Current Date

Search
Close this search box.
Search
Close this search box.

അബ്ദുൽ മജീദ് സിന്ദാനി ഓർമ്മയായി

യമനിലെ ഇസ്‌ലാമിക പ്രസ്ഥാന നായകനും പണ്ഡിതനും രാഷ്ട്രീയ നേതാവുമായ അബ്ദുൽ മജീദ് അൽ സിന്ദാനി ഇന്ന് (14/ 10/45 AH – 22 / 4 / 24 CE) വൈകുന്നേരം അന്തരിച്ചു. 82 ലേറെ വയസ്സുണ്ട്. തുർക്കിയിലെ ഇസ്തമ്പൂളിൽ വെച്ചായിരുന്നു അന്ത്യം.

1360 ദിൽ ഹിജ്ജ 14/ജനുവരി ഒന്നു 1942 ൽ യെമനിലെ ഇബ്ബിൽ ജനിച്ച സിന്ദാനി, സൻആയിലെ ഈമാൻ സർവകലാശാലയുടെ സ്ഥാപകനും, യമനിലെ അൽ ഇസ്‌ലാഹ് പാർട്ടിയുടെ നേതാവുമാണ്. സൗദി അറേബ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന Commission on Scientific Signs in the Quran and Sunnah എന്ന സംരംഭത്തിന്റെ സ്ഥാപകനാണ് സിന്ദാനി. അമേരിക്ക ഇദ്ദേഹത്തെ ആഗോള തീവ്രവാദി എന്നാണ് പരിചയപ്പെടുത്താറെങ്കിലും യമൻ സർക്കാർ അമേരിക്കയോട് നിരന്തരം തെളിവുകൾ ആവശ്യപ്പെടുകയും തുടർന്ന് തെളിവില്ലാത്തതിനാൽ അദ്ദേഹത്തിന്റെ പേര് ആ പട്ടികയിൽ നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. വാൾസ്ട്രീറ്റ് ജേർണലിലെ ഡാനിയൽ ഗോൾഡൻ അദ്ദേഹത്തെ “ഒരു കരിസ്മാറ്റിക് യെമനി അക്കാദമിഷ്യൻ എന്നും സിഎൻഎൻ “ചുവന്ന താടിയുള്ള പ്രകോപനകാരിയായ പുരോഹിതൻ” എന്നുമാണ് വിശേഷിപ്പിച്ചിട്ടുള്ളത്.

ഇസ്‌ലാമിനെയും ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും സേവിക്കുന്നതിനും ഇസ്‌ലാമിക വിജ്ഞാനീയങ്ങൾ ശാസ്ത്രീയമായ രീതിയിൽ ക്രോഡീകരിച്ച്
പ്രചരിപ്പിക്കുന്നതിനും അദ്ദേഹം തൻ്റെ ജീവിതം സമർപ്പിച്ചു. അദ്ദേഹത്തിൻ്റെ വിയോഗത്തോടെ മഹാനായ പണ്ഡിതനെയും പ്രചോദകനായ പ്രബോധകനെയും, സർഗ്ഗാത്മക ചിന്തകനെയും, ആത്മാർത്ഥതയുള്ള മുജാഹിദിനെയുമാണ് യമനിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന് നഷ്ടമായത്.

സിന്ദാനി തൻ്റെ ആദ്യകാല ഉപരിപഠനം ഈജിപ്തിലെ ഐൻ ശംസ് യൂണിവേഴ്സിറ്റിയിലാണ് ആരംഭിച്ചത്. ബയോളജിയും കെമിസ്ട്രിയും ഇസ്ലാമിക് സ്റ്റഡീസുംപ്രത്യേകമായി പഠിച്ചു. 1962-ൽ ഈജിപ്തിലെ ഭരണാധികാരി അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് നാട്ടിലേക്കയച്ചു. കോൺഫറൻസ് വിപ്ലവ റിപ്പബ്ലിക്കൻമാരുടെയും രാജവാഴ്ചയുടെയും സേനയിൽ തൻ്റെ നേതാവ് അൽ-സുബൈരിയുടെ  പ്രതിനിധിയായി അദ്ദേഹം 1962-ൽ യെമനിലേക്ക് മടങ്ങി. ശൈഖ് സുബൈരിയുടെ നേതൃത്വത്തിൽ സിന്ദാനി തൻ്റെ നാട്ടിൽ ഇസ് ലാമിക നവജാഗരണത്തിന് വേണ്ടി വാദിക്കുകയും രാജവാഴ്ചയ്‌ക്കെതിരെ യമൻ ജനതയെ അണിനിരത്തുന്നതിൽ പങ്ക് വഹിക്കുകയും ചെയ്തു. 1967 ൽ സൗദി അറേബ്യയിലേക്ക് പോയി അവിടത്തെ പ്രബോധന രംഗത്ത് മുതിർന്ന ഉദ്യോഗസ്ഥനായി കുറച്ചു കാലം ജോലി ചെയ്തു. ഏറെ വൈകും മുമ്പ് യമനിൽ തിരിച്ചെത്തിയ അദ്ദേഹം യമൻ മുസ്‌ലിം ബ്രദർഹുഡ് രൂപീകരിക്കുകയും തൻ്റെ ജീവിതം അതിനായി സമർപ്പിക്കുകയും ചെയ്തു. യമൻ ഗവൺമെൻ്റ് പിന്തുണയോടെ 1995 ലാരംഭിച്ച ഈമാൻ യൂണിവേഴ്സിറ്റിയിൽ പ്രതിവർഷം 400 വിദ്യാർത്ഥികളെ സ്വീകരിച്ചു വരുന്നു.

സിന്ദാനി സൗദി പൗരനായിരുന്ന ബിൻ ലാദനോട് മൃദു സമീപനം സ്വീകരിച്ചിരുന്നുവെന്നും തൻ്റെ സർവകലാശാലയിലെ ചില വിദ്യാർത്ഥികളെ ലോകത്തിൻ്റെ പലയിടങ്ങളിലും രാഷ്ട്രീയവും മതപരവുമായ കൊലപാതകങ്ങൾക്ക് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും യുഎസ് ട്രഷറി ആരോപിക്കുന്നു. അദ്ദേഹത്തിൻ്റെ കലാലയത്തിൻ്റെ പാഠ്യപദ്ധതി ഇസ്‌ലാമിക പഠനങ്ങൾ മാത്രമല്ല, പ്രത്യുത തീവ്രവാദത്തിൻ്റെ ഇൻകുബേറ്ററാണെന്നും അവർ പ്രചരിപ്പിച്ചു പോന്നു. 2009-ലെ ക്രിസ്മസ് ദിനത്തിൽ പിടിയിലായ നോർത്ത് വെസ്റ്റ് എയർലൈൻസ് ഫ്ലൈറ്റ് 253 ബോംബർ ആണെന്ന് സംശയിക്കുന്ന ഉമർ ഫാറൂഖ് അബ്ദുൽ മുത്തലിബ് 2005-ൽ യൂണിവേഴ്സിറ്റിയിൽ ശൈഖ് അവ്‌ലാക്കി നടത്തിയ പ്രഭാഷണങ്ങളിൽ പങ്കെടുത്തിരുന്നുവെന്ന് സൺഡേ ടൈംസും സ്ഥിരീകരിച്ചു.

2011-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച തവക്കുൽ കർമാൻ അംഗമായിരുന്ന യമനിലെ അൽ-ഇസ്ലാഹ് പാർട്ടിയുടെ (യമൻ കോൺഗ്രിഗേഷൻ ഫോർ റിഫോം) നെ കുറിച്ചും ആയിരക്കണക്കിന് ശാസ്ത്രജ്ഞരെയും പ്രബോധകരെയും സംഭാവന ചെയ്ത ഒരു കലാശാലയെ കുറിച്ചുമാണ് യുഎസ് ട്രഷറിയുടേയും സൺഡേ ടൈംസിൻ്റെയും ഈ ആരോപണങ്ങൾ. 1984 മുതൽ ൽ സൗദി സർക്കാരിൻ്റെ ഏറ്റവും വലിയ ചാരിറ്റിയായ മുസ്ലിം വേൾഡ് ലീഗിൻ്റെ യമനിലെ അനൗദ്യോഗിക ഏജൻസിയായിരുന്നു സിന്ദാനി . 1995-ൽ സ്ഥാനമൊഴിയുന്നത് വരെ അദ്ദേഹം കമ്മീഷൻ സെക്രട്ടറി ജനറലായിരുന്നു. മക്ക കേന്ദ്രമായ മുസ്ലീം വേൾഡ് ലീഗിൽ അദ്ദേഹത്തിന് ഔദ്യോഗിക റോളൊന്നും ഇല്ലെങ്കിലും അതിൻ്റെ പരിപാടികളിലെ സ്ഥിരം ക്ഷണിതാവായിരുന്നു ശൈഖ് സിന്ദാനി .

ഖുർആനിലെ ശാസ്ത്രീയ സത്യങ്ങൾക്ക് അനുകൂലമായ തെളിവുകൾ പ്രസ്തുത മേഖലകളിലെ പ്രമുഖരായ അമുസ്‌ലിം പണ്ഡിതന്മാർക്ക് അയച്ചു കൊടുത്തു അവരെ ആ വിഷയങ്ങൾ പഠിക്കാൻ പ്രേരിപ്പിക്കുന്ന പ്രബോധകനായിരുന്നു ശൈഖ് സന്ദാനി . അവർ പിന്നീട് നടത്തിയ പ്രസ്താവനകൾ അർഹിക്കുന്ന പ്രാധാന്യത്തോടെ പ്രചരിപ്പിക്കുകയും 1984-ൽ, കമ്മീഷൻ അംഗമായ മുസ്തഫ അബ്ദുൾ ബാസിത് അഹ്മദിനെ ഉപരിസൂചിത ലക്ഷ്യത്തിന് വേണ്ടി അമേരിക്കയിലേക്ക് പറഞ്ഞു വിട്ടതുമെല്ലാം ഇസ്ലാമിക പ്രബോധനത്തിന് അദ്ദേഹം നല്കിയ പ്രാധാന്യം കുറിക്കുന്നു. ഹൂഥി കലാപകാരികൾ അദ്ദേഹത്തിൻ്റെ വീടും ഓഫീസും സ്ഥാപനങ്ങളും പലപ്പോഴും ആക്രമിക്കുകയുണ്ടായിട്ടുണ്ട്.

അദ്ദേഹത്തിന് നിരവധി ഗ്രന്ഥങ്ങളും പഠനങ്ങളുമുണ്ട്: അവയിൽ ഏറ്റവും ശ്രദ്ധേയമായത് ഈമാൻ, ഇന്നഹുൽ ഹഖ് (അതാണ് സത്യം), ഖുർആനിലെ ശാസ്ത്ര പരാമർശങ്ങൾ എന്നിവ കുറിച്ചുള്ള ഗ്രന്ഥങ്ങൾ ഖുർആനിലെയും ഹദീസിലെയും ശാസ്ത്രീയാത്ഭുതങ്ങൾ എന്നിവയെ കുറിച്ച പഠനങ്ങൾ എന്നിവയാണ്.

Related Articles