Current Date

Search
Close this search box.
Search
Close this search box.

മര്‍കസിലെ വനിത പങ്കാളിത്തം: ബന്ധപ്പെട്ടവരോട് വിശദീകരണം തേടി, ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സമസ്ത

കോഴിക്കോട്: കഴിഞ്ഞ ദിവസം താമരശ്ശേരി മര്‍കസ് നോളജ് സിറ്റിയില്‍ വെച്ച് നടന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയില്‍ വനിതകള്‍ പങ്കെടുക്കുകയും പൊതുവേദിയില്‍ സംസാരിക്കുകയും ചെയ്ത സംഭവത്തിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (കാന്തപുരം വിഭാഗം) രംഗത്ത്.

മുസ്ലിം സ്ത്രീകള്‍ അന്യപുരുഷന്മാരുമായി ഇടകലര്‍ന്ന് വേദി പങ്കിടുന്ന വിഷയത്തില്‍ സമസ്തയും സുന്നിപ്രസ്ഥാനവും നേരത്തെ സ്വീകരിച്ചു വന്ന നയ നിലപാടുകളില്‍ യാതൊരു മാറ്റവുമില്ലെന്നാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ പറഞ്ഞത്. വെള്ളിയാഴ്ച പുറത്തിറക്കിയ വാര്‍ത്തകുറിപ്പിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.

കഴിഞ്ഞ ദിവസം മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന കാലാവസ്ഥ ഉച്ചകോടിയില്‍ സമസ്തയുടെയും സുന്നിപ്രസ്ഥാനത്തിന്റെയും നയങ്ങള്‍ക്കും പാരമ്പര്യത്തിനും വിരുദ്ധമായി നടന്ന വിഷയങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ടവരോട് വിശദീകരണം തേടി ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

ഉച്ചകോടിയിലെ സ്ത്രീ പ്രാതിനിധ്യം സമസ്തയുടെ കാലോചിതമായ മാറ്റങ്ങളുടെ ഭാഗമാണെന്നും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും കഴിഞ്ഞ ദിവസങ്ങളില്‍ കുറേ പേര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തിലുള്ള സമസ്തയുടെ പഴയ നയനിലപാടില്‍ മാറ്റമൊന്നുമില്ലെന്നാണ് സമസ്തയുടെ പുതിയ പ്രസ്താവനയിലൂടെ പറയുന്നത്.

രൂപീകരണ കാലം തൊട്ടേ സ്ത്രീകളുടെ പൊതുരംഗ പ്രവേശനത്തിന് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന സംഘടനയാണ് ഇരു സമസ്തയും. കഴിഞ്ഞ ദിവസം കൈതപ്പൊയിലിലെ മര്‍കസ് നോളജ് സിറ്റിയില്‍ സമാപിച്ച ആഗോള കാലാവസ്ഥ ഉച്ചകോടിയിലാണ് വിദേശ രാജ്യങ്ങളുടെ പ്രതിനിധികളും സര്‍വകലാശാല പ്രൊഫസര്‍മാരുമായ നിരവധി വനിതകള്‍ വേദിയിലും സദസ്സിലുമായി പരിപാടിയില്‍ പങ്കാളികളായത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും മര്‍കസിന്റെയും ഉച്ചകോടിയുടെയും ഫേസ്ബുക്ക് പേജുകളിലൂടെ പുറത്തുവന്നിരുന്നു.

നോളജ് സിറ്റി സഹസ്ഥാപകനും കാന്തപുരം വിഭാഗം നേതാവുമായ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വനിത പ്രതിനിധികളുമായി വേദി പങ്കിട്ട ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.

കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ … ????: https://chat.whatsapp.com/K0iYr4YpLSq7NIQXTF44rW

ശ്രദ്ധേയമായി മര്‍കസ് കാലാവസ്ഥ ഉച്ചകോടിയിലെ വനിത പ്രാതിനിധ്യം

 

Related Articles