അംഗമായിരുന്നു രേണു യാദവ്. 2005ല്‍ ചന്ദന്‍ യാദവും ഏതാനും കൂട്ടാളികളുെ ഒരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന് ശേഷം അവള്‍ പോലീസിന് കീഴടങ്ങുകയായിരുന്നു. ”ഏഴ് വര്‍ഷവും മൂന്ന് മാസവും 15 ദിവസവും ഞാന്‍ ജയിലില്‍ കഴിഞ്ഞു” എന്നാണ് അവള്‍ പറയുന്നത്. ”പുറത്തുവന്നതിന് ശേഷം സമാജ്‌വാദി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും 2014 ലോകസഭാ തെരെഞ്ഞെടുപ്പില്‍ ഡിംപിള്‍ യാദവിന് (ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഭാര്യ) വേണ്ടി വ്യാപകമായി കാമ്പയിന്‍ നടത്തുകയും ചെയ്തു.

പോലീസുമായുള്ള ബന്ധം
ലോക സഭാ തെരെഞ്ഞെടുപ്പ് കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്ക് ശേഷം ഗോ രക്ഷാ ദളിന്റെ സംസ്ഥാന പ്രസിഡന്റ് ശ്രീകൃഷ്ണ പാല്‍ രേണുവിനെ സമീപിച്ചു. സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം വാഗ്ദാനം ചെയ്യുകയും ചെയ്തു. ”ഗോക്കളെ ആദരിച്ചിരുന്നതിനാല്‍ ഞാനത് സ്വീകരിച്ചു. ഇതിലൂടെ ഗോ മാതാവിനെ സേവിക്കാമെന്നും സ്വന്തത്തിന് പുതിയൊരു മുഖം ഉണ്ടാക്കിയെടുക്കാമെന്നും ഞാന്‍ ചിന്തിച്ചു.” എന്ന് അവര്‍ പറഞ്ഞു.

അവള്‍ തുടര്‍ന്ന് പറയുന്നു: ”തൊഴിലില്ലാത്ത കുറിച്ച് ചെറുപ്പക്കാരെ ഞാന്‍ വിളിച്ചു കൂട്ടുകയും സ്ഥിരമായി റെയ്ഡുകള്‍ നടത്താന്‍ തുടങ്ങുകയും ചെയ്തു. വിജയകരമായ ഓരോ റെയ്ഡിനും ശേഷം ഞങ്ങള്‍ കാലി കച്ചവടക്കാരെയും അവയെ കടത്തി കൊണ്ടു പോകുന്നവരെയും ഞങ്ങള്‍ പോലീസിന് കൈമാറുമായിരുന്നു. അവര്‍ ശിക്ഷിക്കപ്പെടുമെന്ന് കരുതിയായിരുന്നു അത്. എന്നാല്‍ അതൊരിക്കലും സംഭവിച്ചില്ല. കാലി കച്ചവടക്കാരുമായി ഗോ രക്ഷാ ദളിന്റെ മറ്റ് നേതാക്കന്‍മാര്‍ക്ക് ഇടപാടുണ്ടായിരുന്നു എന്നും അവര്‍ പോലീസിനെ കൊണ്ട് അവരെ മോചിപ്പിക്കുകയായിരുന്നു എല്ലായ്‌പ്പോഴും സംഭവിച്ചിരുന്നതെന്ന് ഞാന്‍ പിന്നീട് മനസ്സിലാക്കി. ഈ നേതാക്കള്‍ക്കും പോലീസിനും ഇടയിലെ കൂട്ടുകെട്ട് ആര്‍ക്കും തകര്‍ക്കാന്‍ പറ്റാത്തവിധം ശക്തമായിരുന്നു.

എന്നാല്‍ തനിക്കോ ദളിന്റെ മറ്റേതെങ്കിലും നേതാക്കള്‍ക്കോ പോലീസുമായി ഏതെങ്കിലും തരത്തിലുള്ള കൂട്ടുകെട്ടുണ്ടെന്നത് സമ്മതിക്കാന്‍ ശ്രീകൃഷ്ണ പാല്‍ തയ്യാറായിരുന്നില്ല. ”അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് അവ. നമ്മുടെ ലക്ഷ്യം ഗോക്കളെ സേവിക്കലാണ്. കാരണം പശു പ്രതീകവല്‍കരിക്കുന്നത് ഹിന്ദു രാഷ്ട്രത്തിന്റെ സത്തയെയാണ്” എന്ന മറുപടിയായിരുന്നു അദ്ദേഹം നല്‍കിയിരുന്നത്.

രേണു സംഘത്തില്‍ ചേര്‍ന്നതിന് ശേഷം അവളുടെ ശ്രമഫലമായി അഞ്ഞൂറോ അറുന്നൂറോ ഗോക്കളെ രക്ഷിച്ചിട്ടുണ്ടെന്ന് അംഗീകരിക്കുന്ന ശ്രീകൃഷ്ണ പാല്‍ കഴിഞ്ഞ രണ്ട് മാസമായി അവര്‍ പ്രവര്‍ത്തനത്തില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയാണെന്ന് പറഞ്ഞു. ”അവള്‍ക്ക് എന്നോട് പരാതി പറയാമായിരുന്നല്ലോ, എന്തെങ്കിലും വിഷയമുണ്ടെങ്കില്‍ ഇതെല്ലാം നമ്മുടെ ആഭ്യന്തര വിഷയങ്ങളാണല്ലോ. ഞാനവളുമായി സംസാരിച്ച് എല്ലാം പരിഹരിക്കും.” എന്ന് അദ്ദേഹം പറഞ്ഞു.

ഇങ്ങനെയെല്ലാമാണെങ്കിലും മുന്‍ കൊള്ളക്കാരി ശ്രീകൃഷ്ണ പാലിനെയും അയാളുടെ ഗോ രക്ഷാ ദളിനെയും വിലയിരുത്തുന്നത് കാണുക: ”ഡോക്ടര്‍ സാബിന് (പ്രകൃതി ചികിത്സകന്‍ കൂടിയായിരുന്ന പാല്‍ ഡോക്ടര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു) ഞാന്‍ വലിയ പരിഗണനയാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇന്നത് ഇല്ല. കാരണം അദ്ദേഹം എന്നെ ചതിച്ചു. സുരക്ഷിതമായ കളിയാണ് അദ്ദേഹം എല്ലായ്‌പ്പോഴും കളിച്ചിരുന്നത്. ഒരിക്കല്‍ പോലും ഞങ്ങളോടൊപ്പം റെയ്ഡിന് അദ്ദേഹം വന്നിരുന്നില്ലെന്നത് ഞാന്‍ ഓര്‍ക്കുന്നു. ഓരോ സമയത്തും എന്തെങ്കിലും കാരണങ്ങള്‍ പറഞ്ഞ് ഒഴിവാകുകയാണ് ചെയ്തിരുന്നത്. എന്നാല്‍ റെയ്ഡ് കഴിഞ്ഞാല്‍ ഗോ സംരക്ഷണത്തിന്റെ ശേഷിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹം പോലീസ് സ്‌റ്റേഷനില്‍ എത്താറുണ്ടായിരുന്നു. ആ സമയത്ത് എവിടെ നിന്നാണ് എത്തുന്നതെന്ന് എനിക്കറിയില്ല.”

രേണു യാദവിന് മനംമാറ്റം ഉണ്ടായി എന്നല്ല പറയുന്നത്. ഗോ സംരക്ഷണത്തിന്റെ പേരില്‍ അവള്‍ ചെയ്തതില്‍ തെറ്റൊന്നുമില്ലെന്ന് തന്നെയാണവല്‍ മനസ്സിലാക്കുന്നത്. ഗോക്കളെ സംരക്ഷിക്കുന്നതിലൂടെ ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാന്‍ ശ്രമിക്കുന്ന ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ പോഷിപ്പിക്കുകയാണ് താനെന്ന് അവര്‍ ചിന്തിച്ചിട്ടുമില്ല. ഗോ മാതാവിനെ സംരക്ഷിക്കാന്‍ ശപഥം ചെയ്തിരിക്കുന്ന ഒരാള്‍ക്ക്, അവക്ക് വേണ്ടിയുള്ള ഇത്തരം ധീരമായ സമീപനത്തില്‍ നിന്ന് എങ്ങനെ ഒഴിഞ്ഞു മാറാനാവും എന്നാണ് അവര്‍ ചിന്തിച്ചത്. അവളുടെ രോഷം ഏതെങ്കിലും തരത്തിലുള്ള പശ്ചാത്താപമല്ല, മറിച്ച് ഗോ രക്ഷാ ദളിന്റെ പ്രവര്‍ത്തനങ്ങളിലുള്ള നിരാശയാണ്.

അവലംബം: scroll.in
വിവ: നസീഫ്‌

Related Articles