Current Date

Search
Close this search box.
Search
Close this search box.

യൂസുഫുല്‍ ഖറദാവി: അനുശോചനം അറിയിച്ച് പ്രമുഖര്‍

ദോഹ: തിങ്കളാഴ്ച അന്തരിച്ച വിഖ്യാത ആഗോള പണ്ഡിതന്‍ ഡോ. യൂസുഫുല്‍ ഖറദാവിക്ക് അനുശോചനം അറിയിച്ചും അനുസ്മരിച്ചും മത-സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍. സോഷ്യല്‍ മീഡിയയിലൂടെയും വാര്‍ത്ത കുറിപ്പിലൂടെയും അവര്‍ അനുശോചനം അറിയിച്ചത്. ഖറദാവിയുടെ ഖബറടക്ക ചടങ്ങുകള്‍ ഇന്ന് (ചൊവ്വ) വൈകീട്ട് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ വെച്ച് നടക്കും.

ആഗോള മുസ്ലിം പണ്ഡിത വേദി, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍താനി,തുനീഷ്യയിലെ അന്നഹ്ദ നേതാവ് റാഷിദ് അല്‍ ഗനൂഷി, ഫലസ്തീനിലെ ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ,
ലോക പണ്ഡിത വേദി മുന്‍ അധ്യക്ഷന്‍ ഡോ. അഹ്‌മദ് റയ്സൂനി, മുഹമ്മദ് റാതിബ് അന്നാബുലിസി, ലോക പണ്ഡിത വേദി സെക്രട്ടറി ജനറല്‍ ഡോ. അലി മുഹ്‌യുദ്ധീന്‍ അല്‍ ഖറദാഗി തുടങ്ങി നിരവധി പേര്‍ അനുശോചനം അറിയിച്ചു.

ലോക മുസ്ലിം പണ്ഡിത വേദി

മുസ്‌ലിം സമൂഹത്തിന് ഒരു പ്രധാന പണ്ഡിതനെ നഷ്ടപ്പെട്ടതായി ലോക പണ്ഡിത വേദി പ്രസ്താവനയില്‍ പറഞ്ഞു. നിഷ്‌കളങ്കരായ പണ്ഡിതരില്‍ ഒരാളായിരുന്നു ഖറദാവിയെന്നും അദ്ദേഹത്തിന്റെ വിടവ് ഈ മേഖലയില്‍ നികത്താനാവാത്തതെന്നും അദ്ദേഹത്തിന്റെ പരലോക ജീവിതത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും പണ്ഡിത വേദി പറഞ്ഞു.

റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍

തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഖറദാവിയുടെ മകന്‍ അബ്ദുറഹ്‌മാന്‍ യൂസുഫുമായി ഫോണില്‍ സംസാരിച്ച് അനുശോചനം അറിയിച്ചു. ജീവിതകാലം മുഴുവന്‍ വിശ്വസിച്ച കാര്യത്തില്‍ നിന്ന് ഒരടി അദ്ദേഹം പിന്നോട്ടുപോയില്ലെന്നും. ഇസ്ലാമിക തത്വങ്ങളും ജീവതവും സമന്വയിപ്പിക്കുന്നതിന് അനുകരിക്കേണ്ട ഏറ്റവും നല്ല മാതൃകയായിരുന്നു ഖറദാവിയെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.

ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍താനി

മതത്തിനും സമൂഹത്തിനും ജീവിതമര്‍പ്പിച്ച വ്യക്തിയായിരുന്നു ഖറദാവിയെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍താനി ട്വിറ്ററില്‍ കുറിച്ചു.

റാശിദ് അല്‍ ഗനൂശി

തുനീഷ്യയിലെ രാഷ്ട്രീയ-മത രംഗത്തെ വിഖ്യാത നേതാവും അന്നഹ്ദ പാര്‍ട്ടിയുടെ നേതാവുമായ റാശിദ് അല്‍ഗനൂശി ഖറദാവിക്ക് അനുശോചനം അറിയിച്ചു. ഇസ്‌ലാമിക കാര്യങ്ങള്‍ വിശദീകരിക്കുന്നതിനും മുസ്‌ലിം സമൂഹത്തെ പ്രതിരോധിക്കുന്നതിനും മധ്യമ നിലപാട് സ്ഥാപിക്കുന്നതിനും ജീവിതം അര്‍പ്പിച്ച വ്യക്തിയെ സമൂഹത്തിന് നഷ്ടപ്പെട്ടിരിക്കുന്നുവെന്നും ഗനൂശി കുറിച്ചു.

ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ ഉപാധ്യക്ഷന്‍ ടി. ആരിഫലി, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന്, കെ.എന്‍.എം സംസ്ഥാന സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ തുടങ്ങിയവരും അനുശോചനം അറിയിച്ചു.

Related Articles