Current Date

Search
Close this search box.
Search
Close this search box.

സൗദിയിലെ അബഹ വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം

റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിനു നേരെ യെമനിലെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തെത്തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മണിക്കൂറുകളോളം തടസ്സപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ആര്‍ക്കും പരുക്കേറ്റതായോ കേടുപാടുകള്‍ സംഭവിച്ചതായോ റിപ്പോര്‍ട്ടില്ല. ഹൂതികളുടെ പിന്തുണയോടു കൂടിയുള്ള യെമന്‍ സൈന്യമാണ് ആക്രമണം നടത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ സമദ്-3 ഡ്രോണ്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹൂതി സൈനിക വക്താവ് ജനറല്‍ യഹ്‌യ സരി അറിയിച്ചു.

യെമനി ജനതക്കു നേരെ സൗദി തുടരുന്ന ആക്രമണങ്ങള്‍ക്കും ഉപരോധങ്ങള്‍ക്കുമുള്ള സ്വാഭാവിക പ്രതികരണമാണിതെന്നും സൗദി സഖ്യം യെമനില്‍ അധിനിവേശം തുടരുന്നിടത്തോളം കാലം തങ്ങളുടെ ആക്രമണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ചയും അബഹ വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യെമന്‍-സൗദി അതിര്‍ത്തി പ്രദേശമായ അബഹയില്‍ നേരത്തെയും ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു. മിക്ക ആക്രമണങ്ങളും ലക്ഷ്യസ്ഥാനത്തെത്തും മുന്‍പേ സൗദി സൈന്യം ആകാശത്തുവെച്ച് തകര്‍ത്തിടുകയാണ് പതിവ്.

 

Related Articles