Current Date

Search
Close this search box.
Search
Close this search box.

ലൈംഗിക കുറ്റകൃത്യം; തുര്‍ക്കിയില്‍ കള്‍ട്ട് നേതാവിന് 1075 വര്‍ഷം തടവുശിക്ഷ

അങ്കാറ: വിചിത്രമായ ജീവിതരീതി പുലര്‍ത്തിപോന്ന തുര്‍ക്കിയിലെ കള്‍ട്ട് നേതാവ് അദ്‌നാന്‍ അക്തറിനെതിരെ 1075 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് തുര്‍ക്കി കോടതി. ആയിരത്തോളം പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധം പുലര്‍ത്തുകയും അവരെ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുകയും ചെയ്തു എന്ന കുറ്റമാരോപിച്ചാണ് കോടതി വിധി.

പ്രായപൂര്‍ത്തിയാകാത്ത ആയിരത്തോളം കാമുകിമാരെ തടവില്‍ വെച്ച് നിരന്തരം പീഡിപ്പിക്കുകയായിരുന്നത്രെ. ടെലിവിഷന്‍ ഷോകളില്‍ ഇദ്ദേഹത്തിന്റെ കൂടെ നൃത്തം ചെയ്യുന്ന നിരവധി പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കി ഉപയോഗിക്കുകയായിരുന്നു. ‘പൂച്ചക്കുട്ടികള്‍’ എന്നാണ് അദ്ദേഹം പെണ്‍കുട്ടികളെ വിശേഷിപ്പിക്കാറുള്ളതെന്നും ‘ദി ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

2018ലാണ് 64കാരനായ അദ്‌നാനെ ആദ്യമായി തുര്‍ക്കി പൊലിസ് അറസ്റ്റ് ചെയ്യുന്നത്. ഇദ്ദേഹത്തിന്റെ കൂടെ അനുയായികളായ ഇരുനൂറോളം പേരെയും അന്ന് പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. തനിക്ക് ആയിരത്തോളം കാമുകിമാരുണ്ടെന്നും ലൈംഗികാസക്തി കൂടുതലാണെന്നും സ്ത്രീകളോട് താല്‍പര്യം കൂടുതലാണെന്നും വിചാരണക്കിടെ ഇയാള്‍ ജഡ്ജിയോട് പറഞ്ഞിരുന്നു. ലൈംഗിക കുറ്റകൃത്യം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കല്‍, രാഷ്ട്രീയ, സൈനിക ചാരവൃത്തി, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഇസ്താംബൂള്‍ പൊലിസ് ആണ് അറസ്റ്റ് ചെയ്യുന്നത്. ഇദ്ദേഹത്തിന്റെ സംഘത്തിലെ തര്‍ഖന്‍ യവാസ്, അക്തര്‍ ബബുന എന്നിവരെ 211, 186 വര്‍ഷത്തേക്ക് തടവ്ശിക്ഷക്കും വിധിച്ചിട്ടുണ്ട്.

യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തുര്‍ക്കി പണ്ഡിതനായ ഫത്ഹുല്ല ഗുലാനുമായും അക്തറിന് ബന്ധമുണ്ടെന്നും അദ്ദേഹത്തെ സഹായിച്ചെന്നും ആരോപിച്ച് മറ്റൊരു കുറ്റവും ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്. 2016ല്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ഉര്‍ദുഗാനെ അട്ടിമറിക്കാന്‍ ശ്രമം നടത്തി പരാജയപ്പെട്ടയാളാണ് തുര്‍ക്കിയില്‍ നിന്നും നാടുകടത്തപ്പെട്ട ഫത്ഹുല്ല ഗുലാന്‍ എന്നാണ് തുര്‍ക്കി മാധ്യമങ്ങള്‍ ആരോപിക്കുന്നത്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം അക്തര്‍ നിഷേധിച്ചു.

Related Articles