Current Date

Search
Close this search box.
Search
Close this search box.

ശ്രദ്ധേയമായി മര്‍കസ് കാലാവസ്ഥ ഉച്ചകോടിയിലെ വനിത പ്രാതിനിധ്യം

കോഴിക്കോട്: സമസ്ത കാന്തപുരം വിഭാഗത്തിന് കീഴിലുള്ള മര്‍കസ് നോളജ് സിറ്റിയില്‍ വെച്ച് നടന്ന അന്താരാഷ്ട്ര കാലാവസ്ഥ ഉച്ചകോടിയിലെ വനിത പ്രാതിനിധ്യം ശ്രദ്ധേയമായി. രൂപീകരണ കാലം തൊട്ടേ സ്ത്രീകളുടെ പൊതുരംഗ പ്രവേശനത്തിന് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന സംഘടനയാണ് ഇരു സമസ്തയും. എന്നാല്‍ കാന്തപുരം വിഭാഗത്തിന്റെ കാലാനുസൃതമായ മാറ്റത്തെ സ്വാഗതം ചെയ്ത് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തു വന്നത്.

കഴിഞ്ഞ ദിവസം സമാപിച്ച കാലാവസ്ഥ ഉച്ചകോടിയിലാണ് വിദേശ രാജ്യങ്ങളുടെ പ്രതിനിധികളും സര്‍വകലാശാല പ്രൊഫസര്‍മാരുമായ നിരവധി വനിതകള്‍ വേദിയിലും സദസ്സിലുമായി പരിപാടിയില്‍ പങ്കാളികളായത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും മര്‍കസിന്റെയും ഉച്ചകോടിയുടെയും ഫേസ്ബുക്ക് പേജുകളിലും പങ്കുവെച്ചിട്ടുണ്ട്.

നോളജ് സിറ്റി സഹസ്ഥാപകനും കാന്തപുരം വിഭാഗം നേതാവുമായ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വനിത പ്രതിനിധികളുമായി വേദി പങ്കിട്ട ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. വനിതളുടെ പ്രാതിനിധ്യത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ സംഭവത്തെക്കുറിച്ച് മര്‍കസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

പൊതുവേദികളില്‍ സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നിരിക്കുന്നതിനെയും വനിതകളുമൊത്ത് വേദി പങ്കിടുന്നതിനെയും ഒരു കാലത്തും ഇരു സമസ്തകളും പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്ന് മാത്രമല്ല, അത്തരം സംഭവങ്ങളെ ശക്തമായി വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ കാലാനുസൃതമായി സ്ത്രീകള്‍ക്ക് ഇത്തരം പരിപാടികളിലെ പങ്കാളിത്തത്തിന് സമസ്ത നിര്‍ബന്ധിതരാവുകയായിരുന്നു കഴിഞ്ഞ ദിവസത്തെ പരിപാടിയിലെന്നും ചര്‍ച്ചയുണ്ട്. അതേസമയം, പരിപാടിയുടെ പ്രതിനിധികളായി മറ്റു വനിതതളുണ്ടായിരുന്നില്ല.

അടുത്ത മാസം ഉദ്ഘാടനത്തിനൊരുങ്ങുന്ന അത്യാധുനിക സംവിധാനങ്ങളോടെ നിര്‍മാണം പൂര്‍ത്തിയാക്കിയ താമരശ്ശേരിയിലെ നോളജ് സിറ്റി ഇത്തരം നിരവധി മാറ്റങ്ങള്‍ക്ക് കൂടി വേദിയാകുമെന്നും സോഷ്യല്‍ മീഡിയയില്‍ പ്രത്യാശ പ്രകടിപ്പിക്കുന്നവരുമുണ്ട്. നേരത്തെ ഉന്നത വിജയം നേടിയ പെണ്‍കുട്ടിയെ അവാര്‍ഡ് സ്വീകരിക്കാനായി വേദിയിലേക്ക് ക്ഷണിച്ചതിനെ സമസ്ത ഇ.കെ വിഭാഗം നേതാവ് രൂക്ഷമായി വിമര്‍ശിച്ചത് വലിയ ചര്‍ച്ചയായിരുന്നു.

കൂടുതല് വായനക്ക് വാട്‌സാപ് ഗ്രൂപ്പില് അംഗമാകൂ????: https://chat.whatsapp.com/K0iYr4YpLSq7NIQXTF44rW

Related Articles