Current Date

Search
Close this search box.
Search
Close this search box.

രാഷ്ട്രീയക്കാര്‍ ഇടപെട്ടാണ് തനിക്കെതിരെ കേസുകള്‍ ചുമത്തുന്നത്: സാകിര്‍ നായിക്

ന്യൂഡല്‍ഹി: ഇന്ത്യയിലെ രാഷ്ട്രീയ മേധാവികള്‍ ഇടപെട്ടാണ് തനിക്കെതിരെ കേസുകള്‍ ചുമത്തുന്നതെന്ന് പ്രമുഖ ഇസ്‌ലാമിക മതപ്രബോധകന്‍ സാകിര്‍ നായിക്. ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയ മേലാളന്മാരുടെ നിര്‍ദേശമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ മലേഷ്യയിലുള്ള അദ്ദേഹത്തെ കൈമാറണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നായികിനെതിരെ ഇന്റര്‍പോളിന് റെഡ് നോട്ടീസ് കൈമാറിയിരുന്നു.

കഴിഞ്ഞ മാസമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നായികിനെതിരെ അനധികൃത സാമ്പത്തിക ഇടപാട് നടത്തിയെന്ന കേസ് രജിസ്റ്റര്‍ ചെയ്ത് നോട്ടീസ് അയച്ചത്. ഇന്ത്യയിലും വിദേശത്തുമായി 193 കോടിയുടെ റിയല്‍ എസ്‌റ്റേറ്റ് ഇടപാട് നടത്തിയെന്നാണ് കേസ്. എന്‍.ഐ.എ നായികിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്. നേരത്തെ പരമത വിദ്വേഷ പ്രസംഗം നടത്തി എന്നാരോപിച്ച് എന്‍.ഐ.എ നായികിനെതിരെ ഭീകര കുറ്റം ചുമത്തിയിരുന്നു.

‘ഭാഗ്യവശാല്‍ ഇന്റര്‍പോള്‍ ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ക്ക് വിധേയത്വപ്പെട്ടില്ല. ഇന്ത്യന്‍ ഏജന്‍സികള്‍ തനിക്കെതിരെ ചുമത്തിയ കുറ്റം അവര്‍ക്ക് ബോധ്യപ്പെട്ടില്ല. തനിക്കെതിരെ എന്തെങ്കിലും കെട്ടിച്ചമക്കാനാണ് അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നത്. തനിക്കെതിരെ ചുമത്തിയ ഭീകരകുറ്റം ഇന്റര്‍പോളിന് മേല്‍ വിജയിക്കാത്തതിനാലാണ് അവര്‍ സാമ്പത്തിക ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള സമ്മര്‍ദ്ദമുണ്ടായിട്ടും ഇന്റര്‍പോള്‍ തനിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് ചുമത്തിയിട്ടില്ല.’ സാകിര്‍ നായിക് പറഞ്ഞു. തനിക്കെതിരെയുള്ള കുറ്റം തെളിയിക്കുന്നത് വരെ തന്നെ അറസ്റ്റ് ചെയ്യില്ല എന്ന് സുപ്രിം കോടതി ഉറപ്പ് തന്നാല്‍ ഇന്ത്യയിലേക്ക് വരാന്‍ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ജുഡീഷ്യറിയെ വിശ്വാസമുണ്ടെന്നും എന്നാല്‍ പ്രോസിക്യൂഷനില്‍ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles