Current Date

Search
Close this search box.
Search
Close this search box.

കഴിഞ്ഞ തവണ മുസ്‌ലിംകളാണ് വേട്ടയാടപ്പെട്ടത്; ഇന്ന് പട്ടേലുകളും

pattel.jpg

2015 ആഗസ്റ്റ് 25-ന് പാട്ടീദാറുകാര്‍ക്ക് ജാതിയുടെ അടിസ്ഥാനത്തില്‍ സംവരണം വേണമെന്നാവശ്യപ്പെട്ട് ഹര്‍ദിക്ക് പട്ടേലിന്റെ നേതൃത്വത്തില്‍ നടന്ന ആയിരകണക്കിന് പേര്‍ പങ്കെടുത്ത റാലിയില്‍ പങ്കെടുത്തപ്പോള്‍ പോലും, ഒരു ദിവസം ഭാരതീയ ജനതാ പാര്‍ട്ടിക്ക് എതിരെ തന്നെ താന്‍ തിരിയുമെന്ന് സ്വപ്‌നത്തില്‍ പോലും രാഹുല്‍ ദേശായ് വിചാരിച്ചിട്ടുണ്ടായിരുന്നില്ല.

പക്ഷെ ആറു മാസങ്ങള്‍ക്ക് ശേഷം അധികമൊന്നും അറിയപ്പെടാത്ത പട്ടേലിന്റെ റാലി ആക്രമാസക്തമായി. ഗുജറാത്തിലുടനീളം പട്ടേല്‍ ജാതിക്കാരെ പോലിസ് വേട്ടയാടി. സംസ്ഥാനത്തും കേന്ദ്രത്തിലും ഭരിക്കുന്ന പാര്‍ട്ടികള്‍ക്കെതിരെയുള്ള രോഷം ദേശായ്ക്ക് അടക്കി വെക്കാന്‍ കഴിയുന്നില്ല. ഹര്‍ദിക്ക് പട്ടേലിന്റെ പാട്ടിദാര്‍ അനാമത്ത് ആന്തോളന്‍ സമിതിയുടെ അഹ്മദാബാദ് വെസ്റ്റ് കണ്‍വീനറാണ് 31 വയസ്സുകാരനായ ദേശായ്. കഴിഞ്ഞ ഓക്ടോബറില്‍ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട് ഹാര്‍ദിക് പട്ടേലും സംഘടനയുടെ മറ്റു നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ടതോടെ സമുദായാംഗങ്ങളെ ചലനാത്മകമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുകയാണ് അദ്ദേഹം.

‘എന്റെ എല്ലാ പ്രഭാഷണങ്ങളിലും ഒരു കാര്യം ഞാന്‍ ജനങ്ങളെ ഉണര്‍ത്താറുണ്ട്, അതായത് വര്‍ഷങ്ങളായി പട്ടേലുമാര്‍ ബി.ജെ.പിയെയാണ് പിന്തുണച്ച് വരുന്നത്. വെറും വോട്ടുകള്‍ കൊണ്ട് മാത്രമല്ല, മറിച്ച് നോട്ടുകള്‍ കൊണ്ടും,’ ദേശായ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറയുകയുണ്ടായി. ‘പട്ടേലുമാരുടെ പണമാണ് ബി.ജെ.പിയെ അധികാരത്തിലെത്താന്‍ സഹായിച്ചത്. അവരിപ്പോള്‍ ഞങ്ങളോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് നോക്കൂ. അടുത്ത വര്‍ഷത്തെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ അവരെ വിജയിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല.’

അദ്ദേഹത്തിന് ചുറ്റുമുള്ള മറ്റു പട്ടേലുമാരെ പോലെ തന്നെ, പാട്ടിദാര്‍ സമുദായത്തിന് പിന്നാക്ക പദവി നല്‍കാന്‍ ബി.ജെ.പി തയ്യാറാകാത്തത് മാത്രമല്ല ദേശായിയെ കുപിതനാക്കുന്നത്. 2015 ആഗസ്റ്റ് 25-ന് ശേഷമുള്ള ദിവസങ്ങളില്‍ ഗുജറാത്ത് പോലിസ് നടത്തിയ കുറ്റകൃത്യങ്ങളിള്‍ ഉള്‍പ്പെട്ട പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആനന്ദിബെന്‍ പട്ടേലിന്റെ സര്‍ക്കാര്‍ തയ്യാറായില്ലെന്നും ദേശായ് പറയുന്നു.

റാലി നടന്നതിന് ശേഷമുള്ള രണ്ട് ദിവസങ്ങളില്‍ ബാബുനഗര്‍, നരോദ, റാനിപ്, അഹ്മദാബാദിലെ മറ്റു പട്ടേല്‍ ഭൂരിപക്ഷ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരെ സൈന്യവും ഗുജറാത്ത് പോലിസും ചേര്‍ന്ന് ആക്രമിക്കുകയും വീട്, കാര്‍ തുടങ്ങിയ സ്വത്തുവകകള്‍ നശിപ്പിക്കുകയും, സ്ത്രീകള്‍ക്ക് നേരെ മാനഭംഗ ഭീഷണി ഉയര്‍ത്തുകയും ചെയ്തതായി ആ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. കൂടാതെ സൂറത്ത്, മെഹ്‌സാന, പഠാന്‍ തുടങ്ങി ഗുജറാത്തിലെ മറ്റു ഭാഗങ്ങളിലെ പട്ടേല്‍മാരും അതേ പരാതികളുമായി രംഗത്ത് വന്നിരുന്നു.

ആറു മാസം കഴിഞ്ഞു, നൂറ് കണക്കിന് പട്ടേല്‍ പുരുഷന്‍മാര്‍ക്കെതിരെയാണ് കളവ്, കലാപമുണ്ടാക്കല്‍, കൊലപാതകം, വധശ്രമം തുടങ്ങിയ ‘മുന്‍കൂട്ടി തയ്യാറാക്കിയ വ്യാജക്കേസുകള്‍’ എന്ന് ദേശായി വിശേഷിപ്പിക്കുന്ന കളളക്കേസുകള്‍ ചാര്‍ത്തിയിട്ടുള്ളത്. ‘പക്ഷെ ഞങ്ങളുടെ വീടുകളിലേക്ക് അതിക്രമിച്ച് കയറുകയും, നിരപരാധികളായ സ്ത്രീകളെയും പുരുഷന്‍മാരെയും മര്‍ദ്ദിക്കുകയും, ഞങ്ങളുടെ സ്വത്തുക്കള്‍ നശിപ്പിക്കുകയും ചെയ്ത പോലീസിനെതിരെ ഒറ്റ എഫ്.ഐ.ആര്‍ പോലും എഴുതപ്പെട്ടിട്ടില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ നിരവധി തവണ പരാതിയുമായി ഞങ്ങള്‍ പോയതാണ്. പക്ഷെ അതൊന്നും എഫ്.ഐ.ആര്‍ ആയി എഴുതപ്പെട്ടില്ല.’ ദേശായി പറഞ്ഞു.

ബാബുനഗറില്‍ നിന്നുള്ള 30 വയസ്സുകാരന്‍ ശ്വേതംഗ് പട്ടേലിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടാണ് ആദ്യമായി പോലിസിനെതിരെ കേസ് ഫയല്‍ ചെയ്യപ്പെട്ടത്. അതും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനോട് കേസ് ഏറ്റെടുക്കാന്‍ ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടതിന് ശേഷം മാത്രമാണ് സംഭവിച്ചത്. ‘മാസങ്ങള്‍ ഇത്രയൊക്കെ കഴിഞ്ഞ് പോയിട്ടും. സി.ഐ.ഡികളുടെ അന്വേഷണം എവിടെയുമെത്തിയിട്ടില്ല.’ ദേശീയ പറഞ്ഞു. ‘ഇതുവരെ രണ്ട് പോലിസുകാര്‍ മാത്രമാണ് അതിന്റെ പേരില്‍ സസ്‌പെന്റ് ചെയ്യപ്പെട്ടത്. അവരാണെങ്കില്‍ ശ്വേതംഗിന്റെ മരണവുമായി യാതൊരു ബന്ധവുമില്ലാത്തവരും, കടലാസ് ജോലികുള്‍ ചെയ്യുന്ന വെറും കോസ്റ്റബള്‍മാര്‍ മാത്രവുമാണ്.’

പോലിസ് അതിക്രമത്തിനെതിരായ പട്ടേലുമാരുടെ പ്രതിഷേധവും, അവരുടെ സങ്കടകരമായ അവസ്ഥക്ക് മാധ്യമങ്ങളുടെ സഹാനുഭൂതി ലഭിക്കാത്തതും, ഒരുപാട് പട്ടേലുമാരെ ബി.ജെ.പിക്കെതിരെയും, അതിന്റെ നേതാക്കള്‍ക്കെതിരെയും തിരിയാന്‍ പ്രേരണ നല്‍കിയിട്ടുണ്ട്. നരേന്ദ്ര മോദിയുടെ ഗുജറാത്ത് മോഡല്‍ വികസനത്തിന്റെ പരാജയവും, ഉന്നത വിദ്യാഭ്യാസ രംഗത്തെ അഴിമതിയും, വര്‍ദ്ധിച്ച് വരുന്ന തൊഴിലില്ലായ്മയുമാണ് പട്ടേല്‍ സമുദായത്തെ പിന്നാക്ക സംവരണം വേണമെന്ന ആവശ്യത്തിലേക്ക് എത്തിച്ചത്. ആറു മാസങ്ങള്‍ക്ക് മുമ്പ്, 20 വര്‍ഷത്തോളം സംസ്ഥാനം ഭരിച്ച ബി.ജെ.പിക്കെതിരെ വിമര്‍ശനം ഉന്നയിക്കുക സാധ്യമായിരുന്നില്ല. എന്നാല്‍ ഇന്ന്, ബി.ജെ.പി വിരുദ്ധ വികാരം അണപൊട്ടി ഒഴുകിക്കൊണ്ടിരിക്കുകയാണെന്ന് കാണാന്‍ കഴിയും.

2015 ഡിസംബറില്‍ ഗുജറാത്തിലെ പ്രാദേശിക തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞപ്പോള്‍, ആകെയുള്ള 31 ജില്ലാ പഞ്ചായത്തുകളില്‍ 21-ഉം അപ്രതീക്ഷിതമായി കോണ്‍ഗ്രസ്സിനാണ് ലഭിച്ചത്. അതേസമയം നഗരപ്രദേശങ്ങളില്‍ സിവിക് ബോഡികളിലെ സ്വാധീനം ബി.ജെ.പിക്ക് നിലനിര്‍ത്താന്‍ കഴിഞ്ഞു. ‘ഗുജറാത്തിലെ ഗ്രാമപ്രദേശങ്ങളില്‍ കോണ്‍ഗ്രസ്സിന് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതിന് കാരണം ഞങ്ങള്‍ പട്ടേലുമാരാണ്. നഗരപ്രദേശങ്ങളിലും ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നു, പക്ഷെ 5 ലക്ഷം പട്ടേലുമാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യപ്പെട്ടിരുന്നു.’ ബാപ്പുനഗറില്‍ നിന്നുള്ള വജ്ര പോളിഷര്‍ മഹേഷ് ഭായ് പട്ടേല്‍ പറഞ്ഞു.

ബാപ്പുനഗറിനടുത്തുള്ള ഇന്ത്യാ കോളനിയിലെ നാല് സിവിക് കോര്‍പ്പറേഷനുകളില്‍ എല്ലാത്തിലും കോണ്‍ഗ്രസ്സാണ് ജയിച്ചത് എന്ന് പറഞ്ഞ് മഹേഷ് ഭായ് പട്ടേല്‍ ആശ്വാസം കൊണ്ടു. മെഹ്‌സാനയില്‍, മെഹ്‌സാന കോര്‍പ്പറേഷന്റെ നഗരാസൂത്രണ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പുതിയ ചെയര്‍മാന്‍ കോണ്‍ഗ്രസ്സില്‍ നിന്നുള്ള ഒരു മുസ്‌ലിം സ്ത്രീയാണെന്ന് വളരെ അഭിമാനത്തോടെയാണ് ലാല്‍ ഭായ് പട്ടേല്‍ പറഞ്ഞത് – അല്ലാരാഖി ബെലിം. ‘മെഹ്‌സാനയില്‍ ഇതാദ്യമായാണ് നഗരസഭാതലത്തിലെ ഏതെങ്കിലുമൊരു പദവിയില്‍ ഒരു മുസ്‌ലിം വരുന്നത്. ഇതിലും പട്ടേലുമാര്‍ അവരുടേതായ പങ്ക് വഹിച്ചിട്ടുണ്ട്.’ ലാല്‍ഭായ് പട്ടേല്‍ പറഞ്ഞു.

ആറു മാസങ്ങള്‍ക്ക് മുമ്പ്, തങ്ങള്‍ അനുഭവിച്ച പോലീസ് അതിക്രമങ്ങള്‍ക്കും, 2002 ഗുജറാത്ത് വംശഹത്യയില്‍ ഇരകളായ മുസ്‌ലിംകള്‍ക്കും ഇടയിലെ സമാനതകള്‍ ഉയര്‍ത്തികൊണ്ടുവരാന്‍ പട്ടേലുമാര്‍ ഇഷ്ട്‌പ്പെട്ടിരുന്നില്ല. എന്നാല്‍ ഇന്ന്, രാഹുല്‍ ദേശായ്, ലാല്‍ഭായ് പട്ടേല്‍ തുടങ്ങിയ പാട്ടിദാര്‍ സമിതി നേതാക്കളെല്ലാം തന്നെ ബി.ജെ.പിക്കെതിരെ സമുദായികമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതില്‍ മടിയില്ലാത്തവരാണ്.

‘അടിസ്ഥാനപരമായി ബി.ജെ.പി ഒരു വര്‍ഗീയ പാര്‍ട്ടിയാണ്. വര്‍ഷങ്ങളായി മുസ്‌ലിംകളെ ഭയപ്പെടുത്തി ഭരിക്കുകന്ന എന്ന നയമാണ് അവര്‍ സ്വീകരിച്ചുവരുന്നത്. എനിക്ക് ഉറപ്പ് പറയാന്‍ സാധിക്കും, അതായത് ഗോധ്ര തീവണ്ടി കത്തിക്കല്‍ സംഭവം ഉണ്ടായത് കൊണ്ട് മാത്രമാണ്, 2002-ല്‍ വീണ്ടും മുഖ്യന്ത്രിയായി മോദി തെരഞ്ഞെടുക്കപ്പെട്ടത്.’

2002 ഫെബ്രുവരിയില്‍, ഗോധ്ര റെയില്‍വേസ്‌റ്റേഷനില്‍ വെച്ച് ഒരു കൂട്ടം ആളുകള്‍ സബര്‍മതി എക്‌സ്പ്രസ്സിന്റെ കൊച്ചുകള്‍ക്ക് തീയിട്ടതിനെ തുടര്‍ന്ന് 59 യാത്രക്കാര്‍ കൊല്ലപ്പെട്ടിരുന്നു. 31 മുസ്‌ലിംകള്‍ സംഭവത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയുണ്ടായി. ഇതിനെ തുടര്‍ന്ന് ഗുജറാത്തിലുടനീളം കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും ആയരിക്കണക്കിനാളുകള്‍ കൊല്ലപ്പെടുകയും ചെയ്തു. അന്ന് സ്‌കൂളില്‍ പഠിക്കുകയായിരുന്ന ദേശായ്, ക്ലാസില്‍ വെച്ച് ഗോധ്ര തീവണ്ടി കത്തിയെരിയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടത് ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.

‘എല്ലാ ഹിന്ദുക്കളും ഒരുമിച്ച് നില്‍ക്കണമെന്നും അല്ലെങ്കില്‍ മുസ്‌ലിംകള്‍ ഹിന്ദുക്കളെ കൊല്ലുമെന്നുമുള്ള ആശയം പ്രചരിപ്പിക്കുന്നതിന് വേണ്ടിയാണ് അവര്‍ അത് ചെയ്തത്,’ ദേശായ് വ്യക്തമാക്കുന്നു. ‘അന്ന് തീവണ്ടിക്ക് തീവെച്ച ആളുകള്‍ മുസ്‌ലിംകളാണോ അല്ലേ എന്ന് എനിക്കറിയില്ല. പക്ഷെ, എനിക്കൊന്നറിയാം, അതായത് അടുത്ത വര്‍ഷം നടക്കാനിരുന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി ബി.ജെ.പി മുന്‍കൂട്ടി തയ്യാറാക്കി നടത്തിയ ഒരു രാഷ്ട്രീയ നാടകമായിരുന്നു ഗോധ്ര ട്രെയിന്‍ തീവെപ്പ്.’

വര്‍ഗീയ ചിന്തക്ക് വേരുപിടിച്ചു കഴിഞ്ഞാല്‍ പിന്നെ അതിനെ ഇല്ലാതാക്കുക വളരെ ദുഷ്‌കരമാണെന്ന് ദേശായി പറയുന്നു. ‘ബി.ജെ.പിയുടെ പ്രചാരണം കാരണമായി, ഞങ്ങളെല്ലാവരും വര്‍ഗീയമായി ചിന്തിക്കാന്‍ തുടങ്ങി, ഇപ്പോള്‍ ചതിക്കപ്പെട്ടത് പോലെയാണ് എനിക്ക് തോന്നുന്നത്. ഇന്നും, മുസ്‌ലിംകള്‍ തങ്ങള്‍ക്കെതിരെ കലാപം നടത്തുമെന്ന് തന്നെയാണ് ആളുകള്‍ ഭയപ്പെടുന്നത്. പക്ഷെ ഒരു കാര്യം ഉറപ്പാണ്, ഇനി മുസ്‌ലിംകള്‍ കലാപം നടത്തിയില്ലെങ്കിലും, ബി.ജെ.പി അത് നടത്തുക തന്നെ ചെയ്യും.’

ഗുജറാത്തിലെ എല്ലാ പാട്ടിദാറുകള്‍ക്കും വേണ്ടിയല്ലായിരിക്കാം താന്‍ ചിലപ്പോള്‍ സംസാരിക്കുന്നതെന്ന് അംഗീകരിക്കുന്ന ദേശായ്, പക്ഷെ പാട്ടിദാര്‍ ആന്തോളന്‍ സമിതിയിലെ എല്ലാവര്‍ക്കും തന്റെ അഭിപ്രായം തന്നെയാണുള്ളത് എന്ന കാര്യത്തില്‍ ഉറപ്പുണ്ട്.

‘തീര്‍ച്ചയായും, ഗോധ്രയും 2002 ഗുജറാത്ത് വംശഹത്യയും ബി.ജെ.പി ആസൂത്രണം ചെയ്ത് നടപ്പാക്കിയത് തന്നെയാണ്. ഇക്കാര്യം ഇന്ന് ഞങ്ങള്‍ക്ക് വളരെ വ്യക്തമാണ്. പക്ഷെ അന്ന് അങ്ങനെയായിരുന്നില്ല. കഴിഞ്ഞ തവണ അവര്‍ മുസ്‌ലിംകളെയാണ് ലക്ഷ്യം വെച്ചത്. ഇന്ന് അവര്‍ പാട്ടേലുകളെയാണ് വേട്ടയാടുന്നത്. ഇത്തരം രാഷ്ട്രീയമാണ് നക്‌സലുകളുടെ സൃഷ്ടിപ്പിലേക്ക് നയിക്കുന്നത്.’ ലാല്‍ഭായ് പട്ടേല്‍ പറയുന്നു.

അടുത്ത വര്‍ഷത്തെ അസംബ്ലി തെരഞ്ഞെടുപ്പില്‍, തങ്ങള്‍ ഒരിക്കല്‍ കൂറ്പുലര്‍ത്തിയിരുന്ന പാര്‍ട്ടിയെ പിന്തുണക്കാര്‍ പാട്ടിദാര്‍ നേതാക്കള്‍ക്ക് ഇപ്പോള്‍ തീരെ താല്‍പ്പര്യമില്ല. പാട്ടിദാറുകള്‍ക്കെതിരെയുള്ള കേസുകള്‍ നടത്താന്‍ കോണ്‍ഗ്രസ്സില്‍ നിന്നും സഹായങ്ങള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും, ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് നേര്‍ക്ക് പട്ടേല്‍ സഖ്യം അന്തമായി ചായുകയില്ലെന്ന് ദേശായിയും ലാല്‍ഭായിയും ഉറച്ചസ്വരത്തില്‍ വ്യക്തമാക്കി. ‘സംവരണവും, പോലിസ് അതിക്രമത്തിനെതിരെയുള്ള നടപടിയും’- ഞങ്ങളുടെ ഈ രണ്ട് ആവശ്യങ്ങളും അംഗീകരിക്കുന്നവര്‍ക്ക് ഞങ്ങള്‍ വോട്ട് ചെയ്യും. ഒ.ബി.സി വിഭാഗക്കാരായ താക്കൂറുമാരുമായും, മിയാകളുമായും (മുസ്‌ലിംകള്‍) പാട്ടിദാറുകള്‍ ഇപ്പോള്‍ തന്നെ ബന്ധങ്ങള്‍ വളര്‍ത്തികൊണ്ടിരിക്കുകയാണ്. ചിലപ്പോള്‍ ഒരു മൂന്നാം മുന്നണി ഉയര്‍ന്ന് വരാനും നല്ല സാധ്യതയുണ്ട്.’

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

അവലംബം: scroll.in

Related Articles