Current Date

Search
Close this search box.
Search
Close this search box.

കൊറോണ കാലത്തും രാഷ്ട്രീയ പകപോക്കല്‍ നടത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടി അപലനീയം: യൂത്ത് ഇന്ത്യ

മനാമ: പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കും, മുസ്ലീങ്ങള്‍ക്കും, ദളിതര്‍ക്കുമെതിരെയുള്ള സംഘപരിവാര്‍ വേട്ട ഈ കോവിഡ് കാലത്തും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ എതിരഭിപ്രായം ഉയര്‍ത്തിയവരോട് കേന്ദ്ര ഭരണകൂടം സ്വീകരിക്കുന്ന അത്യന്തം ഹീനമായ ഇത്തരം പകപോക്കല്‍ നടപടികള്‍ അടിയന്തിരമായി നിര്‍ത്തണമെന്ന് യൂത്ത് ഇന്ത്യ അഭിപ്രായപെട്ടു .

ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളെയും പൗരത്വ പോരാളികളെയും കേന്ദ്രീകരിച്ച് നടക്കുന്ന ഭരണകൂട വേട്ടയുടെ ഏറ്റവും പുതിയ ഇരകളാണ് ജാമിയ മില്ലിയ ഇസ്ലാമിയ വിദ്യാര്‍ത്ഥികളായ സഫൂറ സര്‍ഗ്ഗാര്‍ മീരാന്‍ ഹൈദര്‍, ജെ എന്‍ യു വിദ്യാര്‍ത്ഥിയായിരുന്ന ഉമര്‍ ഖാലിദ് എന്നിവര്‍. സകല ജനാധിപത്യ മര്യാദകളും ലംഘിച്ചു കൊണ്ട് രാജ്യ ദ്രോഹം ഉള്‍പ്പെടെ യുള്ള വകുപ്പുകളാണ് നിരപരാധികളായ വിദ്യാര്‍ഥികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്

ഏപ്രില്‍ 1 ന് ചോദ്യം ചെയ്യാനെന്ന പേരില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിക്കപ്പെട്ട ഗവേഷണ വിദ്യാര്‍ത്ഥിയായ മീരാനെ വിട്ടയക്കാതെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഒന്നാം ലോക്ക് ഡൗണ്‍ അവസാന ഘട്ടത്തില്‍ ഗുരുതരമായ കുറ്റാരോപണങ്ങളോടെ മീരാനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയാണുണ്ടായത്. രാജ്യദ്രോഹം, കലാപം സൃഷ്ടിക്കല്‍, കൊലപാതകം തുടങ്ങി ഇരുപത്തഞ്ചോളം കുറ്റകൃത്യങ്ങളാണ് പൊലീസ് മീരാനെതിരെ കെട്ടിച്ചമച്ചിരിക്കുന്നത്.

മീരാന്റെ അറസ്റ്റില്‍ നിരന്തരമായി ഇടപെലുകള്‍ നടത്തിക്കൊണ്ടിരിക്കെയാണ് സഫൂറ സര്‍ഗാറിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഏപ്രില്‍ 10 ന് അറസ്റ്റ് രേഖപ്പെടുത്തപ്പെട്ട MPhil വിദ്യാര്‍ത്ഥിനിയായ സഫൂറക്കെതിരെ ചാര്‍ത്തിയ ആദ്യ എഫ് ഐ ആറില്‍ ജാമ്യം ലഭിച്ച ഉടനെ ഡല്‍ഹി വയലന്‍സുമായി ബന്ധപ്പെടുത്തി വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 21 ന് യു എ പി എ ചാര്‍ത്തുന്നു. ഗര്‍ഭിണി കൂടിയായ, ഏറെ ആരോഗ്യ പരിരക്ഷ ആവശ്യമുള്ള സഫൂറക്ക് ജാമ്യം പോലും നിഷേധിച്ചുള്ള പകപോക്കല്‍ നടപടിയാണ് പോലീസ് ചെയ്യുന്നത്.

ഒരു വശത്തു ലോക്ക് ഡൗണിന്റെ മറവില്‍ സമരപ്രവര്‍ത്തകര്‍ക്കെതിരില്‍ യു എ പി എ ചാര്‍ത്തി ജയിലിലടച്ച് സി എ എ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനും മറുവശത്ത് യഥാര്‍ത്ഥ അക്രമികള്‍ പോലീസ് പിന്തുണയോടെ വിഹരിക്കുമ്പോള്‍ സി എ എ സമരപ്രവര്‍ത്തകരെ ‘കലാപ’കാരികളെന്ന് മുദ്രകുത്തി വേട്ടയാടുകയുമാണ് ഡല്‍ഹി പോലീസും കേന്ദ്ര ഭരണകൂടവും ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. പരസ്യമായി ഡല്‍ഹിയില്‍ കലാപാഹ്വാനം നടത്തുകയും ആസൂത്രിതമായി കലാപം നടത്തുകയും ചെയ്തവര്‍ക്കെതിരെ ഒരു നടപടി ഇതുവരെ ഡല്‍ഹി പോലീസോ കേന്ദ്ര ആഭ്യന്തര വകുപ്പോ സ്വീകരിച്ചിട്ടില്ല. ഈ നീതി നിഷേധങ്ങള്‍ക്കെതിരെ പൗര സമൂഹം മുന്നോട്ട് വരണമെന്ന് യൂത്ത് ഇന്ത്യ ആവശ്യപ്പെടുന്നു.

Related Articles