Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത് റഫ അതിര്‍ത്തി അനിശ്ചിതമായി അടക്കുന്നു

കൈറോ: ഗസ്സയുമായി അതിര്‍ത്തി പങ്കിടുന്ന കരമാര്‍ഗ്ഗമായ റഫ അനിശ്ചിതമായി അടച്ചുപൂട്ടാനൊരുങ്ങി ഈജിപ്ത്. തിങ്കളാഴ്ച മുതല്‍ റഫ ക്രോസിങ് പോയിന്റ് അടച്ചുപൂട്ടുമെന്ന് ഹമാസ് വക്താവ് ഇയാദ് അല്‍ ബോസോം പറഞ്ഞു. അതേസമയം, അടച്ചുപൂട്ടാന്‍ കാരണം എന്താണെന്ന് വ്യക്തമല്ല.

തിങ്കളാഴ്ച, രണ്ട് ദിശകളിലേക്കുമുള്ള റഫ ക്രോസിംഗ് അടച്ചിടുമെന്ന് ഈജിപ്ഷ്യന്‍ അധികാരികള്‍ ഞങ്ങളെ അറിയിച്ചതായി- ഞായറാഴ്ച അല്‍ ബോസോം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. വേനലവധി ചിലവഴിക്കാന്‍ ഗസ്സക്ക് പുറത്തുപോയ നിരവധി ഫലസ്തീനികള്‍ ഇത് മൂലം ബുദ്ധിമുട്ടിലാകുമെന്നും പുറത്തേക്ക് പോയവര്‍ തിരിച്ചുവരാനാകാതെ പ്രയാസപ്പെടുമെന്നും ഫലസ്തീന്‍ വക്താവ് ഉമര്‍ ഖരീബ് പറഞ്ഞു. ഇത് മുഖേന നിരവധി പേര്‍ക്ക് വിസ നഷ്ടമാവുകയും, താമസ അനുമതിയും ജോലിയും ജോലി സാധ്യതകളും നഷ്ടമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈജിപ്തിലെ സുരക്ഷാ വൃത്തങ്ങളും അതിര്‍ത്തി അടച്ചിടാനുള്ള നീക്കം സ്ഥിരീകരിച്ചു, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ക്രോസിംഗ് അടച്ചിടുമെന്ന് ഈജിപ്ത് അറിയിച്ചതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. എന്തുകൊണ്ടാണ് ഇങ്ങിനെ ഒരു തീരുമാനം എടുത്തത് എന്ന് എവിടെയും പരാമര്‍ശിക്കുന്നില്ല.

കഴിഞ്ഞ മേയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ ഫലസ്തീനികളെ ഈജിപ്ഷ്യന്‍ ആശുപത്രികളില്‍ ചികിത്സിക്കുന്നതിനും സഹായം എത്തിക്കുന്നതിനും മെയ് മാസത്തിലാണ് അതിര്‍ത്തി തുറക്കാന്‍ ഈജിപ്ത് ഉത്തരവിട്ടിരുന്നത്. ഇസ്രയേല്‍ നിയന്ത്രിക്കാത്ത ഗസ്സ മുനമ്പിലെ ഒരേയൊരു അതിര്‍ത്തി പോയിന്റാണ് റഫ.

Related Articles