Current Date

Search
Close this search box.
Search
Close this search box.

ഐസിസ് ഭീഷണിയോട് ഗസ്സക്കാര്‍ക്ക് പറയാനുള്ളത്

kassam.jpg

കഴിഞ്ഞ ബുധനാഴ്ച്ച ഈജിപ്ത്-ഗസ്സ അതിര്‍ത്തി വന്‍ സ്‌ഫോടനങ്ങള്‍ക്ക് സാക്ഷിയാവുകയുണ്ടായി. സീനാഇയിലെ ശൈഖ് സുവൈദ് പട്ടണത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഇസ്‌ലാമിക് പോരാളികളും, ഈജിപ്ഷ്യന്‍ സൈന്യവും തമ്മിലുള്ള യുദ്ധം കൊടുമ്പിരി കൊള്ളുകയാണ്. ഗസ്സയെ മിഡിലീസ്റ്റിലെ ഇസ്‌ലാമിക് സ്‌റ്റേറ്റ് അധീന പ്രദേശങ്ങള്‍ പോലെയാക്കുമെന്ന് ഐസിസ് വിമതര്‍ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ ചൊവ്വാഴ്ച്ച പുറത്ത് വന്നതിനോടനുബന്ധിച്ചാണ് സ്‌ഫോടനങ്ങള്‍ നടന്നത്. മതപരമായ ബാധ്യതകള്‍ നിര്‍വഹിക്കുന്ന കാര്യത്തില്‍ ഹമാസ് അശ്രദ്ധരാണെന്ന് പ്രസ്തുത വീഡിയോയില്‍ ഐസിസ് ആരോപിച്ചു.

ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പ്രത്യയശാസ്ത്രത്തെ അനുകൂലിക്കുന്നവരെന്ന് കരുതപ്പെടുന്ന, ഇസ്രായേലുമായി സമാധാനകരാര്‍ എന്ന ആശയത്തെയും, ഹമാസിനും അമേരിക്കന്‍ പിന്തുണയുള്ള ഫത്ഹിനും ഇടയിയുള്ള അനുരജ്ഞനത്തെയും തള്ളിക്കളയുന്ന സലഫി ഗ്രൂപ്പുകളുമായി കഴിഞ്ഞ കുറച്ച് മാസങ്ങളിലായി ഹമാസ് പോരാട്ടത്തിലായിരുന്നു. ഹമാസിനെയും, ഇസ്രായേലിനെയും പരസ്യമായി നേരിട്ട് വെല്ലുവിളിച്ചു കൊണ്ടുള്ള ഐസിസിന്റെ ആദ്യത്തെ വീഡിയോ ആയിരിക്കാം അന്ന് പുറത്ത് വന്നത്. ‘ഹമാസ് അതിക്രമകാരിക്കള്‍ക്ക്’ എന്ന് അഭിസംബോധന ചെയ്തു കൊണ്ട് ഒരു ഐസിസ് അംഗം പ്രത്യക്ഷപ്പെടുന്നു. ‘ജൂതന്മാരുടെയും, നിങ്ങളുടെയും, ഫത്ഹിന്റെയും രാജ്യം ഞങ്ങള്‍ വേരോടെ പിഴുതെറിയും. മതേതരന്‍മാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. ഞങ്ങളുടെ പോരാളികള്‍ നിങ്ങളുടെ രാജ്യം പിടിച്ചെടുക്കുക തന്നെ ചെയ്യും.’

ഗസ്സയിലെ ജീവിതം സിറിയയില്‍ ഫലസ്തീനികള്‍ തിങ്ങിപ്പാര്‍ക്കുന്ന യര്‍മൂക് അഭയാര്‍ത്ഥി ക്യാമ്പിലേത് പോലെയാവുമെന്ന് വീഡിയോ ആണയിട്ടു. ഫലസ്തീനികള്‍ താമസിക്കുന്ന സിറിയയിലെ ദമസ്‌കസ് ജില്ലയുടെ പകുതിയും ഐസിസിന്റെ നിയന്ത്രണത്തിലാണ്. ഈജിപ്ത്, ലിബിയ, യമന്‍, തുനീഷ്യ തുടങ്ങിയ രാജ്യങ്ങളുടെ വിവിധ ഭാഗങ്ങളില്‍ കൂടി ഇസ്‌ലാമിക് സ്റ്റേറ്റ് മുന്നേറ്റം നടത്തുകയുണ്ടായി. എന്നിരുന്നാലും, റഫ അതിര്‍ത്തി എല്ലായ്‌പ്പോഴും അടക്കപ്പെട്ടിരിക്കുമ്പോഴും, തുരങ്കങ്ങളെല്ലാം ഈജിപ്ഷ്യന്‍ പട്ടാളം തകര്‍ത്തിരിക്കുന്നതിനാലും ഐസിസിന് എങ്ങനെ ഗസ്സയിലേക്ക് പ്രവേശിക്കാന്‍ കഴിയും എന്ന കാര്യത്തില്‍ അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ട്. ഗസ്സ പൂര്‍ണ്ണമായും നിയന്ത്രണത്തില്‍ തന്നെയാണെന്നാണ് ഒരു ഹമാസ് സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

സീനാഇല്‍ ഈജിപ്ഷ്യന്‍ സുരക്ഷാ സൈനികരുമായി ഐസിസ് അംഗങ്ങള്‍ പോരാട്ടം തുടരുമ്പോഴും, ഗസ്സ അതിര്‍ത്തിയുടെ മറുവശത്ത് നിന്നും വന്‍ബോംബ് സ്‌ഫോടനങ്ങളുടെ ശബ്ദം ഇതെഴുതുന്നയാള്‍ക്ക് കേള്‍ക്കാമായിരുന്നു. ഹമാസിനും, ഗസ്സക്കും എതിരെ ഐസിസ് ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന്, ഈജിപ്തുമായി അതിര്‍ത്തി പങ്കിടുന്ന ഗസ്സയുടെ അതിര്‍ത്തി പ്രദേശത്തേക്ക് ഹമാസ് അധികൃതര്‍ പ്രത്യേക നിരീക്ഷണ സേനയെ അയച്ചു കഴിഞ്ഞു.

പുതിയ ഐസിസ് വീഡിയോ പൊതുജനങ്ങള്‍ക്കിടയില്‍ ഭീതി സൃഷ്ടിച്ചിട്ടുണ്ട്. പ്രസ്തുത വീഡിയോയില്‍ ഐസിസ് അംഗം ഗസ്സയിലെ ജനങ്ങളോടായി പറയുന്നു: ‘യര്‍മൂക് ക്യാമ്പില്‍ ചെയ്തത് നിങ്ങളോടും ചെയ്യുമെന്ന് ഞങ്ങള്‍ സത്യം ചെയ്യുന്നു. ഗസ്സയില്‍ ഞങ്ങളത് ആവര്‍ത്തിക്കും, ഗസ്സയെ ഞങ്ങള്‍ തുണ്ടം തുണ്ടമായി വെട്ടിമുറിച്ച് ചോരക്കളമാക്കി മാറ്റും.’

ഗസ്സക്കാരുടെ ഉത്കണ്ഠ ഏറിവരികയാണ്. ഐസിസ് അതിന്റെ പരമാവധി ശക്തിയിലേക്ക് വളര്‍ന്നു കഴിഞ്ഞതായി ഗസ്സ കേന്ദ്രീകരിച്ച് ഇസ്‌ലാമിക് പാര്‍ട്ടികളെ വിശകലനം ചെയ്യുന്ന ഇബ്‌റാഹീം അല്‍ മദൂന്‍ പറഞ്ഞു. ‘ഇസ്‌ലാമിക് സ്റ്റേറ്റ് അതിന് എത്താന്‍ കഴിയുന്നതിന്റെ പരമാവധി എത്തി കഴിഞ്ഞു. കൊല്ലുകയും കൊല്ലുമെന്ന് സത്യം ചെയ്യലുമല്ലാതെ വേറൊന്നും അവര്‍ക്ക് നേടാന്‍ കഴിവില്ലാത്തത് പോലെയാണ് കാര്യങ്ങളുടെ കിടപ്പ്.’ അദ്ദേഹം പറഞ്ഞു.

ഡസന്‍ കണക്കിന് ഐസിസ് അംഗങ്ങളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ തുരങ്കങ്ങള്‍ വഴി ഗസ്സയില്‍ നിന്നും ഈജിപ്തിലേക്ക് കടന്ന്, സിറിയയിലെത്തി ഐസിസില്‍ ചേര്‍ന്നത്. എങ്കിലും ഐസിസിന് ഗസ്സയില്‍ സംഘടിത രൂപം കൈവന്നിട്ടില്ല. അതേസമയം, തങ്ങളുടെ സങ്കടവും, ദേഷ്യവും പ്രകടിപ്പിക്കാന്‍ ഒരുവഴിയുമില്ലാതെ നിരാശരായ യുവാക്കള്‍ക്കിടയില്‍ നിലവില്‍ ഒരു ഐസിസ് മനോഗതി വളര്‍ന്നിട്ടുണ്ട് എന്ന വസ്തുത ആര്‍ക്കും നിഷേധിക്കാന്‍ സാധിക്കില്ല. പക്ഷെ ഗസ്സയില്‍ അത്തരം ആളുകള്‍ക്ക് വളരാന്‍ യാതൊരു വിധത്തിലുള്ള അവസരവും ഹമാസ് നല്‍കിയിട്ടില്ല.

‘ഇസ്‌ലാമിക് സ്റ്റേറ്റിന് ഇതിനേക്കാള്‍ നന്നായി ചെയ്യാന്‍ കഴിയുമെന്നും, പുരോഗമിക്കാന്‍ കഴിയുമെന്നും തന്നെയാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. പ്രത്യേകിച്ച് അവര്‍ക്ക് അതിനുള്ള അവസരമുണ്ടായിരുന്നു. പക്ഷെ അതിന് പകരം, നിശ്ചലമായി നില്‍ക്കാനും, ഇടുങ്ങിയ മനോഗതിയില്‍ തുടരാനും തന്നെയാണ് അവര്‍ തീരുമാനിച്ചത്,’ അല്‍ മദൂന്‍ കൂട്ടിച്ചേര്‍ത്തു.

നിരവധി കാരങ്ങള്‍ കൊണ്ട്, ഗസ്സയിലേക്ക് കടക്കാതെ നിലവില്‍ അധികാരം കയ്യാളുന്ന പ്രദേശങ്ങളില്‍ തന്നെ ഐസിസ് തുടരുമെന്നാണ് അല്‍മദൂന്‍ പ്രതീക്ഷിക്കുന്നത്. അതില്‍ ഒന്ന് ഗസ്സ ഹമാസിന്റെ ശക്തമായ നിയന്ത്രണത്തില്‍ തന്നെയാണുള്ളത്.

‘ഐസിസിനേക്കാള്‍ ശക്തരാണ് ഹമാസ്. ഗസ്സയുടെ പൂര്‍ണ്ണമായ നിയന്ത്രണം ഹമാസിന്റെ കൈയ്യിലാണ്. ഒരു തീവ്ര ഇസ്‌ലാമിക ചിന്തയെ പിന്തുണക്കുന്നതിനുള്ള ഒരു വിധത്തിലുള്ള സാഹചര്യവും ഗസ്സയിലില്ല.’

ഐസിസിന്റെ വീഡിയോ ഗസ്സയിലെ യുവജനങ്ങളുടെ രൂക്ഷ വിമര്‍ശനത്തിന് ഇരയായി. ചിലര്‍ അതിനെ കളിയാക്കി. പക്ഷെ കൂടുതലാളുകളും അതിനെ ഭയക്കുന്നുണ്ട്. ബിരുദധാരിയായ 24-വയസ്സുകാരി റീം സാദല്ല, താന്‍ പ്രസ്തുത വീഡിയോ കണ്ടെന്നും, അതില്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് ഭയന്ന് വിറച്ചെന്നും പറഞ്ഞു. ‘ഇസ്‌ലാമിക് സ്റ്റേറ്റ്, ജീവിതം കൂടുതല്‍ ദുസ്സഹമാക്കി തീര്‍ക്കാന്‍ ഇനി അതിന്റെ കൂടി ആവശ്യമേ ഞങ്ങള്‍ക്കുള്ളു.’ അവള്‍ പറഞ്ഞു. ഇക്കാര്യത്തില്‍, ഇസ്‌ലാമിക് സ്റ്റേറ്റിനെ തകര്‍ക്കുന്നതിന് വേണ്ടി, മുമ്പത്തേക്കാളുപരി ജനങ്ങള്‍ ഹമാസിനെ പിന്തുണക്കുമെന്ന് അവള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

‘അത്തരം ഭ്രാന്തന്‍മാരെ ഞങ്ങള്‍ക്ക് ആവശ്യമില്ല- അവരെ തുരത്തിയോടിക്കാന്‍ ഞാന്‍ ഹമാസിനെ പിന്തുണക്കുക തന്നെ ചെയ്യും,’ സാദല്ല പറഞ്ഞു. അതേ സമയം ഇസ്‌ലാമിസ്റ്റുകളുമായി താന്‍ വിയോജിക്കുന്നുവെന്നും, ഒരു നല്ല ഭരണസംവിധാനമെന്ന നിലയില്‍ ഇസ്‌ലാമിക ഭരണത്തെ തനിക്ക് ദര്‍ശിക്കാന്‍ സാധിച്ചിട്ടില്ലെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു.

‘ഇസ്‌ലാമിക് സ്‌റ്റേറ്റ്, ഹമാസ് എന്നിവയില്‍ ഏതെങ്കിലും ഒന്നിനെ തെരഞ്ഞെടുക്കാന്‍ പറയുകയാണെങ്കില്‍ ഞാന്‍ ഹമാസിനെ തന്നെയായിരിക്കും തെരഞ്ഞെടുക്കുക; ദേശീയ താല്‍പര്യത്തിനനുസൃതമായ ഒരു പൊതുഇടമെങ്കിലും ഇവിടെയുണ്ട്,’ അവള്‍ പറഞ്ഞു.

എങ്കിലും, ഇസ്‌ലാമിക് സ്റ്റേറ്റിനെ കുറിച്ച് മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ മുന്നോട്ട് വരുന്നവര്‍ എണ്ണത്തില്‍ വളരെ കുറവാണ്. തീവ്രചിന്താഗതി വെച്ചുപുലര്‍ത്തുന്ന സംഘങ്ങളില്‍ നിന്നുള്ള തിരിച്ചടി എല്ലാവരും ഭയപ്പെടുന്നുണ്ട്. ‘ഹമാസിന്റെ ശക്തമായ നിയന്ത്രണം കാരണം, തങ്ങളുടെ വളര്‍ച്ചക്ക് അനുകൂലമായ ഒരു സാഹചര്യവും കണ്ടെത്താന്‍ കഴിയാതെ ഗസ്സയില്‍ നിന്നും രക്ഷപ്പെട്ട ഐസിസ് അനുകൂലികളുടെ വ്യക്തിപരവും, മനശാസ്ത്രപരവുമായ വെറുപ്പാണ്’ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട ഐസിസ് അംഗങ്ങളുടെ പെരുമാറ്റവും വാക്കുകളും അത്തരത്തിലുള്ളതായി തീരാന്‍ കാരണമെന്ന് അല്‍മദൂന്‍ പറയുന്നു.

വീഡിയോ പുറത്ത് വന്നതിന് ശേഷം, ഗസ്സയിലെ സാധാരണ പൗരന്‍മാര്‍ക്കിടയില്‍ ഐസിസിനെതിരെയുള്ള വികാരം ശക്തിപ്പെട്ടു വരുന്നുണ്ട്. അതു പോലെ തന്നെ ഐസിസിനെ സഹതാപത്തോടെ നോക്കിക്കാണുന്ന ചിലരും ഗസ്സയിലുണ്ട്. ‘ഗസ്സയിലെ ഹമാസ് അംഗങ്ങള്‍ക്ക് ഇസ്‌ലാമിക് സ്‌റ്റേറ്റിനോട് യാതൊരു വിധത്തിലുള്ള സഹതാപവുമില്ല. പ്രതിരോധ നടപടികള്‍ ആരംഭിക്കാന്‍ ഐസിസിന്റെ പുതിയ പ്രസ്താവനയെ ന്യായീകരണമായി ഹമാസ് ഉപയോഗപ്പെടുത്തുക തന്നെ ചെയ്യും. ചിലപ്പോള്‍ ഐസിസ് അംഗങ്ങളെ വധിക്കുന്നതിലേക്കും അത് നയിക്കും.’ അല്‍മദൂന്‍ വ്യക്തമാക്കി.

എന്നിരുന്നാലും, ഹമാസ് നേതാവും, മുന്‍ പ്രധാനമന്ത്രി ഇസ്മാഈല്‍ ഹനിയ്യയുടെ മുതിര്‍ന്ന ഉപദേശകനുമായിരുന്ന ഡോ. അഹ്മദ് യൂസുഫ്, ഗസ്സയിലെ ഐസിസ് അനുകൂലികളെ അടക്കം ഉള്‍പ്പെടുത്തി, വിവിധ ഇസ്‌ലാമിസ്റ്റ് ചിന്താധാരയില്‍ നിന്ന് വരുന്നവരുമായി ഒരു ചര്‍ച്ചക്ക് തുടക്കം കുറിച്ചിട്ടുണ്ട്.  ‘Hamas and Salafist Movement in the Gaza Strip: Visions and Common Work,’ എന്ന തലക്കെട്ടിലുള്ള തന്റെ പഠനം അടുത്താണ് ഡോ. യൂസുഫ് പൂര്‍ത്തീകരിച്ചത്. അടുത്ത ആഴ്ച്ച അത് പുറത്തിറങ്ങാനിരിക്കുകയാണ്.

‘സിറിയ, ഇറാഖ്, സീനാഅ് എന്നിവിടങ്ങളില്‍ അവര്‍ ചെയ്തു കൊണ്ടിരിക്കുന്നതെല്ലാം തെറ്റാണെന്ന് അവരോട് നമുക്ക് വാദിച്ച് ബോധ്യപ്പെടുത്തേണ്ടതുണ്ട്. അവര്‍ ചെയ്യുന്നത് ഇസ്‌ലാമിന്റെ പ്രതിച്ഛായയെ തകര്‍ക്കുമെന്ന് അവര്‍ അറിയണം. മിഡിലീസ്റ്റിലെ സയണിസ്റ്റ് താല്‍പര്യങ്ങള്‍ മാത്രമാണ് അവരുടെ പ്രവര്‍ത്തികള്‍ സംരക്ഷിക്കുന്നത്.’ ഡോ. യൂസുഫ് പറഞ്ഞു.

മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം : മിഡിലീസ്റ്റ് ഐ

Related Articles